UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജയലളിതയുടെ കടുംവെട്ട് പനീര്‍ശെല്‍വത്തിന്റെ സീറ്റ് കീറുമോ?

Avatar

പി കെ ശ്രനിവാസന്‍

അനന്തരാവകാശിയില്ലാതെ അന്യംനിന്നു പോകുന്ന ഭരണാധികാരിയുടെ കൊട്ടാരത്തിലെ അവസ്ഥ ഊഹങ്ങള്‍ക്കപ്പുറമാണ്. അധികാരത്തിന്റെ ചെങ്കോല്‍ ഏല്‍പ്പിക്കാന്‍ തക്കതായ പിന്‍മുറക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും? ഒപ്പം നില്‍ക്കുന്നവര്‍ വിശ്വസിക്കാന്‍ പറ്റിയവരല്ലെന്ന് അന്ത്യനിമിഷത്തില്‍ ബോധ്യപ്പെട്ടാല്‍ ഭരണം കൈയാളുന്ന രാജ്ഞിക്ക് നക്ഷത്രക്കാല്‍ എണ്ണുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുകയാണെന്ന് മനസ്സിലാക്കുന്ന ചിലരാകട്ടെ ലേഡി മാക്ബത്തിനെപ്പോലെ വട്ടുപിടിച്ചു മണ്ടിനടക്കുകയും ചെയ്യും.  ഇതൊന്നും പുണ്യപുരാണകഥയല്ല. അനന്തരാവകാശിയില്ലാത്ത ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) തലപ്പത്തിരിക്കുന്നത് ഒരേയൊരു വിപ്ലവനായിക സാക്ഷാല്‍ ജെ ജയലളിതയാണ്.  തന്നോടൊപ്പം വളരാനോ വളര്‍ത്താനോ തലൈവി പാര്‍ട്ടിയില്‍ ആരെയും അനുവദിച്ചിട്ടില്ല, ഇനി അനുവദിക്കുകയുമില്ല.

തന്റെ അഭാവത്തില്‍ രണ്ടു തവണയാണ് ഭക്തഹനുമാന്‍ പനീര്‍ശെല്‍വത്തെ ജയാമ്മ പിടിച്ചു മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തിയത്. അമ്മയുടെ പാദുകങ്ങള്‍ തൊട്ടുവന്ദിച്ച് താഴെ ചമ്രംപടഞ്ഞിരുന്നു രണ്ടു തവണയും ഈ ജയാഭക്തന്‍ നാടു ഭരിച്ചു. ദൃശ്യമാധ്യമങ്ങളിലും മറ്റും ആ ഇരിപ്പുകണ്ട പൊതുജനം ആനന്ദക്കണ്ണീര്‍ ചൊരിഞ്ഞു കീ ജയ് വിളിച്ചു. പക്ഷേ കുടിച്ച വെള്ളത്തില്‍ പോലും വിശ്വാസക്കുറവുള്ള തലൈവി ഇന്നിതാ ഭക്തശിരോമണി പനീര്‍ശെല്‍വത്തെയും ചെവിക്കുപിടിച്ചു പുറത്താക്കുന്നു. അരമനയിലെ കഥകള്‍ അങ്ങാടിപ്പാട്ടായത് ഒരു ദേശീയപത്രം കഴിഞ്ഞ ദിവസം മുരടനക്കിയപ്പോഴാണ്. പക്ഷേ ‘അമ്മവൃത്ത’ങ്ങളില്‍ കമാന്നൊരക്ഷരം ആരും ഉരിയാടിയിട്ടില്ല.

ഇടയ്ക്കിടെ മന്ത്രിമാരെ പിടലിക്ക് പിടിച്ചു പുറത്താക്കി ശീലമുള്ള തലൈവിക്ക് ഒ പി എസ് എന്നറിയപ്പെടുന്ന ഒത്തക്കാര പനീര്‍ശെല്‍വം ഏറെ വിശ്വസ്തനായിരുന്നു. ഇതുവരെ പോറലേല്‍ക്കാത്ത ഭക്തഹനുമാന്‍. സഖ്യകക്ഷികളുമായുള്ള സീറ്റു ചര്‍ച്ചക്കുവേണ്ടി രൂപീകരിച്ച നാലംഘ സംഘത്തില്‍ ഒ പി എസിനെ കാണാതായപ്പോഴാണ് ചില മാധ്യമപ്പരിക്ഷകള്‍ അന്വേഷണം ആരംഭിച്ചതും വിശ്വസ്ത വിധേയനെ പടിക്കുപുറത്തു നിര്‍ത്തിയിരിക്കുകയാണെന്ന വാര്‍ത്ത പുറത്തുവന്നതും. ഒ പി എസിനൊപ്പം മാറ്റിനിര്‍ത്തപ്പെട്ട മറ്റു രണ്ടു നേതാക്കള്‍ കൂടിയുണ്ട്- ഇല്കട്രിസിറ്റി മന്ത്രി നത്തം ആര്‍ വിശ്വനാഥനും ഉന്നതവിദ്യാഭ്യാസ മന്ത്രി പി പളനിയപ്പനും. തേനിയില്‍ ഒ പി എസിന്റെ കുടുംബാംഗങ്ങളുടെ വഴിവിട്ട പോക്കാണ് ഒ പി എസിന്റെ തലയ്ക്കുമേല്‍ തലൈവി ഡെമോക്ലസിന്റെ വാള്‍ കെട്ടിത്തൂക്കാന്‍ കാരണമെന്ന് മാധ്യമവീരന്മാര്‍ കണ്ടെത്തി. സഹോദരന്‍ ഒ രാജ, മകന്‍ രവീന്ദ്രനാഥ് കുമാര്‍, മരുമകന്‍ കാശിരാജന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളാണ് അമ്മയുടെ കണ്ണില്‍ കരടായത്. സഹോദരന്‍ ഒ രാജ ഇപ്പോള്‍ പെരിയകുളം മുനിസിപ്പാലിറ്റി ചെയര്‍മാനാണ്.

തെരഞ്ഞെടുപ്പിനു മുമ്പ് കളം വൃത്തിയാക്കിയില്ലെങ്കില്‍ വോട്ടൊക്കെ മറ്റേ പെട്ടിയില്‍ വീഴുമെന്ന ചാരന്മാരുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടാണ് ജയലളിതയെക്കൊണ്ട് കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പ്രേരിപ്പിച്ചത്. 2011ല്‍ ബോഡിനായ്ക്കന്നൂരില്‍ നിന്ന് നിയമസഭയില്‍ എത്തിയതു മുതല്‍ ഇതുവരെ ജയാമ്മക്ക് തികഞ്ഞ വിശ്വസ്തനാണ് പനീര്‍ശെല്‍വം. 2001 ലും 2015 ലും മുഖ്യമന്ത്രി ജയലളിത അഴിമതി കേസ്സുകളില്‍ കുരുങ്ങി അഴിക്കുള്ളില്‍ പോകേണ്ടി വന്നപ്പോഴാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രി കസേരയുടെ അരുകിലിരുന്നു ഭരിച്ച് തന്റെ വിശ്വാസം അരക്കിട്ടുറപ്പിച്ചത്. അഗ്നിശുദ്ധി കഴിഞ്ഞ് കോടതിയുടെ ഹോമകുണ്ഡങ്ങളില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ പുറത്തുവന്ന തലൈവിയെ കാല്‍കഴുകി വണങ്ങിയാണ് പനീര്‍ശെല്‍വം സെന്റ്‌ജോര്‍ജ്ജ് ഫോര്‍ട്ടിലെ സിംഹാസനത്തിലേക്ക് മനസ്സുപിടിച്ചു കയറ്റിയിരുത്തിയത്. ആ കാഴ്ചകള്‍ കണ്ട് ജനം മൂക്കത്തുവിരല്‍ വച്ചു പറഞ്ഞുപോയി: ഇന്ത ആള്‍ ശബരിമല അയ്യപ്പഭക്തര്‍ മട്ടുമല്ലൈ, സാക്ഷാല്‍ സീതാഭക്തഹനുമാനും താന്‍.

പ്രതിപക്ഷത്തിനു അല്‍പ്പം പോലും സംശയം ജനിപ്പിക്കാത്ത വിധം പാര്‍ട്ടിയെ കുളിപ്പിച്ച് വൃത്തിയാക്കി തെരഞ്ഞെടുപ്പു തൊട്ടിലില്‍ കിടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ. ആരും കുറ്റം പറയരുതല്ലോ. അതുകൊണ്ടാണ് മാര്‍ച്ച് രണ്ടാം തിയതി അനിമല്‍ ഹസ്ബണ്ടറി മന്ത്രി ടി കെ എം ചിന്നയ്യയെ പുറത്താക്കിയത്. പാര്‍ട്ടി അധികാരസ്ഥാനങ്ങളില്‍ നിന്നും ചിന്നയ്യയെ സസ്‌പെന്‍ഡ് ചെയ്തു എന്നതാണ് ഏറെ തമാശ. മന്ത്രിസഭ അഴിച്ചുപണിയുക ജയാമ്മയുടെ തമാശയാണ്. അഞ്ചുവര്‍ഷക്കാലയളവില്‍ കുറഞ്ഞതും പതിനേഴോളം തവണ മുഖ്യമന്ത്രി തന്റെ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തി. അതില്‍ പല മന്ത്രിമാരും പോയവഴിയില്‍ പുല്ലുപോലും കിളിര്‍ത്തിട്ടില്ല. ഒരിക്കല്‍ അനിഷ്ടം തോന്നിക്കഴിഞ്ഞാല്‍ അത് മാറ്റിയെടുക്കാന്‍ ദൈവംതമ്പുരാന്‍ വിചാരിച്ചാലും നടക്കില്ല എന്നാണ് പരപ്പനങ്ങാടിക്കാരായ ചില ജോത്സ്യന്‍മാര്‍ വര്‍ഷങ്ങള്‍ക്ക് മമ്പ് പറഞ്ഞുവച്ചത്.  തന്നോടൊപ്പം സഖ്യകക്ഷിയായി നിന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സാക്ഷാല്‍ കറുത്ത എംജിആര്‍ ക്യാപ്റ്റന്‍ വിജയകാന്തിനെതിരെ പോലും മാനനഷ്ടക്കേസുകള്‍ കൊടുത്തു ഉറക്കംകെടുത്തിയ നേതാവാണ് തലൈവി. താനും തനിക്ക് ഉറ്റതോഴി ശശികലയും എന്നതാണ് പൊയസ് ഗാര്‍ഡനിലെ വേദനിലയത്തില്‍ ഉയരുന്നു ആപ്തവാക്യം.

താന്‍ ഭരണക്കസേരയില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ പോലും തന്റെ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ പാടില്ല എന്ന കല്ലേപ്പിളര്‍ക്കുന്ന ശാസന നല്‍കിയ മറ്റൊരു പാര്‍ട്ടി നേതാവ് തമിഴകത്ത് ഉണ്ടോ എന്ന് സംശയമാണ്. പത്രപ്പരസ്യങ്ങളിലോ പോസ്റ്ററുകളിലോ, ചുമരെഴുത്തുകളിലോ തന്റെ ചിത്രത്തോടൊപ്പം മറ്റാരുടേയും ചിത്രം പ്രതിഷ്ഠിച്ച് തടികേടാക്കരുത് എന്ന് ആദ്യം കല്‍പ്പിക്കുന്ന പാര്‍ട്ടി അധ്യക്ഷയും ജയാമ്മ തന്നെയാണ്. ഭരണക്കസേരയില്‍ കയറി അഞ്ചു വര്‍ഷമായിട്ടും ഇതുവരെ മാധ്യമപ്പരികഷകളെ കാണാന്‍ തയ്യാറാകാത്ത ജയാമ്മക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കേണ്ട ചില ചെപ്പടി വിദ്യകള്‍ വശമാണ്. തന്റെ വഴിയില്‍ പനീര്‍ശെല്‍വമോ വിജയകാന്തോ എന്തിനു കരുണാനിധിപോലുമോ തടസ്സമാകില്ലെന്ന് അവര്‍ക്ക് നന്നായറിയാം. ഏറിയാല്‍ വരാന്‍ പോകുന്ന അഞ്ചുവര്‍ഷം കൊണ്ട് ശത്രുവിന്റെ മുന്നില്‍ വീശിയെറിയാവുന്ന തുറുപ്പുചീട്ടുകളും നമ്പരുകളുമാണ് വിപ്ലവനായിക ശേഖരിച്ചുവച്ചിരിക്കുന്നത്. അതിനപ്പുറം ജീവിതമുണ്ടെന്നു പരപ്പനങ്ങാടിക്കാരന്‍ ജോത്സ്യന്‍ പോലും പറഞ്ഞിട്ടുണ്ടോ എന്ന് രേഖകള്‍ ഇല്ല. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍