UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ് മണ്ണില്‍ ഇനിയും കൊടിയുയരും; അത് കബാലിയോ അതോ തലയോ?

Avatar

അഴിമുഖം പ്രതിനിധി

എംജിആറിനുശേഷം തമിഴകത്ത് ഏറ്റവുമധികം ആരാധകരുള്ളത് രജനികാന്തിനാണ്. രജനി കഴിഞ്ഞാല്‍ ആസ്ഥാനം അജിത് കുമാറിനും. പുതിയ കണക്കുകളൊക്കെ വച്ച് വാദിച്ച് ഇതിനെ എതിര്‍ക്കാന്‍ പലരും വന്നേക്കാം. എന്നാല്‍ രജനിക്കും അജിത്തിനും ദ്രാവിഡമണ്ണിലുള്ള ആധിപത്യത്തിന് എത്രത്തോളം കരുത്തുണ്ടെന്നതിന് തെളിവ് കഴിഞ്ഞ കുറച്ചു നാളുകളായി തമിഴ്‌നാട്ടില്‍ നടക്കുന്ന ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ മതി. തലൈവിക്കുശേഷം തമിഴ്‌നാട് ഭരിക്കാന്‍ തല വരുമോ തളപതി വരുമോ എന്നതിനെക്കുറിച്ചായിരുന്നു ആ ചര്‍ച്ചകള്‍. മറ്റൊരു സിനിമാതാരത്തിലേക്കും എത്താതിരുന്ന ചര്‍ച്ചകള്‍. തമിഴില്‍ രാഷ്ട്രീയമെന്നത് സിനിമയുടെ രണ്ടാം പകുതിയാണെന്നരിക്കെ തന്നെ.

ദ്രാവിഡ രാഷ്ട്രീയം ദശാബ്ദങ്ങളായി കുതിച്ചുപോയിരുന്ന പാളം ഇന്നലെ മറീന ബീച്ചില്‍ അവസാനിച്ചിരിക്കുകയാണ്. ഇനി മുതല്‍ പുതിയ ട്രാക്കിലൂടെയാവും തമിഴന്റെ അരസിയല്‍. അവിടെയൊരു ഏകഛത്രാധിപതിയുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യമല്ല. തന്‍ മണ്ണൈ വാഴ്‌വ് എന്ന പറയുന്ന തമിഴന്റെ സത്വബോധങ്ങള്‍ക്ക് ഇടിവുണ്ടാകാം. അവിടേയക്ക് പുതിയ അതിഥികള്‍ എത്തും. ദേശീയരാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന ഇടപെടലുകള്‍ നടത്തിയപ്പോഴും ദ്രാവിഡ മക്കള്‍ കക്ഷികള്‍ക്ക് അവരുടേതായ തനിവഴികള്‍ ഉണ്ടായിരുന്നു. ജയ പോയി, കലൈഞ്ജര്‍ ഇടറി വീണു. ഇനി പുതിയ വസനങ്ങള്‍.. പുതിയ കഥാപാത്രങ്ങള്‍… തമിഴ് രാഷ്ട്രീയം മാറുക തന്നെ ചെയ്യും.

ഇവിടെയാണ് അടുത്തതും സുപ്രധാനവുമായ ചോദ്യം- തമിഴ്‌നാട്ടില്‍ ഇനിയൊരു സിനിമാക്കാരന്‍ മുതല്‍വര്‍ ആകില്ലേ? ആയാല്‍ അതാര്? തലയോ തളപതിയോ?

തമിഴ്‌നാടിന്റെ ഭരണസാരഥ്യം ആരുടെ കൈകളിലേക്ക് എന്ന ചോദ്യത്തിന് ഇപ്പോഴുള്ളത് മൂന്ന് ഉത്തരങ്ങളാണ്. പനീര്‍ശെല്‍വം, ശശികല, മുത്തുവേല്‍ കരുണാനിധി മകന്‍ സ്റ്റാലിന്‍. ഇവരില്‍ രണ്ടുപേര്‍ തനി രാഷ്ട്രീയക്കാര്‍, ഒരാള്‍ സജീവരാഷ്ട്രീയത്തില്‍ ഇല്ലെങ്കിലും രാഷ്ട്രീയത്തിന്റെ എല്ലാവഴികളും അറിഞ്ഞവള്‍. അണ്ണാ അറിവാലയത്തില്‍ നിന്നുള്ള മു ക സറ്റാലിനെ മാറ്റി നിര്‍ത്തി ചര്‍ച്ച ചെയ്താല്‍ പനീര്‍ശെല്‍വവും ശശികലയുമാണ് ഇപ്പോഴുള്ളവരില്‍ പ്രധാനികള്‍. രണ്ടുപേരും ഒരേ പാര്‍ട്ടിക്കാരാണെങ്കിലും ജയയുടെ പിന്‍ഗാമിയായി ആരുവേണമെന്നതിനെ ചൊല്ലി തര്‍ക്കം ഉണ്ടാകും. ഒന്നുകില്‍ പനീര്‍ശെല്‍വം തന്റെ തൊമ്മി വേഷം തുടരും. അല്ലെങ്കില്‍ കലഹിച്ചിറങ്ങി പോകും. എന്തുവേണമെങ്കിലും സംഭവിക്കാം. 44 വര്‍ഷങ്ങള്‍ക്കു മുമ്പ് എംജി രാമചന്ദ്രന്‍ സ്ഥാപിച്ച പാര്‍ട്ടിക്ക് മറ്റൊരു ഘടകം ഉണ്ടാകാം. അവ്വൈ ഷണ്‍മുഖശാലയില്‍ അല്ലാതെ മറ്റൊരു കെട്ടിടത്തിനു മുകളിലും കറുപ്പും വെളുപ്പും ചുവപ്പും നിറഞ്ഞ കൊടിക്കൂറ പാറാം. കലങ്ങി മറിഞ്ഞ അണ്ണാ ദ്രാവിഡ മുന്നറ്റേ കഴകത്തിന്റെ ദുര്‍ബലത മുതലെടുക്കാന്‍ കലൈഞ്ജറുടെ പാര്‍ട്ടിക്കു കഴിഞ്ഞെന്നും വരാം. അങ്ങനെയെങ്കില്‍ അച്ഛന്‍ ജീവിച്ചിരിക്കെ തന്നെ മകന്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും കടിഞ്ഞാണ്‍ ഏറ്റെടുത്തേക്കാം. ഇവര്‍ക്കൊപ്പം വിജയകാന്തിന്റെ ദേസിയ മുര്‍പോക്കു ദ്രാവിഡ കഴകം, എസ് രാംദോസിന്റെ പട്ടാളി മക്കള്‍ കക്ഷി തുടങ്ങി അറുപതോളം വലുതും ചെറുതുമായ ദ്രാവിഡ പാര്‍ട്ടികള്‍ വേറെയുമുണ്ട് തക്കം പാര്‍ത്ത്. ഇതിനെല്ലാം പുറമെ പി വാസു സിനിമയിലെ വില്ലനെ പോലെ കോണ്‍ഗ്രസും ശങ്കര്‍ ചിത്രത്തിലെ വില്ലനെ പോലെ ബിജെപിയും രംഗത്തേക്കു വരാന്‍ ഒരുങ്ങി നില്‍ക്കുന്നു. ഏതായാലും ഒരു ആക്ഷന്‍ മസാല ചിത്രമായി തമിഴ് രാഷ്ട്രീയം മാറും എന്നത് തീര്‍ച്ച. പക്ഷെ തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിന്റെ മാറ്റിയെഴുത്തു കൂടിയാവും അത്.

അണ്ണാദുരെയില്‍ നിന്നു തുടങ്ങുന്ന ചരിത്രം പരിശോധിക്കാം. തമിഴര്‍ ‘അറിവുള്ള അണ്ണ’ എന്നു ബഹുമാനത്തോടെ വിളിച്ചിരുന്ന കാഞ്ചീവരം നടരാജന്‍ അണ്ണാ ദൂരെ എന്ന സി എന്‍ അണ്ണാ ദുരൈയില്‍ നിന്നും തുടങ്ങുന്നു ദ്രാവിഡ മുതല്‍വര്‍ ശ്രേണി. അണ്ണ വെറും രാഷ്ട്രീയക്കാരനായിട്ടല്ല മക്കള്‍ മനസില്‍ കയറിയത്. തന്റെ വാഗ്മിത്വത്തിലൂടെയും സാഹിത്യവൈഭവത്തിലൂടെയുമായിരുന്നു. അണ്ണയുടെ പ്രസംഗവും നാടകങ്ങളും ചലചിത്ര, തിരക്കഥകളും തമിഴനെ അത്രമേല്‍ വശീകരിച്ചൂ. ഇവി രാമസ്വാമി നായ്ക്കരെപോലൊരാളോട് ഇടഞ്ഞ് ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാര്‍ട്ടി ഉണ്ടാക്കാനും തമിഴ്‌നാട് ഭരിക്കാനും അണ്ണയെ സഹായിച്ചതും ജനം അദ്ദേഹത്തിനു നല്‍കിയ അന്‍പും ആദരവും തന്നെയായിരുന്നു. അണ്ണയ്ക്കു ശേഷം (1969 ലും 88ലും ഇടക്കാല മുഖ്യമുഖ്യമന്ത്രി കസേരയില്‍ ഇരുന്ന നെടുഞ്ചഴിയാനെ മാറ്റി നിര്‍ത്താം) സാക്ഷാല്‍ എംജിആര്‍, എംജിആറിനുശേഷം മുത്തുവേല്‍ കരുണാനിധി, ജാനകി രാമചന്ദ്രന്‍, ജയലളിത… കഴിഞ്ഞ 47 കൊല്ലത്തോളമായി തമിഴനെ ഭരിച്ചവര്‍ക്കെല്ലാവര്‍ക്കും തമ്മില്‍ ഒരു ബന്ധമുണ്ടായിരുന്നു. അവരാരും തനി രാഷ്ട്രീയക്കാര്‍ ആയിരുന്നില്ല. ഇവര്‍ക്കുശേഷം ഒരു തനി രാഷ്ട്രീയക്കാരനും തമിഴനുമേല്‍ മേധാവിത്വം സ്ഥാപിക്കാനും സാധിച്ചില്ല. കഴിഞ്ഞിരുന്നെങ്കില്‍ തമിഴ്‌നാട് എന്ന പേരുമാറിയ നാട് ഭരിക്കാന്‍ എന്തുകൊണ്ടും യോഗ്യനായ കുമാരവേല്‍ കാമരാജിനു സാധിക്കാതെ പോകുമായിരുന്നില്ല. ജി കെ മൂപ്പനാര്‍ എന്ന രാഷ്ട്രീയക്കാരന് മുഖ്യമന്ത്രി കസേര കിട്ടാതെ പോവില്ലായിരുന്നു. ദ്രാവിഡ പാര്‍ട്ടികള്‍ അല്ലാതെ ഒരു ദേശീയ പാര്‍ട്ടിക്കും തമിഴ്‌നാട്ടില്‍ വിജയിക്കാന്‍ 1969-നു ശേഷം സാധിച്ചിട്ടില്ല. ഈ ചരിത്രമാണ് ഇപ്പോള്‍ തിരുത്തപ്പെടാന്‍ പോകുന്നത്, അല്ലെങ്കില്‍ തിരുത്താന്‍ ശ്രമിക്കുന്നത്.

സമ്പത്ത്, ആള്‍ബലം, തന്ത്രം ഇവ മൂന്നുമുള്ള വില്ലന്മാരാണ് ഇപ്പോള്‍ തമിഴ് സിനിമകളില്‍. നായകനോളം തന്നെ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നവര്‍. പൊന്‍ രാധാകൃഷ്ണന്‍ എന്ന മേല്‍വിലാസം മാത്രമുണ്ടായിരുന്ന ഭാരതീയ ജനത പാര്‍ട്ടി ഇനി അണിയുന്ന വേഷം മേല്‍പ്പറഞ്ഞ കഥാപാത്രത്തെ പോലെയാകും. ഈ അവസരം ഏറ്റവും കൂടുതല്‍ പ്രയോജനം ചെയ്യാന്‍ സാധ്യതയുള്ളതും ബിജെപിക്കാണ്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും നന്നായി രാഷ്ട്രീയതന്ത്രങ്ങള്‍ മെനയാന്‍ മിടുക്കുള്ളത് ബിജെപി നേതൃത്വത്തിനാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കാന്‍ അറിയാവുന്നതുകൊണ്ടാണ് ഇന്ത്യാ മഹാരാജ്യം തന്നെ അവരിന്നു ഭരിക്കുന്നത്. എങ്കിലും ഉത്തരേന്ത്യയുടെ ഭൂരിഭാഗവും സ്വന്തമാക്കിയിട്ടും അവര്‍ക്കു ചുവടുറപ്പിക്കാന്‍ കഴിയാതെ പോകുന്നത് ദക്ഷിണേന്ത്യയിലാണ്. കര്‍ണാടകയില്‍ ഒരു തവണ ഭരിച്ചതും കേരളത്തില്‍ ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അക്കൌണ്ട് തുറക്കാന്‍ കഴിഞ്ഞതും നേട്ടങ്ങളായി കാണാന്‍ കഴിയുമെങ്കിലും അതൊരിക്കലും ബിജെപിയുടെ മറ്റു നേട്ടങ്ങളെവച്ചു നോക്കുമ്പോള്‍ ഒന്നുമല്ല. കര്‍ണാടകത്തില്‍ ജനതാദളും കോണ്‍ഗ്രസും കേരളത്തില്‍ ഇടതു-വലതുപക്ഷങ്ങളും ശക്തമായി നില്‍ക്കുന്നതിനാല്‍ ബിജെപിയുടെ തന്ത്രങ്ങള്‍ വിജയിക്കാന്‍ ഏറെ പ്രയാസമാണ്. അതിലും ബുദ്ധിമുട്ടായിരുന്നു തമിഴ്‌നാട്ടിലും ആന്ധ്രയിലും (ഇപ്പോള്‍ തെലുങ്കാനയിലും). ഈ മൂന്നിടത്തും പ്രാദേശികക്ഷികളുടെ ആധിപത്യമാണ്. ആ കോട്ടകള്‍ പൊളിക്കുക എന്നത് എളുപ്പമല്ല. ജനങ്ങളുടെ വിശ്വാസം മാറ്റി മറിക്കേണ്ട സംഗതിയാണ്. ഇതെല്ലാം കൊണ്ടു തന്നെ ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിലെ മേധാവിത്വം എങ്ങനെ സ്വന്തമാക്കാമെന്നതിനെ കുറിച്ച് കൂടുതല്‍ കൂടുതല്‍ ആലോചനകള്‍ വേണ്ടിവരുമെന്ന കണക്കു കൂട്ടലുകള്‍ക്കിടയിലാണ് ജയലളിതയുടെ നിര്യാണം.

കെ സുരേന്ദ്രന്‍ എന്ന ബിജപി നേതാവ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഇവിടെ സൈബര്‍ വിചാരണയ്ക്ക് വിധേയനാക്കപ്പെടുകയാണ്. മരിക്കും മുന്നേ ഒരാളെ കൊന്നെന്നാണോ സുരേന്ദ്രന്‍ ചെയ്ത തെറ്റായി പറയുന്നത്? സുരേന്ദ്രന്റേത് ഒരു രാഷ്ട്രീയ മുന്‍വിചാരം മാത്രമാണ്. ഇവിടുത്തെ മാധ്യമങ്ങള്‍ കാട്ടിക്കൂട്ടിയതിന്റെ നൂറിലൊരംശം തെറ്റ് അദ്ദേഹത്തില്‍ കാണാന്‍ കഴിയില്ല. സുരേന്ദ്രന്‍ രാഷ്ട്രീയക്കാരാനാണ്. പ്രാക്ടിക്കല്‍ രാഷ്ട്രീയത്തിന്റെ വക്താവ്. അയാളുടെ ചിന്ത ആ തരത്തില്‍ പോകും. അവിടെ മാനുഷികസദാചാരത്തിന്റെ മാപിനിയുമായി വരുന്നവര്‍ക്കൊക്കെ വ്യക്തിവിദ്വേഷം മാത്രമാണുള്ളത്. അതിനപ്പുറം മലയാളിയുടെ രാഷ്ട്രീയബോധം സുരേന്ദ്രന്റെ വാക്കുകളെ എന്തുകൊണ്ട് ചര്‍ച്ചയ്‌ക്കെടുത്തില്ല. അയാള്‍ പറഞ്ഞതാണ് ഇനി തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്നതെന്നു പറഞ്ഞാല്‍ പൂര്‍ണമായി എതിര്‍ക്കാന്‍ പറ്റുമോ?

ജയലളിതയുടെ മരണം ബിജെപി തങ്ങള്‍ക്ക് അനുകൂലമാക്കി എടുക്കും എന്നതിന്റെ തെളിവുകള്‍ ഇന്നലെ തന്നെ ദൃശ്യമായതാണ്. വെങ്കയ്യ നായിഡുവും പൊന്‍ രാധാകൃഷ്ണനും ആദ്യാവസാനം ചാര്‍ച്ചക്കാരെപോലെ നിന്നതുപോലും ഒരു സൂചനയാണ്. പ്രധാനമന്ത്രി വന്നതിലല്ല, മോദിയുടെ ആശ്വസിപ്പിക്കലിലാണ് രാഷ്ട്രീയം കാണേണ്ടത്. ശശികലായിരിക്കാം ബിജെപിയുടെ തുറുപ്പുഗുലാന്‍ എന്ന ഊഹം ഇപ്പോഴേ പലരും ഉയര്‍ത്തിക്കഴിഞ്ഞു. പനീര്‍ശെല്‍വത്തെ ഭരിക്കാന്‍ ശശികലയ്ക്കു കഴിഞ്ഞില്ലെങ്കില്‍ ശശികലയെ കൊണ്ട് തമിഴ്‌നാട് ഭരിപ്പിക്കുന്നത് ബിജെപി ആയിരിക്കും. തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിവരാന്‍ ശശികലയോളം നല്ല വഴി അമിത് ഷായും മോദിയും വേറെ കണ്ടെത്തില്ല. അതിലവര്‍ വിജയിച്ചാലാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രം മാറുന്നത്. പക്ഷേ അതിപ്പോഴും സംശയത്തിലാണ്.

തമിഴനെ രാഷ്ട്രീയം പറഞ്ഞു മാത്രം വശത്താക്കാന്‍ കഴിയുമോ? കാമരാജിനു കഴിയാത്തത് മോദിക്കു നടക്കുമോ? തമിഴന്റെ ഹൃദയത്തിലേക്കുള്ള വഴി പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയുമാണ്. തേര്‍തലക്കൂട്ടതത്തിലെ പ്രസംഗത്തിലൂടെയല്ല. ശശികല, സ്റ്റാലിന്‍, പനീര്‍ശെല്‍വം എന്നീ വമ്പന്‍മാര്‍ നില്‍ക്കുമ്പോഴും രജനികാന്തും അജിത്തും ചര്‍ച്ചയാകുന്നതും അതുകൊണ്ടാണ്. ആളെ കൂട്ടാന്‍ ഇവരോളം കഴിവ് ഇപ്പോള്‍ ശശികലയ്‌ക്കോ പനീര്‍ശെല്‍വത്തിനോ ഇല്ല. കരുണാനിധിയുടെ മകനായിട്ടുപോലും സ്റ്റാലിന് അങ്ങനെയൊരു പ്രഭാവം ഇന്നോളം കിട്ടിയിട്ടുമില്ല. അതുകൊണ്ടാണ് തമിഴ്‌നാടു ഭരിക്കാന്‍ കബാലി വരുമോ എന്നു കുറേപ്പേര്‍ ചോദിക്കുന്നത്. അമ്മയുടെ പിന്‍ഗാമി അജിത്താണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതും. തമിഴ് മക്കള്‍ക്കിടയില്‍ ഇരുവര്‍ക്കും അത്രത്തോളം സ്വാധീനമുണ്ട്. വേണമെങ്കില്‍ ബിജെപി വക പ്രലോഭനവും രജനിയില്‍ ഉണ്ടാകാം. ശശികലയെന്ന പോലെ ഉപകാരപ്പെടുന്നൊരു ടൂളാണവര്‍ക്ക് രജനികാന്തും. പക്ഷേ രജനി ചിന്തിക്കുക, ശിവാജി ഗണേശന്റെ രാഷ്ട്രീയചരിത്രമാണെങ്കില്‍ അയാള്‍ ഇപ്പോള്‍ പുലര്‍ത്തുന്ന മൗനം തുടരും. അജിത്ത് സിനിമയിലും റേസിംഗ് ട്രാക്കിലും എടുക്കുന്ന റിസ്‌ക് രാഷ്ട്രീയത്തില്‍ കാണിക്കുമോയെന്നതും ചോദ്യമാണ്. ഒരുപക്ഷേ അജിത്തും രജനിയുമെല്ലാം വെറും അഭ്യാഹങ്ങള്‍ മാത്രമായിരിക്കാം. പക്ഷേ തമിഴ്‌നാടാണ്; അവിടെ രാഷ്ട്രീയം സിനിമപോലെയാണ്…!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍