UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബോധനരീതിയും ജീവിതശൈലിയും മാറ്റാനാണ് ശ്രമം; വിദ്യാഭ്യാസ മന്ത്രിക്ക് പറയാനുള്ളത്

വീണ്ടും ഒരധ്യാപകദിനം കൂടി കടന്നുവരുന്നു. അധ്യാപനം എന്ന സങ്കല്‍പത്തിന്റെ മൂര്‍ത്തഭാവത്തെ ഓര്‍ത്തുകൊണ്ടും പ്രണമിച്ചുകൊണ്ടും അറിവു പകരുന്ന അധ്യാപകരെ ആദരിച്ചുകൊണ്ടുമാണ് അധ്യാപകദിനം ആചരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനകീയവേദി ഒരുങ്ങുന്ന ഒരു പ്രത്യേക പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ അധ്യാപകദിനാചരണം എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ട ചുമതല കൂടി ഓരോ അധ്യാപകനും ഉണ്ട്. കലാലയങ്ങളില്‍ നിന്നാണ് സംസ്കാരം ഉണരുന്നത്. തുടര്‍ന്നാണ് അത് സമൂഹത്തിന്റെ സംസ്കാരമായി മാറുന്നത്. കേരളം പല രംഗങ്ങളിലും ലോകത്തിന് മാതൃകയാണ്. ആയുര്‍ദൈര്‍ഘ്യത്തിലും മരണനിരക്കിലും സാക്ഷരതയിലും സ്ത്രീ സാക്ഷരതയിലും ശിശു ജനന, മരണ നിരക്കുകളിലും കേരളം ലോകത്തിന് മാതൃകയാണ്. ഈ നേട്ടം കൈവരിക്കുവാന്‍ നമുക്ക് കഴിഞ്ഞത് പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിയതുകൊണ്ടാണ്. സാര്‍വ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തെ തുടര്‍ന്നാണ് കേരളത്തിന്റെ പിന്നോക്കാവസ്ഥ കുറെയൊക്കെ പരിഹരിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടായത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ മേഖലകളിലെല്ലാം ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതായിട്ടുണ്ട്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തെ പൊതുമേഖലയില്‍ തന്നെ നിര്‍ത്തി സംരക്ഷിക്കണം. ഈ കാഴ്ചപ്പാടിലാണ് കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തെ മാറ്റിക്കൊണ്ടിരിക്കുന്നത്.

മേല്‍പ്പറഞ്ഞ മാറ്റത്തിന്റെ പ്രധാന ഭാഗം വിദ്യാലയങ്ങളുടെ ആധുനികവല്‍ക്കരണമാണ്. സ്ലേറ്റും പെന്‍സിലും ബ്ലാക്ക് ബോര്‍ഡും ഉപയോഗിച്ച് പഠിപ്പിച്ചിരുന്ന അധ്യാപകര്‍ ഇന്നും നമ്മുടെ ഓര്‍മ്മയിലുണ്ട്. കാലം മാറിയതോടുകൂടി പഠിപ്പിക്കുവാനും പഠിക്കുവാനുമുള്ള മാര്‍ഗ്ഗങ്ങളും ഉപകരണങ്ങളും മാറി. പക്ഷെ,  ഈ മാറ്റം വിദ്യാലയങ്ങളില്‍ പൂര്‍ണ്ണമായും എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ വര്‍ത്തമാനകാല അധ്യാപകര്‍ക്ക് പ്രത്യേകിച്ച് പൊതുമേഖലയിലെ അധ്യാപകര്‍ക്ക്,  അധ്യാപനത്തില്‍ ആധുനികവല്‍ക്കരണം നടത്തുവാന്‍ ബുദ്ധിമുട്ട് വരുന്നു. ഇത് പൊതുവിദ്യാഭ്യാസത്തെ പിറകോട്ടടിപ്പിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നായിത്തീര്‍ന്നു. അതുകൊണ്ടാണ് വിദ്യാലയങ്ങളുടെ ആധുനികവല്‍ക്കരണം എന്ന ആശയത്തിന് മുന്‍തൂക്കം നല്‍കുന്നത്.

കാലത്തിനനുസരിച്ച് അധ്യാപകന് ഉയരുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അവസരമൊരുക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ അധ്യാപക ദിനത്തെ കാണേണ്ടത്. ഇതിന്റെ ഭാഗമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള എല്ലാ വിദ്യാലയങ്ങളും, ഒപ്പം 8, 9, 10, 11, 12 ക്ലാസ്സുകളും ഹൈട്ടെക്കാക്കി മാറ്റും. ഇതിനായുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ഇത് പൂര്‍ണ്ണമാകുന്നതോടെ പ്രാഥമിക വിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും. ആധുനികവത്ക്കരണത്തിനൊപ്പം അധ്യാപകരുടെ സമഗ്ര പരിശീലനത്തിനും ഉദ്ദേശിക്കുന്നു. 1 മുതല്‍ 12 വരെയുള്ള എല്ലാ അധ്യാപകരേയും ഐടി സാങ്കേതമുപയോഗിച്ച് വിഷയങ്ങള്‍ പഠിപ്പിക്കുവാനുള്ള പരിശീലനം നല്‍കും. ഒപ്പം ഒന്നു മുതല്‍ ഏഴുവരെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ഇംഗ്ലീഷ് ഭാഷാ പരിശീലനവും നല്‍കും. പഠനം മാതൃഭാഷയിലൂടെയാകുമ്പോള്‍ മറ്റു ഭാഷകള്‍ പഠിക്കേണ്ടത് ആവശ്യമാണ്. തുടര്‍ന്ന് ഹിന്ദി പഠന പരിശീലനവും നല്‍കും. പഴയകാലത്തെ എല്ലാ അധ്യാപകരേയും ഓര്‍ത്ത് ശക്തിയാര്‍ജ്ജിച്ച് ഇന്നത്തെ അധ്യാപകര്‍ ആധുനിക അധ്യാപകരാകുവാന്‍ പ്രതിജ്ഞയെടുക്കേണ്ട ദിവസമാണ് ഈ വര്‍ഷത്തെ അധ്യാപകദിനം.

നമുക്ക് അറിവ് തരുന്ന ഒരു പുല്‍ക്കൊടി പോലും നമ്മുടെ അധ്യാപകരാണ് എന്ന ഉത്തമ സങ്കല്‍പം കൂടി അധ്യാപകര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ഉണ്ടാകണം. പ്രകൃതിയാണ് നമ്മുടെ ഏറ്റവും വലിയ അധ്യാപകന്‍, പ്രകൃതിയാണ് പാഠപുസ്തകവും. അറിവ് നല്‍കിക്കൊണ്ട് തലമുറകളെ വാര്‍ത്തെടുക്കുന്ന പ്രക്രിയയില്‍ പങ്കെടുക്കുന്നവരെല്ലാം ഉയര്‍ന്ന അര്‍ത്ഥത്തില്‍ അധ്യാപകരാണ് എന്ന് പ്രബുദ്ധ കേരളമെങ്കിലും ഓര്‍ക്കണം.

ദ്വിമാനത്തില്‍ നിന്ന് ത്രിമാനത്തിലേക്ക് പോലും ബോധന മാധ്യമം മാറേണ്ടതുണ്ട് എന്നതിനാല്‍ ഭാവിയില്‍ ഇ-ടെക്സ്റ്റ് ബുക്കുകളിലേക്കു കൂടി നമുക്ക് എത്തേണ്ടതായിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഏതെങ്കിലും ഒരു വിഷയത്തിലെ ഒരു അധ്യായമെങ്കിലും ഇ-ടെക്സ്റ്റാക്കി മാറ്റണമെന്നുണ്ട്. ഇതു കൂടി യാഥാര്‍ത്ഥ്യമായാല്‍ അധ്യാപകന്‍ ആധുനിക കാലത്തിന്റെ മാതൃകാ അധ്യാപകനായി മാറും. ഇതാണ് നിലവിലുള്ള അധ്യാപകര്‍ക്കുള്ള ആദരവ്. ഈ രീതിയനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലും ആധുനികവല്‍ക്കരണം നടപ്പിലാക്കും. ചുരുക്കത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖല മാറും. രാജ്യത്തിന് മാതൃകയാകും. എല്ലാ പിന്നോക്കാവസ്ഥയും പരിഹരിച്ച് സുസ്ഥിരവികസന പാതയിലൂടെ നടക്കുവാന്‍ കേരളത്തെ പ്രാപ്തമാക്കുന്നത് ഇങ്ങനെയാണ്.

പഠനത്തോടൊപ്പം മറ്റ് ജീവിത മേഖലകളിലും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. മേല്‍പ്പറഞ്ഞ സാമൂഹ്യ മേഖലകളില്‍ കേരളം മുന്നിലാണെങ്കിലും രോഗാതുരതയിലും ആത്മഹത്യാ പ്രവണതയിലും ലഹരി ഉപയോഗത്തിലും മറ്റും നാം വളരെ മുന്നിലാണ്. ഇത് കൂടി പരിഹരിക്കപ്പെട്ടാല്‍ മാത്രമേ സമസ്തമേഖലകളിലും കേരളത്തിന് മുന്നേറുവാന്‍ കഴിയൂ. ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ജീവിതശൈലിയിലുള്ള മാറ്റമാണ്. കമ്പോള സംസ്കാരത്തിന്റെ കടന്നുകയറ്റം ജീവിതശൈലിയെ വല്ലാതെ പ്രതികൂലമായി ബാധിച്ചു. ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങളുടെ വ്യാപനം നമ്മെയെല്ലാം ഭയപ്പെടുത്തുന്നു. ജീവിതശൈലി, പ്രകൃതിയില്‍ നിന്നും അകലും തോറും രോഗങ്ങളും അസ്വസ്ഥതകളും വര്‍ദ്ധിക്കും. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ നാം പ്രകൃതിയോടടുത്ത ജീവിതശൈലി തന്നെ സ്വീകരിക്കണം. ഈ വിഷയവും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇത് പറഞ്ഞു കൊടുക്കുവാന്‍ ജീവിതാനുഭവമുള്ളവര്‍ക്കാണ് കൂടുതല്‍ കഴിയുക. പണ്ടുണ്ടായിരുന്ന ഭക്ഷണരീതി, വ്യായാമ രീതി, കൃഷി രീതി തുടങ്ങിയവയാണ് പരിചയപ്പെടുത്തേണ്ടത്. ഈ ആശയങ്ങള്‍ പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്നത് അധ്യാപകദിനത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് എന്ന ബോധ്യമുള്ളതുകൊണ്ടാണ് ഈ വര്‍ഷം എല്ലാ സ്കൂളുകളിലും അധ്യാപകദിനം ആചരിക്കണമെന്ന് പറഞ്ഞത്. ഈ ദിനത്തില്‍ വിരമിച്ച അധ്യാപകരും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും ജീവിതശൈലി സന്ദേശങ്ങള്‍ നല്‍കും. ഇത് ഒരു തുടക്കം മാത്രമാണ്. അടുത്ത അധ്യാപകദിനം വരെ ഒരു വര്‍ഷക്കാലം ജീവിതശൈലിയെക്കുറിച്ചുള്ള ചര്‍ച്ച നീണ്ടു നില്‍ക്കും. തുടര്‍ന്ന് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ, സേവന പ്രവര്‍ത്തകരും മന:ശാസ്ത്രജ്ഞരും കുട്ടികള്‍ക്ക് ക്ലാസ്സെടുക്കണം. ഇതിലൂടെ ക്യാമ്പസുകളെ ലഹരി, പുകയില, മദ്യ, പ്ലാസ്റ്റിക്, കീടനാശിനി മുക്ത ക്യാമ്പസുകളാക്കി മാറ്റണം. ഇതിന് സഹായകരമായി ഈ വര്‍ഷം തന്നെ 1000 സ്കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങളും നിര്‍മ്മിക്കും. മണ്ണിലുറച്ചു നിന്നും ആഴ്ന്നിറങ്ങിയും മാത്രമേ ഉയരങ്ങളിലെത്താന്‍ കഴിയൂ എന്ന സന്ദേശം നല്‍കുന്ന ജീവിതശൈലി ബോധവല്‍ക്കരണ പരിപാടിയില്‍ എല്ലാവരും സ്വയം അധ്യാപകരായി അധ്യാപകദിനത്തെ സാര്‍ത്ഥകമാക്കുക.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍