UPDATES

ട്രെന്‍ഡിങ്ങ്

ജയലളിതയുടെ മരണ ശേഷം തമിഴക രാഷ്ട്രീയത്തില്‍ സംഭവിച്ചത്

ജെല്ലിക്കെട്ട് സമരം മുതല്‍ ഇന്നത്തെ ശശികലയ്‌ക്കെതിരായ സുപ്രിംകോടതി വിധി വരെ ഓരോ നിമിഷവും ജിജ്ഞാസയുടെ മുള്‍മുനയില്‍

2016 ഡിസംബര്‍ ആറ് തമിഴ് ജനത പൊട്ടിക്കരഞ്ഞ ദിവസമാണ്. സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ പോലും പതറാതെ പിടിച്ചു നിന്ന തമിഴ്മക്കള്‍ തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തകരുകയായിരുന്നു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ആരാധക ആത്മഹത്യ അടക്കം ഉണ്ടായി.

ജയലളിതയുടെ മരണശേഷം സംഭവബഹുലമായിരുന്നു തമിഴ് രാഷ്ട്രീയം. ജെല്ലിക്കെട്ട് സമരം മുതല്‍ ഇന്നത്തെ ശശികലയ്‌ക്കെതിരായ സുപ്രിംകോടതി വിധി വരെ ഓരോ നിമിഷവും ജിജ്ഞാസയുടെ മുള്‍മുനയിലായിരുന്നു അത്. എംജിആറിന്റെ മരണശേഷം അണ്ണാഡിഎംകെയില്‍ സംഭവിക്കുമെന്ന് കരുതിയ പിളര്‍പ്പിനാണ് പിന്നീട് തമിഴ് രാഷ്ട്രീയം സാക്ഷിയായത്. ജയലളിതയുടെ മരണത്തിന് ശേഷം അടുത്ത അനുയായിയും തോഴിയുമായ ശശികല നടരാജന്‍ മുഖ്യമന്ത്രിയാകുമെന്നാണ് കരുതപ്പെട്ടതെങ്കിലും അതുണ്ടായില്ല. പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വീട്ടില്‍ തന്നെ താമസിച്ച ശശികല സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും എന്നാല്‍ പോയസ് ഗാര്‍ഡനിലെ വീട് അണ്ണാ ഡിഎകെയുടെ അധികാര കേന്ദ്രമായി തുടരുമെന്നുമുള്ള സൂചനയാണ് ആദ്യം നല്‍കിയത്. അതേസമയം തന്റെ ബന്ധുക്കളെ അവര്‍ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുമെന്നും പ്രഖ്യാപിച്ചു. മന്നാര്‍ഗുഡി കുടുംബത്തെ ഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കരുതെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ജയലളിതയുടെ മരണത്തിന്റെ പിറ്റേന്ന് തന്നെ ഒ പനീര്‍സെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുമ്പ് കോടതി വിധികളെ തുടര്‍ന്ന് രണ്ട് തവണ ജയലളിത അധികാരമൊഴിഞ്ഞപ്പോഴും പനീര്‍സെല്‍വമാണ് പകരം മുഖ്യമന്ത്രിയായത്.

ജയലളിതയുടെ മരണം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കകം പനീര്‍സെല്‍വം മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. തുടക്കത്തില്‍ അധികാര രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച ശശികല സജീവ രാഷ്ട്രീയത്തിലേക്കെത്തണമെന്നും തമിഴ്‌നാടിന്റെയും അണ്ണാ ഡിഎംകെയുടെയും ഭരണം ഏറ്റെടുക്കണമെന്നും അക്കാലം തൊട്ട് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. അണ്ണാ ഡിഎംകെ നേതൃത്വം ഒന്നടങ്കമാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ അടിസ്ഥാന വിഭാഗമായ ജനങ്ങള്‍ക്ക് ഇതില്‍ യാതൊരു താല്‍പര്യവുമില്ലായിരുന്നു. പലയിടങ്ങളിലും ശശികലയ്‌ക്കെതിരെ പ്രകടനങ്ങളും നടന്നു. ഇതിനിടെ തമിഴ്‌നാട് ചീഫ് സെക്രട്ടറി രാം മോഹന്‍ റാവുവിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.

അതേസമയം എല്ലാ എതിര്‍പ്പുകളെയും തള്ളിക്കളഞ്ഞുകൊണ്ട് ഡിസംബര്‍ അവസാനത്തോടെ അവര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നത് വരെ താല്‍ക്കാലികമായാണ് ശശികല പാര്‍ട്ടി അധ്യക്ഷയായത്. എംജിആറിനെയും ജയലളിതയെയും പോലെ തങ്ങള്‍ ശശികലയെയും കാണുന്നതായാണ് അന്ന് യോഗത്തിന് ശേഷം പനീര്‍സെല്‍വം അറിയിച്ചത്. പിന്നീട് പനീര്‍സെല്‍വം നേരിട്ട് പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയാണ് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ശശികലയെ അറിയിച്ചത്. അവര്‍ തീരുമാനം അംഗീകരിക്കുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ ഒരുകാലത്തും ഇല്ലാതിരുന്ന ജനകീയ മുന്നേറ്റമുണ്ടായതും ജയലളിതയുടെ മരണത്തിന് ശേഷമായിരുന്നു. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ജല്ലിക്കെട്ട് നടത്താനാകില്ലെന്ന സാഹചര്യ വന്നപ്പോഴാണ് അത്. ജല്ലിക്കെട്ടിനെതിരായ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരങ്ങള്‍ മറീന ബീച്ചില്‍ ഒത്തുചേര്‍ന്നപ്പോള്‍ തമിഴ്‌നാട് രാഷ്ട്രീയം മറ്റൊരു ദിശയിലേക്ക് സഞ്ചരിക്കാനൊരുങ്ങുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും മാത്രം തണലില്‍ നിന്നിരുന്ന സംസ്ഥാന രാഷ്ട്രീയം ഇക്കുറി സംഘടിതരായ ഒരുപറ്റം ചെറുപ്പക്കാരുടെ കീഴിലാണ് അണിനിരന്നത്. രാഷ്ട്രീയക്കാരെ പടിക്ക് പുറത്തു നിര്‍ത്തി അവര്‍ നടത്തിയ സമരത്തിന് ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ പിന്തുണയും ലഭിച്ചു.

തുടര്‍ന്ന് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയും കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ച് അവരുടെ അനുമതിയോടെ ജല്ലിക്കെട്ട് നടത്തുന്നതിനായി ശക്തമായ നിയമനിര്‍മ്മാണം നടത്തുകയും ചെയ്തു. അതേസമയം നിയമത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ജനങ്ങള്‍ സമരം തുടര്‍ന്നതോടെ മധുരയിലെ അളകാനെല്ലൂരില്‍ നടക്കാനിരുന്ന ജല്ലിക്കെട്ടിന്റെ ഉദ്ഘാടനം നടക്കാതെ പോകുകയും ചെയ്തു. ഉദ്ഘാടനത്തിനായി അളകാനെല്ലൂരിലെത്തിയ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന് ജനരോഷം ഭയന്ന് പിന്തിരിയേണ്ടി വന്നു. ജയലളിതയുടെ കാലത്ത് ഒരിക്കല്‍ പോലും ഇത്തരത്തിലൊരു ജനകീയ മുന്നേറ്റം ഉണ്ടായിട്ടില്ല.

ജെല്ലിക്കെട്ട് വിഷയത്തിലെ ജനരോഷം തണുപ്പിച്ചും കേന്ദ്രസര്‍ക്കാരിനെ അനുനയിപ്പിച്ച് ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നേടിയും പനീര്‍സെല്‍വം ജനപിന്തുണ നേടിയതിന് തൊട്ടുപിന്നാലെയാണ് ഫെബ്രുവരി അഞ്ചിന് അപ്രതീക്ഷിതമായി അദ്ദേഹം പദവി രാജിവച്ചത്. ഇതിന് രണ്ട് ദിവസം മുമ്പ് തന്നെ ജയലളിതയുടെ ഉപദേഷ്ടാവായിരുന്ന ഷീല ബാലകൃഷ്ണനും വിശ്വസ്തരായ മറ്റ് രണ്ട് പേരും മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തില്‍ നിന്നും രാജിവച്ചിരുന്നു. ഇതോടെ തന്നെ ശശികല മുഖ്യമന്ത്രിയാകാനുള്ള സാധ്യതകള്‍ ഉയര്‍ന്നു. മുഖ്യമന്ത്രി പനീര്‍സെല്‍വം ആണെങ്കിലും ഭരണം നടത്തുന്നത് ശശികലയുടെ മന്നാര്‍ഗുഡി ഫാമിലിയാണെന്ന് ആരോപണം ഉണ്ടായിരുന്നു. ജയലളിതയുടെ വിശ്വസ്തയായ ഷീലയെ ശശികല ഇടപെട്ട് രാജിവയ്പ്പിച്ചതാണെന്നും ഇത് ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പുറത്തു വരാതിരിക്കാനാണെന്നും ആരോപണം ഉയര്‍ന്നു. ജയലളിത മരണക്കിടക്കയില്‍ കിടക്കുമ്പോഴും അവരെ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നത് ശശികലയ്ക്കും ഷീലയ്ക്കും മാത്രമായിരുന്നു.

ശശികലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ താന്‍ രാജിവയ്ക്കുന്നുവെന്നാണ് പനീര്‍സെല്‍വം അറിയിച്ചത്. തുടര്‍ന്ന് അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി ശശികലയെ തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ തമിഴ്‌നാട് രാഷ്ട്രീയത്തെ ആടിയുലയ്ക്കുന്ന സംഭവങ്ങളാണ് നടന്നത്. വേട്ടുവേലക്കാരിയെ മുഖ്യമന്ത്രിയാക്കാനല്ല ജനങ്ങള്‍ ജയലളിതയ്ക്ക് വോട്ട് ചെയ്തതെന്ന പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിന്റെ പ്രസ്താവനയോടെയാണ് ശശികലയ്‌ക്കെതിരായ പ്രതിഷേധം പുറത്തേക്ക് വന്നത്. അധികം വൈകാതെ തന്നെ ശശികല നിര്‍ബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നെന്നും ശശികലയെയല്ല തന്നെയാണ് മുഖ്യമന്ത്രിയാക്കാന്‍ ജയലളിത ആഗ്രഹിച്ചിരുന്നതെന്നും ഒ പനീര്‍സെല്‍വം വെളിപ്പെടുത്തി. അമ്മയുടെ ആത്മാവ് പറഞ്ഞതനുസരിച്ചാണ് താന്‍ ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കൊപ്പം മുപ്പത് എംഎല്‍എമാരുണ്ടെന്നും ശശികലയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരി ഒമ്പതിന് ശശികലയുടെ സത്യപ്രതിജ്ഞയുണ്ടാകുമെന്ന് അറിയിപ്പുണ്ടായെങ്കിലും തന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ അവര്‍ക്ക് ഗവര്‍ണറെ കാണാന്‍ സാധിച്ചില്ല. മഹാരാഷ്ട്ര ഗവര്‍ണറുടെ കൂടി ചുമതലയുള്ള സി വിദ്യാസാഗര റാവു ഈസമയത്ത് മുംബൈയില്‍ ആയിരുന്നു. അതോടെ തത്വത്തില്‍ തമിഴ്‌നാട്ടില്‍ ഒരു സര്‍ക്കാരില്ല എന്ന അവസ്ഥയാണ് ഉണ്ടായത്. ഇതിനിടെ ശശികല ക്യാമ്പില്‍ നിന്നും വ്യാപകമായി കൊഴിഞ്ഞ് പോക്ക് നടക്കുന്നുണ്ടായിരുന്നു. ഇതോടെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത ശശികല 130 എംഎല്‍എമാരെക്കൊണ്ട് തനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രേഖകളില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഈ എംഎല്‍എമാരെ രണ്ട് ബസുകളിലായി അജ്ഞാത സ്ഥലങ്ങളിലേക്ക് മാറ്റിയതോടെ അക്ഷരാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയും അരാജകാവസ്ഥയും രൂപംകൊണ്ടു. എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത് മഹാബലിപുരം കൂവത്തൂരിലും സമീപത്തുമുള്ള രണ്ട് റിസോര്‍ട്ടുകളിലായാണെന്ന് പിന്നീട് വ്യക്തമായി. ഇതിനിടെ പോയസ് ഗാര്‍ഡന്‍ ജയലളിതയുടെ സ്മാരകമാക്കി മാറ്റുമെന്നും ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നുമുള്ള കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ പ്രഖ്യാപനങ്ങളും ശശികലയ്ക്ക് തിരിച്ചടിയായി. എട്ട് എംഎല്‍എമാരും 12 എംപിമാരും പനീര്‍സെല്‍വത്തിനൊപ്പമായതോടെ തുടര്‍ച്ചയായി റിസോര്‍ട്ടില്‍ സന്ദര്‍ശം നടത്തി തനിക്കുള്ള പിന്തുണ ഉറപ്പിക്കാനായി ശശികലയുടെ ശ്രമം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ ഗവര്‍ണര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് ഇന്ന് സുപ്രിംകോടതി വിധി ശശികലയ്ക്ക് എതിരായത്.

1991-96 കാലഘട്ടത്തില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിലെ വിധിയാണ് ഇന്ന് വന്നത്. ജയലളിത, ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ പ്രതികളായ കേസില്‍ ബംഗളൂരു കോടതി ഇവര്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ജയലളിതയ്ക്ക് നൂറ് കോടി രൂപയും മറ്റുള്ളവര്‍ക്ക് പത്ത് കോടി രൂപയും വീതമാണ് പിഴ വിധിച്ചത്. ഈ വിധി ഹൈക്കോടതി 2015 മെയില്‍ റദ്ദാക്കി. ഇതിനെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ അന്‍പഴകനും കര്‍ണാടക സര്‍ക്കാരും നല്‍കിയ അപ്പീലിലാണ് ഇന്ന് സുപ്രിംകോടതി വിധി പ്രഖ്യാപിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷ ശരിവച്ച സുപ്രിംകോടതി എത്രയും വേഗം പ്രതികള്‍ വിചാരണക്കോടതിയില്‍ കീഴടങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു.

കൂടാതെ പത്ത് വര്‍ഷയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും കോടതി ശശികലയെ വിലക്കിയിട്ടുമുണ്ട്. ഇതോടെ നാല് വര്‍ഷത്തെ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തുവന്നാലും അധികാരത്തിലേറാന്‍ സാധിക്കാത്ത സാഹചര്യമാണ് ശശികലയ്ക്ക് ഇപ്പോഴുള്ളത്. ഇതോടെ ഇവരുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍