UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പച്ചകുത്തുന്ന കേരളം; ടാറ്റൂ സംസ്‌കാരം കേരളത്തില്‍ വ്യാപകമാകുന്നു

Avatar

ഉണ്ണികൃഷ്ണന്‍ വി

‘ടാറ്റൂ ചെയ്ത ഒരാളിനെ എനിക്കു കാണിച്ചു തരൂ , താല്‍പര്യമുണര്‍ത്തുന്നൊരു ഭൂതകാലമുള്ള ഒരാളിനെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം’ എന്നു ലോകപ്രശസ്ത എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ജാക്ക് ലണ്ടന്‍ പറഞ്ഞിട്ടുണ്ട്. ടാറ്റൂ ചെയ്യുന്ന ഓരോരുത്തരും വ്യത്യസ്തരാണ്, അവരുടെതായ രീതിയില്‍. ശരിക്കും പറഞ്ഞാല്‍ യുണീക്. ഓരോ ടാറ്റുവും അതു പതിച്ചിരിക്കുന്ന ആളിന്റെ വ്യക്തിത്വത്തിന്റെ അടയാളമാണ്, ആ വ്യക്തിയുടെ മനോഭാവം ഉള്‍ക്കൊള്ളുന്നതാണ്.

പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ കൈവിരലുകളില്‍ എണ്ണിത്തീര്‍ക്കാവുന്നയത്ര ടാറ്റൂ സ്റ്റുഡിയോകളെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് സ്ഥിതി അതുക്കും മേലെയാണ്. മെട്രോ നഗരങ്ങളില്‍ തുടങ്ങി കേരളമാകെ വ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് തന്നെ പത്തോളം ടാറ്റൂ ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ടാറ്റൂ സ്റ്റുഡിയൊകള്‍ എണ്ണത്തില്‍ കുറവെങ്കിലും ഈ പറഞ്ഞ ഇടങ്ങളിലെല്ലാം ടാറ്റൂ ചെയ്യാനെത്തുന്നവരുടെ എണ്ണം വര്‍ഷാവര്‍ഷം കൂടിവരുന്നു. പതിനെട്ടു തികഞ്ഞവര്‍ തൊട്ട് എഴുപതുകഴിഞ്ഞവര്‍വരെ ആ കൂട്ടത്തിലുണ്ട്. 

വിദേശരാജ്യങ്ങളിലും പിന്നെ സിനിമാ-മോഡലിംഗ് താരങ്ങളിലും കണ്ട്,അത്ഭുതപ്പെട്ടിരുന്ന ശരീരത്തിലെ പച്ച കുത്തലുകള്‍ ഇന്ന് നമ്മുടെ കേരളത്തില്‍ പ്രായഭേദമില്ലാതെ ഏവരും സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കുകയാണ്. ഹരം എന്നതിലുപരി ടാറ്റുവിനെ സത്വപ്രതിഫലനത്തിന്റെ വൈകാരികതയിലേക്കുവരെ സ്വീകരിച്ചിരിക്കുകയാണ് മലയാളി ഇന്ന്.

കേരളത്തെ പച്ചകുത്തുന്ന ടാറ്റു സ്റ്റുഡിയോകള്‍
കേരളത്തില്‍ ഇപ്പോള്‍ ടാറ്റൂ സംസ്‌കാരം വളരെ വേഗം പടര്‍ന്നു പിടിച്ചു കഴിഞ്ഞു. ടാറ്റൂ സ്റ്റുഡിയൊകള്‍ എണ്ണി ടാറ്റൂ ചെയ്തവരുടെ കണക്കെടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. സ്റ്റുഡിയോകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം അത് വര്‍ദ്ധിച്ചു കൊണ്ടേയിരിക്കുന്നു. തിരുവനന്തപുരത്തെ ഡിസൈര്‍ ടാറ്റൂ സ്റ്റുഡിയോയില്‍ പ്രതിദിനം മിനിമം പത്തു പേരെങ്കിലും ടാറ്റൂ ചെയ്യാനായി അപ്പൊയ്‌മെന്റ് എടുക്കുന്നുണ്ട്. അതില്‍ ഒരു പ്രാവശ്യം ചെയ്തവരും പുതുതായി ചെയ്യുന്നവരും ഉണ്ടാവും. തിരുവനന്തപുരത്തു നിന്നും വടക്കോട്ട് പോയാല്‍ ദിനം പ്രതി ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം വീണ്ടും കൂടും. കൊച്ചിയിലാണ് ഈ കണക്ക് കൂടുന്നത്. ആരോഗ്യവകുപ്പിന്റെ അംഗീകാരം ഉള്ളതും ഇല്ലാത്തതും ആയ നിരവധി ടാറ്റൂ സ്റ്റുഡിയോകള്‍ കൊച്ചിയിലുയര്‍ന്നു വരുന്നത്. കൊച്ചിയിലാണ് ടാറ്റു സ്റ്റുഡിയോകള്‍ ആദ്യമെത്തിയതെങ്കിലും കേരളത്തിലെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലേക്ക് വ്യപിക്കാന്‍ അധികസമയം എടുത്തില്ല. ഇപ്പോള്‍ ചെറുനഗരങ്ങളിലേക്കുവരെ ഈ ട്രെന്‍ഡ് പടര്‍ന്നു പിടിക്കുകയാണ്. കേരളത്തിലുള്ള സ്റ്റുഡിയോകളുടെ എണ്ണത്തിലും ടാറ്റൂ ചെയ്യുന്നവരുടെ എണ്ണത്തിലും വന്ന മാറ്റം അതിനു തെളിവാണ്.

ടെംബററിയോ പെര്‍മനന്റോ!
ടെംബററി, പെര്‍മനന്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് ടാറ്റുവിലുള്ളത്. ഇതില്‍ ടെംബററിക്ക് ആവശ്യക്കാര്‍ തുലോം കുറവാണ്. പേരു സൂചിപ്പിക്കുന്നത് പോലെ ഇതിനായുസ്സ് കുറവാണ്. സിനിമാ താരങ്ങള്‍ മോഡലുകള്‍ എന്നിങ്ങനെ ഉള്ളവരാണ് ടെംബററി ടാറ്റൂ ചെയ്യുന്നത്. ഷൂട്ടിംഗിനോ മോഡലിംഗിനോ വേണ്ടി മാത്രം ചെയ്യുന്ന ഈ ടാറ്റു രണ്ടു ദിവസം മുതല്‍ പതിനഞ്ചു ദിവസം വരെ നിര്‍ത്താനാകും.

പെര്‍മനന്റ ടാറ്റൂ ഒരിക്കല്‍ ചെയ്താല്‍ പതിനെട്ടു വര്‍ഷം വരെ കൂടെയുണ്ടാവും. പക്ഷെ പെര്‍മനന്റ് ടാറ്റു ചെയ്യുന്നതിന് ചിലനിബന്ധനകള്‍ ഉണ്ട്( പലരും പാലിക്കുന്നില്ലെങ്കിലും)ടാറ്റു ചെയ്യുന്നയാള്‍ക്ക് പതിനെട്ട് വയസ് കഴിഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമെ അംഗീകൃതമായ ടാറ്റു സ്റ്റുഡിയോകള്‍ അയാള്‍ക്ക് ടാറ്റു പതിക്കാന്‍ തയ്യാറാവുകയുള്ളൂ. 

ഇതെന്റെ സ്‌നേഹമാകുന്നു
ഈയിടെ ഇറങ്ങിയ ‘നീനാ’ എന്ന സിനിമ കണ്ടവര്‍, അതിലെ നായികയുടെ കഴുത്തിലെ ടാറ്റൂ ശ്രദ്ധിച്ചിട്ടുണ്ടാവണം. ഫോര്‍ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക് ആര്‍ട്‌സ് എന്ന ടാറ്റൂ സ്റ്റുഡിയോ ആയിരുന്നു. ആണ്. ബ്ലാക് ആര്‍ട്‌സിന്റെ ഉടമ പ്രമോദ് ഗ്രാഫിക് ഡിസൈനിംഗിന്റെ ലോകത്തു നിന്നാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ മേഖലയിലേക്കു വരുന്നത്. ആദ്യമൊരു ഹോബിയായി തുടങ്ങിയ ടാറ്റൂ ചെയ്യല്‍ ഇപ്പോള്‍ ഫുള്‍െൈടം എന്‍ഗേജ്ഡ് ആയ തന്റെ ബിസിനസ്സാണെന്ന് പ്രമോദ് പറയുന്നു. കൊച്ചിയില്‍ രണ്ടു ടാറ്റൂ സ്റ്റുഡിയോകളാണ് പ്രമോദിന് സ്വന്തമായിട്ടുള്ളത്.

‘പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ സ്റ്റുഡിയോ തുറന്നപ്പോള്‍ ഫോറിനേഴ്‌സ് ആയിരുന്നു എന്റെ ക്ലൈന്റ്‌സില്‍ 90 ശതമാനവും. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. കൂടുതലും നമ്മുടെ ആളുകള്‍ തന്നെ . പ്രൊഫഷണലുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ ഫോഴ്‌സുകളില്‍ ഉള്ളവര്‍ എന്നിങ്ങനെ ആ ലിസ്റ്റ് നീളും. പണ്ടൊക്കെ ടാറ്റൂ ചെയ്യുന്നത് ഒരു വ്യക്തി അയാളുടെ സ്വന്തം വ്യക്തിത്വത്തിനു കൂടുതല്‍ നിറം കൊടുക്കുക എന്ന ഉദ്ദേശത്തിലായിരുന്നു. ഇന്ന് ടാറ്റൂവിനു പല അര്‍ഥങ്ങളാണ്. ഒരാള്‍ മറ്റൊരാള്‍ക്ക് നല്‍കുന്ന ഗിഫ്റ്റായിപ്പോലും ടാറ്റൂ ചെയ്യല്‍ മാറിയിരിക്കുന്നു. ഭാര്യ-ഭര്‍ത്താക്കന്‍മാരും കാമുകീ കാമുകന്മാരും തങ്ങള്‍ക്ക് ഇണയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാനായി സ്വന്തം ശരീരത്തില്‍ അവരുടെ പേരു ടാറ്റൂ ചെയ്യുന്നു. 

മുത്തുറ്റ് ഫിനാന്‍സില്‍ മാനേജരായ ഉമേഷ് തന്റെ ശരീരത്തില്‍ പതിച്ചിരിക്കുന്നത് നാലു ടാറ്റുകളാണ്. തന്റെ സെല്‍ഫ് എക്രസ്‌പെഷനാണ് ഈ ടാറ്റൂ പതിക്കലിലൂടെ നടത്തുന്നതെന്നാണ് ഉമേഷ് പറയുന്നത്. ടാറ്റൂ ചെയ്യണമെന്ന ആഗ്രഹം കൗമരകാലത്തെ ഉടലെടുത്തതാണ്. സ്വന്തം കാലില്‍ നിന്നപ്പോള്‍ മാത്രമാണ് അതിന് സാധിച്ചത്. എന്റെ ഭാര്യയും ടാറ്റൂ ചെയ്തിട്ടുണ്ട്. 

കൊല്ലത്ത് ജെന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അരുണ്‍ കൈയില്‍ ഭാര്യയുടെ പേരാണ് പച്ചകുത്തിയിരിക്കുന്നത്. ‘ഇതു വെറുതെ ഒരു രസത്തിനു ചെയ്തതല്ല. എന്റെ ഭാര്യയോട് എനിക്കുള്ള ഇഷ്ടമാണ് ഇതിലൂടെ ഢഞാന്‍ പ്രകടിപ്പിക്കുന്നത്. 

ടാറ്റു ആരോഗ്യത്തിന് ഹാനീകരം?
ടാറ്റൂ ചെയ്യുന്നവര്‍ക്ക് കാന്‍സര്‍ വരുമെന്നും ആര്‍മിയില്‍ എടുക്കില്ലെന്നുമൊക്കെ പറയാറുണ്ട്. തിരുവനന്തപുരത്തു കുറവന്‍കോണത്തെ ഡിസയര്‍ ടാറ്റൂസ് സ്റ്റുഡിയോ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ സൂരജിന് ഇക്കാര്യത്തില്‍ പറയാനുള്ളത് ഇതാണ്; ‘ടാറ്റൂ ചെയ്താല്‍ കാന്‍സര്‍ വരുമെന്ന് പറയുന്നതിന്റെ കാരണം, അതിലുപയോഗിക്കുന്ന വസ്തുക്കളിലെ രാസഘടകങ്ങളാണ്. നമ്മള്‍ ചൈനീസ് ഷോപ്പില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ ഒറിജിനല്‍ ആവിലല്ലോ. അതുപോലെ വിലക്കുറവുണ്ടെന്നു കരുതി ചിലര്‍ വിശ്വസ്ത ബ്രാന്‍ഡുകളുടെ അതേ പേരുള്ള ഡ്യുപ്ലിക്കേറ്റ് ഇങ്ക് വാങ്ങും. അവയില്‍ ലെഡ് കണ്ടന്റ് കൂടുതലായിരിക്കും. ലെഡ് കൂടുതലായി ശരീരത്തില്‍ ചെന്നാല്‍ കാന്‍സറിന് കാരണമാകും. വ്യാജ ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള ടാറ്റുവാണ് കാന്‍സറിന് കാരണമെന്നും ഒറിജിനല്‍ ടാറ്റൂ ശരീരത്തിന് ഒരുതരത്തിലും ദോഷം വരുത്തില്ലെന്നും എഞ്ചിനീയറിംഗ് പ്രൊഫനില്‍ നിന്നും ഈ രംഗത്തെത്തിയ സൂരജ് ഉറപ്പ് പറയുന്നു.

ആരോഗ്യവകുപ്പിന്റെ സര്‍ട്ടിഫിക്കേഷനാണ് ഒരു ടാറ്റൂ സ്റ്റുഡിയോ തുടങ്ങാന്‍ ആദ്യം വേണ്ടത്. ഉപയോഗിക്കുന്ന മഷിയുടെയും ഉപകരണങ്ങളുടെയും ക്വാളിറ്റി, സ്റ്റുഡിയോയുടെ ശുചിത്വം എന്നിവ കണക്കിലെടുത്താണ് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കുന്നത്. എന്നാല്‍ ഈ അംഗീകാരം ലഭിക്കാതെ പ്രവര്‍ത്തിക്കുന്ന നിരവധി ഷോപ്പുകളുണ്ട്. ഇവയില്‍ കയറുന്നവര്‍ക്കാണ് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്ക് തങ്ങലുടെ ശരീരത്ത് പതിച്ച ടാറ്റൂ മാറുന്നത്. അംഗീകാരമില്ലാത്ത സ്റ്റുഡിയോകള്‍ പോലും ലാഭകരമായി പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നതും ടാറ്റൂ വ്യവസായം ഇന്ന് കേരളത്തില്‍ വല്ലാതെ വേരുപിടിച്ചുപോയതുകൊണ്ടാണ്. തമാശയ്ക്കും കാര്യമായും ടാറ്റൂ ചെയ്യുന്നവര്‍ കൂടുകയാണ്. വ്യക്തിത്വത്തിനു മാറ്റു കൂട്ടാനും കാമുകിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാനും അല്ലെങ്കില്‍ പ്രിയ പത്‌നിക്ക് സമ്മാനമായി നല്‍കാനുമൊക്കെയായി ടാറ്റൂ കടന്നു പോകുന്ന വഴികള്‍ നിരവധിയാണ്.

ഫ്‌ളോറിഡയിലെ മന:ശാസ്ത്രവിദഗ്ധയായ ക്രിസ്റ്റിന ഫ്രെഡറിക് റെകാസിനോ ടാറ്റൂ ചെയ്ത നിരവധി പേരെ പഠനത്തിനു വിധേയരാക്കി. അവരില്‍ ഒരു യുവതി ക്രിസ്റ്റീനയോട് പറഞ്ഞതിങ്ങനെയാണ്; ‘ഞാനെന്ന വ്യക്തിയുടെ ഒരു പ്രതിഫലനമാണ് എന്റെ ടാറ്റൂ. അതെന്റെ നിഗൂഡമായ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്നു, എന്റെ താല്‍പ്പര്യങ്ങളെ, എന്റെ ജീവിത ലക്ഷ്യങ്ങളെ, എന്റെ ജീവിത തത്വശാസ്ത്രത്തെ’. ഇത് തന്നെയാണ് ടാറ്റൂ ചെയ്യുന്ന ഓരോ വ്യക്തിക്കും പറയാനുള്ളത്; അത് പലതരത്തില്‍ ആണെന്നു മാത്രം.

(അഴിമുഖം ട്രെയിനി ജേര്‍ണലിസ്റ്റാണ് ഉണ്ണിക്കൃഷ്ണന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍