UPDATES

സയന്‍സ്/ടെക്നോളജി

ആലിബാബയുടെ ‘കൃത്രിമബുദ്ധി’ ഇനി പന്നി വിപണിയിലേക്ക്

ലോകത്താകമാനം വരുന്ന ലക്ഷക്കണക്കിന് പന്നിഫാമുകള്‍ കൈയ്യടക്കാനൊരുങ്ങുകയാണ് ആലിബാബ

ചൈനയിലെ ഏറ്റവും പ്രശസ്തമായ കമ്പനിയാണ് ആലിബാബ. ഇ കൊമേഴ്‌സ് കമ്പനിയായിട്ടാണ് തുടക്കമെങ്കിലും ഇപ്പോള്‍ കൈവച്ചിരിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിംഗിലും (കൃത്രിമബുദ്ധി), ക്ലൗഡ് കമ്പ്യൂട്ടിംഗിലുമാണ്. വിമാനത്താവളങ്ങളിലെ കാര്യക്ഷമത കൂട്ടുന്നതിലും, രോഗികളുടെ അസുഖം കണ്ടെത്തുന്നതിലുമൊക്കെ ആലിബാബയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിംഗ് വന്‍ വിജയമാണ് കൈവരിച്ചത്.

ആലിബാബയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിംഗ് സാങ്കേതികവിദ്യ ഇപ്പോള്‍ പരീക്ഷണം നടത്തുന്നത് പന്നികളിലാണ്. ഇതിന്റെ ഭാഗമായി ചൈനയിലെ തന്നെ ഭക്ഷ്യ കാര്‍ഷിക മേഖലയിലെ പ്രമുഖന്മാരായ ”ടെക്ക് ഗ്രൂപ്പുമായി” ഫെബ്രുവരി ആറിന് ആലിബാബ കാര്‍ ഒപ്പിട്ടു കഴിഞ്ഞു. ഒരു കോടി പന്നികളെ വര്‍ഷാവര്‍ഷം ഉത്പാദിപ്പിച്ചു നല്‍കണം എന്നതാണ് കരാര്‍.

ആലിബാബയുടെ കൃത്രിമബുദ്ധി ഇതാണ്
ടെക്കുവിന്റെ പന്നി ഫാമില്‍ ആലിബാബ കൃത്രിമബുദ്ധിയിലൂടെ നിര്‍മിച്ച പുതിയ സോഫ്റ്റ്‌വെയര്‍ എത്തിക്കും. ഇതിലൂടെ ഫാമിലെ ഏറ്റവും മികച്ച പന്നികള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് സോഫ്റ്റ്‌വെയര്‍ തരം തിരിക്കും. ഇവയ്ക്ക് പ്രത്യേകം അടയാളവും നല്‍കും. ഇതു മാത്രമല്ല തിരഞ്ഞെടുത്ത പന്നികള്‍ ഏത് ഗണത്തില്‍പ്പെട്ടതാണെന്നും, അവയുടെ ഭാരം, നിറം, വയസ്സ് എന്നിവയും സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്തും.

പന്നിയുടെ കുട്ടിക്കാലം മുതലുള്ള ഓരോ വളര്‍ച്ചയും ആലിബാബയുടെ സോഫ്റ്റ്‌വെയറില്‍ ഉണ്ടാകും. മാത്രമല്ല ഓരോ പന്നികളുടെയും ശബ്ദം പോലും സോഫ്റ്റ് വെയറിന്റെ കൈവശം സൂക്ഷിക്കപ്പെടും. ഇതിലൂടെ പന്നി എത്ര ആരോഗ്യവാനാണെന്നും, അസുഖം പിടിപെടാന്‍ സാധ്യതയുണ്ടോ എന്നും കണ്ടെത്താന്‍ സഹായിക്കും. ഇതിനു ശേഷം രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും മികച്ച പന്നികളെ തിരഞ്ഞെടുത്ത് അവയെ ബ്രീഡ് ചെയ്യിപ്പിക്കും. ഇതിലൂടെ ആരോഗ്യകരമായ പന്നികളുടെ പുതു തലമുറയെ സൃഷ്ടിക്കാനാകും.

ആലിബാബയുടെ പുതിയ സോഫ്റ്റ് വെയര്‍ ഇപ്പോള്‍ തന്നെ ടെക്കുവിന്റെ ചില ഫാമുകളില്‍ പരീക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഒരു കോടി പന്നികളുള്ള ഫാം നോക്കി നടത്തുക മാത്രമല്ല, ഇത്രയധികം പന്നികളില്‍ മികച്ചവയെ തിരിച്ചറിഞ്ഞ് ബ്രീഡിങ്ങ് നടത്തുക എന്നതും മനുഷ്യരെക്കാണ്ട് അസാധ്യമാണ്. അവിടെയാണ് ആലിബാബയുടെ കൃത്രിമബുദ്ധി പ്രവര്‍ത്തിച്ചതും. സോഫ്റ്റ് വെയറിനെ ആലിബാബ ഔദ്യോഗികമായി പുറത്തിറക്കുന്നതോടുകൂടി ചൈനിലെന്നല്ല, ലോകത്താകമാനം വരുന്ന ലക്ഷക്കണക്കിന് പന്നിഫാമുകള്‍ ആലിബാബ കൈയ്യടക്കും.

ചൈനയിലെ പന്നി വിപണി
ലോകത്ത് തന്നെ ഏറ്റവുമധികം പന്നികളെ ഉത്പാദിപ്പിക്കുന്നതും, ഭക്ഷിക്കുന്നതും, കയറ്റുമതി നടത്തുന്നതും ചൈനയിലാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് മാത്രം ഏകദേശം അഞ്ചുകോടി ടണ്‍ പന്നി ഇറച്ചിയാണ് ചൈനയില്‍ ഉത്പാദിപ്പിച്ചത്. ആഗോള തലത്തില്‍ പന്നിവിലയെ സ്വാധീനിക്കുന്നതും ചൈനീസ് വിപണിയാണ് എന്നതാണ് സത്യം.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍