UPDATES

യാത്ര

ജിഎസ്ടി: കേരളത്തിന്റെ വിനോദസഞ്ചാര സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) വിനോദസഞ്ചാര മേഖലയ്ക്ക് ഏറ്റവും ഉയര്‍ന്ന നികുതി നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നതില്‍ ഞെട്ടിയിരിക്കുകയാണ് കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായം

ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) വിനോദസഞ്ചാര മേഖലയ്ക്ക് ഏറ്റവും ഉയര്‍ന്ന നികുതി നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നതില്‍ ഞെട്ടിയിരിക്കുകയാണ് ഉയര്‍ന്ന മൂല്യം കല്‍പ്പിക്കപ്പെടുന്ന കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായം. ഒരു രാത്രിക്ക് 2,500 മുതല്‍ 5,000 രൂപവരെ വാടക ഈടാക്കുന്ന ഹോട്ടലുകള്‍ക്ക് 18 ശതമാനവും 5,000 രൂപയോ അതിന് മുകളിലോ ഈടാക്കുന്നവയ്ക്ക് 28 ശതനമാവും നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് കേരളത്തിലെ വിനോദസഞ്ചാര വ്യവസായത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ റസ്‌റ്റോറന്റുകള്‍ക്കും ഇതേ നിരക്കില്‍ നികുതി നല്‍കേണ്ടി വരും. മദ്യവില്‍പനയ്ക്ക് ലൈസന്‍സുള്ള ഭക്ഷണശാലകള്‍ക്കും എയര്‍കണ്ടീഷന്‍ ഉള്ള സ്ഥാപനങ്ങള്‍ക്കും 18 ശതമാനം നികുതിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എയര്‍കണ്ടീഷന്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് 12 ശതമാനം നികുതിയാണ് ഈടാക്കുക. 50 ലക്ഷത്തില്‍ കുറവ് വാര്‍ഷീക വരുമാനമുള്ള ഹോട്ടലുകള്‍ അഞ്ച് ശതമാനം നികുതി മാത്രം നല്‍കിയാല്‍ മതിയാകും.

വിനോദസഞ്ചാരം മുന്‍ഗണ മേഖലകളില്‍ ഒന്നാണെന്ന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരാണ് ഇത്തരത്തില്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലവസരങ്ങളും വരുമാനവും വര്‍ദ്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കനത്ത തിരിച്ചടിയാകും ഈ നികുതി നിര്‍ദ്ദേശങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. ലോകനിലവാരത്തില്‍ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുന്നതാണ് മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് വഴിവെച്ചത്. ഇപ്പോള്‍ ഇന്ത്യയിലെ ഹോട്ടലുകളും റസ്‌റ്റോറന്റുകളും ലോകത്തിലെ ഓണ്‍ലൈന്‍ അഭിപ്രായസര്‍വെകളിലും റേറ്റിംഗുകളിലും ഉയര്‍ന്ന സ്ഥാനമാണ് അലങ്കരിക്കുന്നത്.

പാചക, അതിഥിസല്‍ക്കാര മേഖലയില്‍ വലിയൊരു കുതിച്ചു ചാട്ടത്തിന് വ്യവസായം തയ്യാറെടുക്കുന്നതിനിടയിലാണ് കഴിഞ്ഞ വര്‍ഷം ലഭിച്ച കുതിപ്പിന് തടയിടുന്ന തരത്തിലുള്ള പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ വന്നിരിക്കുന്നത്. വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ തയ്യാറെടുക്കുകയാണ് നമ്മുടെ അയല്‍രാജ്യങ്ങള്‍ എന്നതും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു. നികുതി നിരക്കിലുള്ള വലിയ കുറവാണ് ദക്ഷിണ, ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനകാരണം. നാല് മുതല്‍ ഏഴ് ശതമാനം വരെയാണ് ഇവിടങ്ങളിലെ ശരാശരി നികുതി നിരക്ക്. കേരളത്തിലെ ഒരു റിസോര്‍ട്ടിലേതിനേക്കാള്‍ ചിലവ് കുറവുള്ള ദുബായിലേക്കും ബാലിയിലേക്കും ബാങ്കോക്കിലേക്കും ഇന്ത്യന്‍ വിദേശസഞ്ചാരികളും ആകര്‍ഷിക്കപ്പെടുന്നുണ്ട് എന്നത് അത്ര വലിയ രഹസ്യമല്ല തന്നെ.

മികച്ച അനുഭവങ്ങളും താങ്ങാനാവുന്നതും എന്നാല്‍ ആഡംബരപൂര്‍ണവുമായ താമസവും പ്രദാനം ചെയ്തുകൊണ്ട് ഇന്ത്യയെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള സുവര്‍ണാവസരമാണ് പുതിയ നികുതി നിര്‍ദ്ദേശത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഇത്തരം സ്ലാബുകള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം നിശ്ചിത അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ മേഖലയിലെ മറ്റ് രാജ്യങ്ങളെ പോലെ ഇന്ത്യയ്ക്കും സാധിക്കും. ഇത്തരം സ്ലാബുകള്‍ ഏര്‍പ്പെടുത്തുന്നത് മൂലം ചിലവ് കുറഞ്ഞ സ്ഥലങ്ങളിലേക്ക് താമസം മാറ്റുന്നതിനോ അല്ലെങ്കില്‍ ഇവിടുത്ത താമസകാലാവധി വെട്ടിക്കുറയ്ക്കുന്നതിനോ വിദേശവിനോദസഞ്ചാരികള്‍ നിര്‍ബന്ധിതരാവും. അല്ലാത്തപക്ഷം അവര്‍ ഇന്ത്യ തന്നെ വിട്ടുപോവുകയും ചെയ്യും. അതോടെ എയര്‍കണ്ടീഷനറുകളും ബാറുകളും മറ്റ് സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുന്നതിന് സ്ഥാപനങ്ങളും നിര്‍ബന്ധിതമാകും. നികുതി വെട്ടിപ്പിനുള്ള മറ്റ് മാര്‍ഗ്ഗങ്ങളും അവര്‍ കണ്ടെത്തും.

ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന് കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന പദ്ധതിയുടെ പതാകവാഹകരാണ് ഹോട്ടലുകളും റസ്‌റ്റോറന്റുകളും എന്ന് കേന്ദസര്‍ക്കാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ഉദാഹരണം എടുത്താല്‍ മൂന്നാര്‍, തേക്കടി, ബേക്കല്‍ തുടങ്ങി കേരളത്തിലെ അതിമനോഹര സഞ്ചാരകേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ എത്തുന്നത് താങ്ങാവുന്ന നിലയില്‍ ഇവിടങ്ങളിലൊക്കെ ജീവിക്കാം എന്നത് കൊണ്ടുകൂടിയാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ദൃശ്യങ്ങളും ഭക്ഷണവും സംസ്‌കാരവും അടക്കം വിനോദസഞ്ചാരികള്‍ക്ക് ലഭ്യമാക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ നികുതി നിരക്കുകള്‍ കുത്തനെ കൂട്ടി അവരെ ആട്ടിയോടിക്കുകയല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍