UPDATES

സയന്‍സ്/ടെക്നോളജി

ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ്! എറിക്‌സണിലൂടെ 5ജി വിപ്ലവം ഇന്ത്യയിലേക്ക്

അടുത്ത സ്‌പെക്ട്രം വില്‍പ്പനയില്‍ 5ജിയെ ഉള്‍ക്കൊള്ളാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തേക്കും

4ജിയുടെ മികവും വേഗതയും അനുഭവിച്ചറിഞ്ഞവരാണ് നാം ഏവരും. മിനിറ്റുകള്‍ നീണ്ട വീഡിയോ ഞൊടിയിടയില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന നാലാം തലമുറ ഇന്റര്‍നെറ്റിനെ ഏവരും അതിശയത്തോടെയാണ് വരവേറ്റത്. ജിയോ സൃഷ്ടിച്ച 4ജി വിപ്ലവം വേറെ… എന്നാല്‍ 4ജിയുടെ കാലം അവസാനിക്കുകയാണ്. ഇനി 5ജി (അഞ്ചാം തലമുറ)യുടെ കാലഘട്ടമാണ് വരാനിരിക്കുന്നത്. അതും അധികം കാലതാമസം ഇല്ലാതെ.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിപ്ലവം സൃഷ്ടിക്കാന്‍ 5ജി സേവനം എത്തുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലികോം സര്‍വീസായ എറിക്‌സണാണ് ഇന്ത്യയില്‍ 5ജിയെ എത്തിക്കുന്നത്. 33003600 MHz ബാന്‍ഡ് 5ജി സ്‌പെക്ട്രം സര്‍ക്കാര്‍ ലഭ്യമാക്കിയാല്‍ 2019 പകുതിയോടെ തന്നെ 5ജിയെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് എറിക്‌സണ്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

4ജി യുടെ ഹാംഗ് ഓവറില്‍ നിന്നു പലരും ഇതുവരെയും വിട്ടുമാറിയിട്ടില്ല എന്നിരിക്കെയാണ് 5 ജി കൂടി ഇന്ത്യയിലെത്തുന്നത്. അടുത്ത സ്‌പെക്ട്രം വില്‍പ്പനയില്‍ 5ജിയെ ഉള്‍ക്കൊള്ളാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുത്തേക്കും. 5ജിയെ വരവേല്‍ക്കാനായുള്ള പരീക്ഷണങ്ങള്‍ ഇതിനകം തന്നെ 18 ആഗോള നെറ്റ്വര്‍ക്ക് സേവനദാതാക്കള്‍ തുടങ്ങിയതായാണ് വിവരം.

ജിയോയുടെ വരവോടെ ഉണ്ടായ തിരിച്ചടിയില്‍ നിന്നു കരകയറാന്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ മുന്‍നിര ടെലികോം സേവനദാതാക്കള്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല എന്നിരിക്കെയാണ് പുതിയ സ്‌പെക്ട്രം വില്‍പ്പന വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) നിശ്ചയിക്കുന്ന 5ജി സ്‌പെക്ട്രം വില തികച്ചും വിപണിയെ സ്വാധീനിക്കും.

5ജിയെ അറിയാം
സെക്കന്‍ഡില്‍ ഒരു ജിഗാബൈറ്റ് മുതല്‍ 20 ജിഗാബൈറ്റ് വരെയുള്ള മിന്നുന്ന വേഗമാണ് 5ജിയുടേത്. അതായത് ഒരു ശരാശരി സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ വേണ്ടത് ഒരു സെക്കന്‍ഡ് മാത്രം. ഡൗണ്‍ലോഡ് ഓപ്ഷന്‍ ഒന്നു തൊട്ടാല്‍ മതി സിനിമ കൈയ്യിലിരിക്കും. നിലവില്‍ 4ജി ഉപയോഗിക്കുന്നവര്‍ എന്താ ഇന്റര്‍നെറ്റിന്റെ സ്പീഡ് എന്ന് പറയുന്നുണ്ടെങ്കില്‍ ഒന്നു ശ്രദ്ധിക്കുക, 4ജിയുടെ സ്പീഡ് സെക്കന്‍ഡില്‍ 100 എം.ബി മാത്രമാണ്.

5ജിയുടെ മറ്റൊരു സവിശേഷത ബാറ്ററി ഉപയോഗം കുറവായിരിക്കും എന്നതാണ്. വേഗത്തിലുള്ള ക്ലൗഡ് ആക്‌സസ്, അതിവേഗ ബ്രൗസിങ്, അതിവേഗ ഡൗണ്‍ലോഡ്, മികച്ച വിഡിയോ സ്ട്രീമിങ് എന്നിവയാണ് എടുത്തു പറയേണ്ട 5ജിയുടെ പ്രത്യേകതകള്‍. 5ജി പിന്തുണയുള്ള എച്ച്.ടി.സിയുടെ ഹാന്‍ഡ്‌സെറ്റ് ഡ12 അടുത്തിടെ തയ്‌വാനില്‍ നടന്ന വാണിജ്യ സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. സെക്കന്‍ഡില്‍ 809.58 മെഗാബൈറ്റാണ് ഇതിന്റെ ഡൗണ്‍ലോഡ് വേഗത.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍