UPDATES

പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ടു തമിഴ്നാട്ടില്‍ യുവാവ് ജീവനൊടുക്കി

പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ടു തമിഴ് നാട്ടില്‍ യുവാവ് ജീവനൊടുക്കി. പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ഭീഷണിയാണെന്നും അത് പൂര്‍ണമായും നിരോധിക്കണമെന്നുമാവശ്യപ്പെട്ട് കൂട്ടുകാരോടൊപ്പം നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന 23 കാരന്‍ കെ ജവഹറാണ് തഞ്ചാവൂരില്‍ കനാലില്‍ ചാടി ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ മുതല്‍ ജവഹറിനെ കാണാതായിരുന്നു. സ്വകാര്യ കോളേജിലെ സുരക്ഷാ ജീവനക്കാരനായ പിതാവ് പല തരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മകന്റെ ജഡം കണ്ടെത്തിയത്. 

സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം പിതാവ് ജവഹറിന്‍റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് റെക്കോഡ് ചെയ്തിരിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. പ്ലാസ്റ്റിക്കിനെതിരെ പോരാടാന്‍ അഭ്യര്‍ത്ഥിക്കുന്ന നിരവധി വീഡിയോ ക്ലിപ്പുകളും പരിസ്ഥിതി സന്ദേശങ്ങളടങ്ങിയ നിരവധി എസ് എം എസുകളും മൊബൈലില്‍ ഉണ്ടായിരുന്നു. പ്ലാസ്റ്റിക്ക് മൂലം ലോകത്തിനുണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള സന്ദേശം സമൂഹത്തെ അറിയിക്കാനാണ് താന്‍ ഈ തീരുമാനം എടുക്കുന്നതെന്ന് ജവഹര്‍ പറയുന്ന വീഡിയോയും മൊബൈലില്‍ ഉണ്ടായിരുന്നു.

‘ഞാന്‍ പ്ലാസ്റ്റിക്ക് നിരോധനം നടപ്പാക്കാന്‍ ആവശ്യപ്പെട്ട് പ്രകൃതി സംരക്ഷണത്തിനായി എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. ഇന്ത്യയുടെ 127 കോടി ജനതയുടെ ഉന്നമനത്തിനു വേണ്ടി എന്റെ ജീവന്‍ ബലിചെയ്യുന്നതില്‍ തെറ്റില്ല. എന്റെ തീരുമാനത്തിന് പിന്നില്‍ മാറ്റാരുമില്ല. ആരും പ്രകൃതിയുടെ വിരുദ്ധമായി ജീവിതം നയിക്കരുത്. എന്നാല്‍, പ്രകൃതി വിഭവങ്ങള്‍ അധികമുണ്ടാക്കുന്നതിനു വേണ്ടി മനുഷ്യര്‍ ഒന്നും ചെയ്യുന്നില്ല. ഇതെല്ലാം കണ്ടുകൊണ്ട് മൂകനായി ഇരിക്കാന്‍ എനിക്ക് കഴിയില്ല’, ജവഹര്‍ പറയുന്നു.

കുട്ടിക്കാലം മുതല്‍ക്കു തന്നെ ജവഹറിന് പ്രകൃതിയോട് അടുത്ത ബന്ധമായിരുന്നുവെന്നും മണ്ണിനും ചെടികള്‍ക്കും വേണ്ടി അവന്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. പത്താം ക്ലാസ് വരെ മാത്രം ജവഹര്‍ പഠിച്ചിട്ടുള്ളൂ.  അവന്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പങ്കെടുക്കുകയും പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഭൂമിക്ക് പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും ഉപയോഗിച്ചാലുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് അവന്‍ എപ്പോഴും സംസാരിക്കുമായിരുന്നുവെന്നും ജവഹറിന്‍റെ പിതാവ് കുമരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പ്രകൃതി സംരക്ഷണത്തിനു വേണ്ടി മാത്രമായി ഇത്തരം ഒരു കടുത്ത തീരുമാനം മകന്‍ എടുക്കുമെന്ന് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ഭീഷണിയാണെന്നും അത് പൂര്‍ണമായും നിരോധിക്കണമെന്നുമാവശ്യപ്പെട്ട് നിരവധി പ്രതിഷേധ പരിപാടികള്‍ ജനവഹറിന്‍റെ നേതൃത്വത്തില്‍ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍