UPDATES

എഡിറ്റര്‍

ടീം ട്രംപിനുള്ളില്‍ തുടക്കത്തിലേ പ്രശ്നങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

അമേരിക്കന്‍ പ്രസിഡന്‌റായി ഡൊണാള്‍ഡ് ട്രംപിനെ അവരോധിക്കാനുള്ള നടപടികളുടെ തുടക്കം കഴിഞ്ഞ ദിവസം അലങ്കോലപ്പെട്ടു. ട്രംപ് സംഘത്തിനകത്തെ പുറത്താക്കലുകളും ഉള്‍പ്പോരുകളും പ്രശ്‌നമായിട്ടുണ്ട്. ട്രംപ് പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ തന്നെ അധികാരം ഏറ്റെടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ടീം ട്രംപ് തുടങ്ങിയിട്ടുണ്ട്.

ദേശീയ സുരക്ഷാ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന മൈക്ക് റോജേഴ്‌സ്, വിദേശ ഗവണ്‍മെന്‌റുകളുമായും കോര്‍പ്പറേഷനുകളുമായും ലോബിയിംഗ് നടത്തുന്ന മാത്യു ഫ്രീഡ്മാന്‍ എന്നിവരെയാണ് ഏറ്റവുമൊടുവില്‍ സംഘത്തില്‍ നിന്ന് പുറത്താക്കിയത്. ട്രംപിന്‌റെ മരുമകനും ഉപദേശകനുമായ ജേര്‍ഡ് കഷ്‌നറാണ് പുറത്താക്കല്‍ നടപടിക്ക് പിന്നില്‍. കഴിഞ്ഞ ദിവസം ന്യൂജഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയെ ചീഫ് ഓഫ് ട്രീന്‍സിഷന്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. വൈസ് പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ട മൈക്ക് പെന്‍സിനാണ് പകരം ഈ ചുമതല. ഫെഡറല്‍ പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ ഒരു കേസില്‍ കഷ്‌നറുടെ അച്ഛനെ ക്രിസ് ക്രിസ്റ്റി ജയിലിലേയ്ക്കയച്ചിരുന്നു.

ഈജീപ്ര്റ്റ് പ്രസിഡന്‌റെ അബ്ദേല്‍ അല്‍ സിസി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തുടങ്ങിയവരെല്ലാം ട്രംപുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കാബിനറ്റ് രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നത്തുന്നവരേയും തന്നെ വിമര്‍ശിക്കുന്നവരേയും ട്രംപ് ട്വിറ്ററില്‍ രൂക്ഷമായി വിമര്‍ശിച്ചു. കാബിനറ്റ് രൂപീകരണവും മറ്റ് പദവികളും സംബന്ധിച്ച നടപടികള്‍ വളരെ കൃത്യമായി നടന്ന് വരുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. ആരൊക്കെ അവസാന പട്ടികയിലുണ്ടാവും എന്നത് സംബന്ധിച്ച് തനിക്ക് മാത്രമേ അറിയൂ എന്നും ട്രംപ് പറഞ്ഞു. നടപടികള്‍ വളരെ സാധാരണ നിലയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ന്യൂയോര്‍ക്ക് മുന്‍ മേയര്‍ റുഡോള്‍ഫ് ഡബ്ല്യു ഗില്യാനി പറഞ്ഞു. പുതിയ വിദേശകാര്യ സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഗില്യാനിയാണ്. നടപടികള്‍ക്കിടയില്‍ നേരത്തേയും പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ട്. റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടപ്പോളും ബില്‍ ക്ലിന്‌റന്‍ പ്രസിഡന്‌റായപ്പോളും ഒക്കെ ഇത് സംഭവിച്ചിരുന്നു എന്ന് ഗില്യാനി പറഞ്ഞു.

2012ല്‍ ലിബിയയിലെ ബംഗാസിയില്‍ യു.എസ് നയതന്ത്ര കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ഒബാമ ഗവണ്‍മെന്‌റിനെ ന്യായീകരിച്ചതിനാണ് മൈക്ക് റോജേഴ്‌സിന് പണി കിട്ടിയത്. ഹൗസ് ഇന്‌റലിജന്‍സ് കമ്മിറ്റി ചെയര്‍മാനായിരുന്നു മൈക്ക് റോജേഴ്‌സ്. ഒബാമ ഗവണ്‍മെന്‌റ് ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായുള്ള ആരോപണം റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിരുന്നു. നാല് അമേരിക്കക്കാര്‍ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി അന്ന് വിദേശകാര്യ സെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്‌റനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ആക്രമിച്ചിരുന്നു.

റിപ്പബ്ലിക്കനും മുന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‌റ് ഉദ്യോഗസ്ഥനുമായി ഏലിയട്ട് ഇ കോഹന്‍ ട്രംപിനെതിരെ ടീം ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അവര്‍ വെറി പിടിച്ചവരും പൊങ്ങച്ചക്കാരുമാണെന്ന് ഏലിയട്ട് കോഹന്‍ ട്വീറ്റ് ചെയ്തു. നേരത്തെ ട്രംപിനെ എതിര്‍ത്തിരുന്ന കോഹന്‍ പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിലപാട് മാറ്റിയിരുന്നു. ട്രംപിന്‌റെ ഉപദേശക സംഘത്തിന്‌റ ഭാഗമാകാന്‍ മടിയില്ലെന്ന് കോഹന്‍ പറഞ്ഞിരുന്നു. ഇത് ട്രംപ് സംഘം തള്ളിയതിനെ തുടര്‍ന്നാണ് കോഹന്‍ വീണ്ടും വിമര്‍ശനവുമായി എത്തിയത്. ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്‌റായിരിക്കെ വൈറ്റ് ഹൗസിന്‌റെ ഭാഗമായിരുന്നു ഏലിയട്ട് കോഹന്‍.

റിപ്പബ്ലിക്കന്‍ സെനറ്ററും മുന്‍ യുഎസ് പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥിയായ ജോണ്‍ മക്കെയ്‌നും ട്രംപിനെതിരെ വിമര്‍ശനവുമായി രംഗത്തുണ്ട്. വിദേശനയവുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. റഷ്യന്‍ പ്രസിഡന്‌റ് വ്‌ളാദിമിര്‍ പുടിന്‌റെ വലയില്‍ വീഴരുതെന്ന് മക്കെയ്ന്‍ മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പുടിനെ ട്രംപ് പുകഴ്ത്തിയിരുന്നു. റഷ്യയോട് മൃദു സമീപനം സ്വീകരിച്ച ഒബാമയുടെ നിലപാടാണ് ഉക്രൈനില്‍ അവര്‍ അധിനിവേശം നടത്തുന്നതിലേയ്ക്ക് നയിച്ചതെന്ന് മക്കെയ്ന്‍ അഭിപ്രായപ്പെട്ടു.

ദേശീയ സുരക്ഷാ സംഘ്‌ച്ചെ തിരഞ്ഞെടുക്കുന്നതില്‍ പ്രധാനമായും മൂന്ന് പേരെയാണ് ടീം ട്രംപ് ആശ്രയിക്കുന്നത്. നിലവില്‍ ഹൗസ് ഇന്‌റലിജന്‍സ് കമ്മിറ്റി ചെയര്‍മാനായ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെവിന്‍ ന്ൂണ്‍സ്, മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് അംഗവുമായിരുന്ന പീറ്റര്‍ ഹോക്‌സ്ട്ര, റീഗന്‍ ഗവണ്ഡമെന്‌റിന്‌റെ കാലത്ത് പെന്‌റഗണ്‍ ഉദ്യോഗസ്ഥനായിരുന്ന ഫ്രാങ്ക് ഗാഫ്‌നി എ്ന്നിവര്‍. അമേരിക്കയിലെ ഏറ്റവും വലിയ വംശവെറിയന്മാരിലും മുസ്ലീം വിരുദ്ധന്മാരിലും പെട്ടയാളായാണ് ഗാഫ്‌നി പൊതുവെ അറിയപ്പെടുന്നത്.

നിലവില്‍ ഒബാമ ഗവണ്‍മെന്‌റുമായി ഒപ്പിടേണ്ട രേഖകളില്‍ വൈസ് പ്രസിഡന്‌റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മൈക്ക് പെന്‍സ് ഒപ്പ് വച്ചിട്ടില്ല. ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ക്രിസ് ക്രിസ്റ്റി, തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ മെമ്മോറാണ്ടം ഒപ്പുവച്ചിരുന്നു എന്നാല്‍ ക്രിസ്റ്റി പുറത്തായ ശേഷം ആ ചുമതല വഹിക്കുന്ന മൈക്ക് പെന്‍സ് തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. അതായത് പുതിയ കരാര്‍ ഒപ്പു വച്ചിട്ടില്ല. നിലവിലെ ഗവണ്‍മെന്ന്‌റിന്‌റെ നടപടികളില്‍ നിയുക്ത പ്രസിഡന്‌റിന്‌റെ സംഘം ഇടപെടില്ലെന്ന ഉറപ്പാണ് കരാറായി ഒപ്പുവയ്ക്കുന്നത്. നിയുക്ത പ്രസിഡന്‌റിന്‌റെ ടീം തങ്ങളെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്‌റും പ്രതിരോധ വകുപ്പും അറിയിക്കുന്നത്. ടീം ട്രംപിന്‌റെ തുടക്കത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏതായാലും വ്യക്തമായ ധാരണയൊന്നുല്ലാതെയാണ് പോകുന്നത് എന്ന സൂചനകളാണ് വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍