UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നട്ടപ്പാതിരായ്ക്ക് നല്ല ചൂട് പുട്ടും ബീഫും എവിടെക്കിട്ടും? ഇനി ചോയ്ച് ചോയ്ച് പോണ്ട

“2009ലെ ഒരു മധ്യാഹ്നം, കഥ നടക്കുന്നത് കോഴിക്കോടാണ്. ഭക്ഷണ പ്രിയനായ ഒരു കൊച്ചീക്കാരന്‍ കോഴിക്കോടെത്തി. ”

ഉണ്ണികൃഷ്ണന്‍ വി

2009ലെ ഒരു മധ്യാഹ്നം, കഥ നടക്കുന്നത് കോഴിക്കോടാണ്. ഭക്ഷണ പ്രിയനായ ഒരു കൊച്ചീക്കാരന്‍ കോഴിക്കോടെത്തി. ഹല്‍വ, ബിരിയാണി എന്നു വേണ്ട വായില്‍ വെള്ളമൂറുന്ന സകലമാന ഐറ്റങ്ങളും കിട്ടുന്നയിടം. ഇഷ്ടന്‍ സ്പെഷ്യല്‍ തേടി നടപ്പു തുടങ്ങി. അവസാനം ചോയ്ച് ചോയ്ച് ഒരിടത്തെത്തി, അവിടത്തെ വായ്ക്ക് രുചിക്കാത്ത ഭക്ഷണം കഷ്ടപ്പെട്ടു കഴിക്കുന്നതിനിടയിലാണ് ഇഷ്ടന്‍റെ മനസ്സില്‍ ലഡ്ഡു പൊട്ടിയത്, “ഇനി  ചോയ്ച് ചോയ്ച് പോണ്ട”. കുറേ ആലോചനകള്‍ക്ക് ശേഷം കൊച്ചീക്കാരന്‍ ഒരു തീരുമാനത്തിലെത്തി. ഫുഡ് ഇഷ്ടപ്പെടുന്നവര്‍ക്കായി ഒരു നെറ്റ്വര്‍ക്ക്, ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് തുടങ്ങണം…

മുകളില്‍ പറഞ്ഞ കഥ തികച്ചും സാങ്കല്‍പ്പികമല്ല, കഥാപാത്രങ്ങള്‍ക്ക് ടേസ്റ്റി സ്പോട്ട്സിനോടോ അതിന്‍റെ ഫൌണ്ടര്‍ ഡയറക്ടര്‍  അബ്ദുല്‍ മനാഫിനോടോ സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികമല്ല, കാരണം മേല്‍പ്പറഞ്ഞ കൊച്ചീക്കാരന്‍ മനാഫ് തന്നെ ആയതു കൊണ്ടാണ്. ഐടി കമ്പനി ഉടമയും ഭക്ഷണപ്രേമിയുമായ മനാഫിന്റെ തലയില്‍ വിരിഞ്ഞ ടേസ്റ്റി സ്പോട്സ് ആഗസ്റ്റ് 17നു ലോഞ്ച് ചെയ്തു. ടേസ്റ്റി സ്പോട്ട്സിന്‍റെ വിശേഷങ്ങളിലേക്ക്

ടേസ്റ്റി സ്പോട്സ് എന്ന ഫുഡീസ് സോഷ്യല്‍ നെറ്റ്വര്‍ക്ക്

ടിപ്പിക്കല്‍ ഫുഡ് ഡയറക്ടറി അല്ല തനിക്കു വേണ്ടത് എന്ന് മനാഫിനു നിര്‍ബന്ധമുണ്ടായിരുന്നു.

സാധാരണ കണ്ടു വരാറുള്ള രീതി ഒരു സ്ഥലത്തെ പ്രീമിയം റസ്റ്റോറന്‍റ്റുകളുടെ വിവരങ്ങള്‍ മാത്രമാണ്. ആ ലിസ്റ്റ് കണ്ടത് കൊണ്ട്  വ്യക്തിക്ക് കിട്ടുന്നത് ഒരു ഔട്ട്ലൈന്‍ മാത്രവും. ഞങ്ങള്‍ ഉദ്ദേശിക്കുന്നത് തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള പരമ്പരാഗത ഭക്ഷണകേന്ദ്രങ്ങളെയും നാടന്‍ രുചിയിടങ്ങളെയും പരിചയപ്പെടുത്തുക എന്നുള്ളത് കൂടിയാണ്.  അവിടത്തെ തനതായ വിഭവങ്ങളുടെ വിവരങ്ങളും ഭക്ഷണത്തിന്‍റെ പ്രത്യേകത, പോയിട്ടുള്ളവരുടെ അനുഭവങ്ങള്‍, വില, എന്നു തുടങ്ങി സ്റ്റാഫുകളുടെ പെരുമാറ്റം, പ്രവര്‍ത്തന സമയം വരെ  വിഡിയോ, ഫോട്ടോകള്‍ സഹിതം ടേസ്റ്റി സ്പോട്സില്‍ ലഭ്യമാകും. സാധാരണ രീതിയില്‍ സ്ഥലവാസികള്‍ക്ക് മാത്രം പരിചിതമായ രാത്രി ഏഴ് മണി മുതല്‍ രാവിലെ മൂന്നു മണിവരെ പ്രവര്‍ത്തിക്കുന്ന എറണാകുളം കുമ്പളത്തെ ഒറ്റമുറി പുട്ടുകടയും കടലുണ്ടിയിലെ മീന്‍കട എന്നിങ്ങനെയുള്ള എക്സ്ക്ലുസീവ് കടകളുടെ വിവരങ്ങളും നിങ്ങള്‍ക്ക് ഇവിടെ നിന്നും കണ്ടെത്താം.”, മനാഫ് വിവരിക്കുന്നു.

 

മനാഫ് പറയുന്നത് ടേസ്റ്റി സ്പോട്സ് ഒരു ഭക്ഷണ വിവരങ്ങള്‍ അടങ്ങിയ സൈറ്റ് എന്നതിലുപരി ഭക്ഷണത്തെ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുടെ ഒരു കൂട്ടം എന്നാണ്. പരിചിതമായ ഭക്ഷണകേന്ദ്രങ്ങളെക്കുറിച്ച് മറ്റുള്ളവരെ അറിയിക്കാനും പുതിയവ കണ്ടെത്തുവാനും ഉള്ള സൗകര്യവും നല്‍കുന്നതാണ് ടേസ്റ്റിസ്പോട്സ്. കേരളത്തിന്‍റെ ഏതു മൂലയില്‍ പോയാലും “എന്നതാടാ ഉവ്വേ അവിടത്തെ സ്‌പെഷ്യല്‍” എന്ന് ചോദിക്കാന്‍ ഒരാളുള്ള  തീറ്റക്കൊതിയന്മാരുടെ കൂട്ടം, ടാഗ് ലൈനില്‍  പറയുന്നതു പോലെ, നട്ടപ്പാതിരായ്ക്ക് നല്ല ചൂട് പുട്ടും ബീഫും എവിടെക്കിട്ടും എന്ന ചോദ്യത്തിനും ഉത്തരം തരാന്‍ പറ്റുന്നവരുടെ കൂട്ടം.

മനാഫ് തുടരുന്നു, www.tastyspots.com എന്ന സൈറ്റില്‍ സ്വന്തം പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ക്ക് അവരുടെ ഐഡിയും പാസ് വേഡും  ലഭിക്കും. പ്രൊഫൈല്‍ ഉണ്ടാക്കിയവര്‍ക്ക് ആദ്യം ഒരു ബാഡ്ജ് ഉണ്ടാവും, സൈറ്റില്‍ അവര്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അവരുടെ റാങ്ക് ഉയരും. foodie എന്നതിലെ “ഒ”യുടെ എണ്ണം കൂടും, അതിന്‍റെ അള്‍ട്ടിമേറ്റ് എന്ന് പറയുന്നത് അംബാസഡര്‍ ആകുക എന്നതാണ്. ആ ലെവലിലേക്ക് എത്തിയാല്‍ പിന്നെ അവര്‍ക്ക് പ്രത്യേക പ്രിവിലേജ് ഉണ്ടാകും. എല്ലാ ജില്ലയിലും അംബാസഡര്‍മാര്‍ ഉണ്ടാകുമ്പോള്‍ പിന്നീട് അവര്‍ അംഗീകരിച്ച വിവരങ്ങളാകും രേഖപ്പെടുത്തുക.”

 

രുചിയുടെ  വഴിയടയാളങ്ങള്‍ക്ക് പിന്നിലെ തലയും പങ്കപ്പാടുകളും
കൊച്ചിയില്‍ ഈസി സോഫ്റ്റ്‌ എന്ന ഐടി കമ്പനി ഉടമയായ മനാഫിന്റെ മനസ്സില്‍  2009ല്‍ കടന്നു കൂടിയ ആശയമാണ് ടേസ്റ്റ് സ്പോട്ട്സിന്റെ കാതല്‍. വലിയൊരു പ്രോജക്റ്റ് ആയതിനാല്‍ തന്നെ സാമ്പത്തിക ഭദ്രതയും അത്യാവശ്യമായിരുന്നു. കാത്തിരിപ്പുകള്‍ക്ക്  ശേഷം ഒരു വര്‍ഷത്തിനു മുന്‍പ് സുഹൃത്തുക്കളും  ക്യാറ്റ് എന്‍റ്റടെയിന്‍മെന്‍റ് ഉടമകളും ആയ അമര്‍നാഥ് ശങ്കറിനോടും ചാച്ചു ജേക്കബ്ബിനോടും ഈ വിഷയം അവതരിപ്പിച്ചപ്പോഴാണ് വീണ്ടും പദ്ധതിക്ക് ജീവന്‍ വയ്ക്കുന്നത്. കൂടെ മെഹ്ബൂബ്, ഷമല്‍ ചന്ദ്രന്‍ എന്നിവരും കൂടി ടീമില്‍ എത്തിയപ്പോള്‍ പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഫുഡീസ് എന്ന  ഒരേ കാറ്റഗറിയില്‍ പെടുന്നവര്‍ ആയതു കൊണ്ട് തന്നെ അവരും രണ്ടാമതാലോചിക്കാതെ സഹകരിക്കാന്‍ തയ്യാറായി.

“ഡാറ്റാബേസ് ഉണ്ടാക്കുക തന്നെയാണ് പ്രയാസകരം. അതിനുവേണ്ടി മാത്രം ഞങ്ങളുടെ വണ്ടി ഓടിയത് 17000 കിലോമീറ്ററാണ്. ആദ്യം ഞങ്ങള്‍ കുറച്ചു പേര്‍ കേരളത്തിലെ 25ലധികം ഭക്ഷണശാലകളില്‍ പോകുകയുണ്ടായി. അവിടെ നിന്നും വിഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ ശേഖരിച്ചു. അത് തന്നെ വളരെ പ്രയാസപ്പെട്ടായിരുന്നു. വളരെക്കുറച്ചു സമയമേ അവിടെ കിട്ടു, കിട്ടുന്ന സമയത്തില്‍ അവരോടു സംസാരിക്കുകയും വിവരങ്ങള്‍ രേഖപ്പെടുത്തുകയും വേണം. അങ്ങനെ കുറെയായപ്പോള്‍ സിസ്റ്റമാറ്റിക്കായി ഇതെങ്ങനെ ചെയ്യാം എന്നുള്ള ഐഡിയ കിട്ടി. അടുത്ത നടപടി എന്നുള്ളത് ഇതിനുവേണ്ടി ഒരു പ്രൊഫഷണല്‍ ടീമിനെ ഏര്‍പ്പാടാക്കുകയായിരുന്നു. അമര്‍നാഥ് ശങ്കറും ചാച്ചു ജേക്കബ്ബുമാണ് അതിനു സഹായിച്ചത്. അവരുടെ നേത്രുത്വത്തിലാണ് പിന്നെയുള്ള ഡാറ്റാബേസ് ശേഖരിക്കല്‍. ഇപ്പോള്‍ ഓരോ ഭക്ഷണശാലകളെക്കുറിച്ചും ഒന്നരമിനിട്ട് ദൈഘ്യമുള്ള വിഡിയോകള്‍ സൈറ്റിലുണ്ട്, 10000ലധികം ഫോട്ടോകളും. അതിനു യോജിക്കുന്ന പശ്ചാത്തല സംഗീത ട്രാക്കുകളും.കഫെ ആണെങ്കില്‍ അതിനു യോജിക്കുന്നത്, വെസ്റ്റേണ്‍ ആണെങ്കില്‍ അതിനു യോജിച്ചത് അങ്ങനെ ഭക്ഷണശാലയുടെ സ്വഭാവത്തിനും അതു സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും യോജിക്കുന്ന 15 ട്രാക്ക് മ്യൂസിക്കുകള്‍ വരെ സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സമയമെടുത്തത്‌ സൈറ്റിന്റെ കോര്‍ ഡിസൈനിംഗിന് ആയിരുന്നു. ഗൂഗിളിനെപോലെ വളരെ കുറച്ചു കമ്പനികള്‍ മാത്രം ഉപയോഗിക്കുന്ന പൈത്തണ്‍ എന്ന പ്രോഗ്രാമിംഗ് ഭാഷയില്‍ ആയിരുന്നു. അതിനു സഹായം ചെയ്തത് കാക്കനാടുള്ള സേവണ്‍ എന്ന കമ്പനിയാണ്. ഡൊമൈന്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആമസോണിന്റെ വെബ്‌ സര്‍വ്വീസിലാണ്. ഇതു രണ്ടും ചെയ്തത് ക്വാളിറ്റി കുറയാന്‍ പാടില്ല എന്ന ഒറ്റ നിര്‍ബന്ധം കൊണ്ടു മാത്രമാണ്.”

അമര്‍നാഥ് ശങ്കറും ചാച്ചു ജോസഫും മനാഫിനെ പോലെ ഭക്ഷണപ്രിയര്‍ തന്നെയാണ്. ഇവരൊരുമിച്ചാണ് പലപ്പോഴും പുതിയ രുചിഭേദങ്ങള്‍ തേടി യാത്ര പോകാറുള്ളത്. ഈ പദ്ധതിയെക്കുറിച്ച് ഇവര്‍ രണ്ടു പേരും പറയുന്നത് ഒരു കാര്യമാണ്.

മനാഫിന്റെ അര്‍പ്പണബോധമാണ് ടേസ്റ്റിസ്പോട്സ് ലൈവ് ആകാന്‍ കാരണം. 2009 മുതല്‍ അയാള്‍ കണ്ട സ്വപ്നമാണ് വര്‍ഷങ്ങള്‍ക്കു ശേഷം നിറവേറിയിരിക്കുന്നു. അതിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കും സന്തോഷമുണ്ട്.”

ഇനി ചോയ്ച് ചോയ്ച് പോണ്ട
സോഷ്യല്‍ മിഡിയയില്‍ ഇതിനകം തന്നെ ഈ വരി പോപ്പുലര്‍ ആയിക്കഴിഞ്ഞു. ടേസ്റ്റി സ്പോട്സിലേക്ക് കേരളത്തിലെ ഭക്ഷണപ്രിയരെ ആകര്‍ഷിക്കാന്‍ തയ്യാറാക്കിയതായിരുന്നു ഇത്. മാര്‍ക്കറ്റിംഗ് ടീം തയ്യാറാക്കിയ രസകരമായ പോസ്റ്ററുകളും ഇതിനകം ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഇതിനുമുന്‍പ് സോഷ്യല്‍ മിഡിയയില്‍ വൈറലായ മൈ ട്രീ ചലഞ്ച്, അഡിക്റ്റട് ടു ലൈഫ് എന്നീ കാമ്പെയിനുകള്‍ക്ക് നേതൃത്വം നല്‍കിയത് മനാഫ് ആയിരുന്നു.

സോഷ്യല്‍ മിഡിയ വഴി നടത്തിയ കാമ്പെയിനെക്കുറിച്ച് മനാഫ് പറയുന്നു

“ഇതുവരെ ഓഫ്‌ലൈന്‍ ആയി മാര്‍ക്കറ്റിംഗ് ഒന്നും നടത്തിയിട്ടില്ല. സോഷ്യല്‍ മിഡിയ വഴി സ്റ്റെപ് ബൈ സ്റ്റെപ് ആയാണ് ചെയ്തിരിക്കുന്നത്. അതുതന്നെ വളരെ പരിമിതമായ രീതിയില്‍. വ്യത്യസ്തമായ ഡിസൈനും ടാഗ് ലൈനുകളും ഉപയോഗിച്ചു. അത് സോഷ്യല്‍ മിഡിയ സ്വീകരിക്കുകയും ചെയ്തു. ഇനി അടുത്തതായി വരാന്‍ പോകുന്നത് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഭക്ഷണവൈവിധ്യങ്ങളുടെ ഒരു വിഡിയോയാണ്. കൂടുതലായും പബ്ലിസിറ്റി കിട്ടിയത് സൈറ്റ് സന്ദര്‍ശിച്ചവരില്‍ നിന്നാണ്. അതു തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിച്ചതും. ടേസ്റ്റി സ്പോട്ട്സിന്റെ ബീറ്റാ വേര്‍ഷനാണ് ഇപ്പോഴുള്ളത്. സാങ്കേതികപോരായ്മകള്‍ പരിഹരിച്ച് അധികം താമസിയാതെ പരിഷ്കരിച്ച വേര്‍ഷന്‍  നിലവില്‍ വരും.”മനാഫ് പറയുന്നു. 

കേരളത്തിലെ നല്ലൊരു ഭാഗം ഭക്ഷണശാലകളുടെയും വിവരങ്ങള്‍ ഇതിനകം തന്നെ ടേസ്റ്റി സ്പോട്ട്സില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഇനി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്കും കൂടി വ്യാപിപ്പിക്കാനാണ് ടീമിന്‍റെ തീരുമാനം. കൂടാതെ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകളും തയ്യാറാവുന്നു.

അപ്പൊ ഇനി ചോയ്ച് ചോയ്ച് പോവണ്ടാല്ലേ..

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍