UPDATES

സിനിമ

നീന അല്ല കുസും

Avatar

അഖിൽ ഗിരിജ അനിൽ രാധാകൃഷ്ണൻ

ഓരോ സിനിമയും ഓരോ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. അങ്ങനെ  നോക്കുമ്പോൾ ആനന്ദ് എൽ റായിയുടെ  ‘തനു വെഡ്സ് മനു റിട്ടേണ്‍സ്’ നമ്മുടെ മുഖ്യധാര സമൂഹത്തോട് ചേര്‍ന്നു നിൽക്കുന്ന ഒന്ന് തന്നെ. എന്നിട്ടും ഈ ചിത്രം അതിന്റെ സ്വത്വത്തെ അടയാളപ്പെടുത്തുന്നത്‌ അതിലെ വേറിട്ട പാത്ര സൃഷ്ടിയിലൂടെയാണ്. സമീപകാലത്തിറങ്ങിയ മലയാളത്തിലെ ഒരു ‘സ്ത്രീപക്ഷ ‘ ചിത്രം നോക്കുമ്പോൾ ‘തനു വെഡ്സ് മനു റിട്ടേണ്‍സ്’ ചില കാര്യങ്ങൾ തിരുത്തുന്നു.

തീർച്ചയായിട്ടും ഇതൊരു സ്ത്രീപക്ഷ സിനിമ ഒന്നുമല്ല. പക്ഷെ ഇതു കങ്കണയുടെ സിനിമയാണ്, അതിലുപരി തനുവിന്റെയും കുസുമിന്റെയും സിനിമയാണ്. കങ്കണ തൻറെ ചലച്ചിത്ര ജീവിതത്തിൽ വിദ്യയെ പോലെയോ പ്രിയങ്കയെ പോലെയോ ശക്തമായ  ഫെമിനിസ്റ്റ് കഥാപാത്രങ്ങൾ (എന്റെ ഓർമയിൽ ഫാഷന്‍ ഒഴിച്ച് ) ചെയ്തിട്ടില്ലെങ്കിലും ക്യൂനും റിവോള്‍വര്‍ റാണിയും തനു വെഡ്സ് മനുവുമൊക്കെ ആ അഭിനേത്രിയെ നന്നായി ഉപയോഗിച്ച ചിത്രങ്ങളാണ്. പോരാത്തതിനു വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ സൃഷ്ടിച്ചവയും. ഈ ചിത്രം ഒരു സീക്വല്‍ ആണ്. ചിത്രത്തിലെ നായകൻ എത്തിപ്പെടുന്ന അവസ്ഥയും അതിനോട് നായികയുടെ പ്രതികരണവും ആയി ചിത്രം കാണാം. പോരാത്തതിനു പറഞ്ഞു പഴകിയ ഒരു സ്റ്റോറി ട്രാക്കും. എന്നാലും നീനയെ സദ്ഗുണ സമ്പന്നയാക്കിയ പോലെ തനുവിനെ ചിത്രം ആക്കുന്നില്ല എന്നിടത്താണ് ഇതിന്റെ പ്രസക്തി. തനു -മനു ദമ്പതികൾ രണ്ടു വ്യതസ്ത സ്വഭാവക്കാരാകുമ്പോഴും കുസുമില്‍ മനു ആകൃഷ്ടനാകുമ്പോഴും രണ്ടു പേരുടെ വ്യക്തിത്വത്തിനും ഒന്നും സംഭവിക്കുന്നില്ല. പോരാത്തതിനു മനു അയാളുടെ തെറ്റുകൾ  സ്വയം മനസ്സിലാക്കുകയും തനുവിനെ ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്.

ഇവിടെയാണ് തനു നളിനിയിൽ നിന്ന് എത്ര വ്യത്യസ്ത ആണെന്ന് മനസിലാകുക. നളിനി ശരാശരി മലയാളിയുടെ പൊതുബോധ നിർമിതി ആണെങ്കിൽ തനു ഇതിനെ എതിര്‍ക്കുന്നവരുടെ പ്രതിനിധിയാണ്. കുസും പോലും പുരുഷകേന്ദ്രീകൃത സമൂഹത്തിൻറെ നടപ്പുരീതികളെ എതിർക്കുന്നു. അതോടൊപ്പം  അവൾക്കു സഹോദരന്റെ പിന്തുണയും ഉണ്ട്. ഒന്നോർക്കുക കുസും ഒരു ഹരിയാനക്കാരി ആണ്. (ദുരഭിമാനഹത്യയ്ക്ക് കുപ്രസിദ്ധി ആർജിച്ച ഈ സംസ്ഥാനത്ത് നിന്ന് ഇങ്ങനെ രണ്ടു കഥാപാത്രങ്ങൾ തീർച്ചയായിട്ടും ക്ലീഷെയെ അപനിർമിക്കുന്നവ തന്നെ ). അതിനോടൊപ്പം തന്നെ പ്രസക്തമാണ്‌ തനുവിന്റെ കൂട്ടുകാരി പായലിന്റെ (സ്വര ഭാസ്കർ ) പ്രശ്നങ്ങളും അവയുടെ പരിഹാരവും .

ആദ്യം പറഞ്ഞ പോലെ ഇതു ഒരു സ്ത്രീപക്ഷ സിനിമയോ ഹിന്ദിയിലെ മികച്ച ചിത്രമോ അല്ല. ഒരു സ്ഥിരം പ്രണയകഥ ചില പുതുമകളോടെ അവതരിപ്പിക്കുന്നു എന്നു മാത്രം. ഈ സിനിമയിലെ കഥാപാത്രനിർമിതി തന്നെയാണ് ആകര്‍ഷക ഘടകം. നീനയെയും നളിനിയെയും ആഘോഷിക്കുന്നവർ ഇതും കാണാൻ ശ്രമിക്കുക. കൂടാതെ മാധവൻ, സ്വര ഭാസ്കർ , ജിമ്മി ഷെർഗിൽ  തുടങ്ങിയ ഒരു കൂട്ടം അഭിനേതാകളുടെ മികച്ച അഭിനയവും. എന്തായാലും വിദ്യ ബാലൻ ഒഴിഞ്ഞ കസേരയിലേക്ക് ഒരു പുതിയ അവകാശി വന്നിരിക്കുന്നു – കങ്കണ റണൌട്.

വാൽകഷണം : അടുത്തിറങ്ങിയ ചിത്രങ്ങൾ വിജയിച്ചതുകൊണ്ട് ദീപിക പദുക്കോണും കങ്കണ റണൌട്ടും  പ്രതിഫലം കൂട്ടി എന്നു വായിച്ചു. അത് യുവതാരങ്ങൾക്ക് ഭീഷണി ആയേക്കുമെന്നും. എന്തായാലും സിനിമ ലോകവും വൈകാതെ തുല്യ പ്രതിഫലം നടപ്പാക്കുമെന്ന് കരുതാം. 

(ഹൈദരാബാദ് സർവകലാശാലയിലെ ചരിത്ര വിദ്യാര്‍ഥിയാണ് ലേഖകന്‍)

നീനയെ ക്കുറിച്ച്  അഴിമുഖം പ്രസിദ്ധീകരിച്ച  റിവ്യൂകള്‍

നീ-ന; ഒരു ബാര്‍ നിരോധനകാല മണിച്ചിത്രത്താഴ്
ഈ കുലകന്യകയെ ഒന്നു വിട്ടുപിടിച്ചൂടെ?
നീ-നയും നീനയും; ഇത് വെറും കള്ളും പുകയുമല്ല

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍