UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപി എമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമോ?

Avatar

പി കെ ശ്രീനിവാസന്‍

വിപ്ലവത്തിന്റെ നിറം ചുവപ്പാണ്. വിപ്ലവം എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക്, കേരളീയര്‍ക്ക്, സിരകളില്‍ രക്തം തിളയ്ക്കും. വിപ്ലവത്തിന്റെ ശുക്രനക്ഷത്രം ഉദിക്കുന്നതും കാത്ത് നാമെത്ര ഉറക്കമൊഴിച്ചു! വിശ്വാസം സംരക്ഷിക്കാന്‍ നാം എത്രമാത്രം രക്തം ചിന്തിയിരിക്കുന്നു. ശ്രീനാരായണ ഗുരുദേവന്‍ ഉഴുതിട്ട വളക്കൂറുള്ള മണ്ണിലാണ് വിപ്ലവത്തിന്റെ ചുവന്ന നാമ്പുകള്‍ പൊട്ടിമുളച്ചത്. വിപ്ലവത്തിനും ഗുരുവിനും തമ്മില്‍ പ്രകടമായ ബന്ധമൊന്നും ഇല്ലെങ്കിലും കമ്യൂണിസത്തിന്റെ വിത്തുകള്‍ കേരളത്തില്‍ പാകാന്‍ ഗുരു ദര്‍ശനങ്ങള്‍ ഏറെ സഹായിച്ചുവെന്നത് തികച്ചും യാദൃച്ഛികം. മനുഷ്യനുമായി ആത്മബന്ധം സ്ഥാപിക്കാനും അവന്റെ പ്രശ്‌നങ്ങള്‍ക്ക് ശ്വാശ്വതപരിഹാരം കണ്ടെത്താനും കഴിയുമെന്ന് പട്ടിണിപ്പാവങ്ങള്‍ വിശ്വസിച്ചതിനാലാണ് പണ്ട് ഇവിടെ കമ്യൂണിസത്തിനു വേരോട്ടം കണ്ടുതുടങ്ങിയത്. പക്ഷേ കാലക്രമത്തില്‍ ആ വിശ്വാസത്തിനു ഉടവു തട്ടി. വിപ്ലവ പാര്‍ട്ടി നെടുകേ പിളരുകയും കാലക്രമത്തില്‍ കോര്‍പ്പറേറ്റ് കമ്പനികളായി മാറുകയും ചെയതപ്പോള്‍ ജനം നിസ്സഹായരായി മിഴിച്ചുനിന്നു. അത് കേരളത്തിലെ അവസ്ഥ. 

എന്നാല്‍ തമിഴകത്ത് കമ്യൂണിസവും വിപ്ലവവും പേരാലിന്റെ ചുവട്ടിലെ തകരച്ചെടിയാണ്. ദ്രാവിഡ പാര്‍ട്ടികളുടെ പടയോട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തമിഴകത്ത് ക്ലച്ച് പിടിക്കാനായില്ല. എങ്കിലും ദേശീയ പാര്‍ട്ടിയെന്ന ലേബല്‍ നെറ്റിയിലൊട്ടിച്ചു നടക്കാന്‍ ഇവിടത്തെ വിപ്ലവ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞു. സഖ്യമില്ലെങ്കില്‍ ഒരു സീറ്റുപോലും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ലഭിക്കില്ലെന്ന ബോധം ഇവിടത്തെ വിപ്ലവനേതാക്കന്മാര്‍ക്ക് ഉണ്ട്. തോക്കിന്‍കുഴലിലൂടെ വിപ്ലവം സൃഷ്ടിക്കാന്‍ പോരുന്ന തന്റേടമുള്ള നേതാക്കളും തമിഴകത്ത് ജനിച്ചില്ല. അങ്ങനെ തമിഴകത്തെ വിപ്ലവത്തിന്റെ നിറം കരിങ്കടലിന്റെ കാളിമയായി. സഖ്യമുണ്ടെങ്കില്‍ പോലും രണ്ടോ രണ്ടേകാലോ ശതമാനം വോട്ട് മാത്രം പെട്ടിയില്‍ വര്‍ഷങ്ങളായി വീഴുന്ന വിപ്ലവപാര്‍ട്ടികള്‍ക്ക് അതിനപ്പുറം എന്തു ഗതികേടാണ് വരാനിരിക്കുന്നത്? 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യപരീക്ഷണം ലഭിക്കാതിരുന്ന സിപിഎം ഒന്‍പതു സീറ്റിലും സിപിഐ എട്ടു സീറ്റിലുമാണ് മത്സരിച്ചത്. കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ട കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഒരു കാര്യം വ്യക്തമായി- തമിഴകത്ത് വിപ്ലവം വിലപ്പോവില്ല. സിനിമയുടെ ചായം പൂശിയ നേതാക്കള്‍ക്ക് മാത്രമേ ഇവിടെ നിലനില്‍പ്പുള്ളു.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുരട്ശ്ചിത്തലൈവി ജയലളിതയുടെ കനിവിന്റെ ബലത്തില്‍ സിപിഎം പന്ത്രണ്ട് സീറ്റിലും സിപിഐ പത്തു സീറ്റിലും മത്സരിച്ചു. യഥാക്രമം പത്തും ഒന്‍പതും സീറ്റുകള്‍ അവര്‍ക്ക് ലഭിച്ചു. 165 സീറ്റില്‍ മത്സരിച്ച ഇദയക്കനിയുടെ പാര്‍ട്ടി 150 സീറ്റുകള്‍ നേടി സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയുടെ ഡിഎംകെയെ മലര്‍ത്തിയടിച്ചു. 124 സീറ്റില്‍ മത്സരിച്ച ഡിഎംകെക്ക് 23 സീറ്റാണ് ലഭിച്ചത്. അവരുടെ സഖ്യക്ഷിയായ കോണ്‍ഗ്രസ് 63 മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പോക്കറ്റില്‍ വീണത് വെറും അഞ്ച് സീറ്റ്. അങ്ങനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം തമിഴ്‌നാട്ടില്‍ അസ്തമിച്ചു. എന്നാല്‍ അതിനു മുമ്പ് തന്നെ സിപിഐയുടെ നില ദേശീയതലത്തില്‍ പരുങ്ങലിലായി. അവര്‍ക്ക് ദേശീയ പാര്‍ട്ടി സ്ഥാനം നേരത്തെ നഷ്ടപ്പെട്ടു. ഇനി സിപിഎമ്മിന്റെ ഊഴമാണ്. തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതോടെ സിപിഎമ്മിനും ദേശീയ പാര്‍ട്ടി പദവി ഇല്ലാതാകും. നിലവില്‍ കോണ്‍ഗ്രസിനും ബിജെപിക്കും സിപിഎമ്മിനുമാണ് പദവി ഉള്ളത്.

ദേശീയ പാര്‍ട്ടി പദവിക്ക് ആവശ്യമായത് മൂന്നു മാനദണ്ഡങ്ങളാണ്. ഒന്ന്: നാലോ അതിലധികമോ സംസ്ഥാനങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു ശതമാനം സീറ്റുകള്‍ (11 സീറ്റുകള്‍) പാര്‍ട്ടി നേടിയിരിക്കണം.  രണ്ട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ ആകെ ചെയ്ത വോട്ടിന്റെ ആറു ശതമാനവും നാല് ലോക്‌സഭാ സീറ്റുകളും നേടിയിരിക്കണം. മൂന്ന്: കുറഞ്ഞതും നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരം ഉണ്ടായിരിക്കണം. കേരളം, ത്രിപുര, പശ്ചിമബംഗാള്‍ തമിഴ്‌നാട് എന്നീ നാല് സംസ്ഥാനങ്ങളിലാണ് സിപിഎമ്മിനു ഇപ്പോള്‍ പദവിയുള്ളത്. ഇക്കുറി തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ലഭിക്കുന്നില്ലെങ്കില്‍ ദേശീയ പാര്‍ട്ടി പദവി ഇല്ലാതാകും.

പദവിയില്ലെങ്കില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് പല ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേ ചിഹ്നത്തില്‍ മത്സരിക്കാന്‍ കഴിയില്ല. വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാര്‍ക്ക് ചിഹ്നത്തിലൂടെ സ്ഥാനാര്‍ത്ഥികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാവും. പൊതു തെരഞ്ഞെടുപ്പു സമയത്ത് ദൂര്‍ദര്‍ശനിലും ഓള്‍ ഇന്ത്യ റേഡിയോയിലും സ്ലോട്ടുകള്‍ നഷ്ടമാകും. ദേശീയ പാര്‍ട്ടികള്‍ക്ക് 40 താരപ്രചാരകരെ ഉള്‍പ്പെടുത്താനാകും. പദവി നഷ്ടമായാല്‍ അത് ഇരുപതായി കുറയുമെന്നു മാത്രമല്ല അവരുടെ ചെലവുകള്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു അക്കൗണ്ടില്‍ കാണിക്കേണ്ടിയും വരും.   

2006 ല്‍ നടന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ- കോണ്‍ഗ്രസ് മുന്നണിയില്‍ ആയിരുന്നു സിപിഎമ്മും സിപിഐയും. 2011 ല്‍ എഐഎഡിഎംകെയില്‍ ചേക്കേറിക്കൊണ്ട് ഒരു കാര്യം അവര്‍ പ്രഖ്യാപിച്ചു: ആദര്‍ശ രാഷ്ട്രീയം ഞങ്ങള്‍ക്ക് ഇരുമ്പുലക്കയല്ല. അവസരവാദികളായ രാഷ്ട്രീയക്കാരുടെ പിന്നാലെ പോയി കമ്യൂണിസത്തിന്റെ കരുത്തു കളഞ്ഞ വിപ്ലവ പാര്‍ട്ടികളെയാണ് തമിഴ്‌നാട്ടില്‍ കാണുന്നത്. ദ്രാവിഡകക്ഷികള്‍ രണ്ടും തങ്ങളെ കൈയൊഴിഞ്ഞതു കൊണ്ടാണ് ഇക്കുറി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജനക്ഷേമ മുന്നണിയോടൊപ്പം നിലയുറപ്പിക്കാന്‍ തീരുമാനിച്ചത്. 49 വര്‍ഷം മാറിമാറി ഭരണം കൈയാളിയ ദ്രാവിഡകക്ഷികളെ തറപ്പറ്റിക്കാനാണ് ജനക്ഷേമ മുന്നണി രൂപം കൊണ്ടതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ അവകാശപ്പെടുന്നത്. ദ്രാവിഡകക്ഷികള്‍ രണ്ടും അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും അതിനാലാണ് ജനക്ഷേമ മുന്നണി പൊതുമിനിമം പരിപാടിയുമായി മുന്നോട്ടുപോകുന്നതെന്നും രാമകൃഷ്ണന്‍ പറയുന്നു.

എംഡിഎംകെ, വിസികെ, സിപിഎം, സിപിഐ തുടങ്ങിയ കക്ഷികളാണ് ജനക്ഷേമ മുന്നണിയുടെ രക്ഷിതാക്കള്‍. വിജയകാന്തിന്റെ ഡിഎംഡികെയുടെ വരവും പ്രതീക്ഷിച്ചിരിപ്പാണ് ക്ഷേമ മുന്നണി. പത്തു ശതമാനത്തോളം വരുന്ന വോട്ടു ബാങ്കുള്ള വിജയകാന്തിന്റെ ഡിഎംഡികെ വന്നാല്‍ പോലും ജനക്ഷേമ മുന്നണിയുടെ ഭരണമെന്ന സ്വപ്നം സഫലീകരിക്കാന്‍ പോകുന്നില്ല. ഇവിടെയാണ് രണ്ടു വിപ്ലവപ്പാര്‍ട്ടികളുടെ ബുദ്ധിശൂന്യത നിഴലിക്കുന്നത്. ആറ് ശതമാനം വോട്ടുള്ള നാലു കക്ഷികളാണ് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചടക്കാന്‍ താറുടുത്ത് ഗോദയില്‍ ഇറങ്ങുന്നത്. 

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍