UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുളച്ചലില്‍ അദാനി കല്ലിടുമോ?

ബിബിന്‍ ബാബു

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞത്തിന് ബദലായി മറ്റൊരു അന്താരാഷ്ട്ര ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖം 45 കിലോ മീറ്റര്‍ മാറി ഉണ്ടാവുമോ? തമിഴ്‌നാടിന്റെ കുളച്ചല്‍ തുറമുഖ പദ്ധതിക്ക് കേന്ദ്രം അനുവാദം നല്‍കിയതോടെ ഇത്തരമൊരു ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വിവാദങ്ങളുടെ വേലിയേറ്റം ഒഴിഞ്ഞിട്ടില്ലെങ്കിലും വിഴിഞ്ഞം തുറമുഖം ഇത്തരമൊരു കാരണത്താലാണ് ഇല്ലാതാകുന്നതെങ്കില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ വലിയൊരു പരാജയമായിരിക്കുമത്. കേരളത്തിനും തമിഴ്‌നാടിനുമിടയിലുള്ള അകലം കൂടുന്നതിനും ചിലപ്പോള്‍ അത് കാരണമാകും.

ഉത്തരം പറയേണ്ടത് സര്‍ക്കാര്‍
വിഴിഞ്ഞത്തിന്റെ ഭാവി സംസ്ഥാന സര്‍ക്കാരിന്റെ കൈകളിലാണെന്നാണ് വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ (V-MAC) പ്രസിഡന്റ് ഏലിയാസ് ജോണ്‍ അടക്കമുള്ള തുറമുഖാനുകൂലികള്‍ പറഞ്ഞുവയ്ക്കുന്നത്. പദ്ധതി നടത്തിപ്പിനു മുന്‍കൈ എടുത്ത യുഡിഎഫ് അധികാരത്തില്‍ നിന്നുപോവുകയും വിഴിഞ്ഞം കരാര്‍ ഗൗതം അദാനിക്കു നല്‍കിയതിനെ ശക്തമായി എതിര്‍ത്തിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പദ്ധതി വരണമെന്നാഗ്രഹിക്കുന്നവര്‍ സര്‍ക്കാര്‍ നിലപാടില്‍ ആശങ്ക അറിയിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നീണ്ടു പോയാല്‍ അത് കുളച്ചലിന് അനുകൂലമായി തീരുകയും ഇനയത്ത് തുറമുഖം യാഥാര്‍ത്ഥ്യമാവുകയും ചെയ്യും. അങ്ങനെയൊരു അവസ്ഥ സംജാതമാകുമോ എന്നാണ് അറിയേണ്ടത്?

മഴ തോര്‍ന്നാല്‍ പണി തുടങ്ങുമെന്ന് മന്ത്രി
വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നു എന്നാക്ഷേപത്തില്‍ കഴമ്പില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തന്നെ അഴിമുഖത്തോട് വ്യക്തമാക്കുന്നുണ്ട്. പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ കാലവര്‍ഷം കഴിയാതെ നിര്‍മാണജോലികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. കുളച്ചലിന് അനുമതി കൊടുത്ത കേന്ദ്ര നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഭാവികാര്യങ്ങളില്‍ മുഖ്യമന്ത്രിയോട് ആലോചിച്ച് തീരുമാനം എടുക്കും; മന്ത്രി അഴിമുഖത്തോട് പറഞ്ഞു.

വിഴിഞ്ഞം നടന്നാല്‍ ഇനയം നില്‍ക്കും
എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ കുളച്ചല്‍ തുറമുഖ പദ്ധതി കേരളത്തിന് ഭീഷണിയാകില്ലെന്നാണ് അറിയുന്നത്. അതിനു പ്രധാനമായും പറയുന്നത് കാലയളവാണ്. വിഴിഞ്ഞം എപ്പോള്‍ പൂര്‍ത്തിയാകുന്നു എന്നതാണ് പ്രധാന ഘടകം. കുളച്ചലിനു തത്വത്തിലുള്ള അംഗീകാരം മാത്രമേ ലഭിച്ചിച്ചുളളു. ഇനി പരിസ്ഥിതി അനൂകൂല റിപ്പോര്‍ട്ടടക്കം നിരവധി കാര്യങ്ങളില്‍ അനുമതി ലഭിക്കേണ്ടതുണ്ട്. കേരളം അത് നേടിയെടുത്തത് ഒന്നര വര്‍ഷത്തെ ശ്രമങ്ങളിലൂടെയാണ്. ഈ സമയത്തിനുള്ളില്‍ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാനായാല്‍ കുളച്ചല്‍ അപ്രസക്തമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ ഉദാസീന മനോഭാവം തുടര്‍ന്നാല്‍ വിഴിഞ്ഞത്തിന് ലഭിക്കേണ്ട പ്രാധാന്യം കുളച്ചല്‍ കൊണ്ടു പോകുമെന്ന കാര്യത്തിലും സംശയം ഇല്ല. 

കേരളത്തിന് ഈ പദ്ധതി കാലാനുസൃതമായി നടപ്പാക്കാന്‍ കഴിയില്ല എന്ന് കരുതിയതു കൊണ്ടാണ് ഇനയം തുറമുഖത്തിനു വേണ്ടി വാദിക്കുന്നതെന്നു നാളെ തമിഴ്‌നാട് പറഞ്ഞേക്കാം. അടുത്തുള്ള രണ്ട് പോര്‍ട്ടുകളായ കൊളംബോയില്‍ നിന്നും കൊച്ചിയില്‍ നിന്നും വിഴിഞ്ഞത്തെ വ്യത്യസ്തമാക്കുന്നത് അന്താരാഷ്ട്ര കപ്പല്‍ ചാലുമായുള്ള അടുപ്പവും ആഴവുമാണ്. ഇതേ പ്രത്യേകത അവകാശപ്പെടാന്‍ കുളച്ചലിനും സാധിക്കും. വിഴിഞ്ഞത്തെക്കാള്‍ കൂടുതല്‍ ഇക്കാര്യങ്ങളില്‍ മുന്‍കൈ കുളച്ചലിന് ഉണ്ടുതാനും. ഇങ്ങനെ വരുമ്പോള്‍ വിഴിഞ്ഞം പദ്ധതി അനന്തമായി നീണ്ടു പോയാല്‍ കുളച്ചല്‍ യാഥാര്‍ഥ്യമാകും. മറിച്ച് വിഴിഞ്ഞം പദ്ധതി ദ്രുതഗതിയില്‍ നടപ്പാക്കിയാല്‍ കുളച്ചലില്‍ ഒരു തുറമുഖം എന്ന ആലോചന വരെ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കും. 

ഇനയത്ത് അദാനി കല്ലിടുമോ?
കുളച്ചല്‍ പദ്ധതി അദാനി ഗ്രൂപ്പ് തന്നെ ഏറ്റെടുക്കുമെന്നും സംശയം പുലര്‍ത്തുന്നവരുണ്ട്. വേണമെന്ന് വെച്ചാല്‍ പോലും വിഴിഞ്ഞം കരാറിലെ വ്യവസ്ഥകള്‍ മൂലം അദാനി ഗ്രൂപ്പിന് കഴിയില്ല. കേരളവുമായുള്ള കരാര്‍ പ്രകാരം വിഴിഞ്ഞത്തിന്റെ 300 കിലോമീറ്റര്‍ ചുറ്റളവില്‍ സമാനമായൊരു പദ്ധതി ഏറ്റെടുക്കാന്‍ സാധിക്കില്ല. തുറമുഖ മേഖലയില്‍ അദാനി ഗ്രൂപ്പിനോളം വരുന്ന ഒരു സ്വകാര്യ നിക്ഷേപകനെ കണ്ടെത്തുക എന്നതും തമിഴ്‌നാടിന് അല്പം വിഷമമാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടു തന്നെ കുളച്ചല്‍ തുറമുഖം അത്രകണ്ട് നമ്മളെ ഭയപ്പെടുത്തുന്ന ഒന്നാകുന്നില്ല.

വിഴിഞ്ഞത്തിനും കുളച്ചലിനും ഇടയിലെ രാഷ്ട്രീയം
വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ആദ്യ അപേക്ഷകള്‍ പരിശോധിച്ച ശേഷം കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദം 200 കിലോ മീറ്റോളം മാത്രം മാറി കൊച്ചിയുള്ളപ്പോള്‍ വിഴിഞ്ഞത്തിന്റെ ആവശ്യകതയുണ്ടോ എന്നതാണ്. അതേ കേന്ദ്ര സര്‍ക്കാര്‍ തന്നെ വിഴിഞ്ഞത്തിന് 45 കിലോ മീറ്റര്‍ മാത്രം അകലെ മറ്റൊരു തുറമുഖത്തിന് അനുമതി കൊടുക്കുമ്പോള്‍ അതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ എത്രത്തോളം സമ്മര്‍ദം ചെലുത്തിയിട്ടാകുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. 

വിഴിഞ്ഞു നിന്നും 45 കിലോമീറ്റര്‍ മാത്രം അകലെ മറ്റൊരു അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖത്തിന് അനുമതി മൂളാന്‍ കേന്ദ്രം തയ്യാറാവുന്നെങ്കില്‍ അതിനു പിന്നല്‍ ശക്തമായ രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കേണ്ടതുണ്ട്. തമിഴ്‌നാട്ടില്‍ ലക്ഷ്യമിടുന്ന വോട്ടാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെക്കൊണ്ട് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നാണ് വി എസ് അചുതാനന്ദന്‍ പറയുന്നത്. കുളച്ചല്‍ തുറമുഖം വിഴിഞ്ഞത്തെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. കാരണം, വിഴിഞ്ഞത്തുനിന്ന് 45 കിലോമീറ്റര്‍ മാത്രം അകലെ വീണ്ടുമൊരു അന്താരാഷ്ട്ര ട്രാന്‍ഷിപ്‌മെന്റ് തുറമുഖം സ്ഥാപിക്കാനുള്ള നീക്കം ദുരൂഹമാണ്. ഇത് രാഷ്ട്ര പുരോഗതിയല്ല ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടില്‍ വോട്ട് തട്ടാനുള്ള ബിജെപിയുടെ സങ്കുചിത രാഷ്ട്രീയം മാത്രമാണ് ഇതിനു പിന്നിലുള്ളത്. വിഴിഞ്ഞവും കുളച്ചലും ഒരുമിച്ച് സ്വകാര്യ ഉടമസ്ഥതയിലാവുന്നതോടെ, ഈ മേഖലയുടെ സുരക്ഷിതത്വവും ഭീഷണി നേരിടുകയാണ്. 

പ്രകൃതിതന്നെ ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളൊരുക്കുന്ന രാജ്യത്തെ ഏക തുറമുഖമാണ് വിഴിഞ്ഞം. എന്നാല്‍ കേന്ദ്രത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളൊക്കെ വിഴിഞ്ഞത്തെ വോട്ടിനും സ്വകാര്യ ബിസിനസ്സിനുമുള്ള ഉപാധിയായാണ് കണ്ടത്. കുളച്ചല്‍ തുറമുഖത്തെപ്പറ്റിയുള്ള സാദ്ധ്യതാ പഠനത്തില്‍, വലിയ തുറമുഖത്തിന് യോജിച്ചതല്ലെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. എന്നിട്ടും കുളച്ചലില്‍ തുറമുഖപദ്ധതിയുമായി പോകുന്നത് തമിഴ് നാട്- കേന്ദ്ര സര്‍ക്കാരുകളുടെ ചില സങ്കുചിത താല്‍പ്പര്യങ്ങളുടെ ഭാഗമായാണ്. ഫലത്തില്‍ ഇത് കേരളത്തിന് ഏറെ ദ്രോഹകരമായി മാറും എന്ന കാര്യത്തിലും തര്‍ക്കമില്ല. 

തുറമുഖങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള പ്രവണത അപകടകരമാണ്. പാര്‍ലമെണ്ടറി ഉപസമിതിയില്‍ സിപിഐഎമ്മിന്റെ പ്രതിനിധി സഖാവ് സീതാറാം യെച്ചൂരി ഉന്നയിച്ചതും ഇതുതന്നെയാണ്. ഇനിയുണ്ടാക്കുന്ന തുറമുഖങ്ങളെങ്കിലും പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമിക്കണം. എല്‍.ഡി.എഫ്. തീരുമാനിച്ചതും സര്‍വ്വകക്ഷി യോഗങ്ങളെല്ലാം തീരുമാനിച്ചതും അതുതന്നെയാണ്; ഉമ്മന്‍ചാണ്ടിയും നിതിന്‍ ഗഡ്കരിയും അദാനിയും ചേര്‍ന്ന് മറിച്ച് ധാരണയായതുകൊണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിയുടെ സ്വകാര്യ സമ്പാദ്യമായത്. 

നേരത്തെ യുപിഎ സര്‍ക്കാരും കേരളത്തോട് ഇതേ ദ്രോഹ സമീപനമാണ് കാട്ടിയിരുന്നത്. ഇത് മറികടക്കാനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞത്ത് മദര്‍ പോര്‍ട്ട് എന്ന ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇത് പരിഗണിക്കാതെ യുഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം അദാനിക്ക് നല്‍കുകകയായിരുന്നു. ഇപ്പോള്‍ കുളച്ചലും അദാനിയുടെ ബിനാമിക്ക് നല്‍കാനാണ് നീക്കമെന്നറിയുന്നു. ഇത് കേരളത്തിന് ദോഷകരമാണ്. അതുകൊണ്ട് ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണം; വി എസ് പ്രസ്താവനയില്‍ പറയുന്നു.

വിഴിഞ്ഞത്തെ തിരകളൊടുങ്ങിയിട്ടില്ല
പുറത്തുനിന്നുള്ള രാഷ്ട്രീയത്തെക്കാള്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളേണ്ടത് പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കും വിഴിഞ്ഞം പോര്‍ട്ടിന്റെ സാമ്പത്തിക നേട്ടത്തില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ക്കും ഉള്ള സംശയങ്ങള്‍ ദുരീകരിക്കുക എന്നതാണ്. അതിലുപരി ഇപ്പോഴും പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കേസുകളും നൂലാമാലകളും ഒഴിവാക്കുക എന്ന ഉത്തരവാദിത്വവുമുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കേസ് അടക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്. പോര്‍ട്ട് വരുന്നതുകൊണ്ട് ഉണ്ടാകാവുന്ന പരിസ്ഥിതി ആഘാതങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയില്ല. പരിസ്ഥിതി അനുകൂല വികസനങ്ങള്‍ മാത്രമേ സര്‍ക്കാര്‍ നടപ്പാക്കൂ എന്ന അവരുടെ പ്രഖ്യാപനം തന്നെയാണ് ഇവിടെ പ്രധാന വെല്ലുവിളി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നടപടികള്‍ കൈക്കൊള്ളുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിഴിഞ്ഞത്തിന്റെ പ്രരംഭ പണികള്‍, ഡ്രഡ്ജിംഗ് അടക്കം തുടങ്ങിയപ്പോഴെ കടല്‍ വല്ലാതെ ക്ഷോഭിച്ചു എന്നും അത് തെക്കന്‍ തീരങ്ങളെ ബാധിച്ചു എന്നതും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ഇതേകാര്യങ്ങള്‍ ദുരന്ത നിവാരണ സമിതി കണ്ടെത്തിയിട്ടുമുണ്ട്. അതിനാല്‍ സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന വെല്ലുവിളികള്‍ ചെറുതല്ല. പദ്ധതി ഉപേക്ഷിക്കാനും അവര്‍ക്ക് സാധിക്കില്ല.

ഒട്ടും ശ്ലാഘനിയമല്ലാത്ത കാര്യം വിഴിഞ്ഞം സാമ്പത്തിക വരുമാനം നേടി തരില്ല എന്നതാണ്. ഈ വിഷയത്തില്‍ ഇന്റര്‍നാഷണല്‍ ഫിനാനഷ്യല്‍ കോര്‍പ്പറേഷന്‍ അടക്കം രണ്ട് പ്രധാന ഏജന്‍സികള്‍ നടത്തിയ പഠനവും ഇതേ നിഗമനത്തിലേക്കാണ് എത്തിച്ചേര്‍ന്നത്. വല്ലാര്‍പ്പാടത്തിനു സംഭവിച്ച അതേ പ്രശ്‌നങ്ങളിലേക്കാണ് വിഴിഞ്ഞത്തിന്റെയും പോക്കെന്നും പറയുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കു മുന്നിലേക്കാണു കുളച്ചലെന്ന മറ്റൊരു തലവേദന കൂടി വരുന്നത്. മുല്ലപ്പെരിയാര്‍ അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഇപ്പോഴെ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തിനും തമിഴ്‌നാടിനുമിടയില്‍ പുതിയ വടംവലിക്കുള്ള കാരമണായി കുളച്ചല്‍ കൂടി വരുന്നതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് ബിബിന്‍ ബാബു)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍