UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ്‌നാട്ടിലെ അടിവസ്ത്ര നീതിന്യായം

Avatar

പി കെ ശ്രീനിവാസന്‍

ഒരിക്കല്‍ സത്യമംഗലം തമിഴ് മക്കളുടെ ഉള്‍ക്കിടിലത്തിന്റെ പ്രതീകമായിരുന്നു. ഈറോഡ് ജില്ലയിലെ സത്യമംഗലം കാട്ടിലായിരുന്നു സാക്ഷാല്‍ കാട്ടുകള്ളന്‍ വീരപ്പന്‍ കാടിളക്കി ഭരിച്ച് ജനങ്ങളെയും ഭരണാധികാരികളേയും വിറപ്പിച്ചിരുന്നത്. ഈ ആനക്കൊമ്പു വീരന്‍ കൊല്ലപ്പെട്ടതോടെ ജനങ്ങളുടെ ഭീതിവിട്ടകന്നു.

എന്നാല്‍ ഇന്നു സത്യമംഗലത്ത് ഭീതിയോടെ കഴിയുന്ന ഒരു ദളിത് സ്ത്രീയുണ്ട്. അവിടത്തെ സബ്‌കോടതിയിലെ ഓഫീസ് അസിസ്റ്റന്റ് എസ് വാസന്തി. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അവര്‍ക്ക് സബ് ജഡ്ജി ഡി ശെല്‍വത്തിന്റെ ഒരു ഇണ്ടാസ് കിട്ടി. ‘സബ് ജഡ്ജിയുടെ വീട്ടിലെ വസ്ത്രങ്ങള്‍ നിങ്ങള്‍ ശരിയായ വിധം കഴുകുന്നില്ല. പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍ കഴുകുന്നതില്‍ വിമുഖത കാണിക്കുകയും അവ വലിച്ചെറിയുകയും ചെയ്യുന്നു. മാത്രമല്ല, ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ജഡ്ജിയോടും അദ്ദേഹത്തിന്റെ ഭാര്യയോടും തര്‍ക്കുത്തരങ്ങള്‍ പറയുകയും ചെയ്തു. ഏഴു ദിവസത്തിനകം വിശദീകരണം തന്നില്ലെങ്കില്‍ അച്ചടക്ക നടപടികള്‍ കൊക്കൊള്ളുന്നതാണ്.’ സ്വാതന്ത്ര്യത്തിനു മുമ്പുള്ള ബ്രിട്ടീഷുകാരുടെ കാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ മെമ്മോ. മാത്രമല്ല, ജഡ്ജിയുടെ ഭാര്യ കോടതിയില്‍ വന്ന് വാസന്തിയുമായി വഴക്കുണ്ടാക്കുകയും ചെയ്തു. 

നാല്‍പ്പത്തേഴ് വയസ്സുള്ള, പത്താം ക്ലാസ് പാസ്സായ വാസന്തിക്ക് ഒന്‍പതു വര്‍ഷം മുമ്പാണ് സത്യമംഗലം കോടതിയില്‍ ജോലി ലഭിക്കുന്നത്. രണ്ടു പെണ്‍കുട്ടികള്‍ വിവാഹിതരാണ്. രോഗം ബാധിച്ചു കിടക്കുന്ന ഭര്‍ത്താവിന്റെ സംരക്ഷണം വാസന്തിക്കാണ്. പണിയില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ആത്മഹത്യയല്ലാതെ മറ്റു വഴിയൊന്നുമില്ല. അതിനാല്‍ വാസന്തി അടുത്ത ദിവസം ഈറോഡില്‍ പോയി ജില്ലാ ജഡ്ജിയെ കാണാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹം സ്ഥലത്തില്ലായിരുന്നു. ഒന്നും സംഭവിക്കുന്നില്ലെന്നും ശാന്തമായിരിക്കാന്‍ അദ്ദേഹത്തിന്റെ പി എ പറഞ്ഞിട്ടും ഭീതിയിലായ വാസന്തി ഫെബ്രുവരി നാലിനു സബ് ജഡ്ജിക്ക് മാപ്പെഴുതിക്കൊടുത്തു.

കത്ത് ഇതായിരുന്നു: ‘പ്രഭോ, ഭാവിയില്‍ ഇത്തരത്തിലൊരു പരാതി ഉണ്ടാകില്ലെന്ന് ഈയുള്ളവള്‍ വിനീതമായ ഉറപ്പു തരുന്നു. എനിക്കെതിരെ നടപടിയൊന്നും ഉണ്ടാകരുതെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.’  താന്‍ അടിവസ്ത്രം കഴുകാന്‍ തയ്യാറാണെന്ന് വാസന്തി അറിയിച്ചതിനെത്തുടര്‍ന്ന് വീണ്ടും പണിയെടുക്കാന്‍ സബ് ജഡ്ജി ഉത്തരവിട്ടു. ഭാഗ്യം! പക്ഷേ ജഡ്ജിയുടെ ഭാര്യയുമായി സംസാരിക്കാന്‍ വാസന്തി കൂട്ടാക്കിയില്ല.

പക്ഷേ തനിക്കു സംഭവിച്ച ‘അടിവസ്ത്രദുരന്ത’ത്തെപ്പറ്റി വാസന്തി ആരോടും പറഞ്ഞില്ല. ഭയം തന്നെയായിരുന്നു അതിനു കാരണം. പക്ഷേ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സും ചില സോഷ്യല്‍ മീഡിയകളും സംഭവം കുത്തിപ്പൊക്കി വിവാദമാക്കിയപ്പോള്‍ തമിഴ്‌നാട് ജുഡിഷ്യല്‍ എംപ്ലോയീസ് അസ്സോസിയേഷന്‍ നേതാക്കള്‍ രംഗത്തുവന്നു. കോടതി ജീവനക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെയും ജഡ്ജിമാരുടെ സ്വാകാര്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെയും പ്രതിഷേധിക്കാന്‍ തന്നെ അസ്സോസിയേഷന്‍ തീരുമാനിച്ചു. നൂറു കണക്കിനു ജീവനക്കാര്‍ ജഡ്ജിമാരുടെ വീടുകളില്‍ പീഡനമേല്‍ക്കുന്നതായി വാര്‍ത്തകള്‍ മുമ്പും വന്നിരുന്നു. എന്നാല്‍ വിവരാവകാശ നിയമം അനുസരിച്ചു കൊടുത്ത അന്വേഷണങ്ങളില്‍ അത്തരം ചൂഷണം നടക്കുന്നില്ലെന്നായിരുന്നു അസ്സോസിയേഷനു ലഭിച്ച വിവരമെന്ന് അതിന്റെ പ്രസിഡന്റെ് പി കരുണാകരന്‍ ആരോപിക്കുന്നു. 

വാസന്തിയുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പൊതുസമൂഹം അറിഞ്ഞതോടെ അത്തരം പല സംഭവങ്ങളും പുറത്തുവരാന്‍ തുടങ്ങി. ഇന്ത്യന്‍ സ്വാതന്ത്യത്തിനു മുമ്പ്, ബ്രട്ടീഷികാര്‍ 1937 ല്‍ പുറത്തിറക്കിയ ഉത്തരവാണ് ഇന്നും നിലനില്‍ക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് കെ ചന്ദ്രു അഭിപ്രായപ്പെട്ടതോടെ സത്യമംഗലം സംഭവം വീണ്ടും വിവാദമായി. രണ്ടു വര്‍ഷം മുമ്പ് മീന്‍കറി വയ്ക്കാന്‍ തയ്യാറാകാത്ത ഒരു ജീവനക്കാരനു ജഡ്ജി മെമ്മോ കൊടുത്ത സംഭവം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കന്യാകുമാരിയില്‍ മറ്റൊരു ജീവനക്കാരന്‍ ജഡ്ജിയോടു പറയാതെ മരുന്നു വാങ്ങാന്‍ പോയതിന്റെ പേരിലാണ് മെമ്മോ കിട്ടിയത്. തന്റെ ഭാര്യയോടു പറയാതെ പോയതായിരുന്നു ജഡ്ജി മെമ്മോയില്‍ കാണിച്ച കുറ്റം. ഹൈക്കോടി പിന്നീട് ആ മെമ്മോ റദ്ദു ചെയ്‌തെന്ന് ജസ്റ്റിസ് കെ ചന്ദ്രു പറഞ്ഞു.


സത്യമംഗലം കോടതി (കടപ്പാട്: ദി ന്യൂസ് മിനുട്ട്)

വീട്ടുജോലികള്‍ ചെയ്യാത്തതിന്റെ പേരില്‍ താഴെക്കിടയിലുള്ള ചില ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും മറ്റു ചിലരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ പിന്നില്‍ കളിക്കുന്നത് പലപ്പോഴും ജാതിയാണെന്ന് അനുഭവസ്ഥര്‍ അഭിപ്രായപ്പെടുന്നു. വീട്ടു ജോലിക്കെത്തുന്ന ദളിതരായ ജീവനക്കാരെ അടിമപ്പണിക്കാരായാണ് ചില ജഡ്ജിമാര്‍ കാണുന്നതെന്ന് ജസ്റ്റിസ് കെ ചന്ദ്രു പറയുന്നു. ഇത്തരം പീഡനങ്ങള്‍ക്കെതിരെ 1980 ല്‍ ജുഡീഷ്യല്‍ എംപ്ലോയീസ് യൂണിയന്‍ ഒരു പ്രമേയം പാസ്സാക്കിയിരുന്നു. ജീവനക്കാരെക്കൊണ്ട് വീട്ടുജോലികള്‍ ചെയ്യുന്നതിനെതിരെ ഹൈക്കോടതിയില്‍ ഒരു സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. പക്ഷേ ജസ്റ്റിസ് കെ ചന്ദ്രുവിന്റെ വീക്ഷണത്തോടു പലരും യോജിച്ചില്ല. ഓഫീസ് അസിസ്റ്റന്റുകളെക്കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കാമെന്ന് 1990 ല്‍ ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പലരും അതു ദുരുപയോഗം ചെയ്യുന്നു. പീഡനത്തിന്റെ പേരില്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യുന്നു. 

വാസന്തിയുടെ കാര്യത്തില്‍ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതാണ് കാണുന്നതെന്ന് പി യുസിഎല്‍ സെക്രട്ടറി എസ് ബാലമുരുകന്‍ പറയുന്നു. ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ മാത്രം കണ്ടിരുന്ന ഇത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ ഉന്നത നീതിപീഠങ്ങള്‍ നടപടിയെടുക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. മദ്രാസ് ചീഫ് ജസ്റ്റിസ് കിഷന്‍ കൗള്‍ ആശാവഹമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. രണ്ടു മൂന്നു ദിവസത്തിനകം ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

എന്തായാലും ജാതിക്കോമരങ്ങളുടെ കൂത്തരങ്ങായ തമിഴകത്ത് പുതിയൊരു ദളിത് പീഢനം കൂടി വെളിപ്പെട്ടിരിക്കുന്നു. അതും സാധാരണക്കാരന്റെ അവകാശങ്ങളെ സംരക്ഷിക്കാന്‍ നിയുക്തരായ നീതിപീഠത്തിന്റെ കൊട്ടാരങ്ങളില്‍ നിന്നുതന്നെ.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍