UPDATES

വിദേശം

കൂടുതല്‍ കുട്ടികളുണ്ടാകാന്‍ മാതാപിതാക്കളെ പഠിപ്പിക്കുന്ന യൂറോപ്പ്

Avatar

റിക്ക് നൊവാക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

യൂറോപ്പിന്റെ കടത്തെയും സാമ്പത്തികപ്രശ്‌നങ്ങളെപ്പറ്റിയും ധാരാളം എഴുതിക്കഴിഞ്ഞു. എന്നാല്‍ ഇത് മാത്രമല്ല യൂറോപ്യന്‍ ഭൂഖണ്ഡം നേരിടുന്ന വെല്ലുവിളി. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വല്ലാതെ പ്രായമാവുകയാണ്. ഭൂഖണ്ഡത്തിലുടനീളം ആളുകള്‍ കൂടുതല്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുക്കുകയാണ്. തങ്ങളുടെ പൗരന്മാര്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാനായി സര്‍ക്കാരും ഉപദേശകസംഘങ്ങളും ക്രിയാത്മകമായ രീതികള്‍ അവലംബിച്ചുവരുന്നു.

അഞ്ച് അസ്വാഭാവിക ആശയങ്ങള്‍ ഇതാ: 

1.ഡെന്മാര്‍ക്കില്‍ സ്‌കൂള്‍ കുട്ടികളെ ക്ലാസില്‍ പഠിപ്പിക്കുന്നത് കൂടുതല്‍ കുട്ടികള്‍ വേണമെന്നാണ്. പല ഇന്റര്‍നാഷണല്‍ റാങ്കിംഗുകളിലും മുന്‍നിരയില്‍ നില്‍ക്കുന്ന ഡെന്മാാര്‍ക്ക് പക്ഷെ ഇക്കാര്യത്തില്‍ മാത്രം പിന്നിലാണ്. രാജ്യത്തെ ലൈംഗിക വിദ്യാഭ്യാസഗൈഡുകള്‍ നിര്‍മ്മിക്കുന്ന അസോസിയേഷന്‍ ഓഫ് സെക്‌സ് ആന്‍ഡ് സൊസൈറ്റി പറയുന്നത് കുട്ടികള്‍ ഉണ്ടാകാന്‍ വിസമ്മതിക്കുന്നത് പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണെന്നാണ്. ‘കുട്ടികളുണ്ടാകാനുള്ള ശ്രമങ്ങളില്‍ വിജയിക്കാനാകാത്ത ഒരുപാട് ആളുകളെ ഞങ്ങള്‍ കാണാറുണ്ട്’, അസോസിയേഷന്‍ സെക്രട്ടറി ജാന്‍ ക്രിസ്ത്യന്‍സെന്‍ ഈ പ്രശ്‌നത്തെ ഒരു ‘വ്യാധി’ എന്ന് വിളിച്ചുകൊണ്ടു പറയുന്നു.

ലൈംഗികവിദ്യാഭ്യാസം ഇതേവരെ ശ്രദ്ധിച്ചിരുന്നത് ഗര്‍ഭിനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാനും അസുഖങ്ങള്‍ ഒഴിവാക്കാനും പഠിപ്പിക്കുന്നതിലായിരുന്നു. അതിനിടെ ചില പ്രധാനജൈവവിവരങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ അധ്യാപകര്‍ മറന്നു. ‘പെട്ടെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്, ഒരുപക്ഷെ നമ്മള്‍ അവരോട് ഗര്‍ഭം. ധരിക്കേണ്ടത് എങ്ങനെയെന്നും പറയേണ്ടതുണ്ട്’, സെക്‌സ് ആന്‍ഡ് സൊസൈറ്റിയുടെ ദേശീയ ഡയറക്ടറായ മരിയന്‍ ലോംഹോട്ട് പറയുന്നു. പന്ത്രണ്ടിനും ഇരുപതിനുമിടയില്‍ ശതമാനം ഡാനിഷ് ആളുകള്‍ക്ക് കുട്ടികളുണ്ടാകാന്‍ കഴിയുന്നില്ല. അങ്ങനെയൊരു തീരുമാനം എടുക്കുമ്പോള്‍ അവര്‍ കൂടുതല്‍ പ്രായമായവരായിപ്പോയി എന്നതാണ് പ്രധാനകാരണം. ഡെന്മാര്‍ക്കിന്റെ വിദ്യാഭ്യാസമന്ത്രാലയം പറയുന്നത് അധ്യാപകര്‍ ലൈംഗികബന്ധത്തിലെ അപകടങ്ങളെപ്പറ്റിയും ഗര്‍ഭത്തിന്റെ പ്രശ്‌നങ്ങളെപ്പറ്റിയും മാത്രമല്ല അതിന്റെ ഗുണങ്ങളെപ്പറ്റിയും പറയണം എന്നാണു.

2.ടെലിവിഷന്‍ പരസ്യങ്ങള്‍ ലൈംഗികബന്ധത്തെ ഒരു ദേശസ്‌നേഹനടപടിയായാണ് പ്രചരിപ്പിക്കുന്നത്. ഡെന്മാര്‍ക്കിന് വേണ്ടി രതി എന്നതാണ് ഡാനിഷ് ട്രാവല്‍ കമ്പനിയായ സ്‌പൈസിന്റെ പുതിയ പരസ്യം. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ പരസ്യത്തില്‍ അവര്‍ പറയുന്നത് പത്തുശതമാനത്തിനും ഗര്‍ഭമുണ്ടായത് വിദേശയാത്രയ്ക്കിടെയാണ് എന്നാണ്. 

‘രതിക്ക് ഡെന്മാര്‍ക്കിന്റെ ഭാവി സുരക്ഷിതമാക്കാന്‍ കഴിയുമോ? നാല്‍പ്പത്താറുശതമാനം ആളുകളും അവധിക്കാലത്ത് കൂടുതല്‍ രതിയിലേര്‍പ്പെടുന്നു’, വീഡിയോയില്‍ വിശദീകരണം ഇങ്ങനെ. ഒരു അവധിക്കാലം നിങ്ങളെ ആനന്ദിപ്പിക്കുക മാത്രമല്ല, അത് ദേശസ്‌നേഹവും കൂടിയാകുന്നു. ഈ ആശയം പ്രചരിപ്പിക്കാനായി കമ്പനി ഡാനിഷ് ദമ്പതിമാര്‍ക്ക്് ഒവുലെഷന്‍ ഡിസ്‌കൗണ്ട് കൂടി നല്‍കുന്നു. കമ്പനി നല്‍കിയ വെക്കേഷന്‍ കാലത്ത് കുട്ടിയെ ഗര്‍ഭം ധരിച്ചാല്‍ മൂന്നുവര്‍ഷത്തേയ്ക്കുള്ള ഡയപ്പറുകള്‍ സൗജന്യം, ഒപ്പം ഒരു വിദേശയാത്രയും കുട്ടിയോടൊപ്പം.

3.സ്വീഡനില്‍ അമ്മയോ അച്ഛനോ ആരെങ്കിലുമൊരാള്‍ക്ക് ഒരു വര്‍ഷത്തിലേറെ ഏകദേശം മുഴുവന്‍ ശമ്പളവും ലഭിക്കും. വീട്ടിലിരുന്ന് കുട്ടിയെ നോക്കിയാല്‍ മതി. 480 ദിവസത്തോളം അമ്മയ്‌ക്കോ അച്ഛനോ എണ്‍പത് ശതമാനം ശമ്പളം കിട്ടും. സ്വീഡിഷുകാര്‍ ഈ ലീവ് കഴിഞ്ഞാലും വിഷമിക്കേണ്ടതില്ല. ജിം മെമ്പര്‍ഷിപ്പുകള്‍ക്ക് സബ്‌സിഡി, ഫ്രീ മസാജുകള്‍ എന്നിങ്ങനെ പലതും മാതാപിതാക്കള്‍ക്ക് ഉണ്ട്.

4.ഫ്രഞ്ച് കുട്ടികള്‍ക്ക് ഒട്ടുമിക്ക എല്ലാക്കാര്യങ്ങളും ഒരു ഡിസ്‌കൗണ്ട് വിലയില്‍ കിട്ടും. ടൂറിസ്റ്റുകള്‍ ഫ്രാന്‍സിലെ ജീവിതം വിലയേറിയതാണെന്ന് പറയുമെങ്കിലും ഫ്രാന്‍സില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നവരുടെ അനുഭവം മറിച്ചാണ്. കുട്ടികള്‍ക്ക് പൊതുയാത്രാസൗകര്യങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം. മ്യൂസിയങ്ങള്‍, സിനിമ, തിയേറ്ററുകള്‍ എന്നിങ്ങനെയുള്ള സകല സാംസ്‌കാരിക സംരംഭങ്ങളും സൗജന്യമോ വിലക്കുറവിലോ ആണ്. ഇരുപതുവയസില്‍ താഴെയുള്ള സകലര്‍ക്കും അലവന്‍സ് ലഭിക്കും.

5. കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന ഡാനിഷ് ആളുകള്‍ക്ക് വേണ്ടിമാത്രമായി ഡേറ്റിംഗ് സൈറ്റുണ്ട്. ഡന്മാര്‍ക്കാണ് ഏറ്റവും ക്രിയാത്മകമായ കുട്ടിയുണ്ടാകല്‍ നടപടികള്‍ സ്വീകരിക്കുന്നത്. 2013ലാണ് ഫ്രഞ്ച് നടനായ ഇമ്മാനുവല്‍ ലിമല്‍ കുട്ടികള്‍ വേണമെന്നുള്ളവര്‍ക്കായി ഒരു ഡാനിഷ് ഡേറ്റിംഗ് ഇടമുണ്ടാക്കിയത്. ‘കുട്ടികള്‍ വേണമെന്ന് ഡേറ്റിംഗ് സൈറ്റുകളില്‍ പറഞ്ഞുകൂടാത്ത ഒരു കാര്യമാണ്’, ലിമാല്‍ പറയുന്നു. ഡെന്മാര്‍ക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഈ രീതി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ലിമാലിന്റെ ഡേറ്റിംഗ് സൈറ്റില്‍ ആളുകള്‍ കൂടുന്നുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍