UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താനൂരില്‍ കോണ്‍ഗ്രസുകാര്‍ പാലം വലിച്ചാല്‍ ഇടതു പ്രതീക്ഷകള്‍ പൂവണിയും

Avatar

(കേരള നിയമ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രചാരണവും സംവാദങ്ങളും അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. ഇടതു വലതു മുന്നണികള്‍ക്കൊപ്പം ഒരു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും നിര്‍ണ്ണായക ശക്തിയായി ബി ജെ പി മാറിക്കഴിഞ്ഞിട്ടുണ്ട്. ബിഡിജെഎസ്സിന്റെ രംഗപ്രവേശവും തെരഞ്ഞെടുപ്പ് ചിത്രത്തെ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്. അഴിമതിയും മദ്യവും വര്‍ഗീയതയുമൊക്കെ പ്രധാന ചര്‍ച്ചാ വിഷയമായി ഉയര്‍ന്നു വരുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് 25 മണ്ഡലങ്ങളിലെയെങ്കിലും പോരാട്ടം മൂന്നു മുന്നണികള്‍ക്കും നിര്‍ണായകമാണ്. തെരഞ്ഞെടുത്ത 25 മണ്ഡലങ്ങളിലെ രാഷ്ട്രീയ ഗതിവിഗതികളെ വിശകലനം ചെയ്യുകയാണ് അഴിമുഖം. തൃപ്പൂണിത്തുറ, നേമം, ഇടുക്കി, ഉദുമ, കുന്നത്തുനാട്, മഞ്ചേശ്വരം മണ്ഡലങ്ങളെക്കുറിച്ചുള്ള വിശകലനങ്ങള്‍ ഇവിടെ വായിക്കാം)

മുഹമ്മദ് സാലിഹ്

കേരളത്തിലെ തെരഞ്ഞെടുപ്പു ചരിത്രത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ മുസ്ലിം ലീഗിന്റെ കോട്ടയായി നിലകൊണ്ട മലപ്പുറം ജില്ലയിലെ തീരദേശ മണ്ഡലമായ താനൂര്‍ ഇത്തവണ മാറ്റത്തിന്റെ കാറ്റ് പ്രതീക്ഷിച്ചിരിക്കുകയാണ്. വേനല്‍ ചൂടിന്റെ കാഠിന്യത്തിനൊപ്പമാണ് ഇവിടുത്തെ പ്രചാരണ ചൂടിന്റെ ഗതി; ഒരു കുറവുമില്ല. ഇരുമുന്നണികളുടേയും സജീവമായ പ്രചാരണ പരിപാടികള്‍ കവലകള്‍ തോറും തകര്‍ത്തു മുന്നേറിക്കൊണ്ടിരിക്കുന്നു. സി എച്ച് മുഹമ്മദ് കോയ, പി സീതി ഹാജി, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ തുടങ്ങിയ മുന്‍കാല നേതാക്കളും ഇ അഹമ്മദ്, പികെ അബ്ദുറബ്ബ് തുടങ്ങി ഇപ്പോഴത്തെ പാര്‍ട്ടി മുന്‍നിര നേതാക്കളുടേയും തട്ടകമായിരുന്ന മണ്ഡലത്തിന്റെ ഇപ്പോഴത്തെ പ്രതിനിധി ലീഗിന്റെ തീപ്പൊരി നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണിയാണ്. തുടര്‍ച്ചയായി രണ്ടു തവണ താനൂരിലെ പ്രതിനിധീകരിച്ച രണ്ടത്താണി തന്നെയാണ് ഇത്തവണയും പാര്‍ട്ടിക്കു വേണ്ടി മത്സര രംഗത്തുള്ളത്.

ശക്തനായ എതിരാളിയായി മുന്‍ കെപിസിസി അംഗവും വ്യവസായിയുമായ വി അബ്ദുറഹ്മാനാണ് രംഗത്തുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ട അബ്ദുറഹ്മാന്‍ ഇത്തവണയും ഇടതുപക്ഷ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരു മുന്നൊരുക്കമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കണ്ട് അബ്ദുറഹ്മാന്‍ നടത്തിയ ചടുലമായ നീക്കങ്ങള്‍ ഇത്തവണ ഇവിടെ ഇടതുപക്ഷ പ്രതീക്ഷകളേറ്റിയിരിക്കുന്നു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുന്നതിന് മാസങ്ങള്‍ക്കു മുമ്പു തന്നെ അബ്ദുറഹ്മാന്‍ ഇവിടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഇത്തവണ ആദ്യമായി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയ പാര്‍ട്ടി മുസ്ലിം ലീഗ് ആയിരുന്നു. എന്നാല്‍ ലീഗ് അബ്ദുറഹ്മാന്‍ രണ്ടത്താണിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴേക്കും വി അബ്ദുറഹ്മാന്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണ രംഗത്ത് വളരെ മുന്നിലെത്തിയിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. രശ്മില്‍നാഥ് ആണ് താനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ജില്ലയില്‍ ബിജെപിക്ക് ശക്തമായ സാന്നിധ്യമുള്ള താനൂരില്‍ ബിജെപി നേടുന്ന വോട്ടുകളും ഇരുമുന്നണികള്‍ക്കും നിര്‍ണ്ണായകമാകും.

പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ എല്‍ഡിഎഫ് വെല്ലുവിളികളെ പുച്ഛിച്ച് തള്ളുന്ന മുസ്ലിം ലീഗിന് ഇത്തവണയും തങ്ങള്‍ മികച്ച ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഭൂരിപക്ഷം കൂടുകയല്ലാതെ ഒരിക്കലും കുറയുകയില്ലെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. വി അബ്ദുറഹ്മാന്‍ തങ്ങള്‍ക്കൊരു ഭീഷണിയെ അല്ലെന്നാണ് രണ്ടത്താണി പറയുന്നത്. താനൂര്‍ കൂടി ഉള്‍പ്പെടുന്ന പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ ലീഗിലെ ഇ ടി മുഹമ്മദ് ബഷീറിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച വി അബ്ദുറഹ്മാന്‍ താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ 2011-ല്‍ രണ്ടത്താണി നേടിയ 9433 വോട്ടുകളുടെ ഭൂരിപക്ഷം 6220 ആയി കുറച്ചിരുന്നു. മാത്രവുമല്ല കഴിഞ്ഞ നവംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോണ്‍ഗ്രസ്- മുസ്ലിം ലീഗ് ഭിന്നിപ്പില്‍ നിന്ന് അത്യാവശ്യം മുതലെടുപ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. മലപ്പുറത്തെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ തവണ ഇവിടെ ലീഗിന് ഭൂരിപക്ഷം കുറവായിരുന്നു.

ഈ നിത്യഹരിത കോട്ടയിലെ ഇടതുപക്ഷത്തിന്റെ മറ്റൊരു പ്രതീക്ഷ കോണ്‍ഗ്രസിലാണ്. ജില്ലയിലെ ലീഗിന്റെ ആധിപത്യത്തില്‍ അമര്‍ഷമുള്ള കോണ്‍ഗ്രസുകാര്‍ ഏറെയുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ താനൂര്‍ മണ്ഡലം ഉള്‍പ്പെടെ പലയിടങ്ങളിലും യുഡിഎഫ് സംവിധാനം പാടെ തകര്‍ന്നതിനു കാരണം ഇതായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കപ്പുറത്തേക്ക് അമര്‍ഷം വോട്ടിലൂടെ പ്രകടിപ്പിക്കാന്‍ പലപ്പോഴും ഇവര്‍ക്ക് അവസരം ലഭിക്കാറില്ല. ഇത്തവണ അതിനുള്ള അവസരം കൂടിയാണ് ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് കൈവന്നിരിക്കുന്നത്. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലിറങ്ങുകയും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, ഐ.എന്‍.ടി.യു.സി യുവജന വിഭാഗം സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിക്കുകയും ചെയ്തിട്ടുള്ള മുന്‍ കെപിസിസി അംഗം കൂടിയായ വി അബ്ദുറഹ്മാനെ പിന്തുണക്കുന്നതില്‍ ഇവര്‍ക്ക് വലിയ സങ്കോചമുണ്ടാകാനിടയില്ല. മാത്രമല്ല താനൂര്‍, തിരൂരങ്ങാടി, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന മുന്‍ കോണ്‍ഗ്രസുകാരെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് സംരക്ഷണ സമിതി എന്ന പേരില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ തന്നെ പരസ്യമായി രംഗത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. താനൂര്‍ മണ്ഡലത്തില്‍ പലയിടത്തും കോണ്‍ഗ്രസിനെ പിളര്‍ത്തിയതില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പങ്ക് വ്യക്തമാണെന്നും ഇവര്‍ ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ തോറ്റ ലീഗുകാരെയടക്കം എല്ലാ കോണ്‍ഗ്രസുകാരേയും പ്രത്യേകം വി അബ്ദുറഹ്മാന്‍ ക്യാന്‍വാസ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് വോട്ടുകളിലെ വലിയൊരു ശതമാനം തങ്ങള്‍ക്കനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം.

തങ്ങളുടെ ഉറച്ച കോട്ടയാണെങ്കിലും വി അബ്ദുറഹ്മാന്റെ രംഗപ്രവേശത്തോടെ ലീഗ് ക്യാമ്പില്‍ ആശങ്ക പടര്‍ന്നിട്ടുണ്ട്. ഇരു മുന്നണികള്‍ക്കും വേണ്ടി ഇഞ്ചോടിഞ്ച് പോരാടുന്ന അബ്ദുറഹ്മാന്‍മാരുടെ വാശിയേറിയ പ്രചാരണങ്ങള്‍ ഇവിടെ കയ്യാങ്കളിക്കും ഇടയാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യുഡിഎഫിന്റെ പ്രചാരണ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യാനെത്തിയ ദിവസം തന്നെ വി അബ്ദുറഹ്മാനെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയുണ്ടായി. ഈ ആക്രമണത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും അദ്ദേഹത്തിന്റെതടക്കം രണ്ടു വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. മുറിവേറ്റ കൈയുമായാണ് പിന്നീട് ഒരാഴ്ചക്കാലം അബ്ദുറഹ്മാന്‍ പ്രാചരണത്തിനിറങ്ങിയത്. അബ്ദുറഹ്മാന് ലഭിച്ച സ്വീകാര്യതയില്‍ വിറളി പൂണ്ടാണ് മുസ്ലിം ലീഗ് ആക്രമണങ്ങള്‍ക്ക് മുതിരുന്നതെന്ന് സിപിഎം ആരോപിക്കുന്നു. ഇടതു ക്യാമ്പിന് ആവേശം പകര്‍ന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും താനൂരില്‍ പ്രചാരണത്തിനെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം ലീഗിനെതിരായാല്‍ അത് പാര്‍ട്ടിയുടെ മര്‍മ്മത്തിലേല്‍ക്കുന്ന പ്രഹരം തന്നെയായിരിക്കും. 2006-ലേതിനു സമാനമായ സാഹചര്യമാണ് ജില്ലയിലുള്ളതെന്നാണ് സിപിഎം വിലയിരുത്തല്‍. ചുരുങ്ങിയ പക്ഷം താനൂരിന്റെ കാര്യത്തിലെങ്കിലും അങ്ങനെയായിരിക്കും. 2006-ല്‍ കെടി ജലീല്‍ എന്ന മുന്‍ ലീഗുകാരനില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടിക്കുണ്ടായ അനുഭവം അദ്ദേഹത്തിന്റെ ശിഷ്യനായ അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് ഒരു മുന്‍ കോണ്‍ഗ്രസുകാരനില്‍ നിന്ന് അനുഭവിക്കേണ്ടി വരുമോ എന്ന് കാത്തിരുന്ന് കാണാം.

താനൂര്‍ മുനിസിപ്പാലിറ്റിയും ചെറിയമുണ്ടം, നിറമരുതൂര്‍, ഒഴൂര്‍, പൊന്മുണ്ടം, താനാളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് താനൂര്‍ നിയമസഭാ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സംവിധാനം നിലവിലുണ്ടായിരുന്നില്ല. ലീഗും കോണ്‍ഗ്രസും തനിച്ചാണ് മത്സരിച്ചത്. പുതുതായി രൂപംകൊണ്ട താനൂര്‍ നഗരസഭയിലും ചെറിയമുണ്ടം, പൊന്‍മുണ്ടം പഞ്ചായത്തുകളിലും ലീഗ് തനിച്ചാണ് ഭരിക്കുന്നത്. താനാളൂരിലും നിറമരുതൂരിലും ഇടതു പക്ഷം ഭരിക്കുന്നു. ഒഴുര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മാണ് ഭരിക്കുന്നത്. മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയായ ബിജെപി 10 കൗണ്‍സിലറുമാരുമായി താനൂര്‍ നഗരസഭയില്‍ മുഖ്യപ്രതിപക്ഷമാണ്. ഇവിടെ സിപിഎമ്മിന് രണ്ട് കൗണ്‍സിലര്‍മാരേയുളളൂ. ഏറ്റവും പുതിയ വോട്ടര്‍ പട്ടിക പ്രകാരം താനൂരിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 176025 (സ്ത്രീകള്‍-89856, പുരുഷന്‍മാര്‍-85169).

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍