UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടാറ്റ വീണ്ടും കുടുംബഭരണത്തിലേക്കോ? ഗ്രൂപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

Avatar

അഴിമുഖം പ്രതിനിധി

സൈറസ് മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിന്റെ അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയ വാര്‍ത്ത പുറത്തുവന്നു മണിക്കൂറുകള്‍ക്കുളില്‍ ഇനിയെന്താണ് വരാനിരിക്കുന്നത് എന്ന ആകാംക്ഷ ആഗോള വ്യാപാര ലോകത്തുണ്ട്. വ്യാപാര സാമ്രാജ്യത്തെ നയിക്കാന്‍ ടാറ്റ കുടുംബത്തില്‍ നിന്നുമുള്ള ഒരാള്‍ത്തന്നെ വരുമോ? പെപ്‌സിയുടെ തലപ്പത്തുള്ള ഇന്ദ്ര നൂയി ഒരു സാധ്യതാ സ്ഥാനാര്‍ത്ഥിയാണോ? മിസ്ട്രിയുടെ പുറത്താക്കല്‍ വലിയൊരു നിയമ യുദ്ധത്തിനാണോ കളമൊരുക്കുന്നത്? ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള, 41 ലക്ഷം ഓഹരിയുടമകളും വിപണി മൂലധനമൂല്യം 8.5 ലക്ഷം കോടി രൂപയ്ക്ക് മുകളിലുമുള്ള വ്യാപാര സംഘത്തില്‍ നടന്ന ഇളക്കിപ്രതിഷ്ഠയെക്കുറിച്ച് അറിയേണ്ടതെല്ലാം:

മിസ്ട്രിയുടെ പിന്‍ഗാമി ആരായിരിക്കും?
സൈറസ് മിസ്ട്രിക്ക് പകരം വരാന്‍ സാധ്യതയുള്ള അര ഡസന്‍ പേരുകളെങ്കിലും അകത്തളങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നു. പെപ്‌സിയിലെ ഇന്ദ്ര നൂയി, മുന്‍ വൊഡാഫോണ്‍ സിഇഒ അരുണ്‍ സരിന്‍, ടാറ്റ ഇന്റര്‍നാഷണലിലെ നോയല്‍ ടാറ്റ, ടിസിഎസ് സിഇഒ എന്‍ ചന്ദ്രശേഖരന്‍, ടാറ്റ ഗ്രൂപ്പിനകത്തുള്ള ഇഷാത് ഹുസൈന്‍, ബി മുത്തുരാമന്‍ ഇവരെല്ലാം മിസ്ട്രിക്ക് പകരമായി വരാന്‍ സാധ്യതയുള്ള പേരുകളാണ്. രത്തന്‍ ടാറ്റയാണ് ഇടക്കാല ചെയര്‍മാന്‍. 

കുടുംബത്തില്‍ നിന്നുള്ള ഒരാളെത്തന്നെ ടാറ്റ ഗ്രൂപ്പ് തെരഞ്ഞെടുക്കും എന്ന സൂചനയും ശക്തമാണ്. അങ്ങനെയെങ്കില്‍ നോയല്‍ ടാറ്റയാകും ആ സ്ഥാനത്തെത്തുക.

മിസ്ട്രിയുടെ പ്രകടനം 
ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം മിസ്ട്രിയുടെ നാലുകൊല്ലക്കാലത്ത് ഇരട്ടിയായി. പക്ഷേ വളര്‍ച്ച അയാളുടെ മുന്‍ഗാമി രത്തന്‍ ടാറ്റയെക്കാള്‍ 57 മടങ്ങ് താഴെയായിരുന്നു.

ടാറ്റ ഗ്രൂപ്പിന് ഇപ്പോള്‍ ഏതാണ്ട് 8.5 ലക്ഷം കോടി രൂപയുടെ വിപണി മൂലധന മൂല്യമുണ്ട്. സോഫ്റ്റ്‌വെയര്‍ ഭീമനായ ടിസിഎസിനു മാത്രം ഏതാണ്ട് 4.8 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം. 2012 ഡിസംബറില്‍ മിസ്ട്രി ചുമതലയേല്‍ക്കുമ്പോള്‍ 4.6 ലക്ഷം കോടി രൂപയായിരുന്നു വിപണി മൂലധന മൂല്യം. അതില്‍ നിന്നും കുത്തനെയുള്ള വളര്‍ച്ചയാണ് ഇതിലുണ്ടായത്. 

രത്തന്‍ ടാറ്റ 21 വര്‍ഷമാണ് ഗ്രൂപ്പിനെ നയിച്ചത്. ആ കാലയളവില്‍ ഗ്രൂപ്പിന്റെ വിപണി മൂല്യം 1991ല്‍ 8000 കോടി രൂപയില്‍ കുറവായിരുന്നിടത്തുനിന്നും 2012 ഡിസംബറില്‍ അത് 4.62 ലക്ഷം കോടി രൂപയിലെത്തി. അതിന്റെ വിവിധ കമ്പനികളിലായി 4.1 ദശലക്ഷം ഓഹരി ഉടമകളുള്ള ടാറ്റ ഗ്രൂപ് രാജ്യത്തെ ഏറ്റവും മൂല്യമുള്ള വ്യാപാര സംഘമായാണ് അറിയപ്പെടുന്നത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനി ടിസിഎസ് ആണ്. രത്തന്‍ ടാറ്റ ചുമതലയേല്‍ക്കുമ്പോള്‍ അതിന്റെ 18 കമ്പനികളില്‍ ടാറ്റ സ്റ്റീല്‍ ആയിരുന്നു ഏറ്റവും മൂല്യമുള്ള സ്ഥാപനം. ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തിലേക്ക് ടിസിഎസ് ആണ് ഏറ്റവും വലിയ സംഭാവന നല്‍കുന്നത്. 2004 ഓഗസ്റ്റ് 25 നു ടിസിഎസിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തപ്പോഴാണ് ഗ്രൂപ്പിന്റെ വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞതും രാജ്യത്തെ പൊതു, സ്വകാര്യ മേഖലയിലെ ഏത് വ്യാപാര സംഘത്തെക്കാളും കൂടുതല്‍ വിപണി മൂല്യമുള്ള ഒന്നായി അവര്‍ മാറിയതും.


സൈറസ് മിസ്ട്രി

ചേര്‍ച്ചയില്ലായ്മ 
മിസ്ട്രിയും ടാറ്റയും തമ്മില്‍ അടിസ്ഥാനപരായ ചേര്‍ച്ചക്കുറവുണ്ടായിരുന്നു. പ്രത്യേകിച്ചും അതിന്റെ മൂല്യങ്ങള്‍, കാഴ്ച്ചപ്പാട്, ദിശാബോധം എന്നിവയെക്കുറിച്ച്. 

മിസ്ട്രിയുടെ പല തീരുമാനങ്ങളും, ടാറ്റ കെമിക്കല്‍സിന്റെ യൂറിയ കച്ചവടം വിറ്റത്, ഇന്ത്യന്‍ ഹോട്ടല്‍സിന്റെ വിദേശ വസ്തുവഹകളില്‍ ചിലത് കയ്യൊഴിഞ്ഞത്, യുകെയിലെ ഉരുക്ക് വ്യാപാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് തുടങ്ങിയ തീരുമാനങ്ങള്‍ തുടങ്ങിയവ ടാറ്റ ട്രസ്റ്റിന് സ്വീകാര്യമായിരുന്നില്ല. പലതും ഗ്രൂപ്പിനെ $100 ബില്ല്യണ്‍ വരുമാനത്തിലേക്കെത്തിച്ച രത്തന്‍ ടാറ്റയുടെ സംഭാവനകളായാണ് കണ്ടിരുന്നതെങ്കിലും പെരുകുന്ന കടബാധ്യതയും അതിനൊപ്പം ഉണ്ടായിരുന്നു. 

മിസ്ട്രിയുടെ കീഴില്‍ ഗ്രൂപ്പിന് ഓഹരിയുടമകളുടെ വിശ്വാസം നേടിയെടുക്കാന്‍ ആകുന്നില്ലെന്നും ഗ്രൂപ്പിലെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് ആഗോള സാഹചര്യത്തെ വേണ്ടത്ര കണക്കിലെടുത്തല്ല എന്നും ടാറ്റ ട്രസ്റ്റ് കരുതുന്നു. ‘ടാറ്റ സ്റ്റീല്‍ കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നു, ഇത്തരം കടുത്ത തീരുമാനങ്ങള്‍ ഒഴിവാക്കാമായിരുന്നു,’ ട്രസ്റ്റിന്റെ വളരെയടുത്ത ഒരാള്‍ പറഞ്ഞു. യുകെയിലെ ഉരുക്കുശാല അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് ബ്രിട്ടനില്‍ വലിയ വിമര്‍ശനം നേരിടേണ്ടിവന്നു. ‘ഉരുക്കുശാല അടച്ചുപൂട്ടാനും യൂറോപ്പിലെ ഉരുക്കുവ്യവസായം വില്‍ക്കാനുമുള്ള തീരുമാനത്തില്‍ ടാറ്റക്ക് അസന്തുഷ്ടിയുണ്ടായിരുന്നു,’ രത്തന്‍ ടാറ്റയോട് അടുത്ത ഒരാള്‍ പറഞ്ഞു. ‘നഷ്ടം വരുത്തുന്ന സ്ഥാപനം ലാഭത്തിലാക്കുകയാണ് വില്‍ക്കുന്നതിനെക്കാള്‍ അദ്ദേഹം ആഗ്രഹിച്ചത്.’ അതുപോലെ ജപ്പാനിലെ NTT Docomo-യുമായി നടത്തിയ കടുത്ത നിയമയുദ്ധവും $1.2 ബില്ല്യണ്‍ നല്‍കാനുള്ള അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഒടുവില്‍ വിധി എതിരായതും വിശ്വാസത്തകര്‍ച്ചയുടെ ഭാഗമായാണ് ഗ്രൂപ്പിലെ പഴയ ആളുകള്‍ കണ്ടത്.

തിങ്കളാഴ്ച്ച നടന്നത് 
തിങ്കളാഴ്ച്ചത്തെ ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തിന് മുമ്പ് ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ ഡീന്‍ നിതിന്‍ നോഹ്‌റിയ, സൈറസ് മിസ്ട്രിയെ കണ്ടു. രണ്ടു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച്ചയില്‍, തിങ്കളാഴ്ച്ചത്തെ യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്ന വിഷയത്തെക്കുറിച്ച് രത്തന്‍ ടാറ്റയുടെ സന്ദേശം കൈമാറി. തിങ്കളാഴ്ച്ച വൈകിട്ട് ടാറ്റ സണ്‍സ് ബോര്‍ഡ് യോഗത്തിന്റെ പ്രഖ്യാപനം എല്ലാവരെയും അത്ഭുതപ്പെടുത്തിയെങ്കിലും അതിനുള്ള ഒരുക്കങ്ങള്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നു. 

ഓഗസ്റ്റ് 26ന്  പിരമാള്‍ എന്റര്‍പ്രൈസസ് അധ്യക്ഷന്‍ അജയ് പിരമാളിനെയും ടിവിഎസ് മോട്ടോര്‍ അധ്യക്ഷന്‍ വേണു ശ്രീനിവാസനെയും ഉള്‍പ്പെടുത്തി ബോര്‍ഡ് വികസിപ്പിച്ചു. മിസ്ട്രി അധ്യക്ഷനായ ടാറ്റ സണ്‍സിന് മേല്‍ ടാറ്റ ട്രസ്റ്റിന്റെ പിടി മുറുക്കാനുള്ള നീക്കമായിരുന്നു അത്. ഈ നിയമങ്ങള്‍ക്ക് മുമ്പ് മിസ്ട്രിയുമായി ആലോചിക്കുകപോലും ചെയ്തില്ല എന്നത് ടാറ്റ ട്രസ്റ്റ്‌സും മിസ്ട്രിയുമായുള്ള വിശ്വാസ തകര്‍ച്ച വ്യക്തമാക്കുന്നു.


രത്തന്‍ ടാറ്റ

ആരാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമകള്‍ ?
ടാറ്റ ഗ്രൂപ്പിന്റെ വിവിധ സഹായ സംഘടനകള്‍, വലിയ സംഘങ്ങളായ സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ് എന്നിവയടക്കം ഒന്നിച്ച് ടാറ്റ സണ്‍സിന്റെ 66 ശതമാനം ഓഹരി കയ്യാളുന്നു. ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജാംഷെഡ്ജി ടാറ്റയുടെ കുടുംബങ്ങളാണ് ഗ്രൂപ്പിന്റെ ഹോല്‍ഡിംഗ് കമ്പനി ടാറ്റ സണ്‍സ് സ്ഥാപിച്ചത്. 

എന്നാല്‍ അധികം പുറത്തു പ്രത്യക്ഷപ്പെടാത്ത, മിസ്ട്രിയുടെ അച്ഛന്‍ ഉടമയായ ഷാപൂര്‍ജി പല്ലോഞ്ചി എന്ന സ്ഥാപനമാണ് ടാറ്റ സണ്‍സിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമ. അവര്‍ക്ക് ടാറ്റ സണ്‍സില്‍ 18.5 ശതമാനം ഓഹരിയുണ്ട്. 

ഏറ്റവും വലിയ ഓഹരിയുടമയുടെ ശുപാര്‍ശപ്രകാരമാണ് മിസ്ട്രി 2012-ല്‍ അധ്യക്ഷനായത്.

വരാനിരിക്കുന്നത് നിയമയുദ്ധമോ?
മിസ്ട്രിയുടെ പൊടുന്നനെയുള്ള പുറത്താക്കലില്‍ ഷാപൂര്‍ജി പല്ലോഞ്ചി അസന്തുഷ്ടി പ്രകടിപ്പിച്ചുകഴിഞ്ഞു. ടാറ്റ സണ്‍സ് ആണെങ്കില്‍ നിയമപ്രശ്‌നങ്ങള്‍ വന്നാല്‍ നേരിടാന്‍ മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ് സാല്‍വേ, അഭിഷേക് മനു സിംഖ്‌വി തുടങ്ങിയവരെ തയ്യാറാക്കിയിട്ടുണ്ട്. മിസ്ട്രിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് തങ്ങളുടെ ഭാഗം കേള്‍ക്കാതെ ഏതെങ്കിലും കോടതി വിധി പറയുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി, ഡല്‍ഹി ഹൈക്കോടതി, നാഷണല്‍ കമ്പനി ട്രിബ്യൂണല്‍ എന്നിവിടങ്ങളില്‍ ടാറ്റ ഗ്രൂപ്പ് കവിയറ്റ് ഫയല്‍ ചെയ്തു കഴിഞ്ഞു. സുപ്രീം കോടതി മുന്‍ ന്യായാധിപന്‍ ആര്‍.വി രവീന്ദ്രന്‍, മുതിര്‍ന്ന അഭിഭാഷകന്‍ പി.ചിദംബരം എന്നിവരുമായും ഗ്രൂപ്പ് കൂടിയാലോചനകള്‍ നടത്തുന്നുണ്ട് എന്നാണ് സൂചനകള്‍. മിസ്ട്രി ഗ്രൂപ്പ് നാളെത്തന്നെ ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകന്‍ മോഹന്‍ പരാശരനുമായി ഗ്രൂപ്പ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി എന്നും വിവരമുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍