UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

അസഹിഷ്ണുതയുടെ തമിഴകം; വാ തുറക്കാതെ ജനങ്ങളും

തമിഴ്‌നാടിനു മുകളില്‍ അസഹിഷ്ണുതയുടെ കാര്‍മേഘങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. പൂര്‍വാധികം ശക്തമായി അവ മുന്നേറുന്നതു കാണുമ്പോള്‍ സാധാരണക്കാരന്റെ ഉള്ളില്‍ ഭയം കാട്ടുതീപോലെ പടരുന്നു. ദാദ്രി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഉരുവം കൊണ്ടതിനേക്കാള്‍ ഭീകരമാണ് തമിഴകത്തിന്റെ ഹൃദയഭൂമികളില്‍ വീശിയടിക്കുന്ന ശൈത്യം. ഏറ്റവും ഒടുവിലത്തേതാണ് തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ നിന്ന് കോവന്‍ എന്ന നാടന്‍പാട്ടുകാരനെ രാജ്യദ്രോഹകുറ്റം ചുമത്തി  അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച സംഭവം. സര്‍ക്കാരിന്റെ മദ്യക്കച്ചവടത്തിനെതിരെ തെരുവുനീളെ പാടിനടക്കുന്നെന്നും അവയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്‌തെന്നുമാണ് കോവനെതിരെയുള്ള കുറ്റം. പാട്ടിലെ വരികളും ദൃശ്യങ്ങളും രാജ്യദ്രോഹച്ചുവയുള്ളതാണെന്നും ജയലളിതാ സര്‍ക്കാരിനെതിരെ ജനവികാരം സൃഷ്ടിക്കാന്‍ പര്യാപ്തമാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. അതുകൊണ്ടാണ് ചെന്നൈയില്‍ നിന്നെത്തിയ സൈബര്‍ പൊലീസ് കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ച രണ്ടര മണിക്ക് തിരുച്ചിറപ്പള്ളിയിലെ മരുതാണ്ടിക്കുറിച്ചിയിലെ വീട്ടില്‍ നിന്ന് കോവനെ അറസ്റ്റുചെയ്തു ചെന്നൈയിലെ പുഴല്‍ ജയിലില്‍ അടച്ചതും. 

 

കഴിഞ്ഞ മുപ്പതുവര്‍ഷമായി സമൂഹത്തിലെ അനീതിക്കെതിരെ പാട്ടുപാടിയും തെരുവു നാടകം കളിച്ചും നിരന്തരം പോരാടുന്ന വ്യക്തിയാണ് അന്‍പത്തഞ്ചുകാരനായ എസ് ശിവദാസന്‍ എന്ന കോവന്‍. മദ്യനിരോധനം നടപ്പിലാക്കണമെന്ന് വാദിക്കുന്ന മക്കള്‍ അധികാരം എന്ന സംഘടനയുടെ സജീവപ്രവര്‍ത്തകനുമാണ്. ജയലളിതയെ മാത്രമല്ല ഡിഎംകെ പ്രസിഡന്റ് മുത്തുവേല്‍ കരുണാനിധിയേയും ഈ നാടന്‍പാട്ടുകാരന്‍ വെറുതേ വിടുന്നില്ല. ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലുമൊക്കെ വീഡിയോ വൈറലായിത്തീര്‍ന്നതോടെയാണ് പൊലീസ് രംഗത്തെത്തിയത്. അവയില്‍ ഏതാനും പാട്ടുകള്‍ ജയലളിത സര്‍ക്കാരിനെ ആകെ പൊറുതിമുട്ടിച്ചു. ‘മൂട് ടാസ്മാക് മൂട്,’ ‘ഊരുക്ക് ഒരു സാരായം’ തുടങ്ങിയ പാട്ടുകളിലെ ദൃശ്യങ്ങള്‍ ജയലളിതയെ പരസ്യമായി അവഹേളിക്കുന്നതാണെന്നും ഭരണകൂടത്തിനു എതിരാണെന്നും പൊലീസ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രി ജയയുടെ വേഷമണിഞ്ഞ ഒരു സ്ത്രീ ഒരു സാധാരണക്കാരന്റെ ഗ്ലാസ്സില്‍ മദ്യം ഒഴിച്ചുകൊടുക്കുന്നു. മുഖ്യമന്ത്രിയുടേയും അവരുടെ ഉറ്റതോഴി ശശികലയുടേയും മന്ത്രിമാരുടേയും ചില കാരിക്കേച്ചറുകളും ഇടയ്ക്കിടെ വീഡിയോയില്‍ കാണിക്കുന്നു. മദ്യത്തില്‍ ജനം മുങ്ങി മരിക്കുമ്പോള്‍ മുഖ്യമന്ത്രി പൊയസ് ഗാര്‍ഡനില്‍ സന്തോഷിക്കുകയാണെന്ന് കോവന്റെ വീഡിയോയില്‍ പറയുന്നു.

 

കോവനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി  അകത്താക്കിയതോടെ തമിഴ്‌നാട്ടിലെ മനുഷ്യാവകാശ സംഘടകള്‍ രംഗത്തെത്തി. അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കാത്ത പോക്കാണ് ഇപ്പോള്‍ നടക്കുന്നതെന്നും സര്‍ക്കാര്‍ മദ്യഷാപ്പ് (ടാസ്മാക്) അടയ്ക്കണമെന്നാവശ്യപ്പെടുന്ന കലാകാരനെ അറസ്റ്റ് ചെയ്തു ജയിലിലാക്കുന്ന നടപടി ജനാധിപത്യധ്വംസനമാണെന്നും സംഘടനകള്‍  ആരോപിക്കുന്നു. ഡിഎംകെ നേതാവ് എം കരുണാനിധി, കോണ്‍ഗ്രസ് നേതാവ് ഇ വി കെ ഇളങ്കോവന്‍, പിഎംകെ നേതാവ് ഡോ. രാമദാസ്, എം ഡി എം കെ നേതാവ് വൈകോ തുടങ്ങിയവര്‍ കോവന്റെ അറസ്റ്റിനെ വിമര്‍ശിച്ചു. പ്രതിഷേധം നടത്താന്‍ അവര്‍ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുകയാണ്. കോവനെ ഉടന്‍ മോചിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയും ആവശ്യപ്പെട്ടിരിക്കുകയാണ്. ഏതായാലും കോവന്റെ അറസ്റ്റോടെ തമിഴ് സൈറ്റുകളില്‍ ‘മൂട് ടാസ്മാക് മൂട്,’ ‘ഊരുക്ക് ഒരു സാരായം’ തുടങ്ങിയ പാട്ടുകള്‍ പോപ്പുലറായി.

 

തനിക്കെതിരെ ശബ്ദിക്കുന്നവരെ സമൂഹത്തില്‍ നിന്ന് പിഴുതെറിയുക എന്ന സിദ്ധാന്തമാണ് ഏതാനും വര്‍ഷങ്ങളായി വിപ്ലവനായിക ജയലളിത ആവിഷ്‌ക്കരിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ അസഹിഷ്ണുതയുടെ രുചി അറിഞ്ഞവരാണ് തമിഴകത്തെ രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരുമൊക്കെ. ഇവിടെ അഭിപ്രായസ്വാതന്ത്ര്യം ഇന്നും എന്നും കീറാമുട്ടിയാണ്. മദ്യത്തിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ടാകാം. അതേപോലെ എന്തു കഴിക്കണമെന്നും എന്തു കഴിക്കേണ്ടതില്ലെന്നും തീരുമാനിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമാണ്. ഭരണാധികാരികള്‍ക്കോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ വ്യക്തിയുടെ ഭക്ഷണരീതിയിലോ അഭിപ്രായസ്വാതന്ത്ര്യത്തിലോ കൈകടത്തേണ്ട കാര്യമില്ല. അത്തരം ഇടപെടലുകള്‍ നമ്മുടെ ജനാധിപത്യ നിലപാടുകള്‍ക്ക് എന്നും എതിരായിരുന്നിട്ടേയുള്ളു.

 

1991- 96 കാലഘട്ടത്തില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നൂറു കണക്കിനു മാനനഷ്ടക്കേസുകളാണ് രാഷ്ട്രീയക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ ഫയല്‍ ചെയ്തത്. 2001- 06 കാലഘട്ടത്തില്‍ ജയാമ്മ രണ്ടാം തവണ മുഖ്യമന്ത്രിയായപ്പോള്‍ കേന്ദ്രമന്ത്രി മുരളീ മനോഹര്‍ ജോഷിക്കെതിരെ പോലും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. അക്കാലത്ത് 120-ല്‍പ്പരം കേസുകളാണ് മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്തത്. 2006-11 കാലത്ത് നാല്‍പ്പതോളം മാനനഷ്ടക്കേസുകള്‍ മാധ്യമങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്തിരുന്നു. 2011ല്‍ മൂന്നാം തവണ മുഖ്യമന്ത്രിയായി വന്നപ്പോഴും ജയലളിത മാധ്യമങ്ങളെ വെറുതേ വിട്ടില്ല. ഫയല്‍ ചെയ്ത മാനനഷ്ടക്കേസുകള്‍ക്കൊന്നും കുറവു വന്നില്ലന്നു മാത്രമല്ല എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ മാധ്യമങ്ങള്‍, രാഷ്ട്രീയക്കാര്‍, വാര്‍ത്താ അവതാരകര്‍ തുടങ്ങിയവര്‍ക്കെതിരെ എണ്‍പതോളം മാനനഷ്ടക്കേസുകളാണ് ഫയല്‍ ചെയ്തത്. ജില്ലാ കോടതികളില്‍ ഇത്രത്തോളം കേസുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പലതാണ്. ഇത്തരം കേസുകള്‍ തയ്യാറാക്കാന്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാന്‍ നിയമിക്കുകയും ചെയ്തു.

 

കോവനു മുമ്പ് ജയലളിത സര്‍ക്കാര്‍ ഫയല്‍ ചെയ്ത ചില കേസുകള്‍ ചുവടെ ചേര്‍ക്കുന്നു.

2015 മേയ്: തൃച്ചിയില്‍ സര്‍ക്കാരിനെതിരെ വിദ്വേഷകരമായി പ്രസംഗിച്ചതിന്റെ പേരില്‍ നാം തമിഴര്‍ ഇയക്കം നേതാവും സിനിമാ സംവിധായകുമായ സീമാനെ അറസ്റ്റ് ചെയ്യുന്നു. ഇത്തരത്തിലുള്ള മറ്റൊരു കേസില്‍ 2007 ല്‍ രാമനാഥപുരത്ത് സംവിധായകന്‍ അമീര്‍ അറസ്റ്റിലാകുന്നു.

 

2013 ജൂണ്‍: മനുഷ്യര്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിക്കുന്നതാണ് മീണ്ടെഴും പാണ്ഡിയര്‍ വരലാറ് എന്ന പുസ്തകമെന്ന്‍ ആരോപിച്ച് അതെഴുതിയ കെ സെന്‍ന്തില്‍കുമാറിനെതിരെ സാത്തൂര്‍ ടൗണ്‍ പൊലീസ് കേസ്സെടുക്കുന്നു. പുസ്തകം നിരോധിക്കുകയും സെന്തിലിന്റെ ഭാര്യാപിതാവിനെ ഇതേപോലുള്ള മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. 

 

2013 ജൂണ്‍: പൊതുപ്രവര്‍ത്തകനായ മാനുവല്‍ അമല്‍രാജിനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നു. സത്യമംഗലം വനമേഖല ടൈഗര്‍ റിസര്‍വ് ആക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തതായിരുന്നു മാനുവല്‍ അമല്‍രജ് ചെയ്ത ‘രാജ്യദ്രോഹകുറ്റം.’

 

2012 സെപ്തംബര്‍: കൂടംകുളം ആണവ പ്ലാന്റിനെതിരെ സമരം ചെയ്ത എസ് പി ഉദയകുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി ന്യൂക്ലിയര്‍ വിരുദ്ധ പ്രസ്ഥാനക്കാര്‍ക്കെതിരെ തിരുനെല്‍വേലി പൊലീസ് 124 എ സെക്ഷന്‍ ഉള്‍പ്പെടുത്തി കേസ് എടുത്തു.

 

2012 മാര്‍ച്ച്: തമിഴക ഇലൈഞ്ജര്‍ എഴുച്ചി പസരൈയുടെ യുവ നേതാവ് സതീഷ് കുമാറിനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്നു. മാവോയിസ്റ്റ് അണികള്‍ക്ക് 2002ല്‍ ഉത്തംകരൈയില്‍ പരിശീലനം കൊടുത്തു എന്നാണ് അയാള്‍ക്ക് നേരേയുള്ള കുറ്റാരോപണം.

 

2012 മാര്‍ച്ച്: ന്യൂക്ലിയര്‍ വിരുദ്ധ പ്രസ്ഥാനത്തിലെ പതിനൊന്നു പേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അകത്താക്കുന്നു. ഇതില്‍ ശിവസുബ്രഹ്രമണ്യനും കെ രാജലിംഗവും ഉള്‍പ്പെട്ടിരുന്നു.   

 

2009 മാര്‍ച്ച്: ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ പെരിയാര്‍ ദ്രാവിഡര്‍ കഴകം നേതാവ് കൊളത്തൂര്‍ മണിയെ ഒരു പൊതുവേദിയില്‍ വച്ച് അറസ്റ്റ് ചെയ്യുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെ ന്യായീകരിച്ചു എന്നതാണ് രാജ്യദ്രോഹകുറ്റത്തിനു ആധാരം.

 

2008 ഒക്‌ടോബര്‍: എല്‍ടിടിക്ക് അനുകൂലമായി പ്രസംഗിച്ചു എന്നതിന്റെ പേരില്‍ എംഡിഎംകെ നേതാവ് വൈക്കോയെ അറസ്റ്റ് ചെയ്യുന്നു. കുറ്റം രാജ്യദ്രോഹം. യോഗത്തില്‍ സംബന്ധിച്ച മറ്റൊരു നേതാവ് എം കണ്ണപ്പനെയും രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യുന്നു.

 

2002 ഏപ്രില്‍: എല്‍ടിടിഇയെ മഹത്വവല്‍ക്കരിച്ച പുസ്തകം സൂക്ഷിച്ചു എന്നതിന്റെ പേരില്‍ ഒരു ക്ലിയറിംഗ് ഏജന്റ് ജെ ഷാഹുല്‍ ഹമീദിനെ അറസ്റ്റ് ചെയ്യുന്നു.

 

2002 ഏപ്രില്‍: തമിഴര്‍ വിടുതലൈ ഇയക്കത്തിന്റെ അരിയാലൂര്‍ ഓഫീസ് റെയിഡ് ചെയ്തു നാല് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നു.

 

തമിഴകത്തെ ജനങ്ങളുടെ മനസ്സും നിര്‍വീര്യമാണ്. സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്കാവുന്നില്ല എന്നതാണ് ഖേദകരം. എഴുത്തുകാര്‍ കൊല്ലപ്പെടുന്നതിനെതിരെയും മതസംഘടനകളുടെ അസഹ്യമായ അസഹിഷ്ണുതക്കെതിരെയും ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും എഴുത്തുകാര്‍ അവാര്‍ഡുകള്‍ മടക്കിക്കൊടുത്തു പ്രതിഷേധിച്ചിട്ടും തമിഴകത്തു നിന്നു അത്തരത്തിലൊരു നീക്കം ഉണ്ടായില്ല എന്ന് അടുത്തിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇവിടെത്തെ സാഹിത്യ- സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ അഭിപ്രായരഹിതഷണ്ഡത്വമാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.  

 

എന്തായാലും അസഹിഷ്ണുതയുടെ വിത്തുകള്‍ തമിഴ്‌നാടിന്റെ വളക്കൂറുള്ള മണ്ണില്‍ സര്‍ക്കാരും ജാതി-മതഭ്രാന്തന്മാരും ചേര്‍ന്ന് വിതക്കുകയാണ്. വിളവെടുപ്പിനു സമയമാകുമ്പോള്‍ ഉണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് തമിഴകത്തെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ജയലളിതക്കോ അവരുടെ സര്‍ക്കാരിനോ വിഭാഗീയതയുടെ അപ്പോസ്തലന്മാര്‍ക്കോ കഴിയില്ല എന്നതാണ് സത്യം. 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 


അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍