UPDATES

റോമിയോ സ്ക്വാഡ് എന്ന ഉത്തര്‍പ്രദേശ് അസംബന്ധം

മധ്യകാല അടിച്ചമര്‍ത്തലിന്റെ തടവറയിലേക്ക് യുവത്വത്തെ നയിക്കുമ്പോള്‍

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കാര്യം വരുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ രീതികള്‍ വിചിത്രമായി തോന്നും. ‘പൂവാലവിരുദ്ധ സംഘങ്ങള്‍’ രൂപീകരിക്കും എന്നായിരുന്നു ഉത്തര്‍പ്രദേശില്‍ ബിജെപി നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന്. പൂവാലശല്യം കുറയ്ക്കാനും സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നും. എന്നാല്‍ കൈയടി നേടാന്‍ ഉദ്ദേശിച്ചുള്ള ഈ നടപടിയുടെ പിന്നിലെ വിറങ്ങലിച്ച യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒന്നിച്ച് സിനിമയ്ക്ക് പോകുന്നതിന് വേണ്ടി കൂട്ടുകാരെ സന്ധിക്കുന്നതിനായി ലക്‌നൗവില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഒരു ചെറുപ്പക്കാരനെയും ചെറുപ്പക്കാരിയെയും പോലീസ് തടഞ്ഞുനിറുത്തി ചോദ്യം ചെയ്തു. വനിത പോലീസുകാരുടെ ചോദ്യം ചെയ്യലിന് ശേഷം ആ ചെറുപ്പക്കാരിയെ ‘ധാര്‍മ്മിക പാഠങ്ങള്‍ പഠിപ്പിച്ച’ ശേഷം വിട്ടയച്ചു. ചെറുപ്പക്കാരനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും വീണ്ടും ചോദ്യം ചെയ്യുകയും മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു.

അങ്ങനെ, സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ എന്ന് അവകാശപ്പെടുന്ന പോലീസ് അതിക്രമത്തിന് ശേഷം, ഒരു സ്ത്രീക്ക് മാനസിക ആഘാതം ഏല്‍പ്പിക്കുന്ന രീതിയില്‍ അവര്‍ തടഞ്ഞുവെക്കപ്പെടുകയും അവരുടെ സുഹൃത്ത് അപമാനിക്കപ്പെടുകയും മാത്രമാണ് സംഭവിച്ചിരിക്കുന്നത്. രണ്ട് പേരെയും തടയാനുള്ള നിയമപരമായ അധികാരങ്ങളൊന്നും ‘പൂവാലവിരുദ്ധ സംഘത്തിന്’ ഇല്ല എന്ന് പോലീസുകാര്‍ തന്നെ സമ്മതിക്കുകയും ചെയ്യുന്നു. പീഡകരും സുഹൃത്തുക്കളും തമ്മിലുള്ള വ്യത്യാസം പോലീസുകാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കാതിരിക്കുന്നിടത്തോളം, പൊതുഇടങ്ങളില്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് അപമാനവും ഭീഷണിയും അക്രമവും സംഭാവന ചെയ്യാന്‍ മാത്രമേ അവര്‍ക്ക് സാധിക്കുകയുള്ളു.

ഇന്ത്യയില്‍ എമ്പാടും ലിംഗ അസമത്വത്തിന്റെ മതിലുകള്‍ ഇടിഞ്ഞു വീഴുന്ന ഇക്കാലത്ത്, ഇത്തരം തെമ്മാടിത്തരങ്ങള്‍ കടന്നകൈയാണ് എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. പുരുഷസഹപ്രവര്‍ത്തകര്‍, കാമുകര്‍, ആണ്‍ സുഹൃത്തുക്കള്‍ എന്നിവരോടൊപ്പം സ്‌കൂളുകളിലും കോളേജുകളിലും തൊഴിലിടങ്ങളിലും വിനോദ കേന്ദ്രങ്ങളിലും എത്തുന്ന യുവതികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഈ സുഹൃത്തുക്കളെയൊക്കെ തടഞ്ഞുവെക്കാന്‍ പോലീസ് ശ്രമിച്ചാല്‍, പൊതുവിടങ്ങളില്‍ ഇരുള്‍ വീഴ്ത്താന്‍ മാത്രമേ അത് ഉപകരിക്കൂ. തങ്ങള്‍ക്ക് ഇഷ്ടമുള്ള പുരുഷന്മാരോടൊപ്പം പുറത്തിറങ്ങുന്നത് സുരക്ഷിതമല്ല എന്ന തോന്നല്‍ ഉണ്ടാക്കാനും കുടുംബങ്ങള്‍ അനാവശ്യ നിയന്ത്രണങ്ങള്‍ക്ക് വിധേയരാവാനും വ്യത്യസ്ത ലിംഗത്തിലുള്ള കണ്ടുമുട്ടുന്നതിനെ കുറിച്ച് തെറ്റായ ധാരണകള്‍ കുത്തിവെക്കപ്പെടാനും മാത്രമേ ഇത് സ്ത്രീകളെ സഹായിക്കൂ. മാത്രമല്ല, മധ്യകാല അടിച്ചമര്‍ത്തലിന്റെ തടവറയിലേക്ക് ഇത് നമ്മുടെ യുവത്വത്തെ നയിക്കുകയും ചെയ്യും.

’35 വയസില്‍ താഴെയുള്ളവരുടെ സ്വപ്‌നങ്ങള്‍’ സാക്ഷാത്കരിക്കപ്പെടുന്ന ‘പുതിയ ഇന്ത്യ’യെ കുറിച്ച് യുപി തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമര്‍ശിച്ചത് ഇതാണോ? യുപിയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി അധികാരത്തിലേറിയ ശേഷം അവിടുത്തെ യുവജനങ്ങളുടെ പേടിസ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു എന്ന് വേണം കരുതാന്‍. യുവജനങ്ങള്‍ക്കായുള്ള കടകളില്‍ നിന്നും പരിശീലന കേന്ദ്രങ്ങളില്‍ നിന്നുമൊക്കെ അവരെ ഭയപ്പെടുത്തി ആട്ടിയോടിക്കുന്നു. മിശ്രവിവാഹങ്ങള്‍ മതപരിവര്‍ത്തനത്തിനുള്ള ഗൂഢാലോചനയാണെന്ന് യുപിയുടെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പരാമര്‍ശച്ചിതിനെ തുടര്‍ന്ന് ‘ലൗ ജിഹാദ്’ കോലാഹലങ്ങള്‍ക്ക് ആ സംസ്ഥാനം മുമ്പ് സാക്ഷ്യം വഹിച്ചിരുന്നു. പിന്നീട് ന്യൂനപക്ഷങ്ങളെയാണ് ആക്രമണോത്സുകത ലക്ഷ്യമിട്ടിരുന്നതെങ്കില്‍, ഇപ്പോഴത് ഒരു സായാഹ്നത്തില്‍, ഒരു മധ്യാഹ്നത്തില്‍ സ്വതന്ത്ര്യവും പരസ്പര സാമീപ്യവും ആഗ്രഹിക്കുന്ന എല്ലാ യുവജനങ്ങളെയും വെറുക്കുന്ന രീതിയിലേക്ക് വ്യാപിച്ചിരിക്കുന്നു.

‘പരമാവധി ഭരണം, കുറവ് സര്‍ക്കാര്‍,’ എന്ന ആശയത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഒരു ഖാപ് പഞ്ചായത്തിന്റെ ‘ധാര്‍മ്മികത പഠിപ്പിക്കലി’നോട് ഐക്യദാര്‍ഢ്യപ്പെടുകയും യുവജനങ്ങളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്ന ഒരു മാതാ-പിതാ സര്‍ക്കാര്‍ ആയിരിക്കുമോ ഇടപെടല്‍ ലഘൂകരിക്കുന്ന ഈ സര്‍ക്കാര്‍?  അങ്ങനെയാണെങ്കില്‍ ഷേക്‌സ്പിയര്‍ റോമിയോ ആന്റ് ജൂലിയറ്റില്‍ വിശദീകരിച്ച ‘ഒരു വിഡ്ഢികളുടെ സ്വര്‍ഗ്ഗം’ സൃഷ്ടിക്കുന്ന വിധത്തില്‍ അദ്ദേഹത്തിന്റെ മുദ്രാവാക്യം തെറ്റിയിരിക്കുന്നു. കാരണം ‘സമാധാനത്തിനുള്ള വില നല്‍കേണ്ടിവരുന്നത്’ യുവജനങ്ങളുടെ ജീവിതം കൊണ്ടായിരിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍