UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വെളുത്ത’ ആള്‍ക്കൂട്ടത്തിന്റെ നീതി നടപ്പാക്കല്‍; നാണംകെട്ട നാം എന്ന ജനത

Avatar

ടീം അഴിമുഖം/എഡിറ്റോറിയല്‍

നഗ്നയാക്കി മര്‍ദിക്കുകയും കാര്‍ കത്തിക്കുകയും ചെയ്ത ജനക്കൂട്ടത്തിനെതിരെ പരാതി നല്‍കാന്‍ ബംഗളൂരുവിലെ (ഇന്ത്യയുടെ സിലിക്കണ്‍ വാലി)യിലെ പൊലീസ് സ്റ്റേഷനിലെത്തിയ ടാന്‍സാനിയന്‍ യുവതിയോട് പരാതി സ്വീകരിക്കാനാകില്ലെന്ന് പറയുന്നത് നമ്മുടെ പുറംപൂച്ച് അഴിഞ്ഞുവീഴുന്ന സമയങ്ങളിലൊന്നാണ്. അല്‍പം കൂടി കടന്ന്, അവര്‍ക്കു നേരെയുണ്ടായ അക്രമത്തെ ന്യായീകരിക്കാനും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് തയാറായി.

ഒരാളുടെ മരണത്തിനു കാരണമായ അപകടമുണ്ടാക്കിയ സുഡാന്‍കാരനോടുള്ള ദേഷ്യമാണ് മുന്നില്‍ വന്നുപെട്ട യുവതിയോടും കൂട്ടുകാരോടും ജനക്കൂട്ടം തീര്‍ത്തത്. സുഡാനും ടാന്‍സാനിയയും ഒന്നല്ലെന്നു ചിന്തിക്കാനുള്ള വിവേകം ജനക്കൂട്ടത്തിനുണ്ടാകില്ലെന്നതു യാഥാര്‍ത്ഥ്യം. അക്രമത്തിനുള്ള ത്വര നിയന്ത്രിക്കാനും ജനക്കൂട്ടത്തിനായില്ല.

അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവറെപ്പറ്റിയുള്ള വിവരങ്ങള്‍ തന്നാലേ യുവതിയുടെ പരാതി സ്വീകരിക്കാനാകൂ എന്നായിരുന്നു പൊലീസ് സ്റ്റേഷനില്‍ ഓഫിസര്‍മാരുടെ നിലപാട്.

ബംഗളൂരുവിലെ ഓള്‍ ആഫ്രിക്കന്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നിയമോപദേശകന്‍ വോസ്‌കോ കവീസി ഹതാശനാണ്. ‘അക്രമത്തിനിരയായ വനിത ടാന്‍സാനിയക്കാരിയാണ്. അപകടമുണ്ടാക്കിയ ഡ്രൈവര്‍ സുഡാന്‍കാരനും. ഇരുവര്‍ക്കും പരസ്പരം പരിചയം പോലുമില്ല.’

കറുത്ത ശരീരങ്ങളെ അറപ്പോടെ കാണുന്ന ഇന്ത്യയിലാണ് നിങ്ങളുള്ളത്
ബംഗലുരുവില്‍ ടാന്‍സാനിയന്‍ യുവതിയെ വസ്ത്രമുരിഞ്ഞ്‌ റോഡിലൂടെ നടത്തിച്ചു

ജനക്കൂട്ടത്തിന്റെ നീതി നടപ്പാക്കല്‍ ഇന്ത്യന്‍ സമൂഹത്തിന്റെ വഴിപിഴച്ച രീതിയാണ്. സാധാരണ ഇത് ജാതി, മതം എന്നിവയുമായി ബന്ധപ്പെട്ടാണ് കാണുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ വംശീയത നോക്കി തിരിച്ചറിയല്‍ നടത്തിയതാണ് കുഴപ്പമുണ്ടാക്കിയത്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ധാരാളം ആഫ്രിക്കക്കാര്‍ ഇന്ത്യയിലെത്തിത്തുടങ്ങിയതോടെ ഇത്തരം വംശീയ ആക്രമണങ്ങള്‍ സാധാരണമാകുകയാണ്.

2013ല്‍ ഗോവയില്‍ നൈജീരിയന്‍ വംശജര്‍ ആക്രമിക്കപ്പെട്ടു. അവര്‍ സമൂഹത്തിലെ ക്യാന്‍സറാണ് എന്നായിരുന്നു സംസ്ഥാന മന്ത്രി ദയാനന്ദ് മന്‍ഡ്രേക്കറുടെ പ്രതികരണം. നൈജീരിയയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇതേ അനുഭവമുണ്ടാകുമെന്ന് നൈജീരിയന്‍ നയതന്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നതുവരെ എത്തി അന്ന് കാര്യങ്ങള്‍.

2014ല്‍ ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ രണ്ട് ആഫ്രിക്കക്കാര്‍ ആക്രമിക്കപ്പെട്ടു. ഒരു പൊലീസ് ബൂത്തിനുള്ളില്‍ ഭയന്നുവിറയ്ക്കുന്ന രണ്ടു മനുഷ്യര്‍. ചുറ്റും ആക്രമിക്കാനൊരുങ്ങി ജനക്കൂട്ടം. ക്യാമറയില്‍ പതിഞ്ഞ ആ സംഭവം വംശീയ ആക്രമണത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യമായി.

ഡല്‍ഹിയില്‍ നിയമ മന്ത്രിയായിരുന്ന സോംനാഥ് ഭാരതി ആഫ്രിക്കക്കാര്‍ക്കെതിരെ നടത്തിയ വിജിലാന്റിസവും വംശവിരോധത്തിന്റെ അംശം കലര്‍ന്നതായിരുന്നു.

തൊലിയുടെ നിറം നോക്കിയുള്ള അന്യാഭിപ്രായവിരോധത്തിന്റെ വര്‍ണാഭമായ ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. വെളുത്ത നിറത്തോട് നമുക്കുള്ള ഭ്രമം കണക്കാക്കിയാല്‍ ഇന്ത്യക്കാരെല്ലാം വംശവിദ്വേഷികളാണെന്നു കാണാം. ഇന്ത്യക്കാരെ വെളുപ്പിക്കാനായി വന്‍കിട കോസ്‌മെറ്റിക്‌സ് വ്യവസായം തന്നെ പ്രവര്‍ത്തിക്കുന്നു. വെളുത്ത തൊലിയോടുള്ള വിധേയത്വം നിറഞ്ഞ ഒരു ജനത. 

ഭാഷയിലും പോപ്പ് സംസ്‌കാരത്തിലും ഇത് പ്രകടമാണ്. ഇന്നും ജനപ്രിയമായി തുടരുന്ന ഒരു ഹിന്ദി സിനിമാഗാനം പറയുന്നത് ‘കറുത്തവനാണെങ്കിലും ഞാന്‍ ഹൃദയത്തില്‍ നല്ലവനാണെ’ന്നാണ്. ഹിന്ദി, പഞ്ചാബി തുടങ്ങിയവയില്‍ കറുത്തവര്‍ക്കായി പ്രത്യേക വാക്കുണ്ട്: ഹബ്ഷി. കറുത്ത മുത്തുകളെപ്പറ്റി എത്ര വാഴ്ത്തിയാലും മലയാളിയുടെ വിവാഹപരസ്യങ്ങള്‍ തേടുന്നതും വെളുത്ത വധുവിനെത്തന്നെ.

എന്നാല്‍ നാം ഇത്തരം സന്ദര്‍ഭങ്ങളില്‍പ്പെടുമ്പോള്‍ ഓസ്‌ട്രേലിയക്കാര്‍ മുതല്‍ അമേരിക്കക്കാര്‍ വരെയുള്ളവര്‍ക്കെതിരെ നാം അസഹിഷ്ണുത ചൂണ്ടിക്കാട്ടി വിരലുയര്‍ത്തുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ മത അസഹിഷ്ണുതയ്‌ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെയെല്ലാം കൂവിത്തോല്‍പിക്കാനായിരുന്നു മറ്റുള്ളവരുടെ ശ്രമം. എന്നാല്‍ പ്രശ്‌നങ്ങള്‍ മൂടിവയ്ക്കുന്നത് മിക്കപ്പോഴും അവ കൂടുതല്‍ വഷളാക്കും.

മതഭ്രാന്തിന്റെയും അന്യാഭിപ്രായ വിരോധത്തിന്റെയും പലതരം ദൃഷ്ടാന്തങ്ങള്‍ ഇപ്പോള്‍ത്തന്നെ നമുക്കുണ്ട്. അതിനൊപ്പം വംശവിദ്വേഷം കൂടി ചേര്‍ന്നാല്‍ പേടിപ്പെടുത്തുന്നൊരു സാഹചര്യമാകും സൃഷ്ടിക്കുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍