UPDATES

പുതിയ ജെന്‍ എക്‌സ് നാനോ എന്ന രസികന്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറ്റാ നാനോ കാണാനായി ദല്‍ഹി ഓട്ടോ എക്‌സ്‌പോ വേദിയില്‍ ഇടിച്ചു തള്ളി നിന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അതിനു ശേഷം രണ്ടരവര്‍ഷമായി ടാറ്റാ നാനോയുടെ ഉടമയുമാണ്. ബൂട്ടില്ല, എഞ്ചിന് അല്പം ശബ്ദം കൂടുതലുണ്ട്, ഇന്റീരിയര്‍ നിലവാരം അത്ര പോരാ തുടങ്ങിയ ചെറിയ പരാതികള്‍ എനിക്ക് നാനോയെപ്പറ്റിയുണ്ട്. പക്ഷേ, നഗരത്തിരക്കില്‍ ഇത്രയും രസകരമായി, ഹരത്തോടെ ഓടിച്ചുകൊണ്ടു പോകാവുന്ന മറ്റൊരു വാഹനവുമില്ല എന്നും എനിക്ക് പറയാന്‍ കഴിയും. തെല്ലും ലാഗില്ലാതെ നാനോ നഗരത്തിലൂടെ ഊളിയിട്ട് പായുന്നതു കണ്ടാല്‍ ഏതു ബി.എം.ഡബ്ല്യുവും അസൂയയോടെ നോക്കിപ്പോകും. ദീര്‍ഘദൂര യാത്രയിലും നാനോ മനം മടുപ്പിക്കില്ല. നിരവധി തവണ കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരേക്ക് ഞാന്‍ നാനോ ഓടിച്ചിട്ടുണ്ട്.

ഞാന്‍ നാനോ വാങ്ങുമ്പോള്‍ പവര്‍ സ്റ്റിയറിങ്ങുള്ള മോഡല്‍ വിപണിയിലെത്തിയിരുന്നില്ല. തൊട്ടടുത്ത വീട്ടിലെ ബല്‍റാമേട്ടന്റെ മകള്‍ രേവതി പവര്‍സ്റ്റിയറിങ്ങുള്ള നാനോയുമായി പറപറക്കുമ്പോള്‍ എന്റെ നാനോ മോഹഭംഗത്തോടെ നോക്കി നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള നാനോ ഓടിക്കാനായി ഞാന്‍ പൂനെയ്ക്ക് വണ്ടി കയറുമ്പോഴും എന്റെ നാനോ പരവശയായി എന്നെ നോക്കി. ടാറ്റ ചെയ്തത് കൊടുംചതിയായിപ്പോയി. പവര്‍സ്റ്റിയറിങ്ങും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമില്ലാത്ത എന്റെ പാവം നാനോ ആ ദുഃഖഭാരവും താങ്ങി ഇനി ഇങ്ങനെ എത്ര നാള്‍ ജീവിക്കും!

ജെന്‍ എക്‌സ് നാനോ
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ കാറാണ് ജെന്‍എക്‌സ് നാനോ എന്ന ഈ പുതിയ ടാറ്റാ നാനോ. പിന്‍വശത്ത് തുറക്കാവുന്ന ഹാച്ച്, 110 ലിറ്റര്‍ ലഗേജ് സ്‌പേസ്, 5 സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അഥവാ എ.എം.ടി എന്നിങ്ങനെ പല പുതുമകളും പുതിയ ജെന്‍എക്‌സ് നാനോയില്‍ ടാറ്റ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്.

കാഴ്ച
അടിസ്ഥാന രൂപത്തില്‍ മാറ്റമില്ല. പക്ഷേ മുന്‍ഭാഗത്തും പിന്‍ഭാഗത്തും മാറ്റങ്ങള്‍ ധാരാളമുണ്ട്. മുന്നില്‍, ബമ്പറിന്റെ ഭാഗം പാടേ മാറ്റി. ഇവിടെ ഇപ്പോള്‍ ‘ഹ്യുമാനിറ്റി ലൈന്‍’ എന്ന് ടാറ്റ വിളിക്കുന്നു. ചിരിക്കുന്ന ചുണ്ടുകളുടെ ആകൃതിയിലുള്ള ഹണികോംബ് എയര്‍ഡാം വന്നു. ഇവിടെ എയര്‍ഡാം കൊടുക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇപ്പോള്‍ റേഡിയേറ്റര്‍ മുന്‍ഭാഗത്താണ് എന്നുള്ളതാണ്. എയര്‍ഡാമിന്റെ ഇരുവശത്തുമായി ഫോഗ്‌ലാമ്പ് ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നു. ഹെഡ്‌ലാമ്പിന് ഇപ്പോള്‍ കറുത്ത പശ്ചാത്തല ഭംഗിയുണ്ട്. ഹെഡ്‌ലാമ്പിന്റെ താഴെ ഒരു പിയാനോ ബ്ലാക്ക് നിറമുള്ള ഗാര്‍ണിഷ് ലൈനുണ്ട്. ഇത്രയും മാറ്റങ്ങള്‍ വന്നപ്പോള്‍ കൂടുതല്‍ പ്രസാദാത്മകവും ഭംഗിയുറ്റതുമായി നാനോയുടെ മുന്‍ഭാഗം.പിന്‍ഭാഗത്തെ പ്രധാന മാറ്റം, പിന്‍ഭാഗം മറ്റേതൊരു ഹാച്ച്ബായ്ക്കും പോലെ തുറക്കാം എന്നുള്ളതാണ്. 

110 ലിറ്റര്‍ ലഗേജും കയറ്റാം. അതായത് രണ്ടോ മൂന്നോ ചെറിയ പെട്ടികള്‍. എഞ്ചിന്‍ പിന്നില്‍ത്തന്നെ ആയതിനാല്‍ കൂടുതല്‍ ലഗേജ് സ്‌പേസ് ആഗ്രഹിക്കുന്നതു തെറ്റല്ലേ! പിന്നില്‍ ഒരു പാര്‍സല്‍ ട്രേ കൂടി ഫിറ്റ് ചെയ്തിട്ടുണ്ട്, അതിന്മേല്‍ രണ്ട് സ്പീക്കറുകളും. ഒരു ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍, കറുത്ത ചുറ്റുവട്ടത്തിനകത്തുള്ള വിന്‍ഡ് ഷീല്‍ഡ്, മുന്നിലെ അതേ ആകൃതിയില്‍, അല്പം കൂടി ചെറിയ എയര്‍ഡാം, കറുത്ത പിയാനോ ബ്ലാക്ക് ഗാര്‍ണിഷ് എന്നിവയും പിന്‍ഭാഗത്തുണ്ട്.

ഉള്ളില്‍
ഉള്‍ഭാഗത്തെ പ്ലാസ്റ്റിക്കിന്റേയും മറ്റും നിലവാരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പാനല്‍ ഗ്യാപ്പുകളും മറ്റും കുറഞ്ഞു. ഡാഷ്‌ബോര്‍ഡിന്റെ അടിസ്ഥാന രൂപം നിലനിര്‍ത്തിയിട്ടുണ്ട്. സ്റ്റിയറിങ്ങ് വീല് പാടേ മാറ്റി. ഇപ്പോള്‍ സെസ്റ്റിന്റെയും ബോള്‍ട്ടിന്റെയും സ്റ്റിയറിംഗ് വീലാണ് നാനോയ്ക്കും. കറുപ്പ്, കറുപ്പ് ബീജ് നിറങ്ങളില്‍ ഇന്റീരിയര്‍ ലഭ്യമാണ്. ഫാബ്രിക് സീറ്റില്‍ ‘ഇന്‍ഫിനിറ്റി’ തീം സൂചിപ്പിക്കുന്ന കുറിമാനങ്ങള്‍ കാണാം. ഓറഞ്ച് നിറമുള്ള വരകള്‍ സീറ്റിനെ സ്‌പോര്‍ട്ടിയാക്കുന്നു. ആംഫി സ്ട്രീമിന്റെ നാല് സ്പീക്കറുള്ള മ്യൂസിക് സിസ്റ്റമാണ് മറ്റൊരു പുതുമ. യു.എസ്.ബി., ഓക്‌സിലറി പോര്‍ട്ടുകളുണ്ട്. കൂടാതെ ബ്ലൂടൂത്ത് കണക്ടിവിറ്റിയുമുണ്ട്. ഡിജിറ്റല്‍ ക്ലോക്ക്, ഡ്യുവല്‍ ട്രിപ്പ്മീറ്റര്‍, ഫ്യൂവല്‍ കണ്‍സംപ്ഷന്‍ ഇന്‍ഡിക്കേറ്റര്‍, ഇന്ധനം തീരാന്‍ എത്ര കിലോമീറ്റര്‍ ഓടണം എന്നറിയാനുള്ള ഇന്‍ഡിക്കേറ്റര്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, കീലെസ് എന്‍ട്രി, മുന്നില്‍ പവര്‍ സ്റ്റിയറിങ്, എന്നിവ പുതിയ നാനോയുടെ ഗുണങ്ങളില്‍ പെടുന്നു. പിന്നിലെ ഹാച്ച് തുറക്കാന്‍ കീ ഉപയോഗിക്കണം എന്നത് കുറവായി തോന്നി. എങ്ങനെ നോക്കിയാലും പഴയ നാനോയെക്കാള്‍ ഗുണനിലവാരത്തില്‍ ബഹുദൂരം മുന്നിലാണ് പുതിയ ജെന്‍ എക്‌സ് നാനോ.

എഞ്ചിന്‍
എഞ്ചിനില്‍ മാറ്റമില്ല. 624 സിസി, 2 സിലിണ്ടര്‍, എം.പി.എഫ്‌.ഐ. എഞ്ചിന്‍ തന്നെ. 39 ബി.എച്ച്.പി. പവറുണ്ട്. ബോഷ് വികസിപ്പിച്ചെടുത്ത അഡ്വാന്‍സ്ഡ് എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഡ്രൈവിങ്ങ് സുഖം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

മൂന്ന് 4 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുകളും എക്‌സ് ടി എ എന്ന ടോപ് എന്‍ഡ് 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡലുമാണ് നാനോയ്ക്കുള്ളത്. സെസ്റ്റ്, മാരുതി സെലേറിയോ, ആള്‍ട്ടോ 800 എന്നിവയില്‍ ഘടിപ്പിക്കപ്പെട്ടിരിക്കുന്ന, ഇറ്റാലിയന്‍ കമ്പനിയായ മാഗ്‌നെറ്റോ മരേലി നിര്‍മ്മിച്ച ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ നഗരത്തിലൂടെ ഓടിക്കാന്‍ ഏറ്റവും പറ്റിയ ഗിയര്‍ സംവിധാനമാണ്. ഓട്ടോമാറ്റിക് മോഡില്‍ ഓടിക്കുമ്പോള്‍ ചെറിയ ലാഗ് ഗിയറുകള്‍ക്കിടയില്‍ തോന്നാം. പക്ഷേ, ഗിയര്‍ ലിവറില്‍ത്തന്നെയുള്ള മാനുവല്‍ (പ്ലസ്, മൈനസ് മോഡുകള്‍) മോഡുകള്‍ ലാഗ് ഒഴിവാക്കി, മാനുവല്‍ ഗിയര്‍ഷിഫ്റ്റിന്റെ ഹരം നല്‍കുന്നു. കൂടാതെ സ്‌പോര്‍ട്ട് എന്ന മോഡുമുണ്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്. ഈ മോഡില്‍ പെര്‍ഫോര്‍മന്‍സ് വര്‍ദ്ധിക്കുന്നു. മാനുവല്‍ ട്രാന്‍സ്മിഷന് 23.6 കി.മി/ലിറ്ററും, ഓട്ടോമാറ്റിക്കിന് 21.9 കി.മി./ലിറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

ഹാന്‍ഡ്‌ലിങ്
ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങിന്റെ കൃത്യത ഒന്നാന്തരം. നാല് മീറ്ററില്‍ നാനോ വളച്ചുതിരിച്ചെടുക്കാം. ആക്ടീവ് റിട്ടേണ്‍ ഫങ്ഷനുമുണ്ട് സ്റ്റിയറിങ്ങിന്. യാത്രാ സുഖം കൂട്ടാനും സ്റ്റെബിലിറ്റി വര്‍ദ്ധിപ്പിക്കാനുമായി ആന്റി റോള്‍ ബാര്‍ സസ്‌പെന്‍ഷനില്‍ അധികമായി ഘടിപ്പിച്ചു. ബോഡിയുടെ കരുത്ത് വര്‍ദ്ധിപ്പിച്ചു. മുന്നില്‍ ക്രംബ്ള്‍ സോണ്‍ വന്നു. വശങ്ങളില്‍ നിന്നുള്ള ഇടിയുടെ ആഘാതം കുറയ്ക്കാന്‍ സൈഡ് ഡോര്‍ ഇന്‍ട്രൂഷന്‍ ബാറുകള്‍ ഘടിപ്പിച്ചു.

180 മി.മീ. ഗ്രൗണ്ട് ക്ലിയറന്‍സും കൂടി ചേരുമ്പോള്‍ ഒന്നാന്തരം ഒരു സിറ്റി കാറായി നാനോ മാറുന്നു.

തുടക്കത്തില്‍ പറഞ്ഞതുപോലെ, ഞാനൊരു പഴയ നാനോയുടെ ഉടമയാണ്. അതുകൊണ്ടുതന്നെ, ഒരു ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റ് എന്നതിലുപരി, നാനോയെ വിലയിരുത്താന്‍ യോഗ്യനാണ് ഞാന്‍. ആ യോഗ്യതയുടെ ആനുകൂല്യത്തോടെ പറയട്ടെ, പുതിയ ജെന്‍ എക്‌സ് നാനോ ഒരു രസികന്‍ അനുഭവമാണ്. പൂനെ നഗരത്തിന്റെ തിരക്ക് നിറഞ്ഞ ഐടി പാര്‍ക്ക് മേഖലകളിലൂടെ, ഏറ്റവും തിരക്ക് പിടിച്ച രാവിലെ ഒമ്പത് മണി സമയത്ത്, ആയാസരഹിതമായി ടാറ്റ നാനോ ഓടിച്ചു രസിച്ചു ഞാന്‍. ഹൊറൈസണ്‍ നെക്സ്റ്റ് എന്ന പദ്ധതിയിലൂടെ ഒന്നാന്തരം മോഡലുകളായ സെസ്റ്റും ബോള്‍ട്ടും നമുക്ക് സമ്മാനിച്ച ടാറ്റ, പുതിയ നാനോയിലും വിജയം കൊയ്യുമെന്നു തീര്‍ച്ച. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍