UPDATES

കായികം

ബിസിസിഐയുടെ പിണക്കം മാറി; കരീബിയന്‍ കരുത്ത് നേരിടാന്‍ ടീം ഇന്ത്യയെത്തും

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി നടത്തുമെന്ന് ബിസിസിഐ അറിയിച്ചു. നാലു ടെസ്റ്റ് മത്സരങ്ങളായിരിക്കും പര്യടനത്തില്‍ ഇന്ത്യ കളിക്കുക. ടെസ്റ്റ് പര്യടനത്തിന്റെ വേദികളോ തീയതികളോ പ്രഖ്യാപിച്ചിട്ടില്ല.

വിന്‍ഡീസ് പര്യടനം ഔദ്യോഗികമായി പ്രഖ്യപിക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മില്‍ കുറച്ചു നാളായി നിലനിന്നിരുന്ന പിണക്കം മറന്ന് വീണ്ടും ബന്ധം സുഖമമായി മുന്നോട്ടു കൊണ്ടുപോകാനുള്ള താതപര്യം കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രകടിപ്പിക്കുന്നത്. 2014 ലെ ഇന്ത്യന്‍ പര്യടനത്തിന്റെ മധ്യത്തില്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിന്‍ഡീസ് കളിക്കാര്‍ നാട്ടിലേക്ക് തിരിച്ചു പോയതാണ് ബിസിസിഐ യെ ചൊടിപ്പിച്ചത്. പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോയതിന്റെ പേരില്‍ 42 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ വീന്‍ഡീസുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം കളിക്കാരുടെ വേതനവ്യവസ്ഥകള്‍ പോലും പുതുക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന ഡബ്ല്യുഐസിബി ക്ക് ഇന്ത്യയാവശ്യപ്പെട്ട് നഷ്ടപരിഹാരം തുക താങ്ങാന്‍ കഴിയുന്നതല്ലായിരുന്നു. അതുകൊണ്ട് തന്നെ ഏതുവിധേനയും ബിസിസിഐയുടെ പിണക്കം മാറ്റിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു കരീബിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. അതു വിജയത്തിലെത്തിയതിന്റെ ഫലമാണ് ഇപ്പോള്‍ വിന്‍ഡീസിലേക്കു പോകാനുള്ള ഇന്ത്യയുടെ തീരുമാനം.

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായി വീണ്ടും ഒരുമയോടെ പോകാന്‍ കഴിയുന്നതില്‍ ബിസിസിഐ സന്തോഷിക്കുന്നു. ഇടയില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ എല്ലാം തന്നെ പരിഹരിക്കപ്പെട്ടിരിക്കുന്നു; ബിസിസി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ലോകക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഒത്തിരി സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരാണ് വിന്‍ഡീസ് ക്രിക്കറ്റ് ലോകം. ഞങ്ങളത് അംഗീകരിക്കുന്നു. അതുകൊണ്ട് അവര്‍ക്കാവശ്യമായ എല്ലാ പിന്തുണയും സന്തോഷത്തോടെ ചെയ്തു കൊടുക്കും; ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ച്ച ബിസിസി ഐ പ്രസിഡന്റ് ശശാങ്കര്‍ മനോഹര്‍ ഒരഭിമുഖത്തിനിടയില്‍ വെന്‍ഡീസീസ് ബോര്‍ഡിനോട് ആവശ്യപ്പെട്ട നഷ്ടപരിഹാരം ഉപേക്ഷിക്കുന്നതായി പറഞ്ഞിരുന്നു.

ഇന്ത്യയുടെ തീരുമാനത്തില്‍ വലിയ സന്തോഷവും നന്ദിയും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐയുടെ സഹകരണത്തിന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അഭിനന്ദനം അറിയിക്കുന്നു. ഇന്ത്യയുടെ പര്യടനത്തിനായി ദ്വീപുകളിലെ ക്രിക്കറ്റ് പ്രേമികള്‍ സാകൂതം കാത്തിരിക്കുകയാണ്; ഡബ്യു ഐ സി ബി പ്രസിഡന്റ് ഡേവ് കാമറൂണ്‍ അറിയിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍