UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗൂഗിളിന് നല്‍കാന്‍ കഴിയാത്ത ചിലത് ഗുരുവിന് കഴിയും

Avatar

ഡോ. ടി വി വിമല്‍ കുമാര്‍

സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരത്തെപ്പറ്റി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൌണ്‍സില്‍ (എസ്.സി.ഇ.ആര്‍.ടി.) അഞ്ചു ജില്ലകളില്‍ പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഈ എഴുത്തിനു പ്രചോദനമായിട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ഏറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തിരഞ്ഞെടുത്ത ഏതാനും വിദ്യാലയങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ആ പഠനം ഭയപ്പെടുത്തുന്ന വിവരങ്ങളാണ് അവതരിപ്പിച്ചത്. മലയാളം, ഇംഗ്ളീഷ്, പരിസ്ഥിതി പഠനം, ഗണിതം, അടിസ്ഥാന ശാസ്ത്രം എന്നീ വിഷയങ്ങളിലെ നിലവാരമായിരുന്നു പഠനവിഷയം. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ഏഴാം ക്ളാസില്‍ പഠിക്കുന്ന അഞ്ചു ശതമാനം പേര്‍ക്ക് മലയാളം അക്ഷരങ്ങളും മൂന്നു ശതമാനം പേര്‍ക്ക് ഇംഗ്ളീഷ് അക്ഷരങ്ങളും അറിയില്ലെന്നും എസ്.സി.ഇ.ആര്‍.ടി.യുടെ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. നാലാം ക്ളാസുകാരില്‍ 47.5 ശതമാനത്തിന് ലളിതമായ മലയാളവാക്കുകളും വാക്യങ്ങളും തന്നെ എഴുതാനറിയില്ല. ഇതിനേക്കാള്‍ ദയനീയമാണ് ഗണിതശാസ്ത്രത്തിലെ സ്ഥിതി. ഇംഗ്ളീഷും തഥൈവ. ഈ നിരക്ഷരത്വത്തിലേക്കും കണക്കുപിഴയിലേക്കുമാണ് നവവിദ്യാഭ്യാസപദ്ധതികള്‍ കുട്ടികളെ എത്തിച്ചതെങ്കില്‍ തീര്‍ച്ചയായും ഒരു പുനരാലോചന വേണ്ടിയിരിക്കുന്നു.

അറിവ് നല്‍കി ഇരുളിനെ നീക്കുന്നവരായിരിക്കണം അധ്യാപകർ. ക്ലാസ്സിൽ അധ്യാപകൻ/പിക എന്ന കേന്ദ്ര ബിന്ദുവിൽ നിന്ന് വിദ്യാർഥികൾ കേന്ദ്ര ബിന്ദുക്കൾ ആകാനുള്ള മാറ്റം  അനിവാര്യമായിരിക്കുന്നു . മാതാ പിതാ ഗുരു ദൈവം … ഇപ്പോൾ പുത്തൻ സമ്പ്രദായത്തിൽ ഗുരുവിന്‍റെ സ്ഥാനം ഗൂഗിൾ കയ്യടക്കിയോ എന്നാണ് സംശയം. അധ്യാപകന് ക്ലാസ്സിൽ ഒരു സ്ഥാനവും ഇന്നത്തെ അധ്യാപനത്തില്‍ ഇല്ല എന്ന് പലരും വേവലാതിപ്പെടുന്നുണ്ട്. പഴയകാലത്തെ ഗുരുഭക്തി ഇന്നത്തെ തലമുറയ്ക്കില്ല എന്നതു നേരുതന്നെ, എങ്കിലും ഇതിൽ അധ്യാപകർക്ക് ഒരു പങ്കുമില്ലെന്ന് ആർക്കും പറയാൻ ആവില്ലല്ലോ.

അധ്യാപകൻ അറിവുള്ളവനും അറിവ് പുതുക്കുന്നവനുമാകണം. വർഷങ്ങൾക്കുമുമ്പ് പഠിച്ചുവച്ച കുറേ കാര്യങ്ങൾ വര്‍ഷങ്ങളായി ഒരു മാറ്റവും ഇല്ലാതെ ഉരുവിട്ട് കൊണ്ടിരിക്കുന്നവർ ആകരുത് അധ്യാപകർ. കാലത്തിനൊപ്പം സഞ്ചരിക്കാൻ ഗുരുവിനാകണം. അതിന് വായന വേണം, ചിന്ത വേണം, കലകൾ ആസ്വദിക്കാനുള്ള കഴിവുണ്ടാകണം.

ഒരറിവും ശാശ്വതമല്ല. അറിവ്  ഓരോ ഘട്ടത്തിലും വളർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെവരെ ശരിയെന്നു വിശ്വസിച്ചുകൊണ്ടിരുന്ന പല അറിവും ഇന്ന് തെറ്റാണെന്ന് തെളിയുന്നു. അതുകൊണ്ടുതന്നെ നേടിയ അറിവ് കാലാകാലം പുതുക്കേണ്ടതുണ്ട്. അതിന് വായനയല്ലാതെ മറ്റു മാർഗ്ഗമില്ല. വായനയുള്ളവരിൽ അറിവു വളരും. അറിവു വളരുമ്പോൾ ശരിയായ ജീവിതവീക്ഷണം രൂപപ്പെടും. ചിന്താശീലം മെച്ചപ്പെടും. മനുഷ്യജീവിതമെന്ന മഹാപ്രതിഭാസത്തെ മൊത്തത്തിൽ നോക്കിക്കാണാൻ അവർക്കു കഴിയും. ഒരു പ്രത്യേകവിഷയം പഠിക്കുന്ന കുട്ടി എന്തെല്ലാമറിയണമെന്നു നിർദ്ദേശിക്കുക മാത്രമാണ് സിലബസ്സ് ചെയ്യുന്നത്. ആ അറിവുകളോട് അവനെ അടുപ്പിക്കുന്ന സഹായിയാണ് പാഠപുസ്തകങ്ങൾ. യഥാർത്ഥത്തിൽ ഓരോ വിദ്യാർത്ഥിയും നേടേണ്ട അറിവിന്റെ കാൽഭാഗം പോലും പാഠപുസ്തകങ്ങൾക്ക് നൽകാൻ കഴിയാറില്ല. അതിന്റെ അപ്പുറത്തേയ്ക്കുള്ള അറിവ് നേടുന്നതിലാണ് വിദ്യാർത്ഥിയ്ക്ക് അധ്യാപകന്റെ സഹായം വേണ്ടത്. അതുകൊണ്ടുതന്നെ വിദ്യാർത്ഥിയുടെ വായനയും അധ്യാപകന്റെ വായനയും ഒരുപോലെ പ്രാധാന്യം അർഹിക്കുന്നു ‘വായനയാണ് ഒരാളെ പൂർണ്ണനാക്കുന്നത്’. ‘വായിക്കേണ്ടത് എങ്ങനെ എന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം’.

ക്ലാസ്സിൽ ഒരു വിഷയം  അധ്യാപകൻ പഠിപ്പിക്കാൻ തയ്യാറായി വരുന്നു.  . കാലങ്ങളായി ഒരു വ്യത്യാസമില്ലാതെ അത് അങ്ങനെ തന്നെ പഠിപ്പിച്ചു പോകുന്നു. ഇത്തരത്തിൽ ഉള്ള പഠന സമ്പ്രദായത്തിൽ അധ്യാപകനാണ് കേന്ദ്ര ബിന്ദു. അതിൽ നിന്ന് മാറി ഗ്രൂപ്പ് ചര്‍ച്ചയിലൂടെ വിഷയം അവതരിപ്പിക്കുന്ന രീതിയിൽ ക്ലാസുകൾ മാറുന്നത് കുട്ടികൾക്ക് കൂടുതൽ ആകര്‍ഷകമാകും. പഠിപ്പിക്കുന്ന വിഷയങ്ങൾ ഉദാഹരണ സഹിതം അവതരിപ്പിക്കാൻ കഴിഞ്ഞാൽ ആ വിഷയങ്ങളിലുള്ള  അറിവുകൾ കുട്ടികളിൽ  കൂടുതൽ കാര്യക്ഷമമായി നിലനില്‍ക്കും. എന്നാൽ നിലവിലുള്ള നമ്മുടെ സിലബസ് അനുസരിച്ച് നിര്‍ദ്ദിഷ്ട സമയ ക്രമത്തിൽ ഇത്തരത്തിൽ പഠിപ്പിച്ചു തീർക്കൽ സാധ്യമല്ല എന്നതാണ് യാഥാർത്ഥ്യം. കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പുറത്തു കൊണ്ട് വന്നു അവരെ നന്മയുടെ പാഠം പറഞ്ഞു കൊടുക്കാൻ ഒരു അധ്യാപകനേ കഴിയൂ എന്ന സത്യം അധ്യാപകർ തിരിച്ചറിയണം.

ഇത്തരത്തിൽ ഉള്ള പഠനരീതികളിലെ മാറ്റങ്ങൾ, അതുപോലെ പുതിയ പഠന രീതികൾ എന്നിവ അധ്യാപകർ ചർച്ച ചെയ്യാനും, അതിനുള്ള പരിശീലന പരിപാടി ഉന്നത വിദ്യാഭ്യസ വകുപ്പിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട് . ഫോസ്റ്ററിംഗ് ലിങ്കേജ് ഇൻ അകാദമിക് ഇന്നൊവഷൻ ആൻഡ് റിസർച്ച് ( FLAIR ) എന്ന പ്രോഗ്രാം ദേശീയവും അന്തർദേശീയവുമായ സ്ഥാപനങ്ങളിൽ സർക്കാർ നേതൃത്വത്തിൽ അധ്യാപകർക്ക് പുതിയ പഠന രീതികളെ കുറിച്ച് പരിശീലനം നല്‍കി വരുന്നു.

നമ്മുടെ ഇടയിൽ ഏറെ മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒന്നാണ് അധ്യാപകനും വിദ്യാർത്ഥികളും മാതാ പിതാക്കളും തമ്മിലുള്ള ബന്ധം. ഇന്ന്  അതിനു കുറച്ചു വിള്ളൽ വന്നിട്ടുണ്ട്.  ഗുരുവിന്റെ  വീട്ടിൽ താമസിച്ചു, ഗുരുവിന്റെ വീട്ടിലെ  ഒരംഗം ആയി മാറി അറിവ് സ്വയത്തമാക്കുന്ന ഒരു കാലഘട്ടത്തിൽ  ഒരു കുട്ടിയുടെ സ്വഭാവം, ജീവിത ലക്ഷ്യങ്ങൾ എന്നിവ  നേടിയെടുക്കാൻ അവനെ പ്രാപ്തനാക്കാൻ അധ്യാപന് പ്രധാന സ്ഥാനം ഉണ്ട് എന്ന ഒരു ഒരു  സന്ദേശം മാതാപിതാക്കളിലൂടെ അക്കാലങ്ങളിൽ വിദ്യാർത്ഥികളിൽ എത്തിയിരുന്നു. എന്നാൽ ഇന്നത്തെ സാഹചര്യം  അങ്ങനെയല്ല. മാതാപിതാക്കളുമായി എപ്പോളും സ്നേഹബന്ധം നിലനിർത്താൻ അധ്യാപകൻ ശ്രമിക്കണം. അധ്യാപകനുമായി മാതാപിതാക്കൾ നേരിട്ടോ, ഫോണിലൂടെയോ ഇടയ്ക്കിടെ കുട്ടികളെ കുറിച്ച് സംസാരിക്കുകയോ, അധ്യാപകർ കുട്ടികളുടെ  വീട് സന്ദർശനം നടത്തുകയോ ചെയ്യേണ്ടതാണ്. സ്വന്തം കുട്ടിയെ വിദ്യാഭ്യാസ സ്ഥാപനത്തിൽ അയച്ചാൽ മാത്രം പോര ആ സ്ഥാപനത്തിൽ ഇടയ്ക്കിടെ സന്ദർശിക്കാൻ സമയം കണ്ടെത്താൻ മാതാപിതാക്കളും ശ്രമിക്കണം. 

ഗുരു ഈശ്വരൻ എന്നാണ് ഇന്ത്യന്‍ സംസ്കാരം പഠിപ്പിച്ചത്. ജ്ഞാനത്തിന്റെ പ്രകാശം ശിഷ്യർക്ക് പകർന്നു നല്കുന്ന ഈശ്വരൻ. അതാകണം ഇന്നത്തെ ഓരോ അധ്യാപകനും.

(തൃശൂര്‍ സെന്‍റ്. തോമസ് കോളേജില്‍ ഭൌതിക ശാസ്ത്രം അസിസ്റ്റന്‍റ് പ്രൊഫസറാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍