UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത്തവണ രണ്ടു പേര്‍ സെഞ്ച്വറി അടിച്ചു, എന്നിട്ടും ഇന്ത്യ തോറ്റു

അഴിമുഖം പ്രതിനിധി

ഇങ്ങനെ തോല്‍ക്കാന്‍ ക്രിക്കറ്റില്‍ ഒരു ടീമേ കാണൂ, ടീം ഇന്ത്യ മാത്രം. തോറ്റു എന്നു എതിരാളികള്‍ പോലും സമ്മതിച്ച ഘട്ടത്തില്‍ അവരെപ്പോലും അത്ഭുതപ്പെടുത്തിയാണ് ടീം ഇന്ത്യ വിജയം കൈമാറിയത്.

കഴിഞ്ഞ മൂന്നു ഏകദിനങ്ങളിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഓരോ സെഞ്ച്വറി വീതമായിരുന്നു നേടിയതെങ്കില്‍ നാലാം ഏകദിനത്തില്‍ രണ്ടുപേര്‍, ധവാനും കോഹ്ലിയും സെഞ്ച്വറിയടിച്ചു. എന്നിട്ടും ക്ലൈമാക്‌സില്‍ മാത്രം മാറ്റമുണ്ടായില്ല. പരമ്പരയില്‍ ആദ്യമായി സ്‌കോര്‍ പിന്തുടര്‍ന്ന മത്സരത്തില്‍ 25 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇപ്പോള്‍ നാലു വിജയവും ഓസീസിനൊപ്പമാണ്.

എന്തിനാണെന്നറിയാതെ പന്തെറിയുന്ന ഇന്ത്യന്‍ ബോളര്‍മാര്‍ ഇത്തവണയും തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 350 ല്‍ എത്തുന്നതിനു രണ്ടു റണ്‍സ് അകലെവച്ച് അമ്പത് ഓവറും എറിഞ്ഞു തീര്‍ക്കാന്‍ കഴിഞ്ഞുവെന്നുമാത്രം. സ്പിന്നര്‍മാരെക്കൊണ്ട് ഒന്നും ചെയ്യാനില്ലെന്നു തിരിച്ചറിഞ്ഞ ധോണി അശ്വിനെ കളിപ്പിക്കാതെ ഗുര്‍കീരത് സിംഗിനെ പകരം ഇറക്കി. റിഷി ധവാനെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ ഫലം കഴിഞ്ഞ മൂന്നു തവണത്തേക്കാള്‍ കുറച്ചുകൂടി കട്ടിയായിരുന്നുവെന്നു മാത്രം. ഓസ്‌ട്രേലിയയുടെ ഒരു വിക്കറ്റ് വീഴുന്നത് കാണാന്‍ ഇന്ത്യക്ക് അവര്‍ 187 റണ്‍സ് എടുക്കുന്നതുവരെ കാക്കേണ്ടി വന്നു. 93 റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറാണ് പുറത്തായത്. സെഞ്ച്വറി നേടിയ ആരോണ്‍ ഫിഞ്ചും 37 പന്തില്‍ 51 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തും 29 പന്തില്‍ 41 റണ്‍സ് നേടിയ മാക്‌സ് വെല്ലും ചേര്‍ന്നു പരമ്പരയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലേക്ക് ഓസീസിനെ എത്തിച്ചു. ആരോണ്‍ ഫിഞ്ച് 107 റണ്‍സ് നേടിയാണ് പുറത്തായത്. ഇന്ത്യക്കായി ഇഷാന്ത് ശര്‍മ നാലു വിക്കറ്റും ഉമേഷ് യാദവ് മൂന്നു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തിരിച്ചടി കനത്തതായിരുന്നു. രോഹിത് ശര്‍മ( 25 പന്തില്‍ 41) നല്‍കിയത് തകര്‍പ്പന്‍ തുടക്കം. നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായ രോഹിതിനു പിന്നാലെ വന്ന കോഹ്ലി ധവാനു കൂട്ടു ചേര്‍ന്നതോടെ ഇന്ത്യ കളി തങ്ങളുടെ വരുതിയിലാക്കി. ഓസ്‌ട്രേലിയന്‍ ബൗളര്‍മാരോട് ഒരു ദയയുമില്ലാതെ പെരുമാറിയ ഇരുവരും തങ്ങളുടെ സെഞ്ച്വറിയും അടിച്ചെടുത്തു. പരമ്പരയില്‍ ധവാന്റെ ആദ്യത്തേതും കോഹ്ലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയുമായിരുന്നു. 85 പന്തുകളില്‍ 11 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്. ധവാന്‍ 92 പന്തുകളില്‍ തന്റെ സെഞ്ച്വറി നേടി. 12 ഫോറും രണ്ടു സിക്‌സുകളും ഇതിനിടയില്‍ അടിച്ചുകൂട്ടി.

37 ഓവര്‍ എത്തിയപ്പോഴേക്കും ഒരു വിക്കറ്റിന് 277 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുകയായിരുന്നു. പക്ഷേ പെട്ടെന്നാണ് കളി മാറിയത്. 107 റണ്‍സ് എടുത്ത കോഹ്ലി പുറത്തായതിനു പിന്നാലെ ക്യാപ്റ്റന്‍ ധോണി വന്നതും തിരിച്ചുപോയയതും പെട്ടെന്നായിരുന്നു. അധികം വൈകാതെ 126 റണ്‍സ് എടുത്ത ധവാനും പുറത്തായി. പിന്നീട് പതിവുപോലെ ഘോഷയാത്ര. 24 റണ്‍സ് എടുത്ത ജഡേജയൊഴിച്ചാല്‍ ബാക്കിയാരും ഒന്നും ചെയ്തില്ല. രഹാനെ രണ്ടു റണ്‍സിനും റിഷി ധവാന്‍ ഒമ്പത് റണ്‍സിനും ഗുര്‍കീരത് സിങ് അഞ്ചു റണ്‍സിനും ഭവനേശ്വര്‍ കുമാറും ഉമേഷ് യാദവും രണ്ടു റണ്‍സിനും ധോണി റണ്‍സ് ഒന്നും എടുക്കാതെയുമായിരുന്നു പുറത്തായത്. ഒരു വിക്കറ്റിന് 277 റണ്‍ശ് എന്ന നിലയില്‍ നിന്നിരുന്ന ഇന്ത്യയുടെ അവസാന ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായത് വെറും 46 റണ്‍സിന്. ഓസ്‌ട്രേലിയ്ക്കായി റിച്ചാഡ്‌സണ്‍ അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍