UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാഭ്യാസം എങ്ങനെ ‘ഇന്ത്യനൈസ്’ ചെയ്യാം; ആര്‍എസ്എസ് തലവന്‍ അധ്യാപകര്‍ക്ക് ക്ലാസെടുക്കുന്നു

തുര്‍ക്കികളും മുഗളന്മാരും ക്ഷേത്രങ്ങള്‍ നശിപ്പിച്ചപ്പോള്‍ ബ്രിട്ടീഷുകാര്‍ വിദ്യാഭ്യാസ പാരമ്പര്യം ഇല്ലാതാക്കി

കൊളോണിയല്‍ പാരമ്പര്യം അവസാനിപ്പിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം എങ്ങനെ ‘ഇന്ത്യനൈസ്’ ചെയ്യാമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് രാജ്യത്തെ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ക്ക് ക്ലാസെടുക്കുന്നു. ഈ മാസം 25, 26 തീയതികളില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഹാന്‍സ്‌രാജ് കോളേജില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ചിരിക്കുന്ന സെമിനാറില്‍ രാജ്യത്തെ മിക്ക യൂണിവേഴ്‌സിറ്റികളില്‍ നിന്നുമുള്ള അധ്യാപകര്‍ക്കാണ് ക്ഷണം.
‘വിദ്യാഭ്യാസ രംഗം കൊളോണിയല്‍ മൂല്യങ്ങളില്‍ നിന്ന് മുക്തമാക്കി എങ്ങനെ ദേശീയ മൂല്യങ്ങള്‍ കൊണ്ടു വരാം’ എന്നതാണ് സെമിനാറിന്റെ വിഷയം. ‘ജ്ഞാനസംഗം’ എന്നു പേരിട്ടിരിക്കുന്ന സെമിനാറില്‍ ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

പൊളിറ്റിക്കല്‍ സയന്‍സ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഹിസ്റ്ററി, ആര്‍ക്കിയോളജി, സയന്‍സ്, തീയേറ്റര്‍, ലിറ്ററേച്ചര്‍, ഇകണോമിക്‌സ് എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ നടക്കുകയെന്ന് ആര്‍.എസ്.എസ് പുറത്തുവിട്ട കത്തില്‍ പറയുന്നതായി ഡി.എന്‍.എ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

‘നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ട്. ഇപ്പോഴുമത് ശക്തമായി നിലനില്‍ക്കുന്നു. ചെറിയ പരിക്കുകള്‍ വിദേശികള്‍ ഏല്‍പ്പിച്ചെങ്കില്‍ പോലും നശിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. തുര്‍ക്കികളും മുഗളന്മാരും നമ്മുടെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചപ്പോള്‍ ഇംഗ്ലീഷുകാര്‍ ചെയ്തത് ഇവിടെ ഒരു വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്‌കരിക്കുകയാണ്. അത് ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ആളുകള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താന്‍ കാരണമായെ’ന്നും കത്തില്‍ പറയുന്നു.

‘നമ്മുടെ ഇപ്പോഴത്തെ തലമുറ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ സാമൂഹികവും ബൗദ്ധികവുമായ ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുകയാണ് സെമിനാറിന്റെ അജണ്ട’ എന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്.

ക്ഷണിക്കപ്പെട്ട അധ്യാപകര്‍ക്കും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും മാത്രമാണ് സെമിനാറില്‍ പ്രവേശനം. 100-ഓളം അധ്യാപകരും ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍