UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുക്തിവാദി എച്ച് ഫാറൂഖിനെ കൊന്നത് ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയെന്ന് സംശയം

പിന്നില്‍ ‘വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കുന്ന’ യുവാക്കളെ ലക്ഷ്യമിടുന്ന സംഘം

തമിഴ്‌നാട്ടില്‍ ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകനും പ്രമുഖ യുക്തിവാദിയുമായ എച്ച് ഫാറൂഖിനെ കൊന്നത് ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ ഒരാള്‍ നയിക്കുന്ന രഹസ്യ സംഘടനയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കോയമ്പത്തൂരില്‍ വച്ച് കൂലിത്തൊഴിലാളിയായ ഈ 31 കാരന്‍ കൊല്ലപ്പെട്ടത്. ഫാറൂഖിന്റെ കുട്ടികളില്‍ ഒരാള്‍, ‘ദൈവമില്ല, ദൈവമില്ല, ദൈവമില്ല’ എന്നെഴുതിയ ഒരു പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതാണ് പ്രചോദനമായതെന്ന് സംശയിക്കപ്പെടുന്നു. കൊലപാതകം ഏറ്റെടുത്ത് ഒരു ഭൂമി ഇടപാടുകാരനായ എം അന്‍സര്‍ദത്ത് (31) എന്നയാള്‍ ഒരു പ്രാദേശിക മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങിയിരുന്നു.

എന്നാല്‍ നാലു പേര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്നും ഇതിന്റെ ഗൂഢാലോചന നടത്തിയത് ബംഗ്ലൂരു ബോംബ് സ്‌ഫോടന കേസിലെ പ്രതിയുമാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഫറൂഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബോംബ് സ്‌ഫോടന കേസിലെ പ്രതിയുടെ സഹോദരനും മറ്റൊരു കൊലപാതക കേസിലെ പ്രതിയുമായ സദ്ദാം ഹുസൈനെയും ബന്ധുവായ ഷംസുദ്ദീനെയും പോലീസ് തിരയുന്നുണ്ട്. എന്നാല്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. രഹസ്യ സംഘടനയുടെ പേര് അറിയില്ലെങ്കിലും അവരെല്ലാം ‘പത്തുവര്‍ഷം മുമ്പ് നിരോധിക്കപ്പെട്ട ഒരു തീവ്രവാദ സംഘടനയുടെ ഭാഗമായിരുന്നു,’ എന്നാണ് പോലീസ് പറയുന്നത്. യുക്തിവാദ നിലപാടുകളുടെ പേരില്‍ സംഘം ഫറൂക്കിനെ ഭീഷണിപ്പെടുത്തിയിരുന്നതായും ‘വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കുന്ന’ യുവാക്കളെ ഇവര്‍ ലക്ഷ്യമിടുകയാണെന്നും പോലീസ് വിശദീകരിക്കുന്നു.

പ്രതികളെ പിടികൂടുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂര്‍ പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ എസ് ശരവണന്‍ പറഞ്ഞു. പെരിയോറിന്റെ ദ്രാവിഡര്‍ കഴകത്തില്‍ (ഡികെ) നിന്നും പിരിഞ്ഞു പോയവര്‍ ചേര്‍ന്നാണ് ഡിവികെയ്ക്ക് രൂപം നല്‍കിയത്. തന്റെ വാട്ട്ആപ്പ് ഗ്രൂപ്പായ ‘ദൈവമില്ല’ യിലാണ് ഫറൂഖ് കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്തത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി ഒരു ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് വീടിന് വെളിയിലിറങ്ങിയപ്പോഴാണ് ഫറൂഖ് ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ വയറ്റിലും കഴുത്തിലും മുറിവുകളുണ്ടായിരുന്നു. ചുറ്റുവട്ടത്തുള്ളവര്‍ അക്രമികളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു.

പെരിയോറിന്റെ കടുത്ത ആരാധകനായിരുന്ന ഫറൂഖിന് യുക്തിവാദം പ്രചരിപ്പിച്ചതിന്റെ പേരില്‍ മുമ്പും വധഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പെരിയോറിന്റെ ആരാധകന്‍ എന്ന നിലയിലാണ് യുക്തിവാദത്തെ ഫറൂഖ് പിന്തുടരുകയും മതത്തിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ പറയുന്നു. ഡിവികെയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഫറൂഖ് തമിഴ്‌നാടിന്റെ എല്ലാ ഭാഗങ്ങിലും പ്രസ്ഥാനം നടത്തുന്ന യോഗങ്ങിളും പ്രതിഷേധങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു. കഴിഞ്ഞ നവംബറില്‍ ഉക്കടത്ത് താന്‍ ജീവിക്കുന്ന മുസ്ലീം ഭൂരിപക്ഷ പ്രദേശത്തുകൂടി കൊല്ലപ്പെട്ട ഹിന്ദുമുന്നണി പ്രവര്‍ത്തകന്റെ ശവഘോഷയാത്രയ്ക്കിടയില്‍ അക്രമം ഉണ്ടാവാതിരിക്കാന്‍ മുന്നിട്ടിറങ്ങിയവരില്‍ ഫറൂഖും ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍