UPDATES

സയന്‍സ്/ടെക്നോളജി

നേപ്പാള്‍ ഭൂകമ്പം; മുറിഞ്ഞു പോയ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ കൂട്ടിയോജിപ്പിച്ചവര്‍

Avatar

ബ്രയാന്‍ ഫങ്
(വാഷിങ്ടണ്‍ പോസ്റ്റ്)

ഉച്ചയ്ക്കുമുന്‍പാണ് അതുണ്ടായത്. നേപ്പാളിലെ അതിശക്തമായ ഭൂകമ്പം. മഞ്ഞുനിറഞ്ഞ ഹിമാലയപാളികളില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു. ആയിരക്കണക്കിനാളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടിവന്നു. ഒരുവര്‍ഷം മുന്‍പ്  ഏപ്രില്‍ ഒടുവില്‍ നടന്ന ആ സംഭവത്തില്‍ ഒന്‍പതിനായിരം പേരാണു മരിച്ചത്. രണ്ടിരട്ടിയോളം പേര്‍ക്കു പരുക്കേറ്റു.

അലക്‌സാണ്ടര്‍ തോമസ് നാലാംതവണ സേവനത്തിനു നിയോഗിക്കപ്പെട്ടത് ഇവിടെ ഭൂകമ്പമുണ്ടായപ്പോഴാണ്. രണ്ടു ദിവസത്തെ ശ്രമം കൊണ്ടാണ് ദുരന്തഭൂമിയിലെത്താന്‍ തോമസിനായത്. ഭൂകമ്പ പ്രദേശത്തെ എത്തിച്ചേരാന്‍ ഏറ്റവും പ്രയാസമുള്ള സ്ഥലങ്ങളിലൊന്നാക്കി മാറ്റിക്കഴിഞ്ഞിരുന്നു. ഭൂകമ്പബാധിത പ്രദേശത്തുനിന്ന് അഞ്ചര മണിക്കൂര്‍ മാത്രം ദൂരെയുള്ള കാഠ്മണ്ഡു വിമാനത്താവളം മിലിട്ടറി വിമാനങ്ങള്‍ക്കു വേണ്ടി മാത്രമാണു പ്രവര്‍ത്തിച്ചിരുന്നത്.

എത്തിച്ചേര്‍ന്നപ്പോഴാകട്ടെ ‘വന്‍ രാജ്യാന്തര സഹായം’ അവിടെ പരീക്ഷഘട്ടത്തിലാണെന്നു തോമസ് കണ്ടു. ഓസ്ട്രിയ, ചൈന, തുര്‍ക്കി, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്നു. എന്നാല്‍ എവിടെ രക്ഷാപ്രവര്‍ത്തനം നടത്തണമെന്നതിനെപ്പറ്റി വ്യക്തമായ രൂപരേഖയുണ്ടായിരുന്നില്ല. ഒരു സംഘം പോകുന്ന അതേ സ്ഥലത്ത് മറ്റുള്ള സംഘങ്ങളും എത്തിച്ചേരുമെന്ന അവസ്ഥ. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ആളുകള്‍ ശ്വാസത്തിനായി പിടയുമ്പോള്‍ ഈ സംഘാടനമില്ലായ്മ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

‘ഞാന്‍ ആദ്യമായാണ് ഭൂകമ്പബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്,’ തോമസ് പറഞ്ഞു. ‘ വിവരങ്ങള്‍ ലഭ്യമല്ല എന്നത് വന്‍ പ്രതിസന്ധിയുണ്ടാക്കി. വളരെയധികം സമയം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കി.’

ശരിയായ വാര്‍ത്താവിനിമയ മാര്‍ഗങ്ങളില്ലാത്ത ദുരന്തഭൂമികളില്‍ ആശയക്കുഴപ്പവും കനത്ത വില നല്‍കേണ്ടിവരുന്ന തെറ്റുകളും രംഗം കയ്യടക്കുന്നു. ആ വാര്‍ത്താവിനിമയ വിടവുകള്‍ നികത്തുകയാണ് തോമസിനെപ്പോലുള്ളവരുടെ ജോലി. രാജ്യാന്തര ദ്രുതകര്‍മസേനയായ സാന്‍സ് ഫ്രണ്ടിയേഴ്‌സിലെ പ്രവര്‍ത്തകരായ തോമസും സഹപ്രവര്‍ത്തകരും ദുരന്തഭൂമികളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അടിയന്തര സാറ്റലൈറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്നു.

കടുത്ത വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ വാര്‍ത്താവിനിമയ ബന്ധം സാദ്ധ്യമാക്കുന്ന ഏതാനും ചില നോണ്‍ പ്രോഫിറ്റ് സംഘടനകളില്‍ ഒന്നാണ് ടിഎസ്എഫ്. മുന്‍ ഐടി എന്‍ജിനീയര്‍മാര്‍, അഗ്നിശമനസേന വോളന്റിയര്‍മാര്‍, വിമുക്തഭടന്മാര്‍, ടെലികോം അഭിഭാഷകര്‍ തുടങ്ങിയവരാണ് ഇതിലുള്ളത്. അവര്‍ ഒരിക്കലും വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ സാദ്ധ്യമാക്കുന്നത്. വൈദ്യസഹായം എത്തിക്കാന്‍ സഹായിക്കുന്നത്, ഭക്ഷണം എത്തിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തിയേക്കാവുന്ന അവ്യക്ത വാര്‍ത്താവിനിമയത്തിനു തടയിടാന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കാകുന്നു.

സിയേറ ലിയോണിയിലും ഫിലിപ്പീന്‍സിലും റെഡ് ക്രോസ് വാര്‍ത്താവിനിമയ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്. നെറ്റ് വര്‍ക്കിങ് കമ്പനിയായ സിസ്‌കോയ്ക്ക് ടാക്ഓപ്‌സ് എന്ന പേരില്‍ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വിഭാഗമുണ്ട്. യുഎസ് പട്ടാളത്തിന്റെ പുറത്തുനിന്നുള്ള പിന്തുണവിഭാഗമായി ആരംഭിച്ച ഇത് സാന്‍ഡി ചുഴലിക്കാറ്റിന്റെയും കൊളറാഡോ കാട്ടുതീയുടെയും സമയത്ത് സഹായത്തിനെത്തിയിരുന്നു. എറിക്‌സന്റെ അടിയന്തര വാര്‍ത്താവിനിമയ ടീം വര്‍ഷത്തില്‍ ഒരു പ്രതിസന്ധിയിലെങ്കിലും സഹായവുമായെത്താറുണ്ട്. 17 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ടിഎസ്എഫ് അനേകം പ്രതിസന്ധിഘട്ടങ്ങളില്‍ സഹായമെത്തിച്ചുകഴിഞ്ഞു. അള്‍ജീരിയയിലെ ഭൂകമ്പം, ബൊളീവിയയിലെ വെള്ളപ്പൊക്കം, അള്‍ജീരിയയിലും പാക്കിസ്ഥാനിലും സായുധ കലാപം എന്നിവയൊക്കെ ഇതില്‍പ്പെടും.

ഏതു സംഘടനയാണ് ആദ്യം അടിയന്തര വാര്‍ത്താവിനിമയ സേവനങ്ങള്‍ തുടങ്ങിയതെന്നു പറയുക വിഷമമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അത് അറിയില്ല. ഈ സംരംഭത്തിനു തുടക്കമിടാന്‍ പ്രേരകമായ ഏതെങ്കിലുമൊരു ദുരന്തവും അവര്‍ക്ക് ഓര്‍മയില്ല. എന്നാല്‍ സാങ്കേതികവിദ്യയിലെ മുന്നേറ്റം ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങളില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നുവെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ജീവന്‍രക്ഷാ സാമഗ്രികള്‍, വൈദ്യസഹായം, മറ്റ് സാധനങ്ങളും സേവനങ്ങളും എന്നിവ എങ്ങനെ എത്തിക്കുന്നു എന്നതിനു വേഗവും ഫലപ്രാപ്തിയും കൂട്ടിയത് വാര്‍ത്താവിനിമയ നേട്ടങ്ങളാണ്.

കഴിഞ്ഞ ദശകത്തിലാണ് മനുഷ്യാവകാശ സംഘടനകള്‍ സാറ്റലൈറ്റ് സാങ്കേതികവിദ്യയെ ഗൗരവമായി കണ്ടുതുടങ്ങിയത്. ആദ്യകാലങ്ങളില്‍ വളരെ വലിപ്പമുള്ള ആന്റിനകളും മറ്റ് ഉപകരണങ്ങളും ദുരിതസ്ഥലങ്ങളിലെത്തിക്കാന്‍ തന്നെ വലിയ അദ്ധ്വാനം വേണ്ടിവന്നിരുന്നു. പിന്നീട് സാങ്കേതികവിദ്യയുടെ ചെലവും വലിപ്പവും കുറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടാനും ഓരോ സാഹചര്യത്തിനുമനുസരിച്ച് സഹായമെത്തിക്കാനുള്ള പുതുവിദ്യകള്‍ കണ്ടെത്താനുമായി.

ഇന്ന് ഒരു പ്രതിസന്ധിയുടെ ആദ്യഘട്ടത്തില്‍ത്തന്നെ ലോകത്തിന്റെ ഏതുഭാഗത്തും അടിയന്തര വാര്‍ത്താവിനിമയ സാങ്കേതിക വിദഗ്ധരെ വിന്യസിക്കാനാകും. ലാപ്‌ടോപ്പിന്റെ വലിപ്പമുള്ള സാറ്റലൈറ്റ് ആന്റിന മാത്രമാണ് ഇതിനാവശ്യം. അത് ശബ്ദവും ഇന്റര്‍നെറ്റ് ഹോട്ട്‌സ്‌പോട്ടുമാകും. 500 കിലോബൈറ്റ് ഡൗണ്‍ലോഡ് സ്പീഡും ഇതിനുണ്ട്.

നെറ്റ്ഫ്‌ളിക്‌സിനുവേണ്ടി ഡിസൈന്‍ ചെയ്തിട്ടുള്ളവയല്ല ഈ ടെര്‍മിനലുകള്‍. ദിനംപ്രതി അവയുടെ പ്രവര്‍ത്തനച്ചെലവ് നൂറുകണക്കിനു ഡോളറാണ്. യുഎസില്‍ വീടുകളില്‍ ലഭിക്കുന്ന ശരാശരി ബാന്‍ഡ് വിഡ്ത്തിന്റെ വളരെ ചെറിയഭാഗമേ ഇവയ്ക്കുള്ളൂ. എന്നാല്‍ ഇവ എവിടെയും കൊണ്ടുപോകാവുന്നവയാണ്. ഏതുസാഹചര്യത്തിലും പ്രവര്‍ത്തിക്കുന്നവയും.

ഭൂകമ്പത്തിനുശേഷം 48 മണിക്കൂറിനുള്ളില്‍ നേപ്പാളിലെത്തിയ റെഡ് ക്രോസ് പ്രവര്‍ത്തകരാണ് ഗ്ലെന്‍ ബ്രാഡ്‌ലിയും ഭാര്യയും. എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലങ്ങളില്‍ എത്രമാത്രം കാര്യങ്ങള്‍ എത്ര സമയത്തിനുള്ളില്‍ സാധ്യമാണെന്ന് ഇന്റര്‍നെറ്റ് കാണിച്ചുതന്നതായി ഇവര്‍ പറയുന്നു.

‘ദുരന്തത്തെ നേരിടുമ്പോള്‍ ഉപകരണങ്ങള്‍ എവിടെ സ്ഥാപിക്കണമെന്ന് അറിയേണ്ടത് ആവശ്യമാണ്. അവ എവിടെയാണെന്നു ട്രാക്ക് ചെയ്യാനും കഴിയണം,’ പ്രതിരോധവകുപ്പില്‍ ഐടി ജോലിക്കാരനായിരുന്ന ബ്രാഡ്‌ലി പറയുന്നു. ‘ വെയര്‍ഹൗസുകളില്‍ – അവിടെനിന്ന് സംഭവസ്ഥലത്തേക്കും – ഉപകരണങ്ങള്‍ എത്തിക്കണമെങ്കില്‍ അവര്‍ക്കു ഭൂമിശാസ്ത്രപരമായ അറിവുണ്ടാകണം. അവര്‍ക്ക് വിമാനങ്ങളോ ട്രക്കുകളോ കപ്പലുകളോ ആവശ്യമായി വന്നേക്കാം. അതിനാല്‍ എന്താണു നടക്കുന്നതെന്ന് അറിയുക ആവശ്യമാണ്.

പ്രവര്‍ത്തകരെ ഫലപ്രദമായി ഉപയോഗിക്കാന്‍ മനുഷ്യാവകാശസംഘടനകളെ പ്രാപ്തരാക്കുന്നത് സാങ്കേതിക മുന്നേറ്റങ്ങളാണ്. ദുരന്തസ്ഥലത്ത് നേരിട്ടെത്താന്‍ കഴിയാത്ത ഡോക്ടര്‍മാര്‍ക്കും സാറ്റലൈറ്റ് വഴി രോഗികളോടു സംസാരിക്കാനാകും; അവരുടെ എക്‌സ്‌റേ പരിശോധിക്കാനും രക്തപരിശോധന വിശകലനം ചെയ്യാനുമാകും. ഇത് ഫലപ്രദമായ പരിചരണത്തിനു സഹായിക്കുന്നു.

ഡാറ്റ നെറ്റ് വര്‍ക്കുകള്‍ സഹായകമാകുന്നത് ദുരന്തസമയത്തു മാത്രമല്ല. പല മനുഷ്യാവകാശസംഘടനകളുടെയും ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇവയ്ക്കു നിര്‍ണായക പങ്കുണ്ട്. ഉദാഹരണത്തിന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ടെക്‌സ്റ്റ് മെസേജുകള്‍ വഴി പ്രതിവര്‍ഷം 1.2 ബില്യന്റെ പണവും ഫുഡ് വൗച്ചറുകളും നല്‍കുന്നു. ഉപഭോക്താക്കള്‍ക്ക് സൗകര്യവും സമയലാഭവും ഇതുകൊണ്ടുണ്ടാകുന്നു. കൊടുങ്കാറ്റോ ഭൂകമ്പമോ മൂലം ഒരു രാജ്യത്തിന്റെ നെറ്റ് വര്‍ക്കുകള്‍ പ്രവര്‍ത്തനരഹിതമാകുമ്പോള്‍ ഈ ജീവധാരകളും നിലയ്ക്കുന്നു.

അതുകൊണ്ടാണ് വാര്‍ത്താവിനിമയരംഗത്ത് ‘ഫസ്റ്റ് റസ്‌പോണ്ടേഴ്‌സി’നു പ്രാധാന്യമേറുന്നത്. പക്ഷേ സാങ്കേതികവിദ്യ വിലയേറിയതാണ്. ഉദാഹരണത്തിന് രക്ഷാപ്രവര്‍ത്തകര്‍ക്കും ദുരന്തബാധിതര്‍ക്കും പോര്‍ട്ടബിള്‍ ആന്റിന വഴി ഡാറ്റ സൗകര്യം നല്‍കുന്ന ടിഎസ്എഫിന് ഒരു ദിവസം ഇതിനായി 15,000 ഡോളര്‍ വരെ ചെലവിടാനാകും. റോഡ്‌ക്രോസ് പോലുള്ള ഗ്രൂപ്പുകള്‍ വിഎസ്എടികള്‍ എന്നറിയപ്പെടുന്ന, കൂടുതല്‍ കാര്യക്ഷമതയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു.  ഇവ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ബാന്‍ഡ് വിഡ്ത് തരുന്നു. എന്നാല്‍ വലിപ്പമേറിയവയും 5എംബിപിഎസ് കണക്ഷന് ദിനം 200ഡോളര്‍ വരെ ചെലവുള്ളവയുമാണ്. എങ്കിലും ഇവ അതിനുതക്ക മൂല്യമുള്ളവയാണെന്നാണ് ഈ ഗ്രൂപ്പുകളുടെ അഭിപ്രായം.

‘വാര്‍ത്താവിനിമയത്തിലും ഐടിയിലുമുള്ള ആശ്രിതത്വം നാള്‍ക്കുനാള്‍ കൂടിവരുന്നതായാണ് ഓരോ ദുരന്തമുഖത്തും കാണുന്നത്,’ ബ്രാഡ്‌ലി പറയുന്നു. ‘ഇന്റര്‍നെറ്റിനെ ആശ്രയിക്കാതെ ഫലപ്രദവും കാര്യക്ഷമവുമായ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ലെന്നതാണ് സ്ഥിതി.’

സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് പുതിയ ചില അപകടങ്ങളും കൊണ്ടുവരുന്നു. ഹാക്കര്‍മാരും ഓണ്‍ലൈന്‍ ക്രിമിനലുകളും മനുഷ്യാവകാശ സംഘടനകളുടെ പക്കലുള്ള വിവരങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതായി യുഎന്‍ പറയുന്നു. ഈ സംഘടനകളുടെ സുരക്ഷാക്രമീകരണങ്ങള്‍ അത്ര ശക്തവുമല്ല.

‘കൈകാര്യം ചെയ്യുന്ന വിവരങ്ങളുടെ വിസ്തൃതിമൂലം മനുഷ്യാവകാശ സംഘടനകള്‍ക്ക് പലപ്പോഴും അവയുടെ അപകടസാധ്യതകള്‍ മുന്‍കൂട്ടിക്കാണാന്‍ കഴിയാറില്ല,’ 2014ലെ യുഎന്‍ ധവളപത്രം പറയുന്നു.

2013ല്‍ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ ആസാദിനെ എതിര്‍ക്കുന്ന ഗ്രൂപ്പുകള്‍ക്ക് സംഭാവന നല്‍കുന്നവരുടെ വിവരം ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ സ്‌കൈപ്പിലെ ചില സാധ്യതകള്‍ ഉപയോഗിച്ചു. രാഷ്ട്രീയ അഭയാര്‍ത്ഥികള്‍ക്കുനേരെ അക്രമമുണ്ടാകാന്‍ ഇത്തരം ചോര്‍ത്തലുകള്‍ ഇടയാക്കുമെന്ന് സുരക്ഷാ ഗവേഷകര്‍ പറയുന്നു.

രണ്ടുവര്‍ഷം മുന്‍പ് വാഷിങ്ടണിലെ പാറ്റെറോസിലുണ്ടായ കാട്ടുതീ അണയ്ക്കാന്‍ സഹായിച്ച ടാക്ഓപ്‌സിന്റെ എമര്‍ജന്‍സി നെറ്റ് വര്‍ക്കില്‍ കടക്കാന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചത് 30 തവണയാണ്. ആദ്യ പ്രതികരണക്കാര്‍ക്കെതിരെ സൈബര്‍ കുറ്റകൃത്യം നടന്നതായി എഫ്ബിഐ ആദ്യ കേസെടുക്കുന്നത് ഈ സംഭവത്തിലാണ്.

‘സേവനം തടസപ്പെടുത്തുക മുതല്‍ ഉപദ്രവകരമായ സോഫ്റ്റ് വെയര്‍ നെറ്റ് വര്‍ക്കിലെത്തിക്കുക വരെ പലതരം ആക്രമണങ്ങളും ഞങ്ങള്‍ കണ്ടുകഴിഞ്ഞു,’ സിസ്‌കോ ടാക്ഓപ്‌സ് ഓപ്പറേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍ സു ലിന്‍ ഹിന്‍സണ്‍ പറയുന്നു. ‘അഗ്നിശമനസേനാംഗങ്ങള്‍ യാത്രാ റിസര്‍വേഷനുകളും മറ്റും ചെയ്യുന്നതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഈ നെറ്റ് വര്‍ക്കുകളിലുണ്ടാകാം. അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.’

മനുഷ്യാവകാശ വാര്‍ത്താവിനിമയ ഗ്രൂപ്പുകള്‍ മാത്രമല്ല കുഴപ്പക്കാരെപ്പറ്റി ആശങ്കപ്പെടുന്നത്. അവരുടെ നെറ്റ് വര്‍ക്കിന്റെ നിരപരാധികളായ ഉപയോക്താക്കള്‍ മാല്‍വെയര്‍ കടന്നുകയറിയ ഉപകരണങ്ങളുമായി വരുന്നുണ്ടാകാം.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരു രാജ്യവും അവരെ മാത്രം ആശ്രയിക്കരുതെന്ന് ആദ്യ പ്രതികരണക്കാര്‍ക്കു നിര്‍ബന്ധമുണ്ട്. അതിനാല്‍ ഒഴിവുസമയത്ത് വാര്‍ത്താവിനിമയ സഹായ സംഘടനകള്‍ സ്വന്തം ശബ്ദ, ഇന്റര്‍നെറ്റ് ശൃംഖലകളുണ്ടാക്കാന്‍ രാജ്യങ്ങളെ സഹായിക്കുന്നു.

നേപ്പാളിലെ ഭൂകമ്പത്തിന് ഒരാഴ്ച മാത്രം മുന്‍പ് അടിയന്തരഘട്ട സജ്ജീകരണ ഉദ്യോഗസ്ഥര്‍ ഒരു ദുരന്തരംഗം ചര്‍ച്ച ചെയ്യാനായി ശില്‍പശാല നടത്തിയിരുന്നു. രാജ്യത്തിന്റെ മൊബൈല്‍ ശൃംഖലകളുടെ സജ്ജീകരണം, ഭൂകമ്പമുണ്ടായാല്‍ യുഎന്നില്‍ ആരെയാണു വിളിക്കേണ്ടത് തുടങ്ങിയവയെപ്പറ്റി കൂടുതല്‍ വ്യക്തമായ ധാരണയുണ്ടാക്കാന്‍ ഇത് സഹായിച്ചു. അതുകൊണ്ടുമാത്രം ലാഭിച്ചത് രണ്ടോ മൂന്നോ ആഴ്ചത്തെ സമയമാണെന്ന് ഡബ്ലിയുഎഫ്പിയുടെ എമര്‍ജന്‍സി ഐടി യൂണിറ്റിന്റെ തലവന്‍ ജിയാന്‍ ലൂക്ക ബ്രൂണി പറയുന്നു. ഭൂകമ്പത്തിനുശേഷം വാര്‍ത്താവിനിമയ സഹായ സംഘടനകള്‍ക്ക് വേഗം പ്രവര്‍ത്തനം തുടങ്ങാനുമായി.

‘നേപ്പാളിലെ ജനങ്ങള്‍ ആശുപത്രികള്‍ക്കു ചുറ്റും കൂടി. അവയ്ക്ക് എമര്‍ജന്‍സി ജനറേറ്ററുകളുണ്ടായിരുന്നു. അതില്‍നിന്ന് അവര്‍ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്തു. വാര്‍ത്താവിനിമയ ശേഷി ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഒരു ഘട്ടത്തില്‍ ഭക്ഷണവും മരുന്നുകളും പോലെ ഇതും ഒരു അടിസ്ഥാന ആവശ്യമായി കണക്കാക്കപ്പെടുമെന്നു ഞങ്ങള്‍ കരുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍