UPDATES

സയന്‍സ്/ടെക്നോളജി

ഓട്ടോമേഷന്‍: ചാവുമണി മുഴങ്ങുന്ന തൊഴിലിടങ്ങളും പുത്തന്‍ പ്രതിസന്ധികളും

അതിവേഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യകള്‍ 2015 മുതല്‍ 2020 വരെയുള്ള അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ 71 ലക്ഷം തൊഴിലുകള്‍ ഇല്ലാതാക്കാന്‍ കാരണമാകുമെന്നാണ് പഠനം

വിവരസാങ്കേതിക രംഗത്തടക്കം സര്‍വ്വ മേഖലകളിലും മുന്‍പൊന്നുമില്ലാത്തവിധം തൊഴിലുകള്‍ ഇല്ലാതാവുന്നത് ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടും തന്നെ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. ഈ ഒരു സാഹചര്യത്തെ കേവലം മാനവവിഭവശേഷി വിനിയോഗത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും മാത്രം കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാത്രമല്ല മനസ്സിലാക്കേണ്ടത്. തൊഴില്‍ എന്ന സങ്കല്‍പ്പം തന്നെ കാലഹരണപ്പെടുന്ന ഒരു സാമൂഹ്യവ്യവസ്ഥയിലേക്കാണ് അതിവിദൂരമല്ലാത്ത ഭാവിയില്‍ നാമെത്താന്‍ പോകുന്നത് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

തൊഴിലുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അനുപാതം പരിശോധിച്ചാല്‍ ഭൂരിപക്ഷം ആളുകളും എന്തെങ്കിലും തരത്തിലുള്ള തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ആണ് എന്ന് കാണാന്‍ കഴിയും. എന്നാല്‍ ഈ അവസ്ഥ കീഴ്‌മേല്‍ മറിയുന്ന ഒരു സാഹചര്യം സങ്കല്പിച്ചു നോക്കൂ. അതായത് ഭൂരിപക്ഷം ആളുകള്‍ക്കും ഒരു തൊഴിലും കണ്ടെത്താനാവാതെ വരുന്ന സാഹചര്യം. അനുദിനം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ഒരു സങ്കല്‍പം തീര്‍ത്തും അസംബന്ധവും ബാലിശവുമായി തോന്നാം. എന്നാല്‍ ആഗോള തലത്തില്‍ തൊഴില്‍ മേഖലയില്‍ നടക്കുന്ന സംഭവവികാസങ്ങളെയും പുത്തന്‍ പ്രവണതകളെയും ഗൗരവമായി വീക്ഷിച്ചാല്‍ മനസ്സിലാവുന്നത് സമീപ ഭാവിയില്‍ ലോകമെമ്പാടും കോടിക്കണക്കിനായ ആളുകള്‍ ഇത്തരമൊരു യാഥാര്‍ത്ഥ്യത്തെ നേരിടാന്‍ പോകുന്നു എന്നുള്ള വസ്തുതയാണ്.

സാങ്കേതിക വിദ്യകളില്‍ വന്നിട്ടുള്ള വമ്പിച്ച മുന്നേറ്റങ്ങള്‍ ഒരു വശത്ത് മനുഷ്യവ്യവഹാരങ്ങളെ നാനാതരത്തില്‍ സുഗമമാക്കുമ്പോള്‍ മറ്റൊരു വശത്ത് ഇതേ സാങ്കേതിക വിദ്യകള്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്കും വഴി വെയ്ക്കുന്നുണ്ട്. വര്‍ത്തമാന കാലത്തെ ത്വരിതഗതിയിലുള്ള സാങ്കേതിക വികാസം എങ്ങനെയാണ് അഭൂതപൂര്‍വമായ തൊഴിലില്ലായ്മയിലേക്കും അതിരൂക്ഷമായ സാമ്പത്തിക അസമത്വത്തിലേക്കും ലോകത്തെ നയിക്കുന്നത് എന്നാണ് ഈ ലേഖനം പരിശോധിക്കാന്‍ ശ്രമിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങള്‍ യൂറോപ്പില്‍ തുടക്കമിട്ട കാര്‍ഷിക മേഖലയിലെ വിപ്ലവകരമായ സാങ്കേതിക മുന്നേറ്റങ്ങള്‍ ഈ മേഖലയില്‍ വന്‍തോതിലുള്ള തൊഴിലില്ലായ്മയ്ക്ക് കാരണമായെങ്കിലും അതോടൊപ്പം സംഭവിച്ച വ്യാവസായിക വിപ്ലവം പുത്തന്‍ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമാവുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളിലെത്തുമ്പോഴേക്കും ആഗോളവത്ക്കരണവും യന്ത്രവത്ക്കരണവും ചേര്‍ന്ന് നിര്‍മാണ മേഖലയില്‍ വന്‍ തോതില്‍ തൊഴില്‍ നഷ്ടത്തിനു വഴിവെച്ചെങ്കിലും സേവന മേഖലയില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിലുകള്‍ ഒരു പരിധി വരെ വന്‍ തോതിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയുണ്ടായി. ഇത്തരത്തില്‍ തൊഴില്‍ മേഖലയില്‍ പലവിധത്തിലുള്ള പുനര്‍വിന്യാസങ്ങളെല്ലാം നടന്നുകൊണ്ടിരിക്കുമ്പോഴും മൊത്തത്തിലുള്ള തൊഴിലുകളുടെ എണ്ണം എല്ലായ്‌പ്പോഴും കൂടിക്കൊണ്ടേ ഇരിക്കുകയായിരുന്നു എന്നു കാണാന്‍ സാധിക്കും. അതായത് സാങ്കേതിക വിദ്യകള്‍ ഒരു മേഖലയില്‍ തൊഴിലില്ലാതാക്കുമ്പോള്‍ മറ്റൊരു മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥ. എന്നാല്‍ ഈ അവസ്ഥയാണ് ഇപ്പോള്‍ മാറിത്തുടങ്ങിയിരിക്കുന്നത്.

2015-ല്‍ വേള്‍ഡ് എകണോമിക് ഫോറം, ലോകത്തെ മൊത്തം തൊഴിലാളികളുടെ ഏകദേശം 65 ശതമാനത്തോളം ഉള്‍ക്കൊള്ളുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള 15 പ്രമുഖ സമ്പദ്വ്യവസ്ഥകളിലെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ഒരു പഠനം(1) നടത്തുകയുണ്ടായി. അതിവേഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന പുത്തന്‍ സാങ്കേതിക വിദ്യകള്‍ 2015 മുതല്‍ 2020 വരെയുള്ള അഞ്ചു വര്‍ഷം കൊണ്ട് ഏകദേശം എഴുപത്തിയൊന്നു ലക്ഷം തൊഴിലുകള്‍ ഇല്ലാതാക്കാന്‍ കാരണമാകുമെന്ന് ഈ പഠനം പ്രവചിക്കുന്നു. അതേസമയം പുതുതായി ഇരുപതു ലക്ഷം തൊഴിലുകള്‍ മാത്രമായിരിക്കും സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ഇത് മനുഷ്യ ചരിത്രത്തിലെ അത്യപൂര്‍വമായ ഒരു സാഹചര്യത്തിലാണ് നമ്മെ കൊണ്ടുചെന്നെത്തിക്കാന്‍ പോകുന്നത്. ഓക്‌സ്ഫോര്‍ഡ് സര്‍വകലാശാലയും സിറ്റി ബാങ്കും ചേര്‍ന്നു 2015-ല്‍ നടത്തിയ ഒരു പഠനം(2) തെളിയിക്കുന്നത് അതിവേഗത്തിലുള്ള സാങ്കേതിക വികാസം അമേരിക്കയില്‍ മാത്രം ഏകദേശം അന്‍പതു ശതമാനത്തോളം തൊഴിലുകള്‍ ഇല്ലാതാകാന്‍ കാരണമായേക്കും എന്നാണ്. 2016-ല്‍ ഇതേ മാനദണ്ഡം ഉപയോഗിച്ച് ലോകബാങ്ക് നടത്തിയ പഠനപ്രകാരം(3) ഇന്ത്യയില്‍ നിലവിലുള്ള ഏകദേശം 70 ശതമാനം തൊഴിലുകള്‍ക്കും പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഭീഷണി ഉയര്‍ത്തുന്നു.

പരമ്പരാഗത സാങ്കേതിക വിദ്യകള്‍ക്കുമപ്പുറം വിവരസാങ്കേതിക വിദ്യകളിലും മറ്റും കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ മാത്രമുണ്ടായ മുന്നേറ്റങ്ങള്‍ റോബോടിക്‌സ്, മെഷീന്‍ ലേണിംഗ്, ത്രീഡി പ്രിന്റിംഗ് പോലുള്ള സങ്കേതങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ ഉണ്ടാക്കിയിട്ടുള്ള കുതിച്ചു ചാട്ടം സമീപ ഭാവിയില്‍ തന്നെ നമ്മുടെ തൊഴിലിടങ്ങളെ അതിശയകരമായ രീതിയിലായിരിക്കും മാറ്റിമറിക്കാന്‍ പോകുന്നത്. ഏതൊക്കെ തൊഴിലുകള്‍ അല്ലെങ്കില്‍ എത്ര തൊഴിലാളികള്‍ ഈ പുത്തന്‍ സാങ്കേതിക വിപ്ലവത്തെ അതിജീവിക്കും എന്നതിനെ അനുസരിച്ചിരിക്കും വരും കാലത്തെ ചരിത്രം അടയാളപ്പെടുത്തുക. വരുന്ന ഒരു പതിറ്റാണ്ടിനുള്ളില്‍ ചുരുക്കം ചില തൊഴിലുകള്‍ മാത്രമേ മൊത്തമായും ഇല്ലാതാവുകയുള്ളെങ്കിലും ബഹുഭൂരിപക്ഷം വരുന്ന തൊഴിലുകളിലും ഓരോരോ ജോലിയുടെയും പ്രത്യേകതകള്‍ അനുസരിച്ച് ഏറിയും കുറഞ്ഞും ഉള്ള തോതില്‍ യന്ത്രങ്ങളുടെ പ്രാധാന്യം കൂടുകയും തൊഴിലാളികളുടെ ആവശ്യം കുറയുകയുമാണു ചെയ്യാന്‍ പോകുന്നത്.

ഇപ്പോള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പുത്തന്‍ സാമ്പത്തിക സാഹചര്യങ്ങള്‍ ലോകത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നു മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പരിശോധിച്ചാല്‍ മതിയാകും. ഇന്ന് ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കമ്പനിയാണ് അപ്പിള്‍. ആപ്പിളിന്റെ മൊത്തം ഇന്നത്തെ വിപണി മൂലധന മൂല്യം 750 ബില്ല്യന്‍ ഡോളറിലധികം വരും. അതേസമയം 1960-കളില്‍ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായിരുന്നു AT&T. 1964-ല്‍ AT&T-യുടെ മൊത്തം മൂലധന മൂല്യം 250 ബില്ല്യന്‍ ഡോളര്‍ (ഇന്നത്തെ ഡോളര്‍ നിരക്കില്‍) മാത്രം ആയിരുന്നു. രണ്ടും കമ്മ്യൂണിക്കേഷന്‍ രംഗത്തുള്ള കമ്പനികള്‍ ആണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം മറ്റൊരിടത്താണ്. അന്‍പതു കൊല്ലം മുന്‍പ് AT&T-യില്‍ എട്ടു ലക്ഷം ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്തു ഇന്ന് അതിന്റെ മൂന്നിരട്ടിയിലധികം സമ്പത്ത് കുന്നു കൂട്ടുന്ന ആപ്പിളില്‍ അതിന്റെ ലോകമെമ്പാടുമുള്ള ഓഫീസുകളിലായി ജോലി ചെയ്യുന്നത് വെറും ഒരു ലക്ഷം ജീവനക്കാര്‍ മാത്രമാണ്. ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ് വെറും 17,000 ജീവനക്കാരുള്ള ഫേസ്ബുക്കിന്റെ വിപണി മൂല്യം 400 ബില്ല്യന്‍ ഡോളര്‍ ആണെന്ന വസ്തുത. അതായത് മൂലധന വികസനം തൊഴിലവസരങ്ങളായി മാറുന്നില്ല. ഒരുവശത്ത് മൂലധനം കുന്നുകൂടുമ്പോള്‍ മറുവശത്ത് ആളുകള്‍ തൊഴില്‍ കണ്ടെത്താനാവാതെ നട്ടം തിരിയുന്ന അവസ്ഥ. സമ്പദ് വ്യവസ്ഥയുടെ ഏതു മേഖല എടുത്തു പരിശോധിച്ചാലും ഈ ഒരു പ്രവണത നമുക്ക് കാണാന്‍ സാധിക്കും. ഇതാണ് വരും കാലങ്ങളില്‍ രൂക്ഷമാകാന്‍ പോകുന്നത്.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രത്യക്ഷത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു സംഭവവികാസമാണ് കാര്‍ഷിക മേഖലയിലെ വന്‍തോതിലുള്ള തൊഴില്‍ നഷ്ടവും അതിനോടനുബന്ധിച്ച് ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള തൊഴിലാളികളുടെ വന്‍തോതിലുള്ള പലായനവും. എന്നാല്‍ ഇവര്‍ ഉപേക്ഷിച്ചു പോയ കൃഷിയിടങ്ങളിലേക്ക് കണ്ണോടിച്ചാല്‍ അവിടെ തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെയൊന്നും കാണാന്‍ സാധിക്കില്ല. പിന്നെ ഏതു റോബോട്ടാണ് അവരുടെ തൊഴില്‍ കവര്‍ന്നെടുത്തത്? ഇതിനുത്തരം കണ്ടെത്താന്‍ കാര്‍ഷിക മേഖലയെക്കുറിച്ച് വിശാലമായ ഒരു ധാരണ ആവശ്യമാണ്.

ആഗോളതലത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനത്തില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ വികസിത രാജ്യങ്ങളോടൊപ്പം മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയിലെ മൊത്തം തൊഴിലാളികളില്‍ ഏതാണ്ട് 50 ശതമാനത്തിലേറെ പേരും കാര്‍ഷിക മേഖലയില്‍ പണിയെടുക്കുമ്പോള്‍ മേല്‍പ്പറഞ്ഞ വികസിത രാജ്യങ്ങളില്‍ ഇതു വെറും 3 ശതമാനം മാത്രമാണ് എന്ന വസ്തുത(4) ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട ഒന്നാണ്. ഇതോടൊപ്പം, ഒട്ടും ജനാധിപത്യപരമല്ലാത്ത രീതികളില്‍ അടച്ചിട്ട മുറികളില്‍ ഒപ്പുവയ്ക്കപ്പെടുന്ന സ്വതന്ത്ര വ്യാപാര കരാറുകളും ചേരുമ്പോള്‍ ഇന്ത്യയിലെ കോടിക്കണക്കിനായ കര്‍ഷകത്തൊഴിലാളികള്‍ അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും വ്യാവസായിക ഭീമന്മാരും അവരുടെ അത്യാധുനിക യന്ത്രങ്ങളുമായി മത്സരിക്കേണ്ടി വരുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഭക്ഷ്യ ധാന്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമായിരിക്കെത്തന്നെ ഇക്കഴിഞ്ഞ വര്‍ഷം കേരളത്തില്‍ വിറ്റഴിഞ്ഞ ഗോതമ്പിന്റെ നല്ലൊരു പങ്കും ഓസ്‌ട്രേലിയയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെട്ടതാണ് എന്നത് ഒരു വസ്തുതയാണ്(5). അതുപോലെ കേരളത്തിലെ കേര കര്‍ഷകര്‍ മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള പാംഓയില്‍ ഭീമന്മാരുമായി മത്സരിച്ച് ഏതാണ്ട് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ട സംഗതിയാണ്.

താരതമ്യേന മികച്ച ശമ്പളവും സ്ഥിരതയുമുള്ള തൊഴിലുകള്‍ കൊണ്ട് ലോകമെമ്പാടുമുള്ള തൊഴിലാളികളെ എല്ലാ കാലത്തും ആകര്‍ഷിച്ചുകൊണ്ടിരുന്ന നിര്‍മാണ മേഖലയിലാണ് സാങ്കേതിക വിദ്യകളും യന്ത്രവല്‍ക്കരണവും കൊണ്ട് ഏറ്റവുമധികം തൊഴിലുകള്‍ നഷ്ടമായിട്ടുള്ളത്. ലോകത്തെ വ്യാവസായിക രാഷ്ട്രങ്ങളില്‍ മുന്‍പന്തിയിലുള്ള അമേരിക്കയില്‍ മാത്രം കഴിഞ്ഞ മുപ്പതു വര്‍ഷം കൊണ്ട് ഈ മേഖലയിലെ മൂന്നിലൊന്നു തൊഴിലുകളും അപ്രത്യക്ഷമായ സാഹചര്യമാണുള്ളത്(6). നിര്‍മാണ മേഖലയിലെ തൊഴിലുകള്‍ കൂട്ടത്തോടെ, ചിലവു കുറയ്ക്കലിന്റെ ഭാഗമായി മൂന്നാം ലോക രാജ്യങ്ങളിലേക്ക് മാറ്റപ്പെടുന്ന സാഹചര്യം ഉള്ളപ്പോള്‍ തന്നെ മേല്‍പ്പറഞ്ഞ തൊഴില്‍ നഷ്ടത്തിന്റെ പ്രധാന കാരണം പുത്തന്‍ സാങ്കേതിക വിദ്യകളാണ് എന്നതാണ് വസ്തുത. ഉദാഹരണത്തിന് അമേരിക്കന്‍ ഉരുക്കു വ്യവസായത്തിന്റെ കാര്യമെടുക്കുക. പ്രശസ്തമായ പ്രിന്‍സ്ടണ്‍ സര്‍വകലാശാല നടത്തിയ ഒരു പഠനപ്രകാരം 1962 മുതല്‍ 2005 വരെയുള്ള നാലു ദശാബ്ദങ്ങള്‍ കൊണ്ട് ഈ മേഖലയില്‍ നാലു ലക്ഷം തൊഴിലുകളാണ് ഇല്ലാതായത്.

വിരോധാഭാസം എന്നു തോന്നിയേക്കാവുന്ന ഒരു കാര്യം തൊഴിലാളികളുടെ എണ്ണത്തില്‍ 80 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ഉത്പാദനത്തില്‍ കാര്യമായ കുറവുണ്ടായില്ല എന്ന് മാത്രമല്ല ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ 30 ശതമാനം വര്‍ധനവുണ്ടാവുകയും ചെയ്തു(7) എന്നതാണ്. ഇത്തരത്തില്‍ വന്‍തോതില്‍ തൊഴിലുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണ് വാഹന നിര്‍മാണ വ്യവസായം. ഒരു വെല്‍ഡിംഗ് തൊഴിലാളിയുടെ മൂന്നിലൊന്നു ചിലവില്‍ അതേ തൊഴില്‍ ചെയ്യുന്ന റോബോട്ടുകളാണ് ലോകമെമ്പാടുമുള്ള വാഹന നിര്‍മാണശാലകളില്‍ വിന്യസിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഈ ചിലവു വീണ്ടും കുത്തനെ താഴും എന്നതില്‍ സംശയമില്ല. ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ ഒട്ടനവധി കമ്പനികള്‍ക്കു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണ്‍ എന്ന ചൈനീസ് കമ്പനി 13 ലക്ഷം തൊഴിലാളികളുമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നാണ്. ഇക്കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌കോണ്‍ ഷാങ്ങ്ഹായിലുള്ള തങ്ങളുടെ ഒരു ഫാക്ടറിയില്‍നിന്നു മാത്രം, പുത്തന്‍ യന്ത്രങ്ങള്‍ വിന്യസിക്കുക വഴി 60,000 തൊഴിലാളികളെയാണ് ഒറ്റയടിക്കു പിരിച്ചു വിട്ടത്. യന്ത്രവത്ക്കരണം അതിന്റെ പൂര്‍ണതോതിലെത്തുമ്പോള്‍ വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ മാത്രം പണിയെടുക്കുന്ന ഫാക്ടറികള്‍ ആണ് കമ്പനി ലക്ഷ്യമിടുന്നത്(8).

ഇന്ത്യയിലെ മൊത്തം തൊഴിലാളികളില്‍ ഏകദേശം പത്തു ശതമാനത്തോളം പ്രത്യക്ഷമായും പരോക്ഷമായും ഗതാഗത മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുമ്പോള്‍ ഈ മേഖലയില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളെപ്പറ്റി പരിശോധിക്കുന്നത് ഉചിതമായിരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവായ (പതിനാലു ലക്ഷം തൊഴിലാളികള്‍) റെയില്‍വേയ്‌സില്‍ തന്നെയായിരിക്കും സമീപഭാവിയില്‍ ഏറ്റവും വലിയ തൊഴില്‍ നഷ്ടം ഉണ്ടാകാന്‍ പോകുന്നത്. ഇപ്പോള്‍ നിലവിലുള്ള സാങ്കേതികവിദ്യകള്‍ കൊണ്ടു തന്നെ ഇന്ത്യന്‍ റെയില്‍ശൃംഖലയെ സ്വയം നിയന്ത്രിതമായ ഒരു സംവിധാനത്തിലേയ്ക്കു അനായാസം മാറ്റാന്‍ കഴിയും എന്നത് ഒരു വസ്തുതയാണ്. ഡല്‍ഹിയും കൊച്ചിയും ഉള്‍പ്പടെയുള്ള മെട്രോ റെയില്‍ സംവിധാനങ്ങളില്‍ ഇപ്പോള്‍ തന്നെ ഇത്തരം സാങ്കേതിക വിദ്യകള്‍ വിന്യസിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയിലുള്‍പ്പടെ ലോകമെമ്പാടും തന്നെ അധികം വിദ്യാഭ്യാസമൊന്നും ഇല്ലാത്തവര്‍ക്കും എളുപ്പം ലഭ്യമായതും എന്നാല്‍ മാന്യമായ വരുമാനം ഉള്ളതുമായ ഒരു തൊഴിലാണ് വാണിജ്യ വാഹനങ്ങള്‍ ഓടിക്കുക എന്നത്. ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളുടെ കാര്യത്തില്‍ ഈ അടുത്ത കാലത്തു മാത്രമുണ്ടായ സാങ്കേതിക മുന്നേറ്റങ്ങള്‍ വാണിജ്യ ഗതാഗത മേഖലയില്‍ വന്‍തോതിലുള്ള തൊഴില്‍ നഷ്ടത്തിനാണ് വഴിവയ്ക്കാന്‍ പോവുന്നത്.

ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഊബറിന്റെ അനുബന്ധ സ്ഥാപനമായ ഒട്ടോ ഇക്കഴിഞ്ഞ ഒക്ടോബറില്‍ തങ്ങളുടെ ഡ്രൈവറില്ലാ ട്രക്ക് ഉപയോഗിച്ച് ബഡ്വൈസര്‍ ബിയറിന്റെ ഒരു ലോഡ് 120 മൈല്‍ ദൂരെയുള്ള വെയര്‍ഹൌസില്‍ എത്തിക്കുകയുണ്ടായി(9). ഗൂഗിള്‍, ടെസ് ല തുടങ്ങിയ പുതുതലമുറ കമ്പനികള്‍ മുതല്‍ വോള്‍വോ, ഡയ്‌മ്ലെര്‍, സ്‌കാനിയ തുടങ്ങിയ ട്രക്ക് നിര്‍മാതാക്കള്‍ വരെ വന്‍തോതിലുള്ള മുതല്‍മുടക്കാണ് ഈ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ട് പ്രവചിക്കുന്നത് ഡ്രൈവറില്ലാ ട്രക്കുകളുടെ കടന്നു വരവോടുകൂടി ചരക്കുഗതാഗത മേഖലയില്‍ അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 17,000 കോടി ഡോളറിന്റെ ലാഭം ഉണ്ടാവുമെന്നാണ്. ഇതില്‍ 7000 കോടിയും ഡ്രൈവര്‍മാരുടെ ആവശ്യം ഇല്ലാതാവുന്നതിലൂടെ ആയിരിക്കും(10).

ഖനികള്‍, തുറമുഖങ്ങള്‍, വന്‍കിട തോട്ടങ്ങള്‍ തുടങ്ങി ഹൈവേകളില്‍നിന്നു വ്യത്യസ്തമായി പ്രവചനാതീതമായ സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന സങ്കീര്‍ണതകള്‍ താരതമ്യേന കുറഞ്ഞ മേഖലകളില്‍ ഇപ്പോള്‍ തന്നെ സ്വയം നിയന്ത്രിത വാഹനങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പകരം ക്യാമറകള്‍, സെന്‍സറുകള്‍, റഡാറുകള്‍, ലേസര്‍ സങ്കേതങ്ങള്‍, ഉപഗ്രഹ ചിത്രങ്ങള്‍ എന്നിവയുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഇത്തരം വാഹനവ്യൂഹങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ നമ്മുടെ ഹൈവേകളിലേക്ക് എത്തുന്നത് തൊഴില്‍ മേഖലയില്‍ വന്‍തോതിലുള്ള പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവയ്ക്കാന്‍ പോകുന്നത്.

1990-കളില്‍ സാമ്പത്തിക ഉദാരീകരണ നയങ്ങള്‍ ഇന്ത്യയിലെ സേവന മേഖലയില്‍ വന്‍തോതിലുള്ള കുതിച്ചു ചാട്ടത്തിനു വഴിവെയ്ക്കുകയുണ്ടായി. ഇപ്പോള്‍ ഇന്ത്യയില്‍ ഏകദേശം 25 ശതമാനത്തിലധികം തൊഴിലാളികളാണു ഈ രംഗത്ത് പണിയെടുക്കുന്നത്. വിവരസാങ്കേതിക വ്യവസായം, ബാങ്കിംഗ്-ധനകാര്യം, എഞ്ചിനീയറിംഗ് എന്നിവയെല്ലാമടങ്ങുന്ന ഈ മേഖലയെത്തന്നെ ആയിരിക്കും പുത്തന്‍ ഒട്ടോമേഷന്‍ സങ്കേതങ്ങള്‍ പ്രത്യക്ഷത്തില്‍ ഏറ്റവുമധികം ബാധിക്കാന്‍ പോകുന്നത്. ഒട്ടോമേറ്റഡ് ടെല്ലര്‍ മെഷീന്‍ (ATM), ചെക്ക് ഡിപ്പോസിറ്റ് മെഷീന്‍, കാഷ് ഡിപ്പോസിറ്റ് മെഷീന്‍, ഓണ്‍ലൈന്‍/മൊബൈല്‍ ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയെല്ലാം ചേര്‍ന്ന്, കാലങ്ങളായി ബാങ്കുകളില്‍ നിലവിലുണ്ടായിരുന്ന പല ജോലികളും കാലഹരണപ്പെടുന്നതിനു കാരണമായിട്ടുണ്ട്. വികസിത രാജ്യങ്ങളില്‍ ബാങ്ക് ജീവനക്കാര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യം ഇന്ത്യയിലും ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. വിവര സാങ്കേതിക മേഖലയില്‍ ഈ അടുത്ത കാലത്ത് നടന്നുകൊണ്ടിരിക്കുന്ന വന്‍തോതിലുള്ള പിരിച്ചുവിടലിനെയും മറ്റും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്, ജോലികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവിനോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ് അവശേഷിക്കുന്ന തൊഴിലുകളുടെ സ്വഭാവത്തില്‍ ഉണ്ടാവാന്‍ പോകുന്ന മാറ്റങ്ങള്‍. മറ്റു മേഖലകളിലെപ്പോലെ സേവന മേഖലയിലും സ്ഥിരം ജോലി എന്ന ആശയം തന്നെ കാലഹരണപ്പെട്ടിരിക്കുന്നു. വളരെക്കുറച്ചു സ്ഥിരം ജീവനക്കാരെ മാത്രം നിലനിര്‍ത്തി ബഹുഭൂരിപക്ഷം വരുന്ന ജീവനക്കാരെയും താത്കാലിക/കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന പ്രവണതയിലേക്ക് ഒട്ടു മിക്ക സ്ഥാപനങ്ങളും മാറിക്കഴിഞ്ഞിട്ടുണ്ട്.

അന്‍പതു കോടി തൊഴിലാളികള്‍ ഉള്‍പെടുന്ന ഇന്ത്യയിലെ മൊത്തം തൊഴില്‍ ശക്തിയുടെ വെറും 6 ശതമാനം മാത്രമാണ് സംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍. അതായത് ഏകദേശം മൂന്നു കോടി തൊഴിലാളികള്‍. ഇതില്‍ തന്നെ രണ്ടു കോടി തൊഴിലാളികള്‍ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നു(11). സമീപഭാവിയില്‍ ഈ മേഖലയില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് മനസ്സിലാക്കാന്‍ ഒരൊറ്റ ഉദാഹരണം പരിശോധിച്ചാല്‍ മതിയാവും. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും ഓരോ തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനും അവരുടെ നാനാവിധത്തിലുള്ള ക്രയവിക്രയങ്ങള്‍ നിരീക്ഷിക്കുവാനും രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് UIDAI (യുണീക്ക് ഐഡെന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ). ഇതുവരെ 110 കോടി ജനങ്ങളുടെ വിവരങ്ങള്‍ സമാഹരിക്കാന്‍ കഴിഞ്ഞ ഈ സ്ഥാപനത്തില്‍ ഇന്ത്യയിലാകമാനം വെറും 2000 പേര്‍ (12) മാത്രമാണ് ജോലി ചെയ്യുന്നത്. ബഹുഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ഉദ്യോഗങ്ങളും വിവര സമാഹരണം/വിശകലനം എന്നിവയെ ബന്ധപ്പെട്ടാണ് എന്നിരിക്കെ സാങ്കേതിക വിദ്യകളുടെ കടന്നു വരവോടെ ഈ ജോലികളെല്ലാം തന്നെ അപ്രത്യക്ഷമാവും എന്നതില്‍ സംശയമില്ല.

ലോകത്തെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ദാതാവ് ഇന്ത്യന്‍ സായുധ സേനകളാണ്(13). ആളില്ലാ വിമാനങ്ങള്‍ അഥവാ ഡ്രോണുകള്‍, നൈറ്റ് വിഷന്‍ ക്യാമറകള്‍, ഉപഗ്രഹ ചിത്രങ്ങള്‍, തെര്‍മല്‍ ഇമേജിംഗ് സങ്കേതങ്ങള്‍, അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് ഇപ്പോള്‍ തന്നെ സംഘര്‍ഷഭരിതമായ രാജ്യാതിര്‍ത്തികളിലും പോര്‍വിമാനങ്ങളിലും പടക്കപ്പലുകളിലും എല്ലാം സൈനികരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറക്കുക എന്ന നയത്തിലേക്ക് ലോകമെമ്പാടുമുള്ള സായുധ സേനകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അഫ്ഗാന്‍ -പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശങ്ങളിലും യെമനിലും മറ്റും സായുധ ഡ്രോണുകള്‍ ഉപയോഗിച്ച് അമേരിക്കന്‍ സേന നടത്തുന്ന വ്യോമാക്രമണങ്ങളെ ഈ നയത്തിന്റെ ഭാഗമായി വേണം മനസ്സിലാക്കാന്‍. പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും ഉള്‍പ്പെടുന്ന അഭ്യന്തര സുരക്ഷാ മേഖലയിലും സാങ്കേതിക വിദ്യകള്‍ തൊഴിലുകളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നുണ്ട്. സിസി ടിവി, ഫേഷ്യല്‍ റെകഗ്‌നിഷന്‍ ക്യാമറകള്‍, സ്പീഡ് റഡാറുകള്‍, റേഡിയോ ഫ്രീക്വെന്‍സി ടാഗുകള്‍, ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും വഴി ജനങ്ങളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങള്‍, വ്യാപകമായ വിവരശേഖരണ/വിശകലന സംവിധാനങ്ങള്‍ എന്നിവയെല്ലാം ലോകമെമ്പാടുമുള്ള അഭ്യന്തര സുരക്ഷാ സേനകളില്‍ പുത്തന്‍ നിയമനങ്ങള്‍ വന്‍തോതില്‍ കുറയ്ക്കാന്‍ സഹായിക്കും എന്നതില്‍ സംശയമില്ല.

സാങ്കേതിക വിദ്യ എങ്ങനെ മനുഷ്യര്‍ തമ്മില്‍ത്തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള പരസ്പര ബന്ധങ്ങളെ നിര്‍വചിക്കുന്നു എന്നു മനസ്സിലാക്കാന്‍ മനുഷ്യ സംസ്‌കാരത്തിന്റെ പിറവി മുതല്‍ ഇന്നുവരെയുള്ള ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതിയാവും. അഞ്ചോ ആറോ ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പെന്നോ ആദിമ മനുഷ്യര്‍ തീയെ മെരുക്കിയെടുത്തതുമുതല്‍ ഭാഷ, വാണിജ്യം, കൃഷി, ജലഗതാഗതം, ചക്രം, പണം, ഇരുമ്പ്, കടലാസ്സ്, അച്ചടി, വൈദ്യുതി, ആവിയന്ത്രം, പെട്രോളിയം, ടെലിഗ്രാഫ്, ടെലിഫോണ്‍, റേഡിയോ, ആന്റി-ബയോട്ടിക്കുകള്‍, വിമാനം, ടെലിവിഷന്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത കണ്ടുപിടുത്തങ്ങള്‍ കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും ജനിതക സാങ്കേതിക വിദ്യകളിലും നാനോ ടെക്‌നോളജിയിലും വരെ എത്തി നില്‍ക്കുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ മേല്‍പ്പറഞ്ഞ സാങ്കേതിക വിദ്യകളുടെ പരിണാമത്തിന്റെ കഥയും മനുഷ്യ പരിണാമത്തിന്റെ കഥയും ഒന്നു തന്നെയാണ്. ഇത്തരത്തില്‍ സാങ്കേതിക വികാസം ഒരു വശത്ത് മനുഷ്യ ജീവിതം സുഗമമാക്കുമ്പോള്‍ മറുവശത്ത് അതിരൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കും കാരണമാകാറുണ്ട്. ഈ സംഘര്‍ഷങ്ങള്‍ക്ക് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ പല കാരണങ്ങളും ഉണ്ടാവാമെങ്കിലും ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ തന്നെയാണ് എല്ലാക്കാലത്തും മനുഷ്യ ചരിത്രത്തിന്റെ ദശാസന്ധികളെ നിര്‍ണയിച്ചു പോന്നിട്ടുള്ളത്. അത്തരത്തിലുള്ളതും എന്നാല്‍ സവിശേഷവുമായ ഒരു ദശാസന്ധിയിലൂടെയാണ് നാമിപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തില്‍ സാങ്കേതിക വിദ്യകള്‍ മൂലധനത്തിന്റെ ലാഭക്ഷമതയിലും ഉത്പാദനക്ഷമതയിലും ഉണ്ടാക്കുന്ന വന്‍കുതിച്ചുചാട്ടവും തൊഴിലുകളിലുണ്ടാവുന്ന വെട്ടിക്കുറയ്ക്കലുകളും ചേര്‍ന്ന് വന്‍തോതിലുള്ള സാമ്പത്തിക അസമത്വത്തിലേയ്ക്കാണ് ലോകത്തെ നയിക്കാന്‍ പോകുന്നത്. ഈയൊരു സാഹചര്യം സൃഷ്ടിക്കാന്‍ പോകുന്ന സംഘര്‍ഷങ്ങളെ നേരിടാന്‍ പലവിധത്തിലുള്ള നിര്‍ദേശങ്ങളും മുന്നോട്ടു വയ്ക്കപ്പെടുന്നുണ്ട്. അത്തരത്തിലൊന്നാണ് തൊഴിലാളികളുടെ തലയെണ്ണി ആദായ നികുതി പിരിക്കുന്നതുപോലെ തൊഴിലാളികള്‍ക്ക് പകരം വരുന്ന യന്ത്രങ്ങള്‍ക്ക് നികുതി ചുമത്തുക എന്നത്. ഇക്കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഇത്തരം ഒരു പ്രമേയം അവതരിപ്പിക്കപ്പെട്ടെങ്കിലും(14) റോബോട്ടുകള്‍ക്ക് നികുതി ചുമത്താനുള്ള നിര്‍ദേശം തള്ളപ്പെടുകയാണുണ്ടായത്. മറ്റൊരു നിര്‍ദേശമാണ് നിബന്ധനകളൊന്നുമില്ലാതെ എല്ലാവര്‍ക്കും ഒരു അടിസ്ഥാന വരുമാനം സര്‍ക്കാര്‍ ചിലവില്‍ ഉറപ്പു വരുത്തുന്ന ഒരു സംവിധാനം. യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം (Universal Basic Income) എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതി പല രാജ്യങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ത്തന്നെ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.

ഇത്തരം ഒരു പദ്ധതി പ്രകാരം ഫിന്‍ലാന്‍ഡില്‍ തൊഴില്‍രഹിതരായ 2000 പേരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പ്രതിമാസം 40,000 രൂപ (560 യൂറോ) വീതം രണ്ടു വര്‍ഷത്തേയ്ക്ക് ഫിന്നിഷ് സര്‍ക്കാര്‍ നിക്ഷേപിക്കും(15). മറ്റു തൊഴിലില്ലായ്മ വേതന പദ്ധതികളെ അപേക്ഷിച്ച് ഇതിന്റെ ഒരു സവിശേഷത ഇതിന്റെ ഗുണഭോക്താവ് ഒരു തൊഴില്‍ കണ്ടെത്തിയാലും ഇല്ലെങ്കിലും ഈ വരുമാനം നിലയ്ക്കുന്നില്ല എന്നതാണ്. ഇത്തരം പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ആവശ്യമായ പുരോഗമനപരമായ നികുതി പരിഷ്‌കാരങ്ങള്‍ എത്രകണ്ട് ഭരണകൂടങ്ങള്‍ക്ക് നടപ്പിലാക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെയെല്ലാം വിജയം. എന്തൊക്കെയായാലും തൊഴില്‍ മേഖലയിലെ പുത്തന്‍ പ്രവണതകളെല്ലാം ചേര്‍ന്നു സമീപഭാവിയില്‍ ആഗോളതലത്തില്‍ വന്‍തോതിലുള്ള സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും എന്നതില്‍ സംശയമില്ല.

അവലംബം

1http://www3.weforum.org/docs/WEF_Future_of_Jobs.pdf

2. http://www.oxfordmartin.ox.ac.uk/downloads/reports/Citi_GPS_Technology_Work_2.pdf

3. http://documents.worldbank.org/curated/en/896971468194972881/pdf/102725-PUB-Replacement-PUBLIC.pdf

4. http://data.worldbank.org/indicator/SL.AGR.EMPL.ZS

5. http://www.thehindubusinessline.com/economy/agri-business/millers-to-import-825-lakh-tonnes-of-wheat-this-year/article9072294.ece

6. https://www.brookings.edu/wp-content/uploads/2016/07/MM-and-SK-on-Voter-Anger-Manufacturing-Employment-Decline1-1.jpg

7. http://www.princeton.edu/~jdeloeck/CWDL_AER.pdf

8. http://www.scmp.com/news/china/economy/article/1949918/rise-robots-60000-workers-culled-just-one-factory-chinas

9. https://youtu.be/Qb0Kzb3haK8

10. http://orfe.princeton.edu/~alaink/SmartDrivingCars/PDFs/Nov2013MORGAN-STANLEY-BLUE-PAPER-AUTONOMOUS-CARS%EF%BC%9A-SELF-DRIVING-THE-NEW-AUTO-INDUSTRY-PARADIGM.pdf

11. http://indiabudget.nic.in/es2010-11/estat1.pdf

12 http://uidai.attendance.gov.in/

13 https://www.weforum.org/agenda/2015/06/worlds-10-biggest-employers/

14 http://www.europarl.europa.eu/sides/getDoc.do?pubRef=-//EP//NONSGML%2BCOMPARL%2BPE-582.443%2B01%2BDOC%2BPDF%2BV0//EN

15 https://www.forbes.com/sites/timworstall/2017/01/02/finlands-basic-income-experiment-starts-really-its-testing-the-laffer-curve-for-poor-people/#fa566665f70a

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

ബിബിന്‍ മാനുവല്‍

ബിബിന്‍ മാനുവല്‍

ന്യൂഡല്‍ഹിയില്‍ സിവില്‍ എഞ്ചിനീയര്‍, എഴുതാറുമുണ്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍