UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

ദ്രാവിഡപ്പെരുമാളും അധികാരത്തിന്റെ തരിശുനിലങ്ങളും; തമിഴക രാഷ്ട്രീയത്തില്‍ നിന്ന് ചില മുറുമുറുപ്പുകള്‍

തൊണ്ണൂറ്റൊന്നാം വയസ്സില്‍ ശനിയുടെ തീവ്രമായ അപഹാരത്തില്‍പ്പെട്ടിരിക്കുകയാണ് തമിഴകത്തെ രാഷ്ട്രീയ ഭീമാചാര്യനും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) തലതൊട്ടപ്പനുമായ കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി. പതിനെട്ടാം വയസ്സില്‍ അണ്ണാദുരെയുടെ ആശീര്‍വാദത്തോടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശേഷം ഇത്രമാത്രം ജാതകദോഷം സംഭവിച്ചിട്ടുള്ള മറ്റൊരു കാലഘട്ടം ഉണ്ടായിട്ടുണ്ടോ എന്ന് വിഷാദപൂര്‍വം ചിന്തിച്ചിരിപ്പാണ് അദ്ദേഹം. ആദര്‍ശമല്ല, അധികാരമാണ് രാഷ്ട്രീയ നിലനില്‍പ്പിനാവശ്യമെന്ന ആപ്തവാക്യം രാഷ്ട്രീയ പ്രവേശനാള്‍ മുതല്‍ വേദമന്ത്രം പോലെ ആയിരംവട്ടം ഉരുവിട്ടു ശീലിച്ച കലൈഞ്ജര്‍ ഇന്ന് അധികാരക്കൊത്തളങ്ങളുടെ കാതങ്ങള്‍ക്ക് അപ്പുറത്താണ്. ഭരണസിരാകേന്ദ്രമായ സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടിലെ കനകസിംഹാസനത്തില്‍ നിന്ന് നിഷ്‌ക്കാസിതനായിട്ട് വര്‍ഷം മൂന്നു കഴിഞ്ഞിരിക്കുന്നു. എഴുതിവച്ച തിരക്കഥകളൊക്കെ ചിതലരിച്ചിരിക്കുന്നു. പഴയ തട്ടുപൊളിപ്പന്‍ ഡയലോഗുകളൊന്നും വിലപ്പോകുന്നുമില്ല. വീല്‍ച്ചെയറില്ലാതെ കഴഞ്ചു മുന്നേറാനും കഴിയുന്നില്ല.

അധികാരക്കസേര സ്വപ്നം കാണാന്‍പോലും കഴിയില്ലെന്ന അവസ്ഥയില്‍ തന്നെ കൊണ്ടെത്തിച്ചത് രണ്ടു ഘടകങ്ങളാണെന്ന് ദ്രാവിഡപ്പെരുമാളിന് നന്നായറിയാം. ഒന്ന്:  സാക്ഷാല്‍ പുരട്ച്ചിത്തലൈവി (വിപ്ലവനായിക) ജയലളിത തന്റെ പാര്‍ട്ടിയുടെ അഴിമതിക്കെതിരെ നടത്തിയ വിപ്ലവപ്പടയോട്ടം. രണ്ട്: അഴിമതിക്കറ പുരണ്ട മക്കളും മരുമക്കളും ചെറുമക്കളുമൊക്കെ അടങ്ങുന്ന കുടുംബം വരുത്തിവച്ച ദുരന്തം. ഇനിയൊരിക്കലും മടങ്ങി വരാനാകാത്ത വിധം അവര്‍ അധികാരത്തിന്റെ വഴികളൊക്കെ കൊട്ടിയടച്ച് ഇരുള്‍ പടര്‍ത്തിയിരിക്കുന്നു. രാഷ്ട്രീയഭീമാചാര്യനായിരുന്നിട്ടും രണ്ടാമത്തെ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ വൈകിപ്പോയി. ജനാടിത്തറയുള്ള പാര്‍ട്ടിയെന്ന സല്‍പ്പേരൊക്കെ കളഞ്ഞുകുളിച്ച ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി എം കെ) അവസ്ഥ മാറ്റിയെടുക്കാനാകുമെന്ന് ഗോപാലപുരത്തെ വീല്‍ച്ചെയര്‍ശിക്ഷയില്‍ ഇരുന്നു ചിന്തിക്കുമ്പോഴാണ് പാര്‍ട്ടിയിലെ പടലപ്പിണക്കും തലപൊക്കുന്നത്. 

1977 മുതല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി കസേരയില്‍ ചുരുണ്ടുകൂടിയിരിക്കുന്ന കെ അമ്പഴകന്‍ (വയസ്സ് 93)  അവര്‍കളെ സ്ഥാനഭൃഷ്ടനാക്കി അതില്‍ കയറിയിരിക്കാന്‍ മുത്തുവേല്‍ കരുണാനിധിയുടെ മകനും പാര്‍ട്ടിയുടെ ട്രഷററുമായ സാക്ഷാല്‍ ഇളയദളപതി എം കെ സ്റ്റാലിന്‍ പദ്ധതി തയ്യാറാക്കിയപ്പോള്‍ മാധ്യമങ്ങളൊക്കെ പൊടിപ്പും തൊങ്ങലും വച്ച് എക്‌സ്‌ക്ലൂസീവ് പൊട്ടിച്ചാണ് ആഘോഷിച്ചത്. പിറ്റേ ദിവസം സ്റ്റാലിനു മറുകണ്ടം ചാടേണ്ടിവന്നു. ഞാന്‍ അക്കാര്യം സ്വപ്നത്തില്‍പ്പോലും വിചാരിച്ചിട്ടില്ലെന്നായി ‘യുവതുര്‍ക്കി’ (വയസ്സ് 61+) മു ക സ്റ്റാലിന്‍. ജനറല്‍ സെക്രട്ടറിയായി കസേരയിലെ മാന്യദേഹത്തിനു തന്നെ അപകീര്‍ത്തികരമായ ഒന്നായിരുന്നു സ്റ്റാലിന്റെ ശത്രുക്കള്‍ പറഞ്ഞുപരത്തിയത്. അപ്പോള്‍ ഗോപാലപുരത്തെ വീല്‍ച്ചെയറില്‍ ചില ഞരക്കങ്ങള്‍ കേട്ടെന്ന് തല്‍പ്പരകക്ഷികള്‍. കാലുവാരല്‍ സര്‍ക്കസ്സിലൂടെ ദ്രാവിഡപ്പാര്‍ട്ടിക്കേറ്റ കളങ്കം തീര്‍ക്കാന്‍ അറേബ്യന്‍ സുഗന്ധവസ്തുക്കള്‍ക്ക് പിന്നാലെയൊന്നും നേതൃത്വം പോയില്ല. പകരം ജനുവരി ഒന്‍പതിനു നടക്കാന്‍ പോകുന്ന ജനറല്‍ കൗണ്‍സിലില്‍ സ്റ്റാലിന്റെ ആധിപത്യമുറപ്പിക്കാനുള്ള തന്ത്രങ്ങളാണ് ഗോപാലപുരത്ത് അരങ്ങേറുന്നത്.

ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിക്കാന്‍ കാത്തിരുന്ന പുരട്ച്ചിത്തലൈവിയുടെ മുന്നേറ്റം കഴിഞ്ഞ നിയമസഭാ – ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കണ്ടതാണ്. നിയമസഭയില്‍ പ്രതിപക്ഷസ്ഥാനത്തിരിക്കാന്‍ പോലും കരുണാനിധിക്ക് അവസരമൊരുക്കാതെയാണ് അവര്‍ കരുക്കള്‍ നീക്കിയത്. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ 39 ല്‍ 37 സീറ്റും തൂത്തുവാരിയെടുത്താണ് ജയാമ്മ കരുണാനിധിയുടെ മോഹങ്ങളെ ബസന്ത്‌നഗര്‍ ശ്മശാനത്തില്‍ കരിച്ചുകളഞ്ഞത്. 2016 ല്‍ സമാഗതമാകുന്ന നിയമസഭാതെരഞ്ഞെടുപ്പിലെങ്കിലും പാര്‍ട്ടിയെ കരകയറ്റാന്‍ കഴിയുമെന്നാണ് കലൈഞ്ജര്‍ കണക്കുകൂട്ടിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയാമ്മ കുടുങ്ങിയിട്ടും അതിനെ സ്വന്തം പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ക്കായി മാറ്റാനോ മുതലെടുക്കാനോ കലൈഞ്ജര്‍ക്കായില്ല. ജയലളിതക്കെതിരെ കാര്യമായ നിഷേധ ശബ്ദംപോലും പുറപ്പെടുവിക്കാന്‍ കരുണാനിധിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. കാരണം അത്രത്തോളമായിരുന്നു സ്വാന്തം പാളയത്തിലെ അഴിമതിക്കഥകള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയത്. പുരട്ച്ചിത്തലൈവി മറ്റു തരത്തില്‍ കരുക്കള്‍ നീക്കുമ്പോഴും ഡി എം കെ പകച്ചു നിന്നതേയുള്ളു.

ജയലളിതയ്ക്ക് പ്രതികൂലമായി വിധി വന്നാല്‍പ്പോലും പരാശക്തിക്കാരന്‍ കരുണാനിധിക്ക് കാര്യമായ നേട്ടമൊന്നും സൃഷ്ടിക്കാനാകുമെന്നു തോന്നുന്നില്ല. കാരണം അത്രത്തോളം അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണ് കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി പ്രൈവറ്റ് ലിമിറ്റഡ്. 2011 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ‘ജയാരവങ്ങള്‍’ക്കിടിയില്‍ കട്ടയുംപടവും മടക്കി പിന്‍വാങ്ങി ഗോപാലപുരത്തേക്ക് വീല്‍ച്ചെയര്‍ ഉരുട്ടുമ്പോള്‍ ജയലളിതയാകും മുഖ്യശത്രുവെന്നായിരുന്നു അദ്ദേഹം കരുതിയത്. പക്ഷേ സ്വന്തം മക്കള്‍തന്നെയാണ് ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കലൈഞ്ജര്‍ക്ക് അധികസമയമൊന്നും വേണ്ടിവന്നില്ല. പാര്‍ട്ടിയുടെ രക്ഷക്കായി താന്‍ പല അടവുകളിലൂടെ ഗോദയിലിറക്കിയ മക്കളും അവരുടെ സില്‍ബന്ധികളും തന്നെയാണ് പാര്‍ട്ടിയുടെ ദുരന്തങ്ങള്‍ക്ക് വെടിമരുന്നിടുന്നതെന്ന് അറിയാന്‍ ദീര്‍ഘദൃഷ്ടിയൊന്നും തലൈവര്‍ക്ക് വേണ്ടിവന്നതുമില്ല.

രണ്ടു വര്‍ഷം മുമ്പ് മധുരയില്‍ ഉരുണ്ടുകൂടിയ ‘അഴഗിരി മേഘങ്ങള്‍’ വന്‍നാശനഷ്ടങ്ങളാണ് പാര്‍ട്ടിയില്‍ വിതച്ചത്. കരുണാനിധിയുടെ മൂത്തമകനും മുന്‍ കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരിയും സ്റ്റാലിനും തമ്മില്‍ നടക്കുന്ന ചക്കളത്തിപ്പോരാട്ടം കെട്ടുറപ്പുള്ള പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നു പുറത്തായ അഴഗിരി, സ്റ്റാലിന്റെ ആധിപത്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടി നിലപാടുകള്‍ തിരുത്തുകയാണെങ്കില്‍ താന്‍ മടങ്ങിയെത്താമെന്ന നിലപാട് അഴഗിരി കഴിഞ്ഞ ദിവസം ചെന്നൈയില്‍ പ്രകടിപ്പിച്ചിരുന്നു. അതൊരിക്കലും നടക്കില്ലെന്ന് അഴഗിരിക്കുതന്നെ അറിയാം. കാരണം എന്തുവില കൊടുത്തും അഴഗിരിയുടെ പുനഃപ്രവേശത്തിനു തടയിടാന്‍ ശ്രമിക്കുന്നത് മറ്റാരുമല്ല- സ്വന്തം അനുജന്‍ സ്റ്റാലിന്‍ തന്നെയാണ്. വിലാസമില്ലാത്ത വ്യക്തിയാണ് സ്റ്റാലിനെന്ന് അഴഗിരി നടത്തിയ പ്രസ്താവന പാര്‍ട്ടി ഏറെ ഭീതിയോടെയാണ് ശ്രവിച്ചത്. കാരണം സ്റ്റാലിനെ മുന്‍നിര്‍ത്തിയാണ് കരുണാനിധി ഭാവി മുഖ്യമന്ത്രിയുടെ കരുക്കള്‍ നീക്കുന്നത്. പക്ഷേ, പാര്‍ട്ടിയില്‍ ഒന്നുമല്ലാത്തവരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ തയ്യാറല്ലെന്നാണ് സ്റ്റാലിന്റെ നിലപാട്. സ്വയമൊന്നും പറയാതെ പാര്‍ട്ടി ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍ എസ് ഭാരതിയെന്ന വിരുതനെയാണ് അതിനു കയറൂരി വിട്ടത്. അണ്ണാദുരെയുടെ കാലത്തുപോലും പാര്‍ട്ടിവിട്ടു പോയവരെ തിരിച്ചെടുത്തിട്ടില്ല. പെരിയാര്‍ക്ക് മാത്രമേ അത്തരത്തില്‍ ഒരു കസേര നീക്കിയിട്ടിരുന്നുള്ളു, ഭാരതി വച്ചടിച്ചു. അതായത് പാര്‍ട്ടിയില്‍ മടങ്ങിയെത്തി സ്റ്റാലിനെതിരെ പീരങ്കി നാട്ടി അധികാരക്കസേരയില്‍ ഇരിക്കാമെന്ന  മോഹം വാഴക്കുഴിയില്‍ ഉപേക്ഷിക്കൂ എന്ന് വ്യംഗ്യം. പക്ഷേ മൂത്ത പുത്രനെ മടക്കിക്കൊണ്ടു വരണമെന്ന കലൈഞ്ജറുടെ രഹസ്യനീക്കം സ്റ്റാലിനും പുതിയതായി രംഗത്തുവന്ന ജില്ലാ സെക്രട്ടറിമാരും ചേര്‍ന്ന് തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു.  

സ്റ്റാലിനുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ഭാഗമായാണ് തമിഴ് നടിയും ഡി എം കെയുടെ ‘ക്രൗഡ് പുള്ളറും’ ആയ നടി കുശ്ബു പാര്‍ട്ടിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസിന്റെ പാളയത്തില്‍ എത്തിച്ചേര്‍ന്നത്. തനിക്ക് അര്‍ഹമായ സ്ഥാനം തന്നില്ലെന്നാണ് ഈ നടി കുറ്റപ്പെടുത്തിയത്. സ്റ്റാലിനെ മുന്‍നിരയില്‍ നിര്‍ത്താനും തന്നെ പിന്നിലേക്ക് വലിക്കാനും ശ്രമിച്ചതിന്റെ പേരിലാണ് വേലുപ്പിള്ള പ്രഭാകരന്റെ അടുത്ത സുഹൃത്തെന്നറിയപ്പെട്ടിരുന്ന വൈ ഗോപാലസ്വാമി എന്ന വൈക്കോ 1993 ല്‍ പാര്‍ട്ടിക്ക് പുറത്തു പോകേണ്ടി വന്നത്. ഈ വിപ്ലവനായകന്‍ ഇന്നും എങ്ങും പച്ചപിടിക്കാതെ അലഞ്ഞുതിരിയുകയാണ്. എന്തായാലും പാര്‍ട്ടിയെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും കരകയറ്റാന്‍ ദ്രാവിഡ മുന്നേറ്റ കഴകം കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്.   

പഴയകാലത്ത്, മികച്ച തിരക്കഥാകൃത്തായിരുന്ന കരുണാനിധിക്ക് ഏതൊക്കെ സീന്‍ എവിടെയൊക്കെ കൂട്ടിച്ചേര്‍ക്കണമെന്ന് നന്നായറിയാമായിരുന്നു. സന്ദര്‍ഭങ്ങളൊന്നും പാഴാക്കാതെ, പ്രേക്ഷകരുടെ അഭിരുചിയറിഞ്ഞ് കഥാപാത്രങ്ങളെ വിന്യസിക്കാനും കഥാസന്ദര്‍ഭങ്ങളൊരുക്കാനും  ദീര്‍ഘകാല തിരക്കഥാ പരിചയം അദ്ദേഹത്തെ പലപ്പോഴും സഹായിച്ചിട്ടുമുണ്ട്. എം ജി ആറിനെ ഔട്ടാക്കാന്‍ സ്വന്തം മകന്‍ മുത്തുവിനെ വെള്ളിത്തിരയിലെത്തിച്ച് പയറ്റിയ നേതാവാണ് കരുണാമയനായ കരുണാനിധി. (വര്‍ഷങ്ങള്‍ക്കുശേഷം മുത്തു എം ജി ആറിന്റെ പാളയത്തിലെത്തിയെന്നത് മറ്റൊരു വിരോധാഭാസം!) അത് അന്തക്കാലം.

ലോകത്തില്‍ ആദ്യമായി സ്വയംമര്യാദ (സ്വാഭിമാനം) എന്ന പദത്തിന് നിരവധി മാനങ്ങളും അര്‍ത്ഥതലങ്ങളും മെനഞ്ഞെടുത്ത പ്രദേശം തമിഴ്‌നാടായിരിക്കണം. അതിന്റെ ക്രെഡിറ്റ് ദ്രാവിഡ കഴകം നേതാവ് ഇ വി രാമസ്വാമി നായ്ക്കര്‍ എന്ന തന്തപ്പെരിയാറിനും. ബ്രാഹ്മണ മേധാവിത്വത്തിനെതിരെ ഉയിര്‍ത്തെഴുന്നേറ്റ ജസ്റ്റിസ് പാര്‍ട്ടിയുടെ മുദ്യാവാക്യമായിത്തീര്‍ന്നു അന്ന് സ്വയംമര്യാദ. അതിനെ അരക്കിട്ടുറപ്പിക്കാന്‍ ഇ വി ആര്‍ സ്ഥാപിച്ച വ്യവസ്ഥയായകട്ടെ കാലക്രമത്തില്‍ സ്വയംമര്യാദ പ്രസ്ഥാനം (Self- Respect Movement) എന്ന വിപ്ലവച്ചീട്ടായി മാറുകയും ചെയ്തു. ഇ വി ആറിന്റെ പിന്‍ഗാമിയായിവന്ന അണ്ണാദുരൈ മൂന്നു കല്‍പ്പനകള്‍ നല്‍കിയാണ് തന്റെ അണികളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചത്- കടമ, ആത്മാര്‍ത്ഥത, അച്ചടക്കം (കടമൈ, കണ്ണിയം, കട്ടുപ്പാട്). എന്നാല്‍ ഇന്നത്തെ തമിഴകത്തെ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ മഷിയിട്ടു നോക്കിയാല്‍പ്പോലും കിട്ടാനില്ലാതെ വന്നിരിക്കുന്നു കടമയും ആത്മാര്‍ത്ഥതയും അച്ചടക്കവും. പാര്‍ട്ടിനേതാക്കള്‍ക്കെന്നല്ല പാര്‍ട്ടിഅണികള്‍ക്കുപോലും അവയില്‍ വിശ്വാസവുമില്ല. കുടുംബക്കാരുടെ അഴിമതിക്കഥകളിലും ജാതിരാഷ്ടീയത്തീര്‍പ്പുകളിലും ഇ വി ആറും അണ്ണാദുരൈയുമൊക്കെ നിഷ്പ്രഭരായി കഴിഞ്ഞിരിക്കുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍