UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ഐ10-ന്റേയും സെലേറിയോയുടേയും ഉറക്കം കെടുത്താന്‍ ടാറ്റയുടെ സീക്ക

ഗോവയില്‍ വെച്ച് ടാറ്റയുടെ പുതിയ ഹാച്ച്ബായ്ക്കായ സീക്കയുടെ ടെസ്റ്റ് ഡ്രൈവിനിടെ ഞന്‍ സീക്കയുടെ കുറെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. നീലക്കടലിന്റെ പശ്ചാത്തലത്തില്‍ കുന്നിന്‍മേലെ കിടക്കുന്ന സീക്കയുടെ ചിത്രം കണ്ട് ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ഇങ്ങനെ കമന്റ് എഴുതി: ഇത് ടാറ്റയുടെ മോഡല്‍ തന്നെയാണോ എന്നു സംശയം തോന്നുന്നു. ഇന്‍ഡിക്കയുടെ ഹാങ്ഓവര്‍ തീരെയില്ലാത്ത, സുന്ദരമായ ഡിസൈന്‍.

ടെസ്റ്റ്‌ഡ്രൈവ് കഴിഞ്ഞ് പലരും ചോദിക്കുന്നു, സീക്ക എങ്ങനെയുണ്ട് എന്ന എല്ലാവരോടും ഞാന്‍ ഒറ്റ വാചകത്തില്‍ ഉത്തരം പറഞ്ഞു: റിയലി വേള്‍ഡ് ക്ലാസ്.

തീര്‍ച്ചയായും യാതൊരു അതിശയോക്തിയുമില്ലാതെ പറയട്ടെ, ടാറ്റ ഒരു ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡുള്ള വാഹന നിര്‍മ്മാതാവായി മാറിക്കഴിഞ്ഞിരിക്കുന്നു. സീക്ക കാണുമ്പോഴും ഓടിക്കുമ്പോഴും ഏതോ വിദേശവാഹനത്തിന്റെ ‘ഫീല്‍’ ആണ് ലഭിക്കുന്നത്. ടാറ്റയ്ക്ക് അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍ നല്‍കിക്കൊണ്ട് ടെസ്റ്റ്‌ഡ്രൈവിലേക്ക് കടക്കാം.

സീക്ക

ZICA എന്നെഴുതുകയും ZEECA എന്ന് ഉച്ചരിക്കുകയും ചെയ്യുന്ന ഈ ചെറിയ ഹാച്ച്ബായ്ക്ക് ഉറക്കം കൊടുത്താന്‍പോകുന്നത് ഹ്യുണ്ടായ് ഐ10 ഗ്രാന്റിന്റെയും മാരുതി സെലേറിയോയുടേയുമാണ്. തന്നെയുമല്ല, ടാറ്റയുടെ ന്യൂജനറേഷന്‍ മോഡലുകളായ ബോള്‍ട്ടും സെസ്റ്റും ജനിച്ചത് വിസ്റ്റയുടെ പഴയ പ്ലാറ്റ്‌ഫോമിലാണെങ്കില്‍, സീക്ക പൂര്‍ണ്ണമായും പുതിയ മോഡലാണ്. 3746 മി.മീ നീളമുണ്ട്. സെലേറിയോ (3600 മി.മീ). ഹ്യുണ്ടായ് ഐ10 (3585 മി.മീ.) എന്നിവയെക്കാള്‍ നീളം കൂടുതലുണ്ട് എന്നര്‍ത്ഥം. വീല്‍ബെയ്‌സ് അല്പം കൂടുതല്‍ സെലേറിയോയ്ക്കാണ് 2425 മീ. മീ. (സീക്കയ്ക്ക് 2400 മി.മീ).

കാഴ്ച

ആദ്യ കാഴ്ചയില്‍ത്തന്നെ ടാറ്റയുടെ മോഡലാണ് സീക്ക എന്നു വ്യക്തമാണ്. ചിരിക്കുന്ന ഗ്രില്‍ തന്നെ, കാരണം. എന്നാല്‍ സൂക്ഷിച്ചു നോക്കിയാല്‍ തികച്ചും പുതിയ ഡിസൈനാണ് ഗ്രില്ലിന്റേത് എന്നു ബോധ്യമാകും. പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഗ്രില്‍, മനോഹരമായ ഹെഡ്‌ലാമ്പിന്റെ സമീപം വച്ച് ഉള്ളിലേക്ക് വലിയുന്നു. ഗ്രില്ലിന്റെ ഫിനിഷും എടുത്തുപറയണം. ഗ്രില്ലില്‍ കാണുന്ന ടാറ്റ ലോഗോയ്ക്ക് ത്രീഡി എഫക്ടുണ്ട്. ഗ്രില്ലിന്റെ തുടര്‍ച്ചപോലെ വലിയ എയര്‍ഡാം. അതിന് ഇരുവശത്തും ഉരുണ്ട ഫോഗ്‌ലാമ്പുകള്‍. ബോണറ്റ് ഉയര്‍ന്നു നില്‍ക്കുന്നു. വീല്‍ ആര്‍ച്ചും വലിപ്പമുള്ളതാണ്.

സൈഡ് പ്രൊഫൈലില്‍ തികച്ചും സ്‌പോര്‍ട്ടിയാണ് സീക്ക. തടിച്ച ബെല്‍റ്റ് ലൈന്‍ ടെയ്ല്‍ ലാമ്പില്‍ അവസാനിക്കുന്നു. ഉയര്‍ന്ന റൂഫ് ലൈന്‍ ഉയരമുള്ള വാഹനമാക്കി സീക്കയെ മാറ്റുന്നു. ഇവിടെ എവിടെയോ പുതിയ ഫോര്‍ഡ് ഫിഗോയുമായി സാദൃശ്യം പേറുന്നുമുണ്ട് സീക്ക.

പിന്‍ഭാഗവും സുന്ദരം. വലിയ വിന്‍ഡ് ഷീല്‍ഡിനു താഴെ പിന്നിലേക്കു തള്ളിനില്‍ക്കുന്നു, ബൂട്ട്‌ലിഡ്. ടെയ്ല്‍ ലാമ്പ് വശങ്ങളില്‍ നിന്നാരംഭിക്കുന്നു. ബമ്പറിലെ ബ്ലാക്ക് ഫിനിഷും സുന്ദരം. റിയര്‍ സ്‌പോയ്‌ലര്‍ കൂടിയാകുമ്പോള്‍ ഡിസൈന്‍ പൂര്‍ണ്ണമാകുന്നു.


ഉള്ളില്‍

സീക്കയുടെ ഉള്‍ഭാഗം കാണുമ്പോള്‍ ആരും ആശ്ചര്യപ്പെട്ടു പോകും. ഫിറ്റ് ആന്റ് ഫിനിഷില്‍ നമ്പര്‍വണ്‍. ഇന്റീരിയര്‍ സ്‌പേസിന്റെ ധാരാളിത്തവും ആശ്ചര്യത്തിനു കാരണമാകും. മൂന്നുവര്‍ഷമെടുത്താണ് ടാറ്റ, സീക്കയെ നിര്‍മ്മിച്ചെടുത്തത് എന്നു കമ്പനി മേധാവികള്‍ പറഞ്ഞത് സത്യമാണെന്ന് ഇന്റീരിയര്‍ ബോധ്യപ്പെടുത്തും.

ഉള്‍ഭാഗത്തെ പ്ലാസ്റ്റിക്കിന് അത്ഭുതപ്പെടുത്തുന്ന നിലവാരമുണ്ട്. ബ്ലാക്ക് നിറത്തിന്റെ ഭംഗി ഓരോ ഇഞ്ചിലുമുണ്ട്. സെസ്റ്റിലെ അതേ സ്റ്റിയറിംഗ് വീലാണ് സീക്കയിലും. എയര്‍ വെന്റുകള്‍ക്ക് ചുറ്റും സ്റ്റീല്‍ ഫിനിഷുണ്ട്. ഇത് ഓപ്ഷണലായി വേണമെങ്കില്‍ ബോഡി കളറാക്കി മാറ്റാം.

ഡാഷ് ബോര്‍ഡില്‍ കാണുന്ന മ്യൂസിക് സിസ്റ്റം ഹാര്‍മന്‍ കമ്പനിയുടേതാണ്. ഓക്‌സിലറി ഇന്‍, യു എസ് ബി, ബ്ലൂടൂത്ത് കണക്ടിവിറ്റികളുള്ള ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ സൗണ്ട് ക്വാളിറ്റി മനം കവരും. 

ജൂക്ക് ആപ് എന്നൊരു ആപ്ലിക്കേഷനും ഈ സിസ്റ്റത്തിലുണ്ട്. കാറിനുള്ളിലുള്ളവര്‍ക്കെല്ലാം മൊബൈല്‍ ഹോട്ട്‌സ്‌പോട്ടിലൂടെ, തങ്ങളുടെ മൊബൈലിലെ മ്യൂസിക് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണിത്. ഓരോരുത്തര്‍ക്കും വേണ്ട പാട്ടുകള്‍ ഇങ്ങനെ പ്ലേ ചെയ്യാം. നാവിഗേഷനുമുണ്ട്. ഈ ഹാര്‍മന്‍ സിസ്റ്റത്തില്‍.

ഡ്രൈവര്‍ സീറ്റിന്റെ ഉയരം മാനുവലായി അഡ്ജസ്റ്റ് ചെയ്യാം. ധാരാളം സ്റ്റോറേജ് സ്‌പേസുകളും കാണാം. കപ്‌ഹോള്‍ഡറുകള്‍ ഗിയര്‍ ലിവറിനു സമീപമുണ്ട്. ബോട്ടില്‍ ഹോള്‍ഡര്‍ ഡോര്‍ പാഡുകളിലുമുണ്ട്. കൂള്‍ ഗ്ലോബോക്‌സില്‍ ടാബ്‌ലറ്റ്/ഐപാഡ് സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലവുമുണ്ട്. നല്ല തുടസപ്പോര്‍ട്ടും ലെഗ്‌സ്‌പേസും 240 ലിറ്റര്‍ ബൂട്ട്‌സ്‌പേസും സീക്ക തരുന്നുണ്ട്.

എഞ്ചിന്‍

പുതിയ 1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് സീക്കയ്ക്കുള്ളത്. ഇപ്പോള്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ മാത്രമേയുള്ളു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പിന്നാലെ പ്രതീക്ഷിക്കാം.

1.2 ലിറ്റര്‍ റെവ്‌ട്രോണ്‍പെട്രോള്‍ എഞ്ചിന്‍ പൂര്‍ണ്ണമായും അലൂമിനിയത്തില്‍ നിര്‍മ്മിച്ചതാണ്. ഈ 3 സിലിണ്ടര്‍ എഞ്ചിന്‍ 83.8 ബി എച്ച് പി പവര്‍ തരും. 3500 ആര്‍.പി.എമ്മില്‍ 11.6 കി.ഗ്രാം മീറ്ററാണ് ടോര്‍ക്ക്. മടുപ്പ് ഉളവാക്കാത്ത പെര്‍ഫോമന്‍സ് ഈ എഞ്ചിന്‍ തരുന്നുണ്ട്. റിഫൈന്‍ഡുമാണ് എഞ്ചിന്‍. ഗോവയിലെ നഗരത്തിരക്കുകളിലും നാട്ടുവഴികളിലും ഒരേപോലെ ഈ എഞ്ചിന്‍ പെര്‍ഫോം ചെയ്തു.

എങ്കിലും 1.05 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് താരം. 4000 ആര്‍ പി എമ്മില്‍ 69 ബി എച്ച് പി യാണ് പവര്‍. 18003000 ആര്‍ പി എമ്മില്‍ തന്നെ മാക്‌സിമം ടോര്‍ക്കായ 14.27 കി.ഗ്രാം മീറ്റര്‍ ലഭിക്കുന്നു. അതുകൊണ്ട് പെര്‍ഫോമന്‍സ് ഒട്ടും മോശമല്ല. ഇനീഷ്യല്‍ ലാഗ് തീരെ കുറവ്. പക്ഷേ എഞ്ചിന് ശബ്ദം കുറവാണെന്നു പറഞ്ഞുകൂടാ.

1500 ആര്‍ പി എം മുതല്‍ 3500 ആര്‍ പി എം വരെ പവര്‍ നിലനില്‍ക്കുന്നുണ്ട്. ‘പെപ്പി’ എന്നു വിളിക്കാവുന്ന പെര്‍ഫോര്‍മന്‍സ് എഞ്ചിന്‍ തരുന്നുമുണ്ട്.

എല്ലാ മോഡലുകള്‍ക്കും ‘ഇക്കോ’, ‘സിറ്റി’ എന്നീ ഡ്രൈവ് മോഡുകളുണ്ട്. ഇക്കോയില്‍ മൈലേജ് കൂടും, പെര്‍ഫോര്‍മന്‍സ് അല്പം മന്ദീഭവിക്കും. ഒന്നാന്തരം സസ്‌പെന്‍ഷന്‍, 14 ഇഞ്ച് ടയറുകള്‍ എന്നിവ സീക്കയിലെ യാത്ര ആയാസരഹിതമാക്കുന്നു.

സെസ്റ്റ്, ബോള്‍ട്ട് എന്നിവയിലൂടെ പുനര്‍ജന്മം കൈവരിച്ച ടാറ്റ, ഇനി സീക്കയിലൂടെ ഹ്യുണ്ടായിക്കും മാരുതിയ്ക്കും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ പോവുകയാണ്. ഇന്ത്യയിലെ ഇടത്തരക്കാരന്റെ പ്രിയപ്പെട്ട വാഹന സെഗ്‌മെന്റായ ചെറുഹാച്ച്ബായ്ക്കില്‍ വലിയ വിജയം നേടാന്‍ തീര്‍ച്ചയായും സീക്കയ്ക്ക് കഴിയും. വില കൂടി അനുകൂലമാകണമെന്നുമാത്രം.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍