UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എവിടംവരെ പിന്‍വലിക്കും നിഷേധങ്ങളെ നമ്മള്‍?

Avatar

വിശാഖ് ശങ്കര്‍

നരേന്ദ്ര മോദി സര്‍ക്കാരിനെ മൂന്നില്‍ രണ്ടിനടുപ്പിച്ച് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞ പശ്ചാത്തലത്തില്‍ സംഘപരിവാരം ഇനി നടപ്പിലാക്കാന്‍ പോകുന്ന അതിന്റെ ഫാസിസ്റ്റ് അജണ്ടകളുടെ രീതിശാസ്ത്രം തിരക്കിട്ട ഭരണഘടനാ ഹിന്ദുത്വവല്‍ക്കരണത്തിന്റെയോ, വംശീയ ഉച്ചാടനങ്ങളുടെയോ, ന്യൂനപക്ഷ പൗരത്വങ്ങളുടെ അപരവല്‍ക്കരണത്തിന്റെയോ ആയിരിക്കില്ല എന്ന് സൈബര്‍ ലോകത്തെ പല നിരീക്ഷകരും ബുദ്ധിജീവികളും ഇതിനോടകം പ്രവചിച്ച് കഴിഞ്ഞു. അവരുടെ പ്രവചനങ്ങളെ നിരുപാധികം ശരിവച്ച് തുല്യം ചാര്‍ത്തുന്നതാണ് ഇന്ത്യയുടെ വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍.

 

സംഘപരിവാരം വിവിധ ഇടങ്ങളില്‍ വിവിധ അനുപാതങ്ങളില്‍, വ്യതിരിക്ത സമവാക്യങ്ങള്‍ ഉപയോഗിച്ച് നടപ്പിലാക്കിയ ജാതീയവും, മതപരവും, വംശീയവുമായ വിഭജനങ്ങളുടെ, വിഭജനങ്ങള്‍ സാധ്യമാക്കുന്ന ജാതി, മത, വംശപരമായ കേന്ദ്രീകരണങ്ങളുടെ പ്രായോഗിക, പാര്‍ലമെന്ററി രാഷ്ട്രീയ സാധ്യതകള്‍ ഉപയോഗിച്ചാണ് വെറും മുപ്പത്തിയൊന്ന് ശതമാനം വോട്ടുകൊണ്ട് അവര്‍ ഇത്രയും എം പി മാരെ സമ്പാദിച്ചത്. എന്നാല്‍ ഭരണത്തില്‍ എത്തിയതോടെ അവര്‍ക്കിനി ഇതേ അജണ്ടകള്‍ ഉപയോഗിക്കാനാവില്ല. അഞ്ച് വര്‍ഷം കൊണ്ട് പരമാവധി കട്ടുമുടിച്ച് ആ മൂലധനം ഉപയോഗിച്ച് അടുത്ത അവസരം വരെ നിലനില്ക്കുക എന്ന ദരിദ്രമായ ഒരു രാഷ്ട്രീയ ദര്‍ശനവുമല്ല അവരുടെത്. സംഘപരിവാരം മറ്റേത് ഫാസിസ്റ്റ് രാഷ്ട്രീയ ശക്തിയേയും പോലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കണിശതയോടെ രൂപകല്പന ചെയ്യപ്പെട്ട ഒരു രീതിശാസ്ത്രം അവലംബിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ‘ഗ്രഹണിപിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാന്‍ കണ്ട പോലെ’ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കും വിധം അവര്‍ കിട്ടിയ അധികാരത്തെ ഉപയോഗിച്ച് തീര്‍ക്കില്ല എന്ന നിരീക്ഷണത്തിന് കാരണം അത് തന്നെയാണ്. അങ്ങനെയെങ്കില്‍ നാം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരു വലിയ അപകടത്തിലേക്ക് തന്നെയാണ്.

 

വിശ്വാസവും കലാപവും
ഫാസിസം എന്നത് അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റിസം ആണ് എന്ന് പറഞ്ഞത് സാക്ഷാല്‍ മുസ്സോളിനിയാണ്. അദ്ദേഹം ഈ രണ്ട് ഇസങ്ങളെയും ഇന്ന് നാം അവയില്‍ വായിക്കുന്ന പ്രതിലോമ സാമൂഹ്യ വിവക്ഷകളെ ഒഴിച്ച് നിര്‍ത്തിയാണ് ഉപയോഗിക്കുന്നതും. അതുകൊണ്ട് അവ ഇല്ലാതാകുന്നില്ല എന്നത് അദ്ദേഹത്തിന്റേത് ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ പിന്നീട് തെളിയിച്ചതുമാണ്. അതായത് ഫാസിസമെന്ന അധികാരവ്യവസ്ഥയെ മനസിലാക്കാന്‍ മുസ്സോളിനിയുടെ കാലത്തെ ജനസമൂഹത്തിന് ഇല്ലാതിരുന്ന ചരിത്രപരവും, ധൈഷണികവുമായ ഉപകരണങ്ങള്‍ ഇന്ന് നമുക്കുണ്ട്. എന്നിട്ടും നാം ഒരു സമൂഹം എന്ന നിലയില്‍ ഫാസിസത്തെ, അതിന്റെ മനുഷ്യവിരുദ്ധ ഉള്ളടക്കത്തെ, അത് വരുന്ന വഴികളെ മനസിലാക്കാന്‍ പരാജയപ്പെടുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ അനിവാര്യമെന്നോണം നമ്മെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഫാസിസത്തെക്കാള്‍ വലിയ പ്രശ്‌നം.

 

ഭരണകൂടത്തിന് അനുകൂലമായ പൊതുബോധനിര്‍മ്മിതിയാണ് ഫാസിസ്റ്റ് അധികാര ഘടനയുടെ അടിസ്ഥാനം. എന്നാല്‍ അത്തരം ലളിതവും ഏകപക്ഷീയവുമായ ഒരു പൊതുബോധനിര്‍മ്മിതി ഒരു സമൂഹത്തിലും അത്ര എളുപ്പവുമല്ല. ചിന്തിക്കുന്ന മനുഷ്യന്‍ വിശ്വാസി എന്ന പോലെ നിഷേധിയുമാണ്. വിശ്വാസത്തിന് പിന്നില്‍ കട്ടപിടിച്ച് കിടക്കുന്ന അധികാരത്തിന്റെ ഭാരം ചിലയിടങ്ങളില്‍ അവര്‍ ഒരു സ്വത്തായി പേറുമെങ്കില്‍ മറ്റു ചില ഇടങ്ങളില്‍ ഒരു ഭാരമായി ചോദ്യം ചെയ്യുകയും ചെയ്യും. വിശ്വാസത്തിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ എന്ന നിലയില്‍ ഇതിന്റെ ആവിഷ്‌കാരങ്ങള്‍ സാഹിത്യം, കല ഉള്‍പ്പെടെയുള്ള മനുഷ്യന്റെ സാംസ്‌കാരിക വ്യവഹാരങ്ങളില്‍ ഉടനീളം കാണാം. കസാന്റ്‌സാക്കീസ് മുതല്‍ ഓ വി വിജയന്‍ വരെയുള്ള സാഹിത്യകാരന്മാരുടെ രചനകളില്‍ അതുണ്ട്. ബ്ലേയ്ക്കിലും കുമാരനാശാനിലും അതുണ്ട്. ചിത്ര, ശില്പ കലകളുടെ ചരിത്രത്തില്‍ ഉടനീളം അതുണ്ട്.

 

 

കലയില്‍ അന്തര്‍ലീനമായ അധികാരനിഷേധം
ഉത്തമകലയില്‍ അനിവാര്യമെന്നോണം സന്നിഹിതമാകുന്ന ഈ സംഘര്‍ഷത്തിന്റെ ഉള്ളടക്കമാണ് അത് കലാകാരന്‍ അറിഞ്ഞാലും ഇല്ലെങ്കിലും കലയിലെ നിഷേധമായി സംവദിക്കപ്പെടുന്നത്. ഒരു പ്യൂരിറ്റനായിരുന്നിട്ടും മില്‍ട്ടന്റെ ‘പറുദീസാനഷ്ടം’ എന്ന കൃതിയിലൂടെ ദൈവത്തെക്കാള്‍ മിഴിവുറ്റ ഒരു കഥാപാത്രമായി മാറിയ സാത്താന്റെ പരിണാമത്തെക്കുറിച്ചുള്ള പില്ക്കാല വായനകള്‍ ഊര്‍ജ്ജമാക്കുന്നത് ഒരുപക്ഷേ കവിയ്ക്ക് തന്നെ അജ്ഞാതമായിരുന്ന കവിതയുടെ സങ്കേതബദ്ധമായ നിഷേധം ആയിരിക്കണം. കലാനിര്‍മ്മിതിയിലെ ചരിത്രപരമായ തുടര്‍ച്ച ഒരു സത്യമായിരിക്കുമ്പോഴും ചട്ടക്കൂടിനുള്ളില്‍ യാന്ത്രികമായി പുനര്‍നിര്‍മ്മിക്കപ്പെടുന്ന ഒരു കലയും കാലത്തിന്റെ പരീക്ഷയെ അതിജീവിക്കില്ല എന്നത് ഇതിന് തെളിവാണ്. അച്ചില്‍ ലോഹം ഉരുക്കിയൊഴിച്ച് ഒരേ ശില്‍പ്പത്തിന്റെ കോടിക്കണക്കിന് പതിപ്പുകള്‍ ഉണ്ടാക്കുന്നവര്‍ തൊഴിലാളികള്‍ എന്ന നിലയ്ക്ക് ബഹുമാനിക്കപ്പെടേണ്ടവരായിരിക്കുമ്പോഴും കലാകാരന്മാരായി കണക്കാക്കപ്പെടാത്തത് അതുകൊണ്ടാണ്.

 

കലയില്‍ അന്തര്‍ലീനമായ സര്‍ഗ്ഗാത്മകത എന്നത് അതിന്റെ ഘടനാപരമോ, ഉള്ളടക്കബന്ധിയോ ആയ പാഠത്തില്‍ എവിടെയെങ്കിലും അനിവാര്യമായി സന്നിഹിതമാകുന്ന അധികാര നിഷേധത്തിന്റെ വ്യാഖ്യാന സാധ്യതകള്‍ ഉല്പാദിപ്പിക്കുന്നതാണ്. അതില്ലെങ്കില്‍ സൃഷ്ടി എന്നത് വെറും ഒരു പതിപ്പ് മാത്രമായി മാറുന്നു. അവയില്‍ നിഷേധമില്ല, വെറും യാന്ത്രികത മാത്രമേ ഉള്ളു. കലയുടെ രാഷ്ട്രീയം എന്നത് അതിന്റെ ഘടനാപരമോ, ഉള്ളടക്കബന്ധിയോ ആയ നിഷേധാത്മക ഉള്ളടക്കത്തില്‍നിന്ന് ഉണ്ടാകുന്നതാണ്. അതിനെയാണ് അധികാരം ഭയക്കുന്നത്. അവയെ ആണ് ഭരണകൂടങ്ങള്‍ നിരോധിക്കുന്നത്. അവയ്‌ക്കെതിരേയാണ് ഭൂരിപക്ഷ സാംസ്‌കാരിക ഹെഗമണികള്‍ സംസ്‌കാരത്തിന്റെ സര്‍ഗ്ഗാത്മക സംവാദസ്ഥലത്തെ പൂര്‍ണ്ണമായി റദ്ദ് ചെയ്തുകൊണ്ട് കായികമായി ആക്രമിക്കുന്നത്.

സാംസ്‌കാരിക അടിയന്തിരാവസ്ഥ
ഫാസിസത്തിന്റെ മെറ്റാമോഡേണ്‍ പതിപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത് അധികാരവുമായുള്ള മനുഷ്യന്റെ സ്വാഭാവികസംഘര്‍ഷങ്ങളുടെ സാംസ്‌കാരിക പ്രതിഫലനങ്ങളെ ആ പക്ഷത്ത് നിന്ന് മുന്‍കൂട്ടി നിര്‍മ്മിക്കപ്പെട്ട ഏകശിലോന്മുഖവും, സംവാദവിമുഖവുമായ ഒരു ഹെഗമണിയെ മുമ്പില്‍ നിര്‍ത്തി, ആള്‍ക്കൂട്ടങ്ങളുടെ മുഖമില്ലാത്ത, വെറും കായികം മാത്രമായ മേല്‍ക്കോയ്മയെ ആയുധമാക്കി നിശബ്ദമാക്കുക എന്ന തന്ത്രം ഉപയോഗിച്ചാണ്. അതായത് ആദ്യം നിരസിക്കപ്പെടുക ഭരണഘടനയോ, അതിന്റെ തൂണുകളൊ, ജനാധിപത്യമോ ഒന്നുമാവില്ല. ബിജെപി അധികാരത്തില്‍ വന്നതോടെ മുസ്ലീം, ക്രിസ്ത്യന്‍ മത ന്യൂനപക്ഷ വിഭാഗങ്ങളെ, ദളിതരെ ഒറ്റയടിക്ക് തെരുവില്‍ ഓടിച്ചിട്ട് തല്ലുകയോ, മുഖ്യധാരയില്‍ നിന്ന് പുറത്താക്കുകയോ ചെയ്യില്ല. അങ്ങനെ സംഭവിച്ചാല്‍ കേന്ദ്രീകരിക്കപ്പെടുകയും സമരസജ്ജമാവുകയും ചെയ്യാവുന്ന സാംസ്‌കാരികപ്രതിരോധങ്ങളെ അവര്‍ ആദ്യമേ, നിയമങ്ങളെയും, നീതിന്യായവ്യവസ്ഥയെ തന്നെയും ദുരുപയോഗിച്ച് ഉച്ചാടനം ചെയ്യും.

 

സാംസ്‌കാരികമേഖലയില്‍ നിന്ന് അധികാരവിരുദ്ധ ശബ്ദങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഉപകരണമാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള നിയന്ത്രണം. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇതിനനുകൂലമായി ഇപ്പോള്‍ രൂപീകരിക്കപ്പെടുന്ന പൊതുജനാഭിപ്രായം സംഘപരിവാരത്തിന്റെ ചിലവിലല്ല നടക്കുന്നത് എന്നതാണ് ഇതിലെ തന്ത്രപരമായ ഉള്ളടക്കം. ഇത് ‘ഘര്‍വാപസി’ എന്ന സംഘപരിവാരത്തിന്റെ സംഘടിതവും, ആവിഷ്‌കൃതവുമായ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമത്തിനനുകൂലമായ പൊതുബോധനിര്‍മ്മിതി പോലെ ഒന്നാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയവയെ സാംസ്‌കാരികമായി പോലും നിരുപാധികം തുറന്നുവിടുന്നതിന് ഇപ്പോള്‍ സംഘപരിവാരം മാത്രമല്ല എതിര്. അത് അവര്‍ അന്യവല്ക്കരിക്കുന്ന മതന്യൂപക്ഷങ്ങളുടെ സ്വത്വരാഷ്ട്രീയ പ്രതിനിധാനങ്ങളും പറയാതെ പറയുന്ന അവരുടെ ഒരു ആവശ്യമാണ്. അതായത് അധികാര വിരുദ്ധമായ ഏത് സാംസ്‌കാരിക പ്രതിഷേധത്തെയും നിയമവിധേയമായി തന്നെ നിശബ്ദമാക്കാന്‍ പോന്ന ഒരു ആയുധം നമ്മുടെ ബഹുസ്വരതകളുടെ മുഴുവന്‍ സമ്മതിയോടെ നിര്‍മ്മിക്കാന്‍ പരിവാരത്തിന്റെ സാംസ്‌കാരിക ഫാക്ടറികള്‍ക്ക് കഴിഞ്ഞിരിക്കുന്നു എന്ന്.

 

പി കെയും റോങ്ങ് നമ്പറുകളും 

പി കെ എന്ന സിനിമ വിശ്വാസത്തെയോ, വിശ്വാസികളെയോ മുറിവേല്‍പ്പിക്കുന്നത് പോയിട്ട് ചോദ്യം ചെയ്യുക പോലും ചെയ്യുന്നില്ല. അത് ആകെ ചെയ്യുന്നത് യഥാര്‍ത്ഥ ദൈവം, വിശ്വാസം എന്ന സാധ്യതയെ നിലനിര്‍ത്തിക്കൊണ്ട് ‘റോങ്ങ് നമ്പറു’കളെ പരിഹസിക്കുക എന്നത് മാത്രമാണ്. സമഗ്രമായ അര്‍ത്ഥത്തില്‍ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെങ്കില്‍ പോലും നിലനില്ക്കുന്ന അവസ്ഥയില്‍ അതിനെതിരേ ഉപരിപ്ലവമായ ചില ചലനങ്ങളെയെങ്കിലും അത് ഉല്പാദിപ്പിച്ചേക്കാം എന്ന ഭയമാണ് ഇവിടെ ഹിന്ദുത്വ ഹെഗമണിയെ പ്രകോപിപ്പിക്കുന്നത്.

 

പി കെ, ദൈവങ്ങളെ കാണ്മാനില്ല എന്ന നോട്ടീസ് പതിപ്പിക്കുന്നത് മനുഷ്യര്‍ക്ക് ദൈവശാസ്ത്രം അനുവദിച്ചിട്ടുള്ള സ്വയം ഭരണത്തിലെ കെടുകാര്യസ്ഥതയിലാണ്; ദൈവങ്ങളിലല്ല. ഒരു വ്യക്തിയ്ക്ക് കളഞ്ഞുപോയ അവന്റെ ജന്മത്തിന്റെ റിമോട്ട് കണ്ടെടുത്ത് കൊടുക്കുക ഒരു മതത്തിലെയും ദൈവത്തിന്റെ ജോലിയുമല്ല. അവനവന്റെ ജീവിതത്തിന്റെ നിയന്ത്രണയന്ത്രം കണ്ടെത്തുകയും അത് കളയാതെ സൂക്ഷിക്കുകയും ചെയ്യുക എന്നത് വ്യക്തിയുടെ കടമയാണ്. ഇത് ഈ ലേഖകന്റെ വ്യക്തിഗത ദൈവശാസ്ത്ര വിശകലനമല്ല. ഞാന്‍ കേട്ടിട്ടുള്ള, എന്നെ അപ്രസക്തനാക്കുംവിധം അംഗീകാരമുള്ള വ്യാഖ്യാനങ്ങളുടെ പുനരാഖ്യാനം മാത്രമാണ്. അതായത് ദൈവത്തിന് സ്വയം ന്യായീകരിക്കാന്‍ ഈ വാദം മാത്രം മതി. പ്രശ്‌നം ദൈവത്തിന്റെയല്ല, ദൈവവിശ്വാസികളുടെ പോലുമല്ല, ദൈവീക അധികാരത്തിനെതിരേ ഉയരുന്ന ചോദ്യം ചെയ്യലുകളോടുള്ള അധികാരത്തിന്റെ രാഷ്ട്രീയവും നയപരവുമായ പ്രതിരോധത്തിന്റേതാണ്.

 

പെരുമാള്‍ മുരുഗന്‍
താന്‍ എഴുതിയ ഒരു നോവലിന്റെ പേരില്‍ വ്യാപകമായി വേട്ടയാടപ്പെടുകയും ഒടുവില്‍ അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് ആജീവനാന്തം നിശബ്ദനായിക്കൊള്ളാമെന്ന വ്യവസ്ഥയില്‍ നിയമ വിധേയമായി ആത്മഹത്യ ചെയ്യുകയും ചെയ്ത തമിഴ് അധ്യാപകനായ പെരുമാള്‍ മുരുഗന്‍ സംഘപരിവാരത്തിന്റെ സാംസ്‌കാരിക മൂകവല്‍ക്കരണം എന്ന അജണ്ടയുടെ ഏറ്റവും പുതിയ രക്തസാക്ഷിയാണ്. പുരുഷത്വത്തെ അതിന്റെ ഉല്പാദനക്ഷമതയെ മുന്‍നിര്‍ത്തി ആഘോഷിക്കുന്ന പിതൃകേന്ദ്രീകൃത അധികാരവ്യവസ്ഥ ഒറ്റപ്പെട്ട അതിന്റെ ചില പുരുഷ അപരങ്ങളെയും സൃഷ്ടിക്കുന്നുണ്ട്. പക്ഷേ അവരുടെ ജന്മവൈകല്യത്തെ വ്യക്തിതലത്തില്‍ പോരാഞ്ഞ് സാമൂഹ്യരാഷ്ട്രീയ തലങ്ങളില്‍ കൂടി അവരുടെ ഭാര്യമാരായിപ്പോയ സ്ത്രീകള്‍ ചുമക്കണം. കാമേച്ഛയോടെ ഭാര്യയെത്തൊട്ടാല്‍ തലനുറുങ്ങിപ്പോകും എന്ന ശാപം സാന്ദര്‍ഭികമായി വന്ന് തലയില്‍ പെട്ടതിനാല്‍ പില്ക്കാലം തന്റെ ഭാര്യയുടെ ജാരന്മാരെ തിരഞ്ഞെടുക്കുന്നതിനായി ചിലവഴിക്കേണ്ടിവന്ന പാണ്ഡൂ ഹിന്ദുത്വ ഇതിഹാസത്തിന്റെ ഭാഗമാണ്; അയാളുടെ ശാപം ഷണ്ഡത്വത്തിന്റെ ഒരു യൂഫെമിസവും. സപത്‌നിയായ സുമിത്രയുടെ മദാലസസൌന്ദര്യത്തില്‍ മനംമയങ്ങി രതിയില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ച്, പെണ്ണുടലിന്റെ വിഷലിപ്തമായ പ്രലോഭനത്തിന്റെ രൂപകമായി മാറിയ അയാളുടെ മരണം ലൈംഗീകബന്ധം നിഷിദ്ധമായ ഒരു ഹൃദ്രോഗിയുടെതുമാവാം എന്ന കല്പനയിലെ സ്ത്രീപക്ഷത എന്നാല്‍ സുമിത്ര അനുഷ്ഠിച്ച ആത്മാഹുതിയുടെ പശ്ചാത്തലത്തില്‍ പോലും വിശകലനം ചെയ്യാന്‍ പാടില്ല! അതാണ് പിതൃകേന്ദ്രീകൃതത്വത്തിന്റെ പാഠപരത.

 

 

ഷണ്ഢത്വം എന്ന ശാരീരിക വൈകല്യത്തെ പരിഹാരങ്ങളില്ലാത്ത ഒരു വ്യക്തിഗത കുറ്റവും, അപമാനവുമായി മുദ്രകുത്തുന്ന പിതൃകേന്ദ്രീകൃത വ്യവസ്ഥയില്‍ തന്റെ അധികാരത്തെ നിലനിര്‍ത്താനായി അധികാരിയായ പുരുഷന്‍ ചെയ്യുന്ന ഒരു രഹസ്യ നീക്കുപോക്കാണ് ഭാര്യയെ പരബന്ധത്തിലൂടെ ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിതയാക്കുക എന്നത്. ഇവിടെ പുരുഷന്റെ അധികാര താല്പര്യങ്ങള്‍ നിലനിര്‍ത്താനും, ഒപ്പം സ്വന്തം ഉടലിലും, വൈകാരിക ഘടനയിലും ഉള്ള മേധാശക്തിയെ പണയപ്പെടുത്താനും സ്ത്രീ നിര്‍ബന്ധിതയാകുന്നു. ഒരു പ്രവര്‍ത്തിയിലൂടെ രണ്ട് തവണ ഇരയാവുന്ന അവളുടെ സ്വത്വത്തിലൂടെ ഒന്ന് സഞ്ചരിക്കാന്‍ ശ്രമിച്ചു എന്നതാണ് ചുരുങ്ങിയത് ഒരു നൂറുവര്‍ഷമെങ്കിലും മുമ്പ് തന്റെ ഗ്രാമത്തില്‍ നിലനിന്നിരുന്ന ആചാരത്തിന്റെ ആഖ്യാനത്തിലൂടെ പെരുമാള്‍ മുരുഗന്‍ ചെയ്ത ചരിത്രപരമായി പിഴച്ചെന്ന് തെളിയിക്കപ്പെടാത്ത, അത്തരം അന്വേഷണങ്ങള്‍ക്ക് സാധുതയേ ഇല്ലാത്ത തെറ്റ്. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നുപറയുന്നത് തോന്നിയത് പോലെ എഴുതാനും, അതിലൂടെ മറ്റുള്ളവരുടെ വികാരത്തെ മുറിപ്പെടുത്താനും ഉള്ളതല്ല. അത് മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് സ്വന്തം യുക്തിയെ, അതിന്റെ സര്‍ഗ്ഗസാദ്ധ്യതകളെ പണയം വച്ച് അടിമജീവിതം നയിക്കാനുള്ളതാണ്!

 

അയാള്‍ കൊന്നത് പെരുമാള്‍ മുരുഗന്‍ എന്ന അവനവന്റെ ജീവശാസ്ത്രത്തെയല്ല, മറിച്ച് പെരുമാള്‍ മുരുഗന്‍ എന്ന എഴുത്തുകാരന്റെ സാംസ്‌കാരിക ജീവിതത്തെയാണ്; കലയുടെ അധികാര നിഷേധത്തിന്റെ സാംസ്‌കാരിക സാധ്യതകളെ മുഴുവനുമാണ്. അത് നിയമ വിധേയമാണെന്ന് മാത്രമല്ല, ഫാസിസ്റ്റ് ഭരണവ്യവസ്ഥയില്‍ അത് ആത്മഹത്യയല്ല, നിര്‍ബന്ധിത ആത്മാഹുതിയാണ്. വ്യക്തിതലത്തിലുള്ള നിഷേധങ്ങളുടെ സാംസ്‌കാരിക അസ്തിത്വത്തെ സ്വയം വെടിഞ്ഞല്ലാതെ, അതായത് സാംസ്‌കാരികമായി ആത്മഹത്യ ചെയ്തല്ലാതെ ഫാസിസ്റ്റ് ഭാരതത്തില്‍ ആര്‍ക്കും ജീവശാസ്ത്രപരമായി പോലും നിലനില്ക്കാനാവില്ല എന്ന ഭീതിദമായ അവസ്ഥയാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്. പക്ഷെ ഇതിന്റെ ഇരകള്‍ തന്നെ അഭിപ്രായ സ്വാതന്ത്ര്യം എന്നത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല എന്ന് ആണയിടുമ്പോള്‍ പിന്നെ എന്തുചെയ്യാന്‍! പെരുമാള്‍ മുരുഗന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. പോരാഞ്ഞ് മുരുഗന്റെ സാംസ്‌കാരിക ഇടപെടലുകളെ പ്രസിദ്ധീകരിച്ച സ്ഥാപനങ്ങളും, അവിടത്തെ ജീവനക്കാരും. ഈ സംഘപരിവാരങ്ങള്‍ സമാധാനത്തിന്റെ മാടപ്രാവുകള്‍ തന്നെയാവണം. അവരെ വിമര്‍ശിക്കുന്നവര്‍ക്ക് നേരെയാവണം ആദി മഹാകവി ‘മാ നിഷാദാ’ ചൊല്ലിയത്!

 

*Views are personal

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍