UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സന്യസ്തരില്‍ വ്യത്യസ്തനാണ് തരുണ്‍ സാഗര്‍; പക്ഷേ നിയമസഭയിലെന്താണ് കാര്യം?

Avatar

എം.കെ ജയന്‍

 
കുമ്പിടുമ്പോള്‍, അതിപ്പോ കുമ്പിടിയെ ആയാല്‍ പോലും ഒരു കുഴപ്പവുമില്ല. അവരുവരുടെ സൗകര്യത്തിന് അനുസരിച്ച് ആരെ വേണമെങ്കിലും കുമ്പിടാം. പക്ഷെ ഒരു ജനാധിപത്യ, മതേതര രാജ്യത്ത് ഒരു മതാചാര്യനെ നിയമസഭയുടെ അകത്തോട്ടു വിളിച്ചിരുത്തി, അദ്ദേഹം പറയുന്നത് എന്തു തന്നെയായാലും സാഷ്ടാംഗം കുമ്പിട്ടിരുന്നു ശ്രദ്ധയോടെ കേള്‍ക്കേണ്ട കാര്യണ്ടോ എന്നാണു ചോദ്യം. ഭക്തപരവശര്‍ക്ക് ആശ്രമവാടങ്ങളിലേക്കു കടന്നു ചെന്നോ സ്വാമിയെ വീട്ടില്‍ വിളിച്ചിരുത്തിയോ ഇതൊക്കെ കേട്ടു കൂടെ?
 
ഉടുക്കാവ്രതം സ്വീകരിച്ചിരിക്കുന്ന ഒരു സ്വാമി ഹരിയാന നിയമസഭയില്‍ ഉടുതുണിയില്ലാതെ ഉരുവിടാനിരുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഏതാണ്ടു കെട്ടടങ്ങിയെന്നു തന്നെ കരുതാം. ദിഗംബര സന്യാസിയായ തരുണ്‍ സാഗറിനെ തുണിയുടുപ്പിച്ചേ അടങ്ങു എന്ന മട്ടിലായിരുന്നു കഴിഞ്ഞ ആഴ്ച മുഴുവന്‍ സോഷ്യല്‍ മീഡിയകളിലെ മുഴുവന്‍ പ്രതികരണങ്ങളും.
 
എന്നാല്‍, കേവല നഗ്നതയ്ക്കപ്പുറം അഹിംസാ സിദ്ധാന്തത്തിന്റെ പിന്‍തുടര്‍ച്ചക്കാരനെന്ന നിലയില്‍ തരുണ്‍ സാഗര്‍ ഉടുത്തോ ഉടുക്കാതെയോ നില്‍ക്കട്ടെ. വ്യവസ്ഥാപിത ഹിന്ദുമതത്തിന്റെ കൈവഴിയല്ല ജൈനമതം എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും തരുണ്‍ സാഗര്‍ എന്ന ജൈനസന്യാസിയുടെ വഴികള്‍ എന്നും ആ പാരമ്പര്യത്തിന്റെ കല്ലുവഴിച്ചിട്ടകളില്‍ നിന്നു മാറി സഞ്ചരിച്ചു കൊണ്ടുള്ളതായിരുന്നു.
 
 
ആര്‍എസ്എസിന്റെ അരയില്‍ നിന്നും ലെതര്‍ ബെല്‍ട്ടഴിപ്പിച്ച് പകരം തുണി കൊണ്ടുള്ള ബെല്‍റ്റ് കെട്ടിപ്പിച്ച ഒരു ചരിത്രമുണ്ട് ഈ ദിഗംബരാചാര്യന്റെ പേരില്‍. 2009-ലാണ് സംഘപരിവാറിന്റെ ആസ്ഥാനമായ നാഗ്പൂരില്‍ വിജയദശമി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി തരുണ്‍ സാഗറെത്തുന്നത്. ആര്‍എസ്എസ് യൂണിഫോമിന്റെ ഭാഗമായ ലെതര്‍ ബെല്‍റ്റുകള്‍ ഉപേക്ഷിക്കുന്നത് മൃഗങ്ങളെ കൊല്ലുന്നത് തടയാന്‍ ഇടവരുമെന്ന ഒരു നിര്‍ദേശം അന്ന് സ്വാമി അവിടെ നിര്‍ദേശിക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് ആര്‍എസ്എസ് അരയില്‍ നിന്നും ലെതര്‍ ബെല്‍റ്റഴിച്ചു കളഞ്ഞ് പകരം ക്യാന്‍വാസു കൊണ്ടുള്ള അരപ്പട്ട കെട്ടിയത്. ആര്‍എസ്എസിന്റെ നിക്കറിന് ഒരല്‍പം നീളം കൂട്ടി പാന്റാക്കി മാറ്റാനൊരുങ്ങുന്ന ഈ പുതിയ കാലത്ത് ബെല്‍റ്റഴിച്ചു കളഞ്ഞ കഥയ്ക്കു മറ്റൊരു വശമുണ്ടെങ്കില്‍ തര്‍ക്കിക്കാവുന്നതുമല്ല.
 
തരുണ്‍ സാഗറിലേക്കു തന്നെ മടങ്ങി വരാം. പാദം നിലത്തു തൊടുന്നതു പോലും അന്യജീവികള്‍ക്കു ഹാനികരമാകരുതെന്നു കരുതി നടക്കുന്ന ജൈന സന്യാസിമാരില്‍ തരുണ്‍ സാഗര്‍ എന്നും വേറിട്ടു നിന്നു. പല സംസ്ഥാനങ്ങളുടെയും ഔദ്യോഗിക അതിഥിയാണ് ഈ ദിഗംബര സ്വാമി. 49-കാരനായ തരുണ്‍ സാഗര്‍ എന്ന പവന്‍ കുമാര്‍ ജെയിന്‍ മധ്യപ്രദേശിലെ ദാമോഷ് ജില്ലയിലൈ ഗുഹാഞ്ചി സ്വദേശിയാണ്. കടിച്ചാല്‍ പൊട്ടാത്ത മതസിദ്ധാന്തങ്ങള്‍ ഉദ്ധരിക്കുന്ന മറ്റു സന്യാസിമാരെ അപേക്ഷിച്ച് ശ്രോതാക്കളെ തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിപ്പിച്ചും പ്രത്യേക സംസാര ശൈലി കൊണ്ടും തീര്‍ത്തും വിഭിന്നനാണ് തരുണ്‍ സാഗര്‍. കര്‍ണാടകയില്‍ ചേര്‍ന്ന ഒരു മതസമ്മേളനത്തില്‍ ക്രാന്തികാരി (വിപ്ലവകാരി) എന്നൊരു നാമവിശേഷമമാണ് ഇദ്ദേഹത്തിനു ചാര്‍ത്തിക്കിട്ടിയത്. അന്നു ഇദ്ദേഹത്തെ സംസ്ഥാന അതിഥിയായി പ്രഖ്യാപിച്ചാണ് കര്‍ണാടക ആദരിച്ചത്.
 
1980-ല്‍ ആചാര്യ പശുപദന്ത് സാഗറില്‍ നിന്നു മുനി ദീക്ഷ സ്വീകരിച്ച തരുണ്‍ സാഗര്‍ ഏതാണ്ട് ഒരു ദശകക്കാലം മുതലാണ് മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. തന്റെ സഞ്ചാര സവാരികള്‍ ഒരു ഡോളിയില്‍ ആക്കിയതോടെ മറ്റു സന്യാസി സമൂഹങ്ങള്‍ക്കിടയില്‍ ഇദ്ദേഹം വിവാദനായകനായി മാറി. ഇത്തരത്തില്‍ മറ്റാളുകളാല്‍ ചുമക്കപ്പെട്ടും വാഹനങ്ങളില്‍ സഞ്ചരിക്കുന്നതും ദിഗംബര സന്യാസികളുടെ പരമ്പരാഗത രീതികള്‍ക്കു വിരുദ്ധമായിരുന്നു. ത്യാഗപൂര്‍ണമായ ജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കി ആകാശത്തെ വസ്ത്രമാക്കുന്ന ദിഗംബരരുടെ ഇടയില്‍ നിന്ന്‍ പല്ലക്കിലേറിയ ആദ്യ സ്വാമിയാണ് തരുണ്‍ സാഗറെന്നും പറയാം. 
 
 
സംസ്ഥാന മുഖ്യമന്ത്രിമാര്‍, മുന്‍നിര രാഷ്ട്രീയക്കാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരുടെ അത്താഴ മേശകളിലെ ക്ഷണിക്കപ്പെട്ട പൂജനീയ അതിഥി കൂടിയാണ് തരുണ്‍ സാഗര്‍. ഇദ്ദേഹത്തിന്റെ പാതയിലുള്ള മുതിര്‍ന്ന ജൈന സന്യാസിമാരാകട്ടെ ജൈനന്‍മാര്‍ വെച്ചു വിളമ്പുന്നതു മാത്രമേ കഴിക്കാറുള്ളു എന്നിടത്താണ് കൊട്ടാരമേശകളിലെ തരുണ്‍ സാഗറിന്റെ വിരുന്നുകള്‍ വേറിട്ടതാകുന്നത്.
 
2010 ജൂണ്‍ നാലിന്  മധ്യപ്രദേശ് സര്‍ക്കാരിന്റെ അതിഥിയായി ഒരു ചടങ്ങില്‍ പങ്കെടുക്കവേയാണ് മുഖ്യമന്ത്രി ചൗഹാനോട് സംസ്ഥാനത്ത് കശാപ്പു ശാലകളും മദ്യശാലകളും നിരോധിക്കണമെന്ന് തരുണ്‍ സാഗര്‍ ആവശ്യപ്പെട്ടത്. ഭക്തി പാരവശ്യത്താല്‍ മതിമറന്ന ചൗഹാന്‍ സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ക്ക് അനുവാദം നല്‍കില്ലെന്ന് ഉറപ്പു നല്‍കിയെങ്കിലും അറവുശാലകളുടെ കാര്യത്തില്‍ സൂത്രത്തില്‍ മൗനം പാലിക്കുകയായിരുന്നു.
 
2013-ല്‍ ജയ്പൂരില്‍ ആര്‍എസ്എസിന്റെ സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കവേ നരേന്ദ്ര മോദിയ വാനോളം പുകഴ്ത്തിയ തരുണ്‍ സാഗര്‍ കരിസ്മാറ്റിക് പേഴ്‌സണാലിറ്റി എന്നാണു മോദിയെ വാഴ്ത്തിയത്. 
 
ഹരിയാന അസംബ്ലിയിലെ ഇരിപ്പടത്തില്‍ ഉടുപ്പില്ലാതെ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് 2010-ല്‍ ഭോപ്പാലിലെ നിയമസഭ ഓഡിറ്റോറിയത്തില്‍ സംസ്ഥാന എംഎല്‍എമാര്‍ക്ക് ചില വിവരങ്ങള്‍ ഉദ്ധരിച്ചു കൊടുത്തിട്ടുണ്ട് സ്വാമി. എന്നാല്‍, നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ സംസ്ഥാന നിയമസഭയില്‍ തരുണ്‍ സാഗറിന്റെ പ്രഭാഷണം നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് എതിര്‍പ്പുന്നയിച്ചതിനെ തുടര്‍ന്ന്  ഇതു പിന്‍വലിക്കുകയായിരുന്നെന്നാണ് തരുണ്‍ ക്രാന്തി മഞ്ചിന്റെ മുഖ്യ പ്രവര്‍ത്തകനായ പങ്കജ് പ്രധാന്‍ പറയുന്നത്. പിന്നീട് തരുണ്‍ സാഗര്‍ ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്ത് മോദി നേരിട്ടു ചെന്നു വണങ്ങുകയായിരുന്നു. കട്‌വേ വചന്‍ എന്ന തരുണ്‍ സാഗറിന്റെ എട്ടു പുസ്തകങ്ങളുടെ സമാഹാരം ഇതുവരെ പത്തു ലക്ഷം കോപ്പികള്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.
 
 
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ ഡല്‍ഹിയിലെ ആം ആദ്മികള്‍ തരുണ്‍ സാഗറിനെ എങ്ങനെ കാണുന്നുവെന്നു നോക്കാം. മുന്‍ ആപ്പ് നേതാവും സംഗീതജ്ഞനുമായ വിശാല്‍ ദാദ്‌ലാനിയുടെ പരിഹാസത്തിന് കെജ്രിവാള്‍ തരുണ്‍ സാഗറിനോടു മാപ്പു പറയണമെന്ന ആവശ്യം ശക്തമായിരിക്കുന്നു. ദാദ്‌ലാനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ജൈന വിഭാഗം കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ വീടിനു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കുന്നതിനെതിരേ ആയിരുന്നു ട്വിറ്ററില്‍ ദാദ്‌ലാനിയുടെ വിമര്‍ശനം. ഇതിനെതിരേ പ്രതിഷേധമുയര്‍ന്നപ്പോഴാണ് കെജ്രിവാള്‍ മാപ്പു ചോദിക്കണമെന്നാവശ്യം ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ കെജ്രിവാള്‍ മാപ്പു പറഞ്ഞുവെന്നാണ് പാര്‍ട്ടി നേതാവ് അശുതോഷ് വ്യക്തമാക്കിയത്.
 
വിശാല്‍ ദാദ്‌ലാനിയാകട്ടെ മാപ്പും പറഞ്ഞു; ഒപ്പം താന്‍ രാഷ്ട്രീയം വിടുകയാണെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. രാഷ്ട്രീയത്തില്‍ നിന്നും മതം വേറിട്ടു നില്‍ക്കേണ്ടതാണെന്നു പറയുന്നതിനൊപ്പം തന്നെ തരുണ്‍ സാഗറിനെ കേള്‍ക്കാന്‍ തനിക്കിഷ്ടമാണെന്നും എന്നാല്‍, അതു നിയമസഭയില്‍ വെച്ചു വേണ്ടെന്നും വീട്ടില്‍ വെച്ചായിക്കോട്ടെ എന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ വക്താവ് കൂടിയായ അശുതോഷ് പറയുന്നത്. ദാദ്‌ലാനി അറിവില്ലായ്മ കൊണ്ടാണ് പറഞ്ഞതെന്നും തനിക്ക് അദ്ദേഹത്തോട് ദേഷ്യമില്ലെന്നും തരുണ്‍ സാഗറും പ്രതികരിച്ചു. പക്ഷേ, എങ്ങനെയാണ്, ഒരു രാഷ്ട്രീയ, സാമൂഹിക വ്യവഹാരത്തില്‍ ഇത്തരത്തില്‍ മതനേതാക്കള്‍ പുലര്‍ത്തുന്ന അനിഷേധ്യത ഒരു ജനാധിപത്യ സംവിധാനത്തെ പുഷ്ടിപ്പെടുത്തുക എന്ന ചോദ്യം ബാക്കിയാവുന്നു.
 
(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ജയന്‍ ഡല്‍ഹിയില്‍ താമസിക്കുന്നു)
 
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 
Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍