UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

ദ്രാവിഡ മണ്‍ട്രം

പി കെ ശ്രീനിവാസന്‍

ദ്രാവിഡ രാഷ്ട്രീയം അഥവാ ഒരു മാസ്സ് തമിഴ് മസാലപ്പടം

ദ്രാവിഡമുന്നേറ്റത്തിലെ പ്രധാനപ്പെട്ട മൂന്നു വിള്ളലുകള്‍ തമിഴകത്തിന്റെ ഭാഗധേയങ്ങളെ പ്രത്യക്ഷമായി ബാധിച്ചിരുന്നു

പുരട്ശ്ചിത്തലൈവി ജയലളിതയുടെ മരണത്തിനു ശേഷം തമിഴകം രാഷ്ട്രീയാനിശ്ചിതത്വത്തില്‍ വിലയം പ്രാപിക്കുകയാണ്. സങ്കീര്‍ണമായ ഈ സമസ്യങ്ങള്‍ക്ക് കാരണം ഇവിടത്തെ രാഷ്ട്രീയകക്ഷികളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളുമാണെന്ന് ചരിത്രം അടിവരയിടുന്നു. ദ്രാവിഡമുന്നേറ്റത്തിലെ പ്രധാനപ്പെട്ട മൂന്നു വിള്ളലുകള്‍ തമിഴകത്തിന്റെ ഭാഗധേയങ്ങളെ പ്രത്യക്ഷമായി ബാധിച്ചിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ശ്രദ്ധേയമായ കാലഘട്ടത്തിലാണ് ആദ്യത്തെ വിള്ളല്‍ രേഖപ്പെടുത്തുന്നത്. 1972 ല്‍. ജനലക്ഷങ്ങളുടെ ആരാധനാപാത്രമായ എംജിആറും പാര്‍ട്ടിയുടെ സര്‍വസ്വവുമായ കരുണാനിധിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയാണ് ഡിഎംകെയെ വിഭജിക്കുന്നത്.

1972 ഒക്‌ടോബര്‍ എട്ടിനു മധുരൈ സമ്മേളനത്തില്‍ വച്ച് എംജിആര്‍ പാര്‍ട്ടിയുടെ കണക്കുകള്‍ ആവശ്യപ്പെട്ടു. എംജിആര്‍ ആയിരുന്നു പാര്‍ട്ടിയുടെ ഖജാന്‍ജി. പാര്‍ട്ടി പ്രശ്‌നം പരസ്യമായി അവതരിപ്പിച്ച എംജിആറിനെ കരുണാനിധിയുടെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു. എംജിആര്‍ തെറ്റുതിരുത്തി മാപ്പ് ചോദിച്ചു വരുമെന്നായിരുന്ന കരുണാനിധിയുടെ വിശ്വാസം. പക്ഷേ എംജിആര്‍ ഡിഎംകെയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് പുതിയൊരു പാര്‍ട്ടിക്ക് ജന്മം നല്‍കി – അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഡിഎംകെ).
കരുണാനിധി സംഘത്തെ മാത്രമല്ല തമിഴകത്തെ മൊത്തത്തില്‍ അമ്പരപ്പിച്ചുകൊണ്ട് എംജിആറിന്റെ എഡിഎംകെ ശക്തിപ്രാപിച്ചു. എംജിആറിനെ രാഷ്ട്രീയത്തില്‍ നിന്നു സിനിമയില്‍ നിന്നും ഉന്മൂലനം ചെയ്യാന്‍ കരുണാനിധി ശ്രമിച്ചെങ്കിലും നടന്നില്ല. സ്വന്തം മകന്‍ മുത്തുവിനെപ്പോലും സിനിമയിലെത്തിച്ചു പ്രതികാരം വീട്ടാന്‍ ശ്രമിച്ചു. കരുണാനിധിയുടെ ചാണക്യബുദ്ധി വിലപ്പോയില്ല. തമിഴകത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ച സംഭവങ്ങളായിരുന്നു പീന്നീട് നടന്നത്.

1987 ഡിസംബറില്‍ എംജിആര്‍ അന്തരിച്ചു. അതോടെ രണ്ടാമത്തെ പിളര്‍പ്പിനു കളമൊരുങ്ങി. ജയലളിതയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും ആര്‍ എം വീരപ്പന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും തമ്മിലായി മല്‍പ്പിടുത്തം. മന്ത്രിസഭയിലെ രണ്ടാമനായ വി ആര്‍ നെടുഞ്ചേഴിയനായി ഇടക്കാല മുഖ്യമന്ത്രി. എംജിആര്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ അതേപടി തുടരണമെന്നാണ് ജയലളിതാ വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ വീരപ്പന്‍ അതിനെ എതിര്‍ത്തു. ജയലളിത ഗ്രൂപ്പില്‍ 33 പേരും വീരപ്പന്‍ ഗ്രൂപ്പില്‍ 72 പേരും ഉണ്ടായിരുന്നു. എംജിആറിന്റെ വിധവയായ വിഎന്‍ ജാനകി മുഖ്യമന്ത്രി ആകട്ടെ എന്നായി വീരപ്പന്‍ ഗ്രൂപ്പ്. ഇരു ഗ്രൂപ്പുകളും വെവ്വേറെ യോഗം ചോര്‍ന്നു. വീരപ്പന്‍ ഗ്രൂപ്പ് ജാനകിയേയും ജയലളിത ഗ്രൂപ്പ് നെടുഞ്ചേഴിയനേയും നിയമസഭാ കക്ഷി നേതാക്കളായി തെരെഞ്ഞെടുത്തു. കൂടുതല്‍ അംഗങ്ങളുടെ പിന്തുണയുള്ള ജാനകിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ സമയവും കൊടുത്തു. പിന്നെ ഇരുഗ്രൂപ്പുകളും എംഎല്‍എമാരെ ചാക്കിലാക്കാന്‍ ഓടിനടന്നു. ഗ്രൂപ്പ് മാറാതിരിക്കാന്‍ ശശികല ഇന്നു ചെയ്ത പോലെ സുരക്ഷാ കേന്ദ്രങ്ങളില്‍ എംഎല്‍മാരെ മാറ്റിപ്പാര്‍പ്പിച്ചു.

എംജിആറിന്റെ വില്‍പ്പത്രം അപ്പോഴാണ് പുറത്തുവന്നത്. പാര്‍ട്ടി ഒന്നായി നിന്നാല്‍ മാത്രമേ പാര്‍ട്ടിക്ക് തന്റെ സ്വത്തിന്റെ അവകാശം സ്ഥാപിക്കാനാവൂ എന്ന് വില്‍പ്പത്രത്തില്‍ വ്യക്തമാക്കിയിരുന്നു. അവ്വൈ ഷണ്‍മുഖം റോഡിലെ പാര്‍ട്ടി ഓഫീസ് പിടിച്ചെടുക്കാന്‍ ഇരു ഗ്രൂപ്പുകളും നടത്തിയ ശ്രമം അടികലശലില്‍ കലാശിച്ചു. പൊലീസ് പാര്‍ട്ടി ഓഫീസ് പൂട്ടി സീല്‍വച്ചു. ജാനകി രാമചന്ദ്രന്‍ കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടി ഒറ്റയ്ക്ക് നിന്നാലെ പിന്തുണക്കൂ എന്ന് രാജീവ് ഗാന്ധി ഉറപ്പിച്ചു പറഞ്ഞു. ജാനകി ഗ്രൂപ്പ് കുരണാനിധിയേയും സമീപിച്ചു എന്നാണ് വാര്‍ത്ത പരന്നത്. വീരപ്പന്‍ ഗ്രൂപ്പിലുള്ള സ്പീക്കര്‍ പി എച്ച് പാണ്ഡ്യന്‍ ജയലളിത ഗ്രൂപ്പ് എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം പുറത്താക്കണമെന്ന പ്രമേയം ചര്‍ച്ചക്കെടുക്കാന്‍ തുനിഞ്ഞു. അതിനകം ജാനകി രാമചന്ദ്രന്‍ വിശ്വാസവോട്ട് തേടണമെന്നായി ജയലളിത ഗ്രൂപ്പിന്റെ വാദം. സഭയില്‍ ബഹളമായി. ഇരു ഗ്രൂപ്പുകളും മാരകായുധങ്ങളുമായി ഏറ്റുമുട്ടി. അടുത്ത ദിവസം ജാനകിസര്‍ക്കാരിനെ ഗവര്‍ണര്‍ ഖുരാന ഡിസ്മിസ് ചെയ്തു. നിയമസഭ പിരിച്ചുവിട്ടു.

പാര്‍ട്ടി ഓഫീസിനും ചിഹ്നത്തിനുമായി ഇരുകൂട്ടരും കോടതിയില്‍ കയറിയിറങ്ങി. 1989 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നു. മത്സരം കനത്തു. ജാനകി ഗ്രൂപ്പ് 196 മണ്ഡലങ്ങളില്‍ മത്സരിച്ചു. ജയലളിത 175, ഡിഎംകെ 202, കോണ്‍ഗ്രസ് 208, ശിവാജി ഗണേശന്‍ 50 എന്നിങ്ങനെയാണ് മത്സരിച്ചത്. ജാനകി ഗ്രൂപ്പിനു ഒരു സീറ്റു ലഭിച്ചപ്പോള്‍ ജയലളിതക്ക് 26 സീറ്റുകള്‍ ലഭിച്ചു. എന്നാല്‍ ഡിഎംകെ മുന്നണി 170 സീറ്റുകള്‍ നേടി.
ഏറെ വൈകാതെ ജയലളിത ഗ്രൂപ്പും ജാനകി ഗ്രൂപ്പും ലയിച്ചു. ചിഹ്നം പാര്‍ട്ടിക്ക് മടക്കിക്കിട്ടി. താമസിയാതെ ജാനകി രാഷ്ട്രീയം ഉപേക്ഷിച്ചു. ചെയ്തുപോയ തെറ്റിനു പ്രായശ്ചിത്തമെന്നോണം രാമാവാരത്തെ വീട്ടില്‍ അവര്‍ മരണം വരെ ഒതുങ്ങിക്കൂടി.

ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് മൂന്നാമത്തെ വിള്ളലാണ്. ജയലളിതയുടെ ഉറ്റ തൊഴി ശശികലയും വിശ്വസ്ത ദാസന്‍ പനീര്‍സെല്‍വവും തമ്മിലുള്ള പോരിന്റെ  പര്യവസാനം എങ്ങനെയായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് തമിഴകം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍