UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗാന്ധിജി പഠിക്കാത്ത ബി എഡ്

Avatar

ആര്‍ സുരേഷ് കുമാര്‍   

ഗാന്ധിജി ബി എഡ് പഠിച്ചിട്ടില്ല. പൌലോ ഫ്രെയര്‍ അധ്യാപനത്തില്‍ ഡിഗ്രി എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. വിവേകാനന്ദനും റുസോയും എന്തായാലും എം ഡ് ബിരുദം സമ്പാദിച്ചിട്ടില്ല. പറഞ്ഞ് വരുന്നത് ബി എഡ് പഠനം ഒരുവര്‍ഷമോ രണ്ടു വര്‍ഷമോ ആകട്ടെ, പക്ഷെ വേണ്ടത് അദ്ധ്യാപനത്തിനുള്ള ഒരു ഉള്‍വിളിയാണ്. അതുണ്ടാകണം, എങ്കിലേ യഥാര്‍ത്ഥ അധ്യാപകനാകാന്‍ സാധിക്കൂ. സത്യാവസ്ഥ മനസിലാക്കിയാല്‍ നമ്മുടെ ബി എഡ് കോഴ്‌സ്‌ പരമ്പരാഗതമായി അദ്ധ്യാപനത്തിലൂടെ മറ്റുചില സൌഭാഗ്യങ്ങള്‍ നേടാനുള്ള ഒരു കുറുക്കുവഴി മാത്രമാകുന്നതായാണ് കാണുന്നത്. ഇവിടെ കുറച്ചു പണവും സമുദായ സ്വാധീനവും ബി എഡും ഉണ്ടെങ്കില്‍ ഒരു ജോലി തരപ്പെടുത്താം. പി എസ് സി എന്നകടമ്പയും ടെസ്റ്റും ഇന്റര്‍വ്യുവും ഒന്നുമില്ലാതെ സര്‍ക്കാര്‍ സര്‍വിസില്‍ കയറിപറ്റാം. പെന്‍ഷന്‍ വരെ വാങ്ങി ജിവിതം സുരക്ഷിതമാക്കാം. വേണമെങ്കില്‍ അല്പം പ്രദേശിക രാഷ്ട്രിയവും കളിക്കാം. ഒരുതരം തമാശപോലെ പലരും കരുതിയിരുന്ന ഈ കുറുക്കുവഴിയാണ് ഇപ്പോള്‍ അടയ്ക്കപ്പെട്ടത്‌.

ബി എഡ്, എം എഡ് കോഴ്സുകൾ ഉൾപ്പെടെയുള്ള അധ്യാപക വിദ്യാഭ്യാസം രണ്ടു വർഷ കോഴ്സാക്കി മാറ്റിക്കൊണ്ടുള്ള എൻ സി ടി ഇ റെഗുലേഷൻസ് നടപ്പിലാക്കി പുതിയ അധ്യയന വർഷം ആരംഭിച്ചിരിക്കുന്നു. മാത്രമല്ല ഓരോ വർഷവും പ്രവേശനം നേടുന്ന  വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ തോതിൽ കുറവ് വരുന്ന തരത്തിലാണ് ഓരോ കോളേജിലും കോഴ്സുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. അധ്യാപക വിദ്യാഭ്യാസ രംഗത്ത് കോഴ്സുകളും കോളേജുകളും അനുവദിക്കുന്നത് സംബന്ധിച്ച് നില നിന്നിരുന്ന അഴിമതിയെക്കുറിച്ച് പഠിച്ച സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസായ ജെ എസ് വർമയുടെ നേതൃത്വത്തിലുള്ള സമിതിയുടെ നിർദേശങ്ങളാണ് പുതിയ എൻ സി ടി ഇ റെഗുലേഷൻസിന് വഴിയൊരുക്കിയത്. മുമ്പ് തന്നെ പ്രൈമറി തല അധ്യാപക പരിശീലന കോഴ്സിന്റെ പ്രവര്‍ത്തനകാലം രണ്ടു വർഷമായിരുന്നു. ആ കോഴ്സിന് പ്രവേശനം നേടുന്ന  വിദ്യാർത്ഥികളുടെ എണ്ണത്തിൽ അപ്പോഴും ഇപ്പോഴും വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. എന്നാൽ ബി എഡ്, എം എഡ് കോഴ്സുകൾക്ക് അഡ്മിഷൻ ലഭിക്കാവുന്നവരുടെ എണ്ണത്തിൽ ഇപ്പോൾ വ്യത്യാസം വന്നിരിക്കുന്നു. രണ്ടു വർഷ കോഴ്സ് എന്ന നിലയിൽ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ ഒരുമിച്ചെത്തുമ്പോൾ പോലും ബി എഡ് വിഭാഗത്തിൽ ഓരോ വർഷവും മുമ്പ് പ്രവേശനം നൽകിയിരുന്ന അത്രയും വിദ്യാർത്ഥികൾക്ക് ഇപ്പോൾ പ്രവേശനം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. എം എഡ് വിഭാഗത്തിലാകട്ടെ ഒരു യൂണിറ്റെന്നത് 35 ആയിരുന്നത് ഇപ്പോൾ 50 ആയി വർധിപ്പിച്ചു.

സൈദ്ധാന്തികവശം 
അധ്യാപക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും കൂടുതൽ പ്രായോഗികാനുഭവങ്ങൾ ലഭിക്കുന്നതിനും വഴിയൊരുക്കാൻ കോഴ്സിന്റെ ഘടനയിൽ കാതലായ മാറ്റങ്ങൾ വേണമെന്നാണ് ജസ്റ്റിസ് വർമ്മ കമ്മിറ്റി പറഞ്ഞിരുന്നത്. അതിനനുസരിച്ച് എൻ സി ടി ഇ രണ്ടു വർഷ കോഴ്സിന് ഒരു ഫ്രയിംവർക്ക് തയ്യാറാക്കിയിട്ടുണ്ട്. അതിൽ ബി എഡ്, എം എഡ് വിഭാഗങ്ങൾക്ക്  ഇന്റേൺഷിപ്പ് നിർദേശിക്കുന്നു. ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്ട്സ്, യോഗ തുടങ്ങിയ ഘടകങ്ങൾ ബി എഡ് കോഴ്സിന്റെ ഭാഗമായി  എൻ സി ടി ഇ നിർദേശിക്കുന്നു.  ഈ വിഭാഗങ്ങൾക്കും ഫുൾ ടൈം അധ്യാപകരുണ്ടാവണമെന്നും റെഗുലേഷൻസ് വ്യക്തമാക്കുന്നു. കോഴ്സ് രണ്ട് വർഷമാകുമ്പോൾ ഉള്ളടക്കത്തിൽ മറ്റ് വലിയ വ്യത്യാസങ്ങളൊന്നുമില്ല. ഏകദേശം ഒരു സെമസ്റ്റർ കാലയളവ് ഇന്റേൺഷിപ്പിന്റെ ഭാഗമായി മാറുന്നു. ഒരു സെമസ്റ്ററിലേക്ക് തിയറി ഭാഗമായി മറ്റ് രണ്ട് സെമസ്റ്ററ്റുകളിലെ തിയറി ഭാഗങ്ങളെ മോഡിഫൈ ചെയ്തും അപൂർവം ചില കൂട്ടിച്ചേർക്കലുകൾ നടത്തിയും ഒന്നു രണ്ടു പേപ്പറുകൾ അധികം കൊണ്ടുവരുന്നു.  ദ്വിവത്സര കോഴ്സും ഒരു വർഷ കോഴ്സും തമ്മിലുള്ള പ്രധാന വ്യത്യാസം പ്രാക്ടിക്കലുകൾ ചെയ്യാനുള്ള സാവകാശം ലഭിക്കുന്നുണ്ടെന്നതും കൂടുതൽ പ്രാക്ടീസ് ടീച്ചിംഗ് കാലയളവ് ഉണ്ടാകുന്നുവെന്നതുമാണ്. എം എഡിനാണെങ്കിൽ പ്രൈമറി, സെക്കന്ററി തല അധ്യാപക പരിശീലകരാകാൻ പ്രത്യേകം ഇലക്ടീവ് വിഷയങ്ങൾക്ക് ഓപ്ഷൻ നൽകി അതിനനുസരിച്ച് പാഠ്യപദ്ധതി തയ്യാറാക്കാനാണ് പറഞ്ഞിട്ടുള്ളതെങ്കിലും കേരളത്തിലെ സർവകലാശാലകൾ അക്കാര്യം ശരിയായ വി ധത്തിൽ പരിഗണിച്ചിട്ടില്ല. 

പ്രായോഗികവശം
പ്രായോഗികതലത്തിൽ വിലയിരുത്തുമ്പോൾ നിരവധി പ്രശ്നങ്ങൾക്ക് അധ്യാപകവിദ്യാഭ്യാസ രംഗം വിധേയമാകുന്നതായി മനസ്സിലാകുന്നു. ഒരു വർഷ കോഴ്സ് രണ്ടു വർഷമാകുമ്പോൾ സീറ്റുകളുടെ എണ്ണം ബി എഡിന് വൻതോതിൽ കുറയുകയും എം എഡിന് കൂടുകയുമാണ് ചെയ്തിരിക്കുന്നത്. ഡിഗ്രിയും പി ജിയും കഴിഞ്ഞിറങ്ങുന്നവർക്ക് താരതമ്യേന കുറഞ്ഞ ചിലവിൽ ഒരു പ്രൊഫഷണൽ ബിരുദം നേടാനും സാധ്യതകൾ ഒത്തു വന്നാൽ ഹയർ സെക്കന്ററി തലം വരെ അധ്യാപകരാകാനുമുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്നതാണ് ബി എഡ് സീറ്റുകൾ വെട്ടിക്കുറച്ചതിലൂടെ സംഭവിച്ചത്. സർക്കാർ, എയിഡഡ് കോളേജുകളിൽ നിലവിലുള്ള സ്റ്റാഫ് അംഗങ്ങൾക്കനുസരിച്ച് അനുവദിക്കാമായിരുന്ന സീറ്റുകൾ പോലും നൽകാതെ എല്ലാ സ്ഥാപനങ്ങളിലും ഒരുപോലെ 50 സീറ്റുകൾ ബി എഡിന് മതിയെന്ന് സർക്കാർ തീരുമാനിച്ചതിന്റെ കാരണം വ്യക്തമാകുന്നില്ല. പിന്നെ പുതുതായി പറഞ്ഞിരിക്കുന്ന ഫൈൻ ആർട്സ്, പെര്‍ഫോമിംഗ് ആർട്സ് എന്നീ വിഷയങ്ങൾക്ക് സ്ഥിരാധ്യാപകർ വേണമെന്ന നിർദേശം നടപ്പിലാക്കേണ്ടി വന്നാൽ കേരളത്തിലെ  എല്ലാ കോളേജുകളിലും നിരവധി പോസ്റ്റുകൾ ആവശ്യമായി വരും. കാരണം ഇതുവരെ അത്തരം തസ്തികകൾ സൃഷ്ടിക്കപ്പെട്ടിരുന്നില്ല. സ്കൂൾ വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ചും ഫസ്റ്റ് എയിഡ്, അസംബ്ലി നടത്തിപ്പ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ അധ്യാപകർക്കെല്ലാo ഉണ്ടാകണമെന്നതിന്റെയടിസ്ഥാനത്തിൽ ആരോഗ്യ കായിക മേഖലകളെക്കുറിച്ച് ബി എഡ് പാഠ്യപദ്ധതിയിൽ പറയേണ്ടത് അനിവാര്യമാണ്. എന്നാൽ ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് എന്നിവയെക്കുറിച്ച് എല്ലാ അധ്യാപകരും പഠിച്ചിരിക്കണമെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. കണക്കും ഫിസിക്സും ജ്യോഗ്രഫിയുമൊക്കെ നിരവധി ക്ലാസുകളിൽ പഠിപ്പിക്കേണ്ടി വരുന്ന അധ്യാപകർക്ക് , കലാവാസനകൾ ഉള്ളവരാണെങ്കിൽ പോലും ജോലിയുടെ ഭാഗമായി അവയെ പ്രയോജനപ്പെടുത്താൻ അവസരങ്ങളുണ്ടാക്കുക തന്നെ വിഷമകരമാണ്. കുട്ടികളിലെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കാൻ അത്തരം വിഷയങ്ങളിൽ സ്പെഷ്യലൈസ് ചെയ്തവർക്ക് പ്രത്യേക ബി എഡ് കോഴ്സ് അനുവദിച്ച് സ്കൂളുകളിൽ പ്രത്യേക നിയമനം നടത്തുകയാണ് വേണ്ടത്.

എവിടെയും അധ്യാപക പരിശിലന കേന്ദ്രങ്ങള്‍,പക്ഷേ…
അധ്യാപക വിദ്യാഭ്യാസത്തിന് കേരളത്തിൽ സർക്കാർ മേഖലയിൽ നാല് കോളേജുകളും എയിഡഡ് മേഖലയിൽ പതിനേഴ് കോളേജുകളുമാണുള്ളത്. സ്വകാര്യ സ്വാശ്രയ മേഖലയിൽ 140 കോളേജുകളുണ്ട്. ഇതിനു പുറമെ യൂണിവേഴ്സിറ്റികളുടെ സ്വാശ്രയ കോളേജുകളും പ്രവർത്തിക്കുന്നു. ഇതിൽ സർക്കാർ എയിഡഡ് കോളേജുകളിൽ മാത്രമാണ് ചുരുങ്ങിയ ചെലവിൽ ബി എഡ് പഠിക്കാൻ കഴിയുക. എം എഡ് കോഴ്സിന് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റു കളിലും മൂന്ന് സർക്കാർ കോളേജുകളിലും മൂന്ന് എയിഡഡ് കോളേജുകളിലും മാത്രമാണ് സ്വാശ്രയ രീതിയിലല്ലാതെ കോഴ്സ് നടക്കുന്നത്. ഇപ്പോൾ രണ്ടു വർഷ കോഴ്സ് ആരംഭിച്ചപ്പോൾ സർക്കാർ എയിഡഡ് മേഖലയിൽ ബി എഡ് അഡ്മിഷൻ ലഭിക്കാത്തവർക്ക് സ്വാശ്രയ മേഖലയിൽ  മുമ്പുണ്ടായിരുന്നതിലും ഇരട്ടി ഫീസ് നൽകി അഡ്മിഷൻ നേടേണ്ടി വന്നു.

രണ്ടു വർഷകോഴ്സിന് രണ്ടു വർഷവും ഫീസ് എന്ന നില വന്നതോടെ അധ്യാപന മേഖല  ഇഷ്ടപ്പെടുന്ന സാധാരണക്കാർ പിന്തിരിയുന്ന അവസ്ഥയിലാണ്. പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ മുമ്പ് ബി എഡ് കോഴ്സ് ചെയ്തിരുന്ന ഒരു വിഭാഗം രണ്ടു വർഷം അതിനു വേണ്ടി മാറ്റി വയ്ക്കാനും സാമ്പത്തിക ചെലവ് വഹിക്കാനും തയ്യാറാവാതെ പിന്മാറുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. അധ്യാപക വിദ്യാഭ്യാസ രംഗത്ത് അത് ഗുണപരമായ മാറ്റമാണെന്ന് വാദിക്കാമെങ്കിലും താൽപര്യമുള്ള സാധാരണക്കാർക്ക് സ്വാശ്രയ ഫീസ് അപ്രാപ്യമാകുന്ന സാഹചര്യമാണുള്ളത്. എം എഡ് സീറ്റുകൾ 50 ആയി വർദ്ധിപ്പിച്ചെങ്കിലും തുടക്ക വർഷത്തിൽ തന്നെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ബി എഡ് പഠിച്ചിറങ്ങുന്നവരുടെ എണ്ണം ഭാവിയിൽ കുറയുന്നതോടെ എം എഡ് കോഴ്സിന് പഠിക്കാനാളില്ലാത്ത സാഹചര്യം സൃഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. സർക്കാർ എയിഡഡ് മേഖലയിൽ ബി എഡിന് അനുവദിക്കാവുന്ന പരമാവധി സീറ്റുകൾ അനുവദിക്കാൻ സർക്കാർ തയ്യാറാവണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

മറുമൊഴി
1) അധ്യാപനം നൈസര്‍ഗ്ഗികമായി രൂപപ്പെടേണ്ട ഒരു പ്രക്രിയയാണ്. തല്ലിപ്പഴുപ്പിച്ച് ആരെയും ആ തോഴിലിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയില്ല. അത് രണ്ടുവര്‍ഷമോ ഇനി പത്തുവര്‍ഷമോ കൂട്ടിയാല്‍ പോലും ചിലപ്പോള്‍ ഒരു അധ്യാപകനെയെങ്കിലും കിട്ടുമോ എന്നുള്ള സംശയം നിലനില്‍ക്കുന്നു.

2) ഇനി ലോണെടുത്ത് പഠിക്കാമെന്ന് വച്ചാല്‍ റിലയന്‍സിന് വാതില്‍ തുറന്നു കൊടുക്കേണ്ടി വരും. ഇവിടെയിപ്പോള്‍ ഏറ്റവും താഴ്ന്ന വരുമാനം ലഭിക്കുന്ന തൊഴിലായും അധ്യാപനം മാറുന്നുണ്ട്. അപ്പോള്‍ എന്ത് വിശ്വസിച്ചു അങ്ങനെ ചെയ്യും?

(തിരുവനന്തപുരം ഗവ: അധ്യാപകപരിശീലന കലാലയത്തിലെ അധ്യാപകനാണ്  ആര്‍ സുരേഷ് കുമാര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍