UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൂരല്‍ വടികളില്‍ നിന്ന് അദ്ധ്യാപക കാടത്തം പട്ടിക്കൂടുകളിലേക്ക്

Avatar

രാകേഷ് നായര്‍

കുട്ടികളോട് കാണിക്കുന്ന ക്രൂരതയ്ക്ക് കേരളം വീണ്ടും മാതൃകയാകുന്നു. തിരുവനന്തപുരം കുടപ്പനക്കുന്ന് പാതിരപ്പള്ളിയിലെ ജവഹര്‍ പബ്ലിക് സ്‌കൂളിലെ യു കെ ജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയിട്ടുകൊണ്ടാണ് കേരളത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പീഢന മുറ  അദ്ധ്യാപിക പുറത്തെടുത്തത്. സഹപാഠിയോട് സംസാരിച്ചു എന്ന കുറ്റത്തിനായിരുന്നു ഈ കൊടിയ ശിക്ഷ.  5 മണിക്കൂര്‍ നേരമാണ് 5 വയസുകാരനെ സ്കൂളിലെ പട്ടിക്കൂട്ടില്‍ അടച്ചിട്ടത്. 

അനുജനെ പട്ടിക്കൂട്ടില്‍ അടച്ചിരിക്കുന്നത് കണ്ട, അതേ സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന സഹോദരി ഇതിനെക്കുറിച്ച് ടീച്ചറോട് തിരക്കിയപ്പോള്‍ ഉണ്ടായ ഭീഷണി, വീട്ടില്‍ ചെന്നുപറഞ്ഞാല്‍ നിന്റെ വായില്‍ കമ്പ് കുത്തികയറ്റും എന്നായിരുന്നു.വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും പരിരക്ഷ ഉറപ്പാക്കുന്ന നിയമങ്ങളും വകുപ്പുകളും നിരന്തരം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് തന്നെയാണ് ഓരോ ദിവസവും അരങ്ങേറുന്ന ഇത്തരം പ്രാകൃത നടപടികളും. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍, ക്ലാസില്‍ സംസാരിച്ചാല്‍, മലയാളം പറഞ്ഞാല്‍- വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകര്‍ വിധിക്കുന്നത് തടവറകളിലെ മര്‍ദ്ദകമുറകളെക്കാള്‍ ഭീകരമായ ശിക്ഷകള്‍!

വടികൊണ്ട് അടിക്കുന്നതുപോലും അരുതെന്നാണ് നിലവില്‍ നിയമം അനുശാസിക്കുന്നത്. വടി ഉപയോഗിക്കുന്നില്ലെങ്കിലും അടിക്ക് യാതൊരുവിധ നിരോധനവും നമ്മുടെ ക്ലാസ്മുറികള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ശാരീരിക പീഢയെക്കാള്‍ മാനസികപീഢകളാണ് ഇന്നത്തെ അദ്ധ്യാപകര്‍ വിധിക്കുന്നത്.


“പലപ്പോഴും സ്വന്തം വികാരക്ഷോഭങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ പോകുന്ന അദ്ധ്യാപകരാണ് ഇത്തരുണത്തില്‍ ക്രൂരത കാണിക്കുന്നത്”- ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാദര്‍ ജോയി ജെയിംസ് ചൂണ്ടിക്കാണിക്കുന്ന വസ്തുത ഇതാണ്. “ക്ഷോഭം, ഭയം എന്നീ വികാരങ്ങളാണ് മനുഷ്യനെ കൂടുതലായി ബാധിക്കുന്നത്. സ്വയം മറക്കുന്ന അവസ്ഥയിലേക്ക് മാറുകയാണ് ഈ ഘട്ടത്തില്‍. സമൂഹത്തിന് മാതൃകയാകേണ്ട അദ്ധ്യാപകര്‍പോലും ഇത്തരം വികാരവിക്ഷോഭങ്ങളില്‍പ്പെട്ട് തങ്ങളുടെ സ്ഥാനം എന്തെന്ന് മറന്ന് പ്രവര്‍ത്തിച്ചുപോകുന്നു. കുടംബത്തിലെ പ്രശ്‌നം, സഹപ്രവര്‍ത്തകരുമായുള്ള വഴക്ക്- ഇതിന്റെയെല്ലാം ഭാരം ഇറക്കി വയ്ക്കുക പലപ്പോഴും തന്റെ വിദ്യാര്‍ത്ഥികളുടെ മേലായിരിക്കും. ഗുരുതരമായ വീഴ്ചയാണ് ഇത്തരത്തില്‍ അദ്ധ്യാപകരുടെ ഭാഗത്ത് നിന്ന് സംഭവിക്കുന്നത്. വിദ്യാഭ്യാസം പീഢനത്തിലൂടെ അടിച്ചേല്‍പ്പിക്കേണ്ടതല്ല. ഇത് നിയമത്തിന്റെ കണ്ണിലൂടെ മാത്രം കാണേണ്ടതുമല്ല. സാംസ്‌കാരിക അധഃപതനം കൂടിയാണ് ഇവിടെ സംഭവിക്കുന്നത്”- ഫാദര്‍ ജോയി വ്യക്തമാക്കുന്നു.

ക്ലാസ്മുറികളിലെ ചൂരല്‍ പ്രയോഗത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഫിലിപ്പ് എം പ്രസാദ് ഈ വിഷയത്തോട് പ്രതികരിച്ചത്, സര്‍ക്കാരിന്റെ പിടിപ്പുകേടിനുള്ള തല്ലാണ് മനുഷ്യത്വമില്ലാത്ത അദ്ധ്യാപകരിലൂടെ കിട്ടുന്നതെന്നാണ്. “ഒരു നിയമം ഉണ്ടാക്കിയാല്‍ അത് നടപ്പക്കാന്‍ അറിയാത്തവരെയാണ് പട്ടിക്കൂട്ടില്‍ അടയ്ക്കേണ്ടത്. പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ കൈക്കരുത്ത് കാണിക്കാനുള്ള ഉപാധികളല്ല നമ്മുടെ കുട്ടികള്‍. വിദ്യാഭ്യാസം മാനസികമായി ലഭിക്കേണ്ട ഉണര്‍വുകൂടിയാണ്. ശരീരത്തിനും മനസ്സിനും മുറിവേല്‍ക്കുന്ന ഒരു കുട്ടിക്ക് എങ്ങിനെയാണ് മാനസികോണര്‍വ് കിട്ടുക”- ഫിലിപ്പ് എം പ്രസാദ് ചോദിക്കുന്നു. 

“ചൂരല്‍ വടികളില്‍ നിന്ന് അദ്ധ്യാപക കാടത്തം പട്ടിക്കൂടുകളിലേക്ക് വളര്‍ന്നെങ്കില്‍, അതിനെ ചെറുക്കുകതന്നെവേണം. സര്‍ക്കാരും മാതാപിതാക്കളും സമൂഹവും അതിനായി ശക്തമായി പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ ഇനിയും മുറിയും നമ്മുടെ കുട്ടികളുടെ മനസ്”- അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

“മതിയായ യോഗ്യതകളോ, അംഗീകാരമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതാണ് ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ജവഹര്‍ നഗര്‍ സ്‌കൂളെന്നാണ് അറിയുന്നത്. കേരളത്തില്‍ യോഗ്യതയില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി അണ്‍ എയ്ഡഡ് സ്‌കൂളുകളുണ്ട്. ഇത്തരത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളെ കൂടാതെ വര്‍ഷാവര്‍ഷം പുതുതായി തുറക്കുന്ന സ്‌കൂളുകളുടെ എണ്ണവും അത്ഭുതപ്പെടുത്തുന്നതാണ്. സുരക്ഷിതമായൊരു കെട്ടിടംപോലും ഇല്ലാത്ത അവസ്ഥയിലാണ് നൂറുകണക്കിന് കുട്ടികളുടെ ജീവന്‍പോലും അപകടത്തിലാക്കി കൊണ്ട് ഇവ പ്രവര്‍ത്തിക്കുന്നത്. പേരുകേട്ട സ്‌കൂളുകളില്‍ അഡ്മിഷന്‍ കിട്ടാതെ വരുന്നവര്‍, ഇംഗ്ലീഷ് മീഡിയത്തില്‍ തന്നെ പഠിക്കണമെന്ന് വാശിപിടിക്കുന്നവര്‍, ഫീസ് കണ്‍സഷന്‍ ആഗ്രഹിക്കുന്നവരൊക്കെ; ഇത്തരം തട്ടിക്കൂട്ട് സ്‌കൂളുകളിലേക്ക് തങ്ങളുടെ കുട്ടികളെ അയക്കുന്നു.

‘എന്തിനാണ് നമുക്ക് ഇത്തരം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍?’- പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനായ ഡോ:ആര്‍വിജെ മേനോന്‍ ചോദിക്കുന്നു. “കേരളത്തില്‍ മുക്കിന് മുക്കിന് സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും വര്‍ദ്ധിച്ചതോതില്‍ അണ്‍ എയിഡഡ്‌സ്‌കൂളുകള്‍ ഇവിടെ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ്. ഇവയില്‍ ഭൂരിഭാഗവും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയുമാണ്. വിദ്യാഭ്യാസാവകാശ നിയമം വന്നതിനുശേഷം നിയമവിധേയമല്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് വ്യക്തമാക്കിയിരുന്നതാണ്. എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തി മതിയായ യോഗ്യതകളും അംഗീകാരവുമില്ലാത്ത സ്‌കൂളുകളെല്ലാം അടച്ചുപൂട്ടേണ്ടതായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ ആ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ചങ്കൂറ്റം അധികാരപ്പെട്ടവര്‍ കാണിച്ചില്ല. അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനം വിലയിരുത്താനായിട്ട് ഇപ്പോഴും ഗവണ്‍മെന്റ് സംവിധാനം ഇല്ലെന്നതാണ് സത്യം. വിദ്യാഭ്യാസവകുപ്പിന് കീഴില്‍ വരാത്തതുകൊണ്ട് അണ്‍എയ്ഡഡ് സ്‌കൂളുകളുടെ കാര്യത്തില്‍ ഇടപെടാന്‍ വകുപ്പിനും കഴിയുന്നില്ല. ഇനി ആരെങ്കിലും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് പരിശോധനയ്ക്കു ചെന്നാല്‍ അവരെ തടയുകയാണ്. ബാഹ്യഇടപെടലുകളെ നിയന്ത്രിച്ച് നടക്കുന്ന ഈ സ്‌കൂളുകളില്‍ നടക്കുന്ന ഒരുകാര്യവും ഏതെങ്കിലും തരത്തില്‍ വാര്‍ത്തയായാല്‍ അല്ലാതെ പുറം ലോകം അറിയുന്നുമില്ല. വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ പലതും മറച്ചുവയ്ക്കാന്‍ ബാധ്യസ്ഥരാകുന്നു. യുകെജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ചതുപോലും ദിവസങ്ങള്‍ കഴിഞ്ഞാണ് മാതാപിതാക്കള്‍പോലും അറിയുന്നത്.സാധാരണഗതിയില്‍ ഈ വാര്‍ത്തകള്‍ മൂടിവയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ഇവിടെ ഇതൊരു പൊതുചര്‍ച്ചയായി മാറിയതിന് ആ മാതാപിതാക്കളെ അഭിനന്ദിക്കണം. ക്രൂരതയുടെ പര്യായമാകുന്ന ആ അദ്ധ്യാപികയെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന് ശിക്ഷവാങ്ങിക്കൊടുക്കാന്‍ കഴിയണം. നിയമം അതിനനുകൂലമാണ്”- ആര്‍ വി ജി മേനോന്‍ പറഞ്ഞു.


“അദ്ധ്യാപകരുടെ ക്രൂരത ഇതാദ്യമായല്ല. ഇവിടെ വ്യക്തമാക്കിയതുപോലെ, ജുവനൈല്‍ ജസ്റ്റീസ് ആക്ടും,പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സെസ് ആക്ടുമെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ട് ഇത്തരം കേസുകള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ഒന്നാമത്- ഈ നിയമങ്ങളെക്കുറിച്ച് പലരും ബോധവാന്‍മാരല്ല. അറിവുള്ളവര്‍ പലപ്പോഴും നിയമസഹായം തേടാറുമില്ല. ഈ പ്രവണതകള്‍ തന്നെ പലതെറ്റുകള്‍ക്കും പരോക്ഷമായി പ്രോത്സാഹനം നല്‍കുന്നത്”- ഫാദര്‍ ജോയി ചൂണ്ടിക്കാണിക്കുന്നു. “ഒരാളെങ്കിലും ശിക്ഷിക്കപ്പെട്ടാല്‍ ബാക്കിയുള്ളവര്‍ക്ക് തങ്ങള്‍ ചെയ്യുന്നതില്‍ ഭയം ഉണ്ടാകുവാന്‍ ഇടവരുത്തും. നമ്മുടെ സര്‍ക്കാര്‍ സംവിധാനവും കാര്യക്ഷമമാകണം. നിയമവും സിസ്റ്റവുമെല്ലാം നമുക്കുണ്ട്. ഒന്നും പ്രവര്‍ത്തനക്ഷമം അല്ലെന്നുമാത്രം. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? കമ്മിറ്റിയില്‍ ഞങ്ങള്‍ അഞ്ചുപേരുണ്ട്. പിന്നെയുള്ളത് ഒരു ടൈപ്പിസ്റ്റും. എന്തെങ്കിലും കേസ് റിപ്പോര്‍ട്ട് ചെയ്താല്‍,ആ സ്ഥലംവരെ പോകുന്നതിന്റെ വണ്ടിക്കൂലിപോലും സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവാക്കേണ്ട അവസ്ഥയാണ്. കുട്ടികളുടെ ക്ഷേമത്തിനായാണ് ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചിരിക്കുന്നതെങ്കില്‍ ആ സംവിധാനത്തിന്റെ സേവനം കൃത്യമായി നടപ്പാകുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ?”-ഫാദര്‍ ജോയി ചോദിക്കുന്നു. 

ബെസ്റ്റ് ഓഫ് അഴിമുഖം 

അദിതിയുടെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
വിദ്യാര്‍ഥികള്‍ക്ക് പ്രസവാവധി വേണ്ടതുണ്ടോ?
ധനലക്ഷ്മി, അതിഥി, ഷഫീക്… മലയാളിക്ക് മസ്തിഷ്ക മരണമോ?
ദൈവത്തിന് ഡോ. നിഷാന്ത് പോളിന്റെ രൂപമാണ്: ഷഫീക്കിനെങ്കിലും
നിങ്ങളോട് പെറ്റമ്മ പോലും ക്ഷമിക്കില്ല

“സംസ്ഥാനതലത്തിലോ ജില്ലാതലത്തിലോ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അദ്ധ്യാപകര്‍ക്ക് കൗണ്‍സിലുകള്‍ ഏര്‍പ്പെടുത്തണമെന്ന് സിഡബ്ല്യുസി ആവശ്യപ്പെട്ടിരുന്നു. ഇന്നുവരെ അത് പ്രായോഗികമാക്കിയിട്ടില്ല. ഇവിടെ നടക്കുന്നത് ഒരാള്‍ അദ്ധ്യാപകനായി ചേരുന്ന സമയത്ത് മാത്രം ഒരു കൗണ്‍സലിംഗ് കൊടുക്കുകയെന്നതാണ്. അതുതന്നെ എത്രമാത്രം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് അറിയില്ല. ഒരിക്കല്‍മാത്രം ബോധവത്കരണം നടത്തിയാല്‍ പിന്നെ ആയുഷ്‌കാലം മുഴുവന്‍ ശരിയായ വഴിയില്‍ നടക്കുന്ന എത്ര മനുഷ്യരുണ്ടാവും നമ്മുടെ കൂട്ടത്തില്‍? അദ്ധ്യാപകര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പെരുമാറ്റ മഹത്വങ്ങളും നല്‍കികൊണ്ടിരിക്കണം. ഒന്നു മിണ്ടിപ്പോയാല്‍ പട്ടിക്കൂട്ടില്‍ കിടക്കേണ്ടി വരുന്നത് അവന്റെ തെറ്റിനൊത്ത ശിക്ഷയാണോ? അവിടെ കണ്ടത് ആ ടീച്ചറിന്റെ സ്വഭാവവൈകൃതമാണ്.” ഫാദര്‍ ജോയി പറഞ്ഞു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍