UPDATES

കായികം

കുംബ്ലെയുടെ പകരക്കാരനാകുന്നത് ഈ ഓസ്‌ട്രേലിയന്‍ താരമോ!

ബുധനാഴ്ചയായിരുന്നു പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനദിവസം

അനില്‍ കുംബ്ലെയുടെ പരിശീലക സ്ഥാനം തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായ സ്ഥിതിക്ക് അടുത്തതാര് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സജീവം. രാഹുല്‍ ദ്രാവിഡ്, വിരേന്ദ്ര സെവാഗ് എന്നീ ഊഹാപോഹങ്ങളൊക്കെ കേട്ടിരുന്നെങ്കിലും ടീം ഇന്ത്യയുടെ അടുത്ത പരിശീലകന്‍ ആകാന്‍ സാധ്യത ടോം മൂഡിക്കാണെന്നാണ് വിവരം. മുന്‍ ഓസ്‌ട്രേലിയന്‍ താരവും ശ്രീലങ്കയുടെ പരിശീലകനുമായിരുന്ന മൂഡി, ഇപ്പോള്‍ ഐപിഎല്ലില്‍ ഹൈദരാബാദ് സൈണ്‍റൈസേഴ്‌സിന്റെ പരിശീലകനാണ്.

പുതിയ പരിശീലകരെ തേടി ബിസിസിഐ പരസ്യം നല്‍കിയിരുന്നു. ബുധനാഴ്ചയായിരുന്നു അപേക്ഷിക്കാനുള്ള അവസാന ദിവസം. എന്നാല്‍ പ്രമുഖരായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരോ പരിശീലകരോ ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടില്ലെന്നാണു ബിസിസിഐയെ ഉദ്ധരിച്ച് വരുന്ന വിവരം. അതേസമയം ബിസിസിഐയുടെ മുന്നിലുള്ള പ്രധാനപേര് ടോം മൂഡിയുടെതാണെന്നും പറയുന്നു. ഇതാണ് ഗാരി കേസ്റ്റനുശേഷം മറ്റൊരു വിദേശതാരം ഇന്ത്യയെ പരിശീലിപ്പിക്കാന്‍ എത്തുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല. കുംബ്ലെ-കോഹ്‌ലി പോര് കൂടുതല്‍ മൂര്‍ച്ഛിക്കുന്നതായി വിവരം കിട്ടുമ്പോള്‍ പുതിയ പരിശീലകന്‍ ഉണ്ടാകാന്‍ അധികം വൈകില്ലെന്നു മാത്രമാണ് ഇപ്പോള്‍ ഉറപ്പിച്ചു പറയാവുന്ന കാര്യം.

പലപേരുകളും തങ്ങള്‍ക്കു മുന്നില്‍ വന്നിട്ടുണ്ടെന്നും ടോം മൂഡി പരിശീലകനാകാന്‍ സാധ്യതയുള്ള ഒരാളാണെന്നും ബിസിസിഐയിലെ ഒരു ഔദ്യോഗിക വ്യക്തി സൂചിപ്പിച്ചതായി ക്രിക്കറ്റ്‌നെക്സ്റ്റ് പറയുന്നു.

ഇപ്പോഴത്തെ കോച്ച് കുംബ്ലെയുടെ കാര്യത്തില്‍ ടീം അംഗങ്ങള്‍ അസന്തുഷ്ടരാണെന്നും ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മൂഡി പരിശീലകനാകാന്‍ യോഗ്യനായ ആളാണെന്നും ഐപിഎല്‍ പരിശീലകനെന്ന നിലയില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ പറയുന്നു. ക്രിക്കറ്റ് ഉപദേശക സമിതി അംഗമായ വിവിഎസ് ലക്ഷ്മണിന് മൂഡിയുമായി അടുത്ത് പ്രവര്‍ത്തിച്ചതിന്റെ അനുഭവം ഉണ്ടെന്നതും ഓസ്‌ട്രേലിയന്‍ മുന്‍ താരത്തിന് അനുകൂലമായ ഘടകമാണ്. സുപ്രിം കോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റിയായിരിക്കില്ല കോച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത്,  ക്രിക്കറ്റ് ഉപദേശകസമിതിയാണെന്നതും മൂഡിക്ക് സഹായകമായേക്കും.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ശ്രീലങ്ക, സണ്‍റൈസ് ഹൈദരാബാദ് എന്നിവയുടെ പരിശീലകന്‍ എന്ന നിലയില്‍ ഈ രംഗത്ത് മികച്ച അനുഭവ പരിചയമുള്ളയാളാണു ടോം മൂഡി. മൂഡിയുടെ കീഴിലാണ് ശ്രീലങ്ക 2007 ല്‍ ലോകകപ്പ് ഫൈനലില്‍ എത്തിയത്. 2005 ല്‍ ഗ്രെയ്ഗ് ചാപ്പല്‍ കോച്ചായി വരുന്നതിനു മുമ്പ് ആ സ്ഥാനത്തേക്ക് ടോം മൂഡിയുടെ പേര്‌ ഉയര്‍ന്നു വന്നിരുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍