UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവാര്‍ഡ് നിര്‍ത്തലാക്കിയാല്‍ എത്ര മാതൃകാധ്യാപകര്‍ ഉണ്ടാകും, സര്‍

Avatar

സാഹിദ കെ കെ

എല്ലാവര്‍ഷവും സംസ്ഥാന-ദേശീയ അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിക്കാറുണ്ട്. അധ്യാപക അവാര്‍ഡിന്റെ മാനദണ്ഡം എന്താണെന്നു വ്യക്തമല്ല. എല്ലാ അധ്യാപകരുടെയും പ്രവര്‍ത്തനം, ഒരേ കമ്മിറ്റി ഒരേ രീതിയില്‍ വിലയിരുത്തിയിട്ടോ, സ്ഥാപന മേധാവിയുള്‍പ്പെടുന്ന ഒരു സമിതി വിലയിരുത്തി അയക്കുന്നവരില്‍ നിന്നു തെരഞ്ഞെടുത്തിട്ടോ അല്ല. സ്വന്തം പ്രവര്‍ത്തനങ്ങള്‍ പര്‍വ്വതീകരിച്ച്, സ്ഥാപന മേധാവിയെ സ്വാധീനിച്ച് ഒപ്പിടുവിച്ച്, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണു പലരും മാതൃകാധ്യാപക അവാര്‍ഡ് നേടുന്നത്. സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നോട്ടീസില്‍ പേരുവരുത്തിയും ഫോട്ടോകള്‍ എടുത്തുമാണ് പലരും സേവനത്തെളിവുകള്‍ ഉണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ പലരും ഇവന്റ് മാനേജ്‌മെന്റുകാരുടെ സഹായം തേടുന്നുണ്ട്. ജനശ്രദ്ധയും മാധ്യമശ്രദ്ധയും ആകര്‍ഷിക്കാവുന്ന സേവനങ്ങള്‍ ഏതൊക്കെ എന്നു കണ്ടെത്തിക്കൊടുക്കുന്നതു മുതല്‍ അവാര്‍ഡ് കമ്മിറ്റിക്ക് സ്വീകാര്യമാവുന്ന തരത്തില്‍ ഡോക്യുമെന്റേഷന്‍ ചെയ്യുന്നതുവരെ ഇവര്‍ ചെയ്‌തോളും. ഇവരാണോ മാതൃകാധ്യാപകര്‍?

അധ്യാപക അവാര്‍ഡ് നേടിയവരെക്കുറിച്ചുള്ള പത്രവാര്‍ത്തകളില്‍ അവര്‍ ഒരു നിര്‍ദ്ധന കുടുംബത്തിനു വീടുവച്ചു കൊടുത്തത്, 50 പേര്‍ക്ക് പൊതിച്ചോറു കൊടുത്തത്, ഒരു ദിവസം പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജനം ചെയ്തത് തുടങ്ങി പലപ്രവര്‍ത്തനങ്ങളുമുണ്ട്. ഇതെല്ലാം ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. പലരും ഇതെല്ലാം ചെയ്യുന്നത് അവാര്‍ഡ് ലക്ഷ്യത്തോടെ ക്ലാസ് സമയം നഷ്ടപ്പെടുത്തി. കുട്ടികളെക്കൊണ്ടും സഹപ്രവര്‍ത്തകരെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും പണിയെടുപ്പിച്ചും പിരിവെടുപ്പിച്ചുമാണ്. ഒരേ പ്രവര്‍ത്തനങ്ങള്‍ക്കു മികച്ച എന്‍എസ്എസ് കോഡിനേറ്റര്‍ക്കുള്ള അവാര്‍ഡും മികച്ച അധ്യാപകനുള്ള അവാര്‍ഡും നേടുന്നു. പല അധ്യാപകരും വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുകയാണ്. അവാര്‍ഡ് ലക്ഷ്യമാക്കിയുള്ള ഒരു വാര്‍ഷിക അജണ്ട സേവനത്തിന്റെ മറവില്‍ ഇവര്‍ നടപ്പിലാക്കുന്നു. അവാര്‍ഡ് നിര്‍ത്തലാക്കിയാല്‍ എത്ര മാതൃകാധ്യാപകര്‍ സേവനതത്പരരാകും?

ഇതൊക്കെ ചെയ്യുന്ന ഒരു ഗായകന്, നടന്, കൃഷിക്കാരന്, മികച്ച ഗായക-നടന-കര്‍ഷക അവാര്‍ഡുകള്‍ നല്‍കുന്നില്ലല്ലോ. സ്വന്തം തൊഴില്‍ മികവിനാണ് അവാര്‍ഡ് കൊടുക്കുന്നതെങ്കില്‍, നന്നായി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കല്ലേ നല്‍കേണ്ടത്? അധ്യാപന മികവ് വിലയിരുത്താനും കഴിയുന്നതല്ലല്ലോ. സേവന പ്രവര്‍ത്തികള്‍ക്ക് മികച്ച സാമൂഹ്യസേവനത്തിനുള്ള അവാര്‍ഡ് നല്‍കുന്നതായിരിക്കും അഭികാമ്യം. ഇതിന് എല്ലാ രംഗത്തുള്ളവര്‍ക്കും അര്‍ഹതയുണ്ട്. മാധ്യമശ്രദ്ധ ആകര്‍ഷിക്കാതെ സ്വന്തം ഉത്തരവാദിത്വവും സേവനവും നിശബദരായി ചെയ്യുന്നവര്‍ നല്ല അധ്യാപകരല്ലേ? മാതൃകാധ്യാപകരുടെ യഥാര്‍ത്ഥ ചരിത്രം പരിശോധിച്ചാല്‍ പലപൊയ്മുഖങ്ങളും തകരും. ഓരോ അധ്യാപകനും ഓരോ ജീവനക്കാരനും ഓരോ മനുഷ്യനും അവനവന്റെ കടമ ആത്മാര്‍ത്ഥമായി നിര്‍വഹിച്ചാല്‍ അതു തന്നെയല്ലേ മികച്ച സാമൂഹ്യസേവനം?

കുട്ടികളെ പഠിപ്പിക്കാന്‍ സ്‌കൂള്‍ പരിസരങ്ങളില്‍ തന്നെ ധാരാളം ട്യൂഷന്‍ സെന്ററുകള്‍ ഉള്ളതുകൊണ്ടു പഠനത്തെ ഒരുപരിധി വരെ ഇതു ബാധിക്കില്ല. നിര്‍ധന വിദ്യാര്‍ത്ഥികള്‍ എന്തു ചെയ്യാനാണ്? പ്രതികരണശേഷിയില്ലാത്ത ഇക്കൂട്ടരും രക്ഷിതാക്കളും ഇരകളാകുന്നു. ചിലരാകട്ടെ കഥയറിയാതെ ആട്ടം കാണുന്നു- സ്വയംപരസ്യങ്ങളുടെ പൊള്ളത്തരങ്ങള്‍ അറിയാത, അണിയറരഹസ്യങ്ങള്‍ അറിയാത്തവര്‍. അവാര്‍ഡ് ജേതാക്കളെ കുറിച്ച് വിശിഷ്ടര്‍ എന്നു കരുതുന്നു. മനുഷ്യസ്‌നേഹം ജനിക്കുമ്പോള്‍ അവാര്‍ഡ് ചിന്ത അസ്തമിക്കുന്നു എന്ന സന്ദേശമുള്‍ക്കൊള്ളുന്ന സിനിമയിലെ അവാര്‍ഡ് ശ്രമങ്ങള്‍ അതിശയോക്തിപരമല്ല. ഇത്തരം അധ്യാപകര്‍ ചെയ്യാതെ പോകുന്ന വിദ്യാലയങ്ങളിലെ ഉത്തരവാദിത്വം ആര് ചെയ്യും? ഡ്യൂട്ടിസമയം അല്ലാത്തപ്പോഴും യഥാര്‍ത്ഥതാത്പര്യം ഉണ്ടെങ്കില്‍ പ്രവര്‍ത്തിക്കാമല്ലോ. പാഠഭാഗങ്ങള്‍ പഠിപ്പിക്കലും വ്യക്തിത്വരൂപീകരണത്തില്‍ പങ്കു വഹിക്കുകയും ചെയ്ത, ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുക എന്ന അധ്യാപകന്റെ യഥാര്‍ത്ഥ കടമ തിരിച്ചെത്തണമെങ്കില്‍ അവാര്‍ഡുകള്‍ നിര്‍ത്തലാക്കണം.

വിദ്യാലയങ്ങളില്‍ സാക്ഷരതാപ്രവര്‍ത്തനം നടത്തിയാല്‍ എഴുത്തും വായനയും അറിയാത്ത നിരവധി വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയും. വായന, എഴുത്ത്, അടിസ്ഥാന ഗണിതം എന്ന വിദ്യാഭ്യാസത്തിന്റെ മൂന്നു ബേസിക് R’ s പോലും പഠിപ്പാതെ എന്തു സേവനം? ‘രാഷ്ട്രീയക്കാരന്‍’ എന്ന വാക്ക് ചില അഴിമതിക്കാര്‍ മലിനമാക്കിയതുപോലെ,അധ്യാപകന്‍ എന്ന വാക്കും കളങ്കപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ പ്രോത്സാഹനം നല്‍കരുത്.

അധ്യാപകര്‍ വിദ്യപകരട്ടെ;
സൂത്രവിദ്യകള്‍ അവസാനിപ്പിക്കട്ടെ,

(എറിയാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ് സാഹിദ കെ കെ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍