UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടി സി എസ് പിരിച്ചുവിടല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഫാക്റ്റ് ഫൈന്റിംഗ് കമ്മിറ്റി

Avatar

നിയതി കൃഷ്ണ

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ (ടി.സി.എസ്സ്) നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന ഫൈറ്റ് (‘ഫോറം ഫോര്‍ ഐ.ടി. എംപ്ലോയീസ്) സംഘടനയുടെ അപേക്ഷയെ തുടര്‍ന്ന് രൂപീകരിച്ച ‘ഫാക്റ്റ് ഫൈന്റിംഗ് കമ്മിറ്റി’ ഫെബ്രുവരി ആറിന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി. ഭാസ്കര്‍, ചെന്നൈ എം.ഐ.ഡി.എസ്സിലെ അസിസ്റ്റന്‍റ് പ്രൊഫസറായ ഡോ. എം. വിജയഭാസ്കര്‍, സേലത്ത് നിന്നുള്ള നിയമ വിദഗ്ധന്‍ അഡ്വ. ബോബി കുഞ്ഞ്, തൊഴിലാളി അവകാശ പ്രവര്‍ത്തകയും സോഫ്റ്റ്‌വെയര്‍ മേഖലയിലെ ജീവനക്കാരിയുമായ ചന്ദ്രിക രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പിരിച്ചു വിട്ട ജീവനക്കാരില്‍ നിന്നും മറ്റുള്ള മുതിര്‍ന്ന ടി.സി.എസ്സ് ഉദ്യോഗസ്ഥരില്‍ നിന്നും ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളും മറ്റു കണ്ടെത്തലുകളും അടിസ്ഥാനമാക്കി നിഗമനങ്ങളും ശുപാർശകളും കമ്മിറ്റി മുന്നോട്ടു വച്ചിരിക്കുന്നു. ജീവനക്കാരെ പിരിച്ചു വിടുന്നത് സാധാരണ പ്രക്രിയയാണെങ്കിലും ഇത്തവണത്തെ പുനക്രമീകരണം മധ്യതലസാങ്കേതിക ജീവനക്കാരുടെഎണ്ണം കുറയ്ക്കാന്‍ വേണ്ടി ശ്രദ്ധാപൂർവം സൃഷ്ടിച്ച തന്ത്രപ്രയോഗമാണെന്നാണ് റിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ടി.സി.എസ്സ് പിരിച്ചുവിടലും തൊഴിലാളി-മനുഷ്യാവകാശ ധ്വംസനങ്ങളും കേന്ദ്രീകരിച്ച് സംസ്ഥാനം ഒരു ജുഡിഷ്യല്‍ അന്വേഷണത്തിനു തുടക്കമിടണമെന്ന് കമ്മറ്റി ആവശ്യപ്പെടുന്നു.

പിരിച്ചു വിട്ട ജീവനക്കാരുടെ പ്രൊഫൈല്‍ വസ്തുതകള്‍ പരിശോധിച്ച് അവ സ്റ്റേക്ക് ഹോള്‍ഡേഴ്സിന്റെ പ്രസ്താവനകളുമായി യോജിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുക, ഐ.ടി. ജീവനക്കാരുടെ ജോലി സാഹചര്യത്തെ പറ്റി —– നിയമനം, നിര്‍മാണ പ്രക്രിയകളിലെ പങ്കാളിത്തം, വൈദഗ്ധ്യം കൂട്ടുന്നതിനുള്ള സംവിധാനങ്ങള്‍, പിരിച്ചു വിടുന്ന പ്രക്രിയ—- അന്വേഷിക്കുക, പൊതുവില്‍ ജോലി സംബന്ധമായും പ്രത്യേകിച്ച് പ്രകടനം വിലയിരുത്തുന്നതുമായും ബന്ധപ്പെട്ടുള്ള ജീവനക്കാരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള സംവിധാനവും പ്രകടനം വിലയിരുത്തുന്ന പ്രക്രിയയും പരിശോധിച്ച് അവ എത്രമാത്രം സുതാര്യവും ന്യായവുമാണെന്ന് ഉറപ്പിക്കുക, ഐ.ടി. ജീവനക്കാരുടെ ജോലി, പിരിച്ചു വിടല്‍ എന്നിവയില്‍ ബാധകമായ തൊഴില്‍ നിയമങ്ങള്‍ പരിശോധിച്ച് അവ നിലവില്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് നോക്കുക എന്നീ നാല് പ്രധാനപ്പെട്ട ലക്‌ഷ്യങ്ങളിലൂന്നിയായിരുന്നു കമ്മിറ്റിയുടെ അന്വേഷണവും നിഗമനങ്ങളും.

ചെന്നൈയില്‍ നിന്നും ബാംബംഗളൂരില്‍ നിന്നുമുള്ള ഇരുപതും രാജ്യത്താകമാനമുള്ള നൂറ്റി മുപ്പതും ജീവനക്കാരുടെ സാക്ഷ്യപത്രങ്ങള്‍ കമ്മിറ്റി ശേഖരിച്ചു. തങ്ങള്‍ ഈ-മെയിലും ഫാക്സും വഴി ചോദിച്ച ചോദ്യങ്ങള്‍ക്ക് ടി.സി.എസ് മാനെജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രകടന മികവനുസരിച്ചാണ് ഐ.ടി. മേഖലയിലെ ജീവനക്കാരുടെ ജോലി സുരക്ഷിതത്വം. എന്നാല്‍ കൃത്യമായി ജീവനക്കാര്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ പ്രകടന പരിശോധനയുടെ ലക്ഷ്യങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടോ എന്നതും പ്രകടന മികവിന്റെ അളവുകോലുകള്‍ തീരുമാനിക്കുന്നത് ന്യായവും തുതാര്യവുമായ പ്രക്രിയയിലൂടെയാണോ എന്നും പരിശോധിച്ചതിന്റെ ഫലമായി ടി.സി.എസ്സിന്റെ പിരിച്ചു വിടല്‍ പ്രക്രിയ ന്യായമായിരുന്നില്ല എന്ന നിഗമനത്തിലാണ് കമ്മിറ്റി എത്തിച്ചേര്‍ന്നിരിക്കുന്നത്. വ്യക്തിഗത പ്രകടനങ്ങളെ എങ്ങനെയാണ് ബാന്‍ഡിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നത് വ്യക്തമല്ല. നല്ല ഗ്രേഡുകള്‍ (ബാന്‍ഡ്) ലഭിച്ചിരുന്ന പല ജീവനക്കാരെയും പിരിച്ചു വിട്ടിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം, അവരുടെ പദവിക്കനുസരിച്ചുള്ള ക്ലിപ്തമായൊരു സംഖ്യയും കമ്പനിയുടെ പ്രവർത്തനത്തിനും വ്യക്തിഗത പ്രകടനത്തിനുമനുസരിച്ചുള്ള എറ്റക്കുറച്ചിലോടെയുള്ള മറ്റു രണ്ടു തുകയും ചേര്‍ന്നതാണ്.

തങ്ങളുടെ ടീമിലെ ഓരോ അംഗങ്ങളെയും തൃപ്തരാക്കി നിര്‍ത്തി കൊണ്ട് ജീവനക്കാരുടെ അനുപാതം വെട്ടിച്ചുരുക്കാനുള്ള സമ്മര്‍ദത്തെ നടപ്പിലാക്കാനുള്ള പ്രകടന പരിശോധകരുടെ താത്പര്യത്തിനനുസരിച്ചാണ് പ്രകടനപരിശോധന എന്നത് വ്യക്തമാണ്. പല ജീവനക്കാരും ഇത് സമ്മതിക്കുന്നു. അവരെല്ലാവരും തന്നെ ജീവനക്കാരുടെ വൈദഗ്ധ്യം ദേശീയ തലത്തില്‍ രജിസ്റ്റർ ചെയ്യുന്ന നാസ്കോമിന്റെ ‘ബ്ലാക്ക്-ലിസ്റ്റിങ്ങി’നെ ഭയക്കുന്നുണ്ട്. മോശം പ്രകടത്തിന്റെ പേരില്‍ പിരിച്ചുവിട്ടവര്‍ക്ക് മറ്റൊരു ജോലി കിട്ടാന്‍ വെല്ലുവിളിയാണിത്.

മുന്‍‌കൂര്‍ അറിയിക്കാതെയുള്ള പിരിച്ചു വിടലുണ്ടാക്കുന്ന സാമൂഹിക, കുടുംബ പ്രതിസന്ധികളെയും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പിരിച്ചു വിട്ടവരില്‍ കൂടുതല്‍ മുപ്പതു-നാല്‍പ്പതു വയസ്സിനകത്തുള്ളവരാണ്. പെട്ടെന്നൊരു ജോലി കണ്ടു പിടിക്കാന്‍ ഏറ്റവും പ്രയാസവും അവര്‍ക്കാണ്. ഇത് മാനസിക പ്രതിസന്ധികളും അവരെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് അനിശ്ചിതാവസ്ഥയും നല്‍കുന്നു. ഇങ്ങനെയുള്ള നിരവധി പരിണിത ഫലങ്ങളെ പഠനത്തിനു ആസ്പദമാക്കിയ ശേഷം രൂപീകരിച്ച നിഗമനങ്ങളെ മുന്‍നിര്‍ത്തി റിപ്പോര്‍ട്ട് ചില ശുപാർശകള്‍ മുന്നോട്ടു വയ്ക്കുന്നു.

മധ്യതല ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ട നടപടിയെ ടി.സി.എസ് പുനപരിശോധിക്കുക, ജീവനക്കാരുടെ അനുപാതം കുറയ്ക്കണമെങ്കില്‍ അത് സുതാര്യമായി നടത്തുക, പ്രകടന വിലയിരുത്തലിലെ അവ്യക്തത മാറ്റി അതിനെ ശാസ്ത്രീയമായി നടപ്പിലാക്കുക, സംസ്ഥാനം ഇതില്‍ ഒരു നിശബ്ദ സാക്ഷിയായി നിലകൊള്ളാതെ തൊഴില്‍-തൊഴിലാളി ക്ഷേമത്തിലുള്ള ഉത്തരവാദിത്തം കാണിക്കുക, ടി.സി.എസ്സ് ജീവനക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെ അതാതു സംസ്ഥാനങ്ങള്‍ കണക്കിലെടുത്ത് പിരിച്ചുവിടലും തൊഴിലാളി-മനുഷ്യാവകാശ ധ്വംസനങ്ങളും കേന്ദ്രീകരിച്ച് ജുഡിഷ്യല്‍ അന്വേഷണത്തിനു തുടക്കമിടുക, മാറി വരുന്ന ജോലി സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള തൊഴില്‍ നിയമനിര്‍മാണം നടത്തുക, നാസ്കോം സ്കില്‍ രെജിസ്ട്രിയെ പറ്റിയുള്ള ജീവനക്കാരുടെ ഭീതിയും ആശങ്കയും പരിഗണിച്ച്, ഐ.ടി.ജീവനക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി കൊണ്ടും അവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ടും ‘എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച്’ പോലെയുള്ള ഒരു സംവിധാനം രൂപീകരിക്കുക എന്നീ നിര്‍ദേശങ്ങളോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

 “ഇതൊരു സാമൂഹിക, മാനുഷിക പ്രശ്നമാണ്. പത്ത് വര്‍ഷത്തോളം പ്രവൃത്തി പരിചയമുള്ള നല്ലൊരു പൊസിഷനില്‍ നിന്നും പെട്ടെന്ന് പിരിച്ചു വിടുമ്പോള്‍ ഒരു ജീവനക്കാരന്റെ കുടുംബ, സാമ്പത്തിക, സാമൂഹിക നിലവാരം തന്നെ മാറിമറിയുകയാണ്. ഇതൊരു വ്യക്തി പ്രശ്നം മാത്രമല്ലെന്ന് കണ്ട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അനുഭാവപൂര്‍വമായ സമീപനം ഉണ്ടാവണം. ഇത്തരം പുതിയ തൊഴില്‍ മേഖലകളെ സംരക്ഷിക്കുന്ന രീതിയിലുള്ള തൊഴില്‍ നിയമ നിര്‍മാണം തന്നെ ആവശ്യമായി വരുന്നു. കോടതിയും ഇതിനെ ‘സ്വാഭാവികനീതി’യുടെ ഭാഗമായി ഉള്‍ക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നു.” കമ്മിറ്റി അംഗമായ ബി.ആര്‍.പി. ഭാസ്കര്‍ പറഞ്ഞു. 

‘ഫോറം ഫോര്‍ ഐ.ടി. എംപ്ലോയീസ്’ സംഘടനയുടെ അമരക്കാരില്‍ ഒരാളായ, ചെന്നെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി. പരിമളം പറയുന്നത് കമ്മിറ്റി റിപ്പോര്‍ട്ട് പ്രതീക്ഷാനിര്‍ഭരമാണെന്നാണ്. “സര്‍ക്കാരും കോടതിയും കൂടി അനുഭാവ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ”, അവര്‍ പ്രതികരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍