UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയാളം സംസാരിച്ച അഞ്ചാം ക്ലാസുകാരന്റെ പുറത്ത് അധ്യാപികയുടെ ചാപ്പകുത്ത്; സ്റ്റിക്കര്‍ ഒട്ടിച്ചു വിട്ടു

ഇത്തരം ശിക്ഷകള്‍ സാധാരണമാണെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍

സ്‌കൂളില്‍ മലയാളം സംസാരിച്ചതിന് അഞ്ചാം ക്ലാസുകാരന്റെ പുറത്ത് അധ്യാപിക സ്റ്റിക്കര്‍ പതിപ്പിച്ചു വിട്ടു. വണ്ണപ്പുറം കാളിയാര്‍ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂളില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുവന്നത്.

ഷര്‍ട്ടിന് പുറകില്‍ പതിച്ച സ്റ്റിക്കറുമായി കുട്ടി വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. അതേസമയം ഈ സ്‌കൂളില്‍ ഇത്തരം ശിക്ഷകള്‍ സാധാരണമാണെന്ന നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍. ചില ക്ലാസുകളില്‍ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ എന്ന് ഇവിടെ നിബന്ധനയുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി മലയാളം സംസാരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട നാഗാലാന്‍ഡ് സ്വദേശിയായ അധ്യാപിക ‘ഞാന്‍ അനുസരണയില്ലാത്തവനാണ് എപ്പോഴും മലയാളമേ സംസാരിക്കൂ’ എന്ന് ഇംഗ്ലീഷിലെഴുതിയ പോസ്റ്ററിന്റെ കമ്പ്യൂട്ടര്‍ പ്രിന്റെടുത്ത് കുട്ടിയുടെ ഷര്‍ട്ടിന് പിന്നില്‍ പിന്‍ ചെയ്ത് വയ്ക്കുകയായിരുന്നു.

സാധാരണ ക്ലാസ് സമയത്ത് പതിക്കുന്ന ഇത്തരം സ്റ്റിക്കറുകള്‍ വൈകിട്ട് സ്‌കൂള്‍ അധികൃതര്‍ തന്നെ അഴിച്ചുമാറ്റുകയാണ് പതിവ്. എന്നാല്‍ ഇന്നലെ പതിപ്പിച്ച സ്റ്റിക്കര്‍ അഴിച്ചുമാറ്റാന്‍ അധ്യാപിക മറന്നുപോയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതുമായി കുട്ടി വീട്ടിലെത്തിയപ്പോള്‍ കാര്യം തിരക്കിയ വീട്ടുകാരാണ് വിവരം പറയുകയായിരുന്നു.

പ്രശ്‌നം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ മാപ്പ് പറയാന്‍ തയ്യാറായി. ഇതോടെ വീട്ടുകാര്‍ പരാതി പിന്‍വലിച്ചു. അതേസമയം ജില്ല ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി ജി ഗോപാലകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം കാളിയാര്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

അതേസമയം സ്റ്റിക്കര്‍ പതിപ്പിച്ച അധ്യാപികയില്‍ നിന്നും വിശദീകരണം തേടിയെന്നും ചില പിരിയഡുകളില്‍ നടക്കുന്ന ഫണ്ണി ഗെയിം മാത്രമാണ് ഇതെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍