UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തമിഴ് നാട്ടില്‍ വിജയകാന്തും ഇടതുകക്ഷികളും സഖ്യത്തില്‍

അഴിമുഖം പ്രതിനിധി

അപ്രതീക്ഷിത നീക്കത്തിനൊടുവില്‍ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം, സിപിഐ, എംഡിഎംകെ, വിസികെ എന്നീ പാര്‍ട്ടികള്‍ അടങ്ങിയ പ്യൂപ്പിള്‍ വെല്‍ഫെയര്‍ ഫ്രണ്ടും (പി ഡബ്ല്യു എഫ്) വിജയകാന്തിന്റെ ദേശീയ മൂര്‍പ്പോക്കു ദ്രാവിഡ കഴകവും (ഡിഎംഡികെ) സഖ്യത്തിലേര്‍പ്പെട്ടു. ഡിഎംഡികെ 124 സീറ്റുകളിലും പി ഡബ്ല്യു എഫ് 110 സീറ്റുകളിലും മത്സരിക്കും. 234 അംഗങ്ങളാണ് തമിഴ്‌നാട് നിയമസഭയിലുള്ളത്. വിജയകാന്താണ് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

ബിജെപിയുമായും ഡിഎംകെയുമായും സഖ്യ സാധ്യതകള്‍ ഡിഎംഡികെ ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ഒടുവില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു വിജയകാന്തിന്റെ നിലപാട്. എന്നാല്‍ എംഡിഎംകെ നേതാവ് വൈകോ വിജയകാന്തുമായി ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തതും സഖ്യം സാധ്യമാക്കിയതും.

2001-ല്‍ എഐഎഡിഎംകെയുമായി ചേര്‍ന്ന് മത്സരിച്ച ഡിഎംഡികെ 41 മണ്ഡലങ്ങളില്‍ മത്സരിക്കുകയും 29 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഈ സഖ്യം തെറ്റിപ്പിരിയുകയും ഡിഎംഡികെ പ്രതിപക്ഷത്തേക്ക് മാറുകയും ചെയ്തിരുന്നു. നിയമസഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയെന്ന നിലയില്‍ വിജയകാന്തായിരുന്നു പ്രതിപക്ഷ നേതാവ്. ഡിഎംകെയ്ക്ക് 20 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു വിജയകാന്ത്. ബിജെപിക്കും പിഎംകെയ്ക്കും ഒരോ സീറ്റുകള്‍ ലഭിച്ചുവെങ്കിലും ഡിഎംഡികെയ്ക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല. സഖ്യത്തിന് 18 ശതമാനത്തോളം വോട്ട് ലഭിച്ചിരുന്നു. ഇത് സഖ്യത്തിലെ തമിഴ് പാര്‍ട്ടികളുടെ വോട്ടായിരുന്നു.

പഞ്ച കോണ മത്സരമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്. ജയലളിതയുടെ എഐഎഡിഎംകെ, ഡിഎംകെ-കോണ്‍ഗ്രസ്, ഡിഎംഡികെ-ഇടതുപാര്‍ട്ടികള്‍, പിഎംകെ, ബിജെപി മുന്നണികളാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുക.

ലോകസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ആവര്‍ത്തിക്കുമെന്നും ഭരണത്തുടര്‍ച്ച ഉറപ്പാണെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ജയലളിത. അതേസമയം ഡിഎംകെയുടെ നിലയും പരുങ്ങലിലാണ്. എഐഎഡിഎംകെയേയും ഡിഎംകെയേയും മടുത്ത യുവാക്കള്‍ ആര്‍ക്ക് വോട്ടു ചെയ്യുമെന്നത് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും. പിഎംകെ ജാതി രാഷ്ട്രീയ പാര്‍ട്ടിയായതിനാല്‍ സമൂഹത്തിലെ എല്ലാവരുടേയും വോട്ടുകള്‍ ആകര്‍ഷിക്കാനുമാകില്ല. ദ്രാവിഡ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാനും കഴിഞ്ഞിട്ടില്ല. അതേസമയം പി എഫ് കെയിലെ പാര്‍ട്ടികളുടെ വോട്ട് ശതമാനം കുറവാണെങ്കിലും ഉറപ്പുള്ള വോട്ടുകളാണെന്നും അതിനോടൊപ്പം വിജയകാന്ത് ആകര്‍ഷിക്കുന്ന വോട്ടും ചേരുമ്പോള്‍ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ നിരീക്ഷികര്‍ പറയുന്നത്.

ബിജെപി പ്രസിഡന്റ് അമിത് ഷാ ഡിഎംഡികെയുമായി തെരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചെന്നൈയില്‍ എത്താനിരിക്കുകയായിരുന്നു.

മെയ് 16-നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്. മേയ് 19-ന് ഫലപ്രഖ്യാപനം നടത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍