UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഹ്രു കോളേജില്‍ അധ്യാപകര്‍ സമരത്തില്‍; ക്ലാസ് എടുത്ത് വിദ്യാര്‍ത്ഥികളുടെ മറുപടി

പി കൃഷ്ണദാസിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതില്‍ പ്രതിഷേധിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കില്ലെന്ന് നിലപാടെടുത്തത്

നെഹ്രു ഗ്രൂപ്പിന് കീഴിലെ ലക്കിടി ജവഹര്‍ലാല്‍ എന്‍ജിനിയറിംഗ് കോളേജില്‍ അധ്യാപകര്‍ സമരം പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സ്വന്തം നിലയ്ക്ക് പഠനം ആരംഭിച്ചു. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചതില്‍ പ്രതിഷേധിച്ചാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കില്ലെന്ന് നിലപാടെടുത്തത്.

ജിഷ്ണുവിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിക്കുന്ന ടെക്‌ഫെസ്റ്റിവലിന്റെ പോസ്റ്റര്‍ സ്റ്റാഫ് റൂമില്‍ ഒട്ടിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. പോസ്റ്റര്‍ അധ്യാപകര്‍ കീറി കളഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒട്ടിക്കുകയായിരുന്നു. ആ പോസ്റ്ററും അധ്യാപകര്‍ കീറിക്കളഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് ചെയര്‍മാന്‍ ഫോട്ടോ സഹിതം കൃഷ്ണദാസ് വാണ്ടഡ് എന്ന് പോസ്റ്റര്‍ തയ്യാറാക്കി കോളേജ് ബസില്‍ പതിപ്പിക്കുകയായിരുന്നു.

ഇതുകണ്ട ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു അധ്യാപിക ആ പോസ്റ്ററും കീറിക്കളഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇന്ന് രാവിലെ വിദ്യാര്‍ത്ഥികള്‍ കോളേജിലെത്തിയപ്പോള്‍ പഠിപ്പിക്കാന്‍ വരില്ലെന്ന് അധ്യാപകര്‍ നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാ അധ്യാപകരും മെയിന്‍ ബ്ലോക്കില്‍ തമ്പടിച്ചു. അധ്യാപകര്‍ സമരം ആരംഭിച്ചതോടെ സ്വയം പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുകയായിരുന്നു.

ആയിരത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ലക്കിടി കോളേജില്‍ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. ഒരൊറ്റ ക്ലാസില്‍ പോലും ബുധനാഴ്ച അധ്യാപകര്‍ പഠിപ്പിക്കാന്‍ എത്തിയില്ല. അധ്യാപക സമരം തുടരുകയാണെങ്കില്‍ വരുംദിവസങ്ങളിലും തങ്ങള്‍ സ്വയം പഠിക്കുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

ജിഷ്ണുവിന്റെ ഓര്‍മ്മയ്ക്കായി സംഘടിപ്പിക്കുന്ന ടെക്‌ഫെസ്റ്റിവലിന് കോമോസ് 2കെ17 എന്നാണ് പേര്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ആരംഭിക്കാനിരുന്ന കമ്പനിക്ക് ജിഷ്ണു കണ്ടുവച്ചിരുന്ന പേരാണ് ഇത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍