UPDATES

ബിജു എബനേസര്‍

കാഴ്ചപ്പാട്

ബിജു എബനേസര്‍

സിനിമ

ചായക്കട എന്ന ജീവതാളത്തില്‍ നിന്ന്‍ മലയാള സിനിമ മാറുമ്പോള്‍

നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്ന, നാട്ടിലെ അനേകം ചെറിയ ചായക്കടകളാണ് ഒരു പക്ഷേ നാം കൈവരിച്ച ‘സാമൂഹ്യ പുരോഗതി’യുടെ ഏറ്റവും നല്ല സൂചകം. കാലം പോകെ അവയ്ക്കു വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇങ്ങനെയൊരു നിരീക്ഷണത്തിന് അടിസ്ഥാനം. തിരശ്ശീലയിലെ ‘ജീവിതങ്ങള്‍’ പലപ്പോഴും യഥാര്‍ത്ഥ ജീവിതത്തെ പ്രതിഫലിപ്പിക്കാറുണ്ട്. പഴമയുടെ നിറം കലര്‍ന്ന ചിത്രങ്ങളെ സ്നേഹിക്കുന്ന എന്നെ സംബന്ധിച്ച് എന്നുമെന്നോണം കണ്ടുകൊണ്ടിരുന്ന ആ ചായക്കടകള്‍ അപ്രത്യക്ഷമാകുന്നത് മടക്ക ടിക്കറ്റില്ലാതെ മുന്നോട്ടു കുതിക്കുന്ന ഒരു യാത്രയിലാണ് നമ്മള്‍ എന്നതിന്‍റെ വേദനിപ്പിക്കുന്ന ഓര്‍മപ്പെടുത്തലാണ്. പുതിയ കാല തിരക്കഥകളില്‍ ഞാന്‍ അവയ്ക്കായി കൊതിക്കാറുണ്ട്. സ്ക്രീനിലെ കഥയുടെ കേന്ദ്രബിന്ദു ചായക്കടകളാണ് എന്നല്ല, പക്ഷേ മൊത്തം കഥാഗതിയില്‍ അവയും ഒരിടം കണ്ടെത്താറുണ്ട്. നമ്മുടെയൊക്കെ സാധാരണവും ചിലപ്പോള്‍ അസാധാരണവുമായ ജീവിതങ്ങള്‍ നടന്ന ചെറുഗ്രാമങ്ങളിലെ യഥാര്‍ത്ഥ ചായക്കടകളെ പോലെതന്നെ.

അറുപതുകള്‍ മുതലിങ്ങോട്ടുള്ള അഞ്ചു ദശകങ്ങളിലെ സിനിമകള്‍ ഓടിച്ചു നോക്കിയാല്‍ നമ്മുടെ ജീവിത പരിണാമത്തിന്‍റെ അല്‍ഭുതപ്പെടുത്തുന്ന ഗ്രാഫ് കാണാം. തിരക്കഥകളിലെ മാറിക്കൊണ്ടിരുന്ന ജീവിതതാളം, പരിസരങ്ങള്‍, ഇഴയടുപ്പങ്ങള്‍, ബന്ധങ്ങള്‍ ഒക്കെ സിനിമയായി പരിഭാഷപ്പെട്ടു. കാര്‍ഷികവൃത്തികള്‍ അപ്രത്യക്ഷമായി; നായകന്‍ നിലമുഴുന്നതോ കൃഷി ചെയ്യുന്നതോ അവന്‍റെ കാമുകി വിളവെടുത്തു കിട്ടിയ നെല്ല് ചേറ്റുന്നതു പോലുമോ കാണാന്‍ കിട്ടാറില്ല. പോസ്റ്റ്മാനും പോയ്മറഞ്ഞു, അയാളോടൊപ്പം “ഒരു കത്തുണ്ട്/ ഒരു റെയിസ്രറുണ്ട്…” എന്ന സ്ഥിരം ഡയലോഗും. അതുപോലെ തന്നെ നാടന്‍ കള്ളുഷാപ്പും. 

ഇതിനൊക്കെ ഇടയില്‍ സാധാരണ ചായക്കടകള്‍ മാഞ്ഞു പോകുന്നതാണ് ഏറ്റവും എടുത്തു കാണുന്നത്. അവിടത്തെ പത്രവുമെടുത്ത് വായിച്ചിരിക്കുന്നവര്‍ ഇന്നത്തെ നഗരത്തിന്‍റെ കഥകളില്‍ ഒരു കാപ്പിയും കുടിച്ച് പത്രം മറിക്കുന്നവരായിട്ടുണ്ട്. തിരക്കില്ലാത്ത മനുഷ്യരുടെ തിരക്കില്ലാത്ത ദിനചര്യകളിലെ ‘ഒത്തുകൂടുന്ന ഇടം’ ആയിരുന്നു ചായക്കടകള്‍. അവിടെ വിവേചനങ്ങളില്ല, ചായ കുടിക്കാന്‍ എല്ലാവര്‍ക്കും ഒരേതരം ഗ്ലാസ്സുകള്‍. രാഷ്ട്രീയ ശരികള്‍ നോക്കിയായിരുന്നില്ല അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നത്- പശുക്കള്‍ തൊഴുത്തില്‍ കയറുന്നതുവരെ തര്‍ക്കിച്ചിരിക്കാമായിരുന്നു (അക്ഷരാര്‍ത്ഥത്തില്‍). അവിടെ നിര്‍ബന്ധങ്ങളുടെയോ പ്രതീക്ഷകളുടെയോ ഭാരം നിങ്ങളുടെ മേല്‍ ഇല്ല; ഒരു കള്ളുഷാപ്പിനകത്തെ ‘സോഷ്യലിസം’ പോലെ. ഒരു വ്യത്യാസമേയുള്ളൂ, കടുപ്പത്തില്‍ ഒരു ഗ്ലാസ്സ് പതയുന്ന പാല്‍ച്ചായ കുടിച്ചാല്‍ നിങ്ങളുടെ തലയ്ക്കു പിടിക്കില്ല.

വെള്ളിത്തിരയില്‍ കണ്ട അനേകം ചെറു ചായക്കടകളില്‍ ചിലതിനെപ്പറ്റിയാണ് ഇനി പറയുന്നത്. ഒരുതരം അലസ സ്വഭാവത്തോടെ തന്നെ അവ കഥയില്‍ എങ്ങനെ വന്നു പോകുന്നു എന്നു നോക്കാം. രസകരമായ പല കാഴ്ചപ്പാടുകളും ഇതു തരുന്നുണ്ട്, സംശയമില്ല.

നീലക്കുയില്‍ (1954)
ജാതിയും വര്‍ഗ്ഗവും തൊലിയുടെ നിറവും ഉയര്‍ത്തിയ വേര്‍തിരിവിന്‍റെ മതിലുകള്‍ പൊളിക്കാന്‍ സിനിമയില്‍ സൂക്ഷ്മതയോടെ ചായക്കടയെ ഒരുപകരണമാക്കിയ എന്‍റെ ഓര്‍മ്മയിലെ ആദ്യ സിനിമ നീലക്കുയിലാണ്. കഥയെ മുന്നോട്ടു കൊണ്ടുപോകുന്ന പലതും സംഭവിക്കുന്നതവിടെയാണ്. മണവാളന്‍ ജോസഫിന്‍റെ ഭഗവതി വിലാസം ചായക്കടയാണ് പി. ഭാസ്കരന്‍റെ (പോസ്റ്റ്മാന്‍ ശങ്കരന്‍ നായര്‍) ഇഷ്ടയിടം, അയാള്‍ മിക്കവാറും അവിടെക്കാണും. ഞാന്‍ കരുതുന്നത് രണ്ടു വൈരുദ്ധ്യങ്ങളുടെ ചിത്രങ്ങളാണ് പി. ഭാസ്കരന്‍ കാണിക്കാന്‍ ശ്രമിക്കുന്നതെന്നാണ്. ഒന്ന് യാഥാസ്ഥിതിക മനോഭാവത്താല്‍ ഞെരുങ്ങുന്ന, സാമൂഹ്യബന്ധങ്ങളില്‍ വിമുഖനായ ശ്രീധരന്‍ നായര്‍ (സത്യന്‍); അയാള്‍ ഒരിക്കല്‍ പോലും ആ ചായക്കടയില്‍ കാലു കുത്തുന്നില്ല. മറ്റേത് സൌമനസ്യമുള്ള, ഉള്ളുകൊണ്ട് ‘സോഷ്യലിസ്റ്റാ’യ പോസ്റ്റ്മാന്‍. സിനിമയിലെ ചായക്കട ആ സമൂഹം ജൈവികതയോടെ ഒന്നിക്കുന്ന സ്ഥലമാണ്; അതേസമയം സദാ ആളുകള്‍ വന്നുപൊയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. നാട്ടുകാര്‍ക്ക് പരസ്പരം സാധനങ്ങള്‍ കൈമാറാനും (ചായക്കടയില്‍ മോതിരം പണം വയ്ക്കുന്നതോര്‍ക്കുക) ഉപദേശങ്ങള്‍ കൊടുക്കാനും പിന്നീട് കഥയെ വഴിതിരിച്ചു വിടുന്ന തീരുമാനങ്ങള്‍ എടുക്കാനുമൊക്കെ ഭഗവതീവിലാസം ചായക്കട സസന്തോഷം സ്ഥലമൊരുക്കുന്നു. സ്വതന്ത്രമായി സംസാരിക്കുന്നതിനും തുറന്നു ചിന്തിക്കുന്നതിനും  ഇടപെടുന്നതിനുമൊക്കെയാണ് പി ഭാസ്കരന്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് എനിക്കു തോന്നുന്നത്. നാട്ടിലെ ചായക്കടയിലല്ലാതെ എവിടെയാണ് ഇതൊക്കെ കാണിക്കുക?

ഒരുപക്ഷേ ആദ്യമായി ഒരു ചായക്കടയില്‍ ചിത്രീകരിച്ച പാട്ടായ “കായലരികത്ത്” ഇതാ. സിനിമയിലെ ആദ്യത്തെ മാപ്പിളപ്പാട്ടും ഇതാവണം. സംഗീതം നല്‍കിയത് രാഘവന്‍ മാസ്റ്റര്‍. 

രാരിച്ചന്‍ എന്ന പൌരന്‍ (1956)
പി ഭാസ്കരന്‍ തന്നെ സംവിധാനം ചെയ്ത രാരിച്ചന്‍ എന്ന പൌരന്‍ രണ്ടു മതത്തില്‍ പെട്ടവരുടെ സ്നേഹത്തിന്‍റെ കഥ പറയുന്നു. താന്‍ സ്നേഹിക്കുന്നവരുടെയും അവരുടെ മോഹങ്ങളുടെയും ഇടയില്‍ പെട്ട രാരിച്ചന്‍ (മാസ്റ്റര്‍ ലത്തീഫ്) കരുതുന്നത് തന്‍റെ ഹൃദയം മതത്തിന്‍റെ ചിട്ടവട്ടങ്ങളേക്കാള്‍ വിശ്വാസത്തിലുറച്ചതാണെന്നാണ്. സുന്ദരിയായ നായിക ഖദീജയുടെ (വിലാസിനി) അമ്മ ബീയാത്തുമ്മ (മിസ്സിസ് കെ പി രാമന്‍ നായര്‍) ഒരു ചെറിയ ചായക്കട നടത്തുകയാണ്. നഗരത്തിനും ഗ്രാമത്തിനുമിടയ്ക്ക് കഷ്ടിച്ച് കഴിഞ്ഞു കൂടാന്‍ പാടുപെടുകയാണവര്‍. ചായക്കടയും ആ ചെറുപ്പക്കാരിയുടെ പ്രേമം നിറവേറ്റാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളുമാണ് കഥയുടെ കേന്ദ്രബിന്ദു. കട തന്നെയാണ് അവരുടെ വീടും. അവിടേയ്ക്ക് ദയാലുവായ ബീയാത്തുമ്മ ദത്തെടുത്തതാണ് രാരിച്ചനെ. അവരുമായുള്ള സ്നേഹബന്ധം സിനിമയുടെ അവസാനം തന്‍റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു തീരുമാനത്തിലേയ്ക്ക് അവനെയെത്തിക്കുന്നു. പറഞ്ഞുവന്നത്, ചെറിയ കച്ചവടങ്ങള്‍ നടക്കുന്ന ആ കുഞ്ഞു ടീഷോപ്പും അവിടത്തെ എളിയ സാമൂഹ്യജീവിതവുമാണ് ഈ സിനിമയുടെ കാതല്‍. സ്വന്തം ജീവിതത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സ്ത്രീ ചായക്കട നടത്തുന്നതു കാണിക്കുന്ന ആദ്യത്തെ മലയാള സിനിമയാണിതെന്ന് തോന്നുന്നു (തെറ്റാണെങ്കില്‍ ദയവായി തിരുത്തുക).

നായരു പിടിച്ച പുലിവാല് (1958)
വീണ്ടും പി ഭാസ്കരന്‍! രസകരമായ ഈ സിനിമയിലൂടെയാണ് സഞ്ചരിക്കുന്ന സര്‍ക്കസ്സ് മലയാള സിനിമയില്‍ അവതരിപ്പിക്കപ്പെട്ടത്. ടി ഇ വാസുദേവന്‍റെ നിര്‍മ്മാണം. പരസ്പരം കടുത്ത മല്‍സരത്തിലേര്‍പ്പെട്ട രണ്ട് ചായക്കടക്കാരെ ചുറ്റിപ്പറ്റിയാണ് കഥ. പൈതല്‍ നായരാണ് (ടി എസ് മുത്തയ്യ) ഒരെണ്ണത്തിന്‍റെ ഉടമ; മറ്റേത് നടത്തുന്നത് കുട്ടപ്പക്കുറുപ്പ് (മുതുകുളം രാഘവന്‍ പിള്ള). ഇതിലെ ആഹ്ളാദിപ്പിക്കുന്ന വശം, കഥാഗതി വേഗമാര്‍ജ്ജിക്കുന്നതും മുന്നോട്ടു പോകുന്നതും ഒന്നുകില്‍ ‘പെനിന്‍സുലാര്‍ സര്‍ക്കസ്സി’ന്‍റെ പരിസരത്തോ അല്ലെങ്കില്‍ ഈ ചായക്കടകളിലൊന്നിലോ ആണെന്നതാണ്. സര്‍ക്കസ്സിലെ ആള്‍ക്കാര്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള കോണ്‍ട്രാക്‍റ്റിനു വേണ്ടി കുറുപ്പും നായരും മല്‍സരിക്കുന്നതിനിടയില്‍ കഥാപാത്രങ്ങളുടെ ഗൂഢ ഉദ്ദേശങ്ങളും മാംസദാഹങ്ങളും നഷ്ടപ്രണയവുമൊക്കെ ഈ മൂന്നു സ്ഥലങ്ങള്‍ക്കിടയില്‍ ചുരുളഴിയുന്നുണ്ട്. രണ്ടു കടകള്‍ തമ്മിലുള്ള വ്യത്യാസവും കണ്ടിരിക്കാന്‍ രസമാണ്- ഒന്നു നടത്തുന്നത് ഒരു കുടുംബമാണ്, മറ്റേത് അതൃപ്തനും മുന്‍കോപിയും ആയ അച്ഛനും വിഡ്ഢിയായ മകനും ചേര്‍ന്നും. പി ഭാസ്കരന്‍റെ മറ്റു സിനിമകള്‍ പോലെത്തന്നെ ഇതിലും ചായക്കടകള്‍ എപ്പോഴും സംഭവ ബഹുലവും സജീവവുമാണ്. കച്ചവടം മെച്ചപ്പെടുന്നതോടെ ഒരു കല്യാണാലോചനയുടെ തുടക്കവും ചെറുക്കനെ ഒരുക്കലും അതിനിടയില്‍ മെനയുന്ന തന്ത്രങ്ങളും ഒക്കെ നടക്കുന്നുണ്ട്. വിക്ടോറിയന്‍ കാലത്തെ വേഷമനുകരിക്കുന്ന സര്‍ക്കസ് മാനേജ്മെന്‍റ്  ഒരു വശത്ത്. ചായക്കട തന്നെ വീട്ടിലെ സിറ്റിങ് റൂം. പരസ്പരം മല്‍സരിക്കുന്ന രണ്ടു ചായക്കടക്കാരുടെ പശ്ചാത്തലമുള്ള ആദ്യ മലയാള സിനിമ ഇതായിരിക്കണം. പില്‍ക്കാലത്ത് ‘മുത്താരംകുന്ന് പി ഓ’ എന്ന സിനിമയില്‍ ഇത്തരം ഒരു കിടമല്‍സരം കാണിക്കുന്നുണ്ട്; വി ഡി രാജപ്പനും ജഗതി ശ്രീകുമാറുമാണ് ഇതിലെ കഥാപാത്രങ്ങള്‍. ഈ സിനിമ കണ്ടിട്ടില്ലെങ്കില്‍ ദയവായി കാണുക.

സിനിമയില്‍ നിന്നുള്ള ഒരു ക്ലിപ്പിംഗ്- ലേഔട്ടും കഥാപാത്രങ്ങളുടെ ശരീര ഭാഷയും അവരുടെ പ്രവര്‍ത്തികളും സംസാരവുമൊക്കെ ഒന്നു ശ്രദ്ധിച്ചു നോക്കൂ.

ഭാര്‍ഗവീനിലയം (1964)
ഭാര്‍ഗവീ നിലയത്തില്‍ രണ്ടു ലോകങ്ങള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിഗൂഢത നിറഞ്ഞ, ഇരുണ്ടുമൂടിയ, പേടിപ്പെടുത്തുന്ന ആ മാളികയും കഥയിലെ എഴുത്തുകാരന്‍ എപ്പോഴും സന്ദര്‍ശിക്കുന്ന ചായക്കടയും. മറ്റുള്ളവരൊക്കെ ജീവിക്കുന്ന സാധാരണ ലോകത്തിന്‍റെ ഒരു കൊച്ചു പരിച്ഛേദമാണ് ആ കട. ഓരോ തവണ ആ സിനിമ കാണുമ്പോഴും ആദ്യം കണ്ടതിനേക്കാള്‍ അല്‍പ്പം കൂടി എനിക്കതില്‍ വിശ്വാസം വരാറുണ്ട്. രണ്ടു ലോകങ്ങള്‍ക്കിടയിലുള്ള പാലം, മാളികയിലെ രഹസ്യങ്ങളുടെ താക്കോല്‍ ചായക്കടയാണ്. പറഞ്ഞു കേട്ടിരുന്ന  ഭാര്‍ഗവീനിലയത്തിലെ പ്രേതബാധയെ പറ്റി എഴുത്തുകാരന് അവസാനം ബോധ്യമായത് അവിടെ വച്ചാണ്. ഭാര്‍ഗവിയുടെ കൊലപാതകിയെന്നു കരുതുന്നയാളെ ആദ്യം കാണുന്നതും ആ മാളികയില്‍ താമസിക്കാന്‍ കാണിച്ച ധൈര്യത്തിനെ നാട്ടുകാര്‍ അഭിനന്ദിക്കുന്നതും ഒക്കെ അവിടെ വച്ചുതന്നെ.  സിനിമയിലെ ഒരുപാട് സംഭവങ്ങളുടെ അരങ്ങാവുകയാണ് ആ ടീഷോപ്പ്. അറിഞ്ഞുകൊണ്ടാവണമെന്നില്ല, പക്ഷേ ഈ ടെക്നിക് ഭാര്‍ഗവീ നിലയം എന്ന നമ്മുടെ അനുഭവത്തെ സമ്പന്നമാക്കുന്നു.

ഓളവും തീരവും (1970)
അരോചകമായ സ്റ്റുഡിയോ സെറ്റുകളുടെ മടുപ്പില്‍ നിന്ന് മലയാള സിനിമയെ ഔട്ട്ഡോറിലെത്തിച്ച് ഇതിഹാസമായ ഈ പി എന്‍ മേനോന്‍ സിനിമയുടെ തിരക്കഥ എം ടി വാസുദേവന്‍ നായരുടെയാണ്. നായകന്‍ ബാപ്പൂട്ടിയുടെ (മധു ഉജ്ജ്വലമാക്കിയ കഥാപാത്രം) സാമൂഹ്യമായ ഇടപെടലുകളും കൊടുക്കല്‍ വാങ്ങലുമൊക്കെ നാട്ടിലെ ചായപ്പീടികയിലാണ്. അവിടെ എല്ലാവര്‍ക്കും എല്ലാവരേയുമറിയാം. കുട്ടന്‍ നായരുടെ ടീഷോപ്പാണ് ബാപ്പൂട്ടിയുടെയും കുഞ്ഞാലിയുടെയും (ജോസ് പ്രകാശിന്‍റെ വില്ലന്‍ വേഷം) പോര്‍ക്കളം. സംഘട്ടനത്തോളമെത്തുന്ന സന്ദര്‍ഭങ്ങളെ എം ടി പറഞ്ഞു ഫലിപ്പിച്ചിരിക്കുന്നതിന്‍റെ സൌന്ദര്യം കണ്ടുതന്നെ അറിയണം. നിശബ്ദതയും തകര്‍ന്നു കിടക്കുന്ന ഒരു ഗ്രാമഫോണും തിരതല്ലുന്ന പുഴയും ഒക്കെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. തിരക്കഥയിലെ ഒരു ഭാഗം. 

ബാപ്പൂട്ടി : കേട്ടില്ലേ, ഒരു ചായ.

(രംഗം പൂര്‍‍ണമായ നിശബ്ദത. കുഞ്ഞാലി ബാപ്പൂട്ടിയെ നോക്കാതെ അടക്കിപ്പിടിച്ചു ഇരിക്കുകയാണ്. സുലൈമാന് എന്തെങ്കിലും ചെയ്‌താല്‍‍ കൊള്ളാമെന്നുണ്ട്.തന്‍റെ വീര്യം കാട്ടാന്‍‍ നാരായണനു  കൌതുകവും ഉണ്ട്. ഭയവുമുണ്ട്. അലക്കുകാരന്‍‍ കെട്ടെടുത്തു, മേശപ്പുറത്തു ചില്ലറയിട്ടു പുറത്തു കടക്കുന്നു.നിന്ന നില്പില്‍‍ നിന്ന് നായര്‍‍ നീട്ടിയ ചായ വാങ്ങിക്കുടിക്കുമ്പോള്‍ ബാപ്പൂട്ടി നേരേ നോക്കുന്നില്ലെങ്കിലും എല്ലാവരെയും ശ്രദ്ധിക്കുന്നുണ്ട്. ഒഴിഞ്ഞ ഗ്ലാസ്‌ മേശപ്പുറത്തു വെച്ച് ഗ്ലാസില്‍‍ അരയില്‍‍ നിന്നും ഒരു അണയിടുന്നു. നിശബ്ദതയില്‍‍ നാണയം ഗ്ലാസില്‍‍ വീഴുന്ന ശബ്ദം.എന്തിനും തയ്യാറായി ഒരു നിമിഷം കൂടി നിന്ന് ബാപ്പൂട്ടി പുറത്തു കടക്കുന്നു. പുറത്തു കടക്കുന്ന ബാപ്പൂട്ടിയുടെ നെറ്റിയില്‍‍ വിയര്‍‍പ്പു പൊടിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ നിമിഷങ്ങളിലെ  പിരി മുറുകി പൊട്ടുമെന്ന അവസ്ഥയുടെ ഫലം.)

കൊടിയേറ്റം (1977)
സത്യന്‍ അന്തിക്കാടിന്‍റെ ആദ്യകാല സിനിമകളിലെന്ന പോലെ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ചിത്രങ്ങളിലും ചായയും അതിനു ചുറ്റുമിരുന്നുള്ള ചര്‍ച്ചയും പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടാണ് എനിക്ക് പ്രിയപ്പെട്ട കൊടിയേറ്റം ഒരുദാഹരണമായെടുത്തത്. വേലുക്കുട്ടിയുടെ ചായക്കടയുടെ പരിസരങ്ങളില്‍ ശങ്കരന്‍കുട്ടി (ആ ഭരത് അവാര്‍ഡ് ഗോപി അര്‍ഹിച്ചിരുന്നതു തന്നെ) സന്തുഷ്ടനാണ്. ചോദ്യങ്ങളോ ആവശ്യങ്ങളോ ഇല്ലാതെ അയാളെ സ്വീകരിക്കുന്ന ഒരേയൊരിടം. അവിടെ ശങ്കരന്‍കുട്ടിക്ക് അയാളായിത്തന്നെ നില്‍ക്കാം. സിനിമ തുടങ്ങുന്നതേ ചായക്കടയിലെ സീനിലാണ്, മുന്നോട്ടു നീങ്ങുന്നതും അതേ.

മുത്താരംകുന്ന് പി ഓ (1985)
തമ്മില്‍ മല്‍സരിക്കുന്ന ചായക്കടക്കാരുടെ ആശയം 1958ലെ ക്ലാസിക്കായ ‘നായര്‍ പിടിച്ച പുലിവാലി’ല്‍ നിന്നെടുത്തതാണെന്നാണ് ഞാന്‍ കരുതുന്നത്. നാട്യങ്ങളില്ലാത്ത ഇതിലെ കഥാപാത്രങ്ങളെ നമ്മുടെയൊക്കെ നാട്ടില്‍ തന്നെ കണ്ടെടുക്കാം. ചായക്കടക്കാരായ എം കെ നകുലനും (ജഗതി) എം കെ സഹദേവനും (വി ഡി രാജപ്പന്‍) സഹോദരങ്ങളാണെങ്കിലും പരസ്പരം മല്‍സരിക്കുകയും കലഹിക്കുകയും ചെയ്യുന്നവരാണ്. കണ്ടാല്‍ കഴുത്തിനു കുത്തിപ്പിടിക്കുന്ന ഈ വഴക്കിനു കാരണം അമ്മയുടെ മരണക്കിടക്കയില്‍ വച്ച് മറ്റെയാള്‍ തട്ടിയെടുത്തു എന്ന് ഇരുവരും വാദിക്കുന്ന സ്വത്താണ്. ഇത് ഗ്രാമത്തിലെ നിറമുള്ള ജീവിതത്തില്‍ തമാശ വിതറുന്നു എന്നല്ലാതെ കഥയെ ബാധിക്കുന്നില്ല. 

പൊന്‍മുട്ടയിടുന്ന താറാവ് (1988)
സത്യന്‍ അന്തിക്കാട് ആദ്യകാല ചിത്രങ്ങളെ ഗ്രാമത്തിലും പരിസരങ്ങളിലുമായി നെയ്തെടുത്തപ്പോള്‍  അവിടത്തെ ചായക്കടയും അതിന്‍റെ ഉടമസ്ഥനും വളരെ സ്വാഭാവികമായി കഥയുടെ കൂടെത്തന്നെ ഒഴുകി. ഇതില്‍ പൊന്‍മുട്ടയിടുന്ന താറാവാണ് (1988) എനിക്കേറെയിഷ്ടം! ഇടിഞ്ഞു വീഴാറായ ചായക്കടയുടെ മുകളിലാണ് ക്ലാസിക്കല്‍ ഡാന്‍സ് ക്ലാസ്, കണ്ടാല്‍ ചിരി പൊട്ടുന്ന സീനുകള്‍. ഡാന്‍സ് പൊടിപൊടിക്കുമ്പോള്‍ ഒരു പഴക്കുല ചായ കുടിക്കാന്‍ വന്നയാളുടെ തലയിലേയ്ക്ക് വീഴുന്നു. കണ്ടതും കേട്ടതും ഒക്കെയായ പരദൂഷണങ്ങള്‍ കൈമാറുന്ന കടയുടെ ഉടമ അബൂബക്കറായി മാമുക്കോയ ജീവിക്കുകയാണ്. നായകന്‍റെ ഷോപ്പ് തൊട്ടടുത്തു തന്നെയാണ്, അതിനു ചുറ്റും അലസമായി, ഒരു തിരക്കുമില്ലാതെ ഗ്രാമം ജീവിതം കഴിക്കുന്നു. പഞ്ചായത്ത് മെംബര്‍ മാധവന്‍ നായര്‍ (ശങ്കരാടി), കന്നുകാലിയെ വളര്‍ത്തുന്ന പാപ്പി (ഒടുവില്‍), ഗ്രാമത്തിന്‍റെ പ്രിയപ്പെട്ട തട്ടാന്‍ ഭാസ്കരന്‍ (ശ്രീനിവാസന്‍) ഇവരൊക്കെ കടയിലെ ആടുന്ന ഒരു ബെഞ്ചിലിരുന്നു അവരുടെ ‘മീഡിയം’, ‘സ്ട്രോംഗ്’ ചായ ഗ്ലാസ്സുകള്‍ ഊതുന്നത് നമ്മള്‍ നാട്ടിലൂടെ വെറുതേ നടക്കുമ്പോള്‍ കണ്ടിരുന്ന കാഴ്ചകളാണ്; പക്ഷേ ഇപ്പോള്‍ അതൊക്കെ പോയ്മറഞ്ഞിരിക്കുന്നു.

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ (1989)
നിത്യജീവിതത്തില്‍ നിന്ന് ഇത്രയും നര്‍മ്മം കണ്ടെടുക്കാനുള്ള പാടവമുള്ള രഞ്ജിത് പിന്നീടെന്തുകൊണ്ട് ഈ വിഭാഗത്തില്‍ കൈവച്ചില്ല എന്ന് ഞാന്‍ എപ്പോഴും അല്‍ഭുതപ്പെടാറുണ്ട്. യുദ്ധങ്ങള്‍ ആസൂത്രണം ചെയ്യുകയും ഗൂഢാലോചനകള്‍ നടക്കുകയും അവയെ കുറിച്ച് വീണ്ടുവിചാരം തോന്നി ഉപേക്ഷിക്കുകയും അവസാനം മനസില്ലാമനസ്സോടെ പടക്കളത്തിലേയ്ക്കിറങ്ങുകയുമൊക്കെ ചെയ്യുന്ന സ്ഥലമാണ് ഇതിലെ ചായക്കട. സ്നേഹിക്കുന്ന രണ്ടു ഹൃദയങ്ങളെ ഒന്നിപ്പിക്കാന്‍ ചെയ്യുന്ന നീണ്ട പരിശ്രമങ്ങള്‍ ഒരു ചായക്കടയെ ചുറ്റിപ്പറ്റി ആവിഷ്കരിച്ച ചിത്രങ്ങള്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. ദേഷ്യം പിടിച്ചു നില്‍ക്കുന്ന പാര്‍വ്വതിയെ നോക്കി ദു:ഖഭാവത്തില്‍ ജഗതി ഡയലോഗ് പറയുമ്പോള്‍ ഞാന്‍ വീണുകിടന്നു ചിരിക്കാറുണ്ട്.

മാലയോഗം (1990)
നമ്മുടെ സമൂഹത്തിലെ കാപട്യങ്ങളെയും കുറ്റം പറച്ചിലുകളേയും സിബി മലയില്‍ ഈ സിനിമയില്‍ തുറന്നു കാട്ടുന്നു. ഗവണ്‍മെന്‍റ് ജോലിയല്ലാതെ ഒന്നും ചെയ്യാന്‍ തയ്യാറല്ലാതിരുന്ന ഒരു തലമുറയുടെ ദുരഭിമാനം, അങ്ങനെയല്ലാതെയുള്ള പരിശ്രമങ്ങളെ പിന്തുണയ്ക്കാന്‍ കുടുംബക്കാര്‍ കാണിച്ച വിമുഖത, കച്ചവടമായി മാറിയ കല്യാണങ്ങള്‍ ഇതൊക്കെ നമുക്ക് കാണാനാവുന്നു. വിധിയില്‍ വിശ്വസിക്കുന്ന കലിയുഗം പരമുനായര്‍ (ഒടുവിലിന്‍റെ അവിസ്മരണീയമായ വേഷം) തന്‍റെ ചെറിയ ബിസിനസ്സ് മകന്‍ ഏറ്റെടുത്തു നടത്തും എന്ന പ്രതീക്ഷ തകര്‍ന്നതില്‍ നിരാശനാണ്. ചായക്കടയും അവിടെ നടക്കുന്ന വ്യാപാരവും സിബി പല തലങ്ങളിലും ചര്‍ച്ച ചെയ്യുന്നു. ഹൃദയത്തില്‍ ഒരു ഭാരം കയറ്റിവയ്ക്കുന്ന രീതിയിലുള്ള ഇത്തരം തിരക്കഥകളെഴുതാന്‍ ലോഹിതദാസിനേ കഴിയൂ. മോശമായതൊന്നും കാണിക്കാതെ തന്നെ നിങ്ങളെ അസ്വസ്ഥരാക്കാന്‍ കഴിയുന്ന ചുരുക്കം സിനിമകളിലൊന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

ബിജു എബനേസര്‍

ബിജു എബനേസര്‍

പ്രമുഖ ഓണ്‍ലൈന്‍ എഴുത്തുകാരനും Foonza Mediaയുടെ സഹ സ്ഥാപകനുമാണ് ബിജു എബെനേസര്‍. മലയാള സിനിമയുടെ കഴിഞ്ഞകാലത്തെ ആര്‍ക്കൈവ് ചെയ്യുന്ന കമ്യൂണിറ്റി പവേര്‍ഡ് ഇനിഷ്യേറ്റീവ് ആയ ഓള്‍ഡ് മലയാളം സിനിമ ബ്ലോഗ്, മലയാള സിനിമ പേരുകളെ കുറിച്ചുള്ള ചിന്തകള്‍ പങ്ക് വെക്കുന്ന സെല്ലുലോയിഡ് കാലിഗ്രാഫി തുടങ്ങിയ ഓണ്‍ലൈന്‍ സംരംഭങ്ങളുടെ ബുദ്ധികേന്ദ്രം. നേരത്തെ AOL.comല്‍ കോളമിസ്റ്റായിരുന്നു. ഇപ്പോള്‍ ബംഗളൂരുവില്‍ താമസം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍