UPDATES

സയന്‍സ്/ടെക്നോളജി

അടുത്ത് കിടക്കുന്നയാൾ കൂർക്കം വലിച്ച് നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? ഈ ഹൈ ടെക് തലയിണ ഒന്ന് പരീക്ഷിക്കൂ

ഇത് ഉപയോഗിക്കുന്നതോടെ ഒരാൾ എത്ര ശബ്ദത്തിൽ കൂർക്കം വലിച്ചാലും പരിമിതമായ ശബ്ദം മാത്രമേ അടുത്ത് കിടക്കുന്നയാൾ കേൾക്കൂ.

“ഒന്ന് സ്വസ്ഥമായിട്ട് ഉറങ്ങാം എന്ന് വിചാരിക്കുമ്പോൾ അപ്പോൾ തുടങ്ങും അടുത്ത് നിന്ന് ഒരാളുടെ കൂർക്കം വലി, പിന്നെ ആ രാത്രി ഉറങ്ങാം എന്ന് വ്യാമോഹിക്കേണ്ട..” പങ്കാളിയുടെ കൂർക്കം വലിയെ കുറിച്ച് നിങ്ങൾക്ക് ഇങ്ങനെ ഒരു പരാതിയുണ്ടോ? എങ്കിൽ നിങ്ങൾ രണ്ടു പേരും ഒരു സെറ്റ് ആൻറി സ്‌നോർ തലയിണകൾ ഉടനടി തന്നെ വാങ്ങിക്കണം. അത്ഭുതപ്പെടേണ്ട കൂർക്കം വലിയുടെ ശബ്ദം കുറയ്ക്കാനും, പങ്കാളിയ്ക്ക് സുഖനിദ്ര ഉറപ്പാക്കാനുമുള്ള ഹൈടെക് തലയിണകൾ ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞു.

യു എസ്സിലെ നോർത്തേൺ ഇല്ലിനിയൊസ് സർവ്വകലാശാലയിലെയും തായ്‌വാനിലെ ചുങ് യുഎൻ ക്രിസ്ത്യൻ സർവ്വകലാശാലയിലെയും ഗവേഷകരാണ് ഈ കൂർക്കം വലി പ്രതിരോധ തലയിണ കണ്ടുപിടിച്ചത്.

സ്ഥിരമായി കൂർക്കം വലിക്കുന്ന ആൾ മൈക്രോഫോൺ ഉള്ള തലയിണയും, അടുത്ത് കിടക്കുന്നയാൾ സ്പീക്കർ ഉള്ള തലയിണയുമാണ് ഉപയോഗിക്കേണ്ടത്. കൂർക്കം വലിക്കാരൻ നന്നായി ഉറങ്ങി വരുമ്പോൾ അയാൾ പുറപ്പെടുവിക്കുന്ന എല്ലാ ശബ്ദ തരംഗങ്ങളും ഈ മൈക്രോഫോൺ പിടിച്ചെടുക്കുകയും തരംഗങ്ങൾ തീവ്രതയുള്ളവയാണോ എന്ന് തലയിണയിൽ സിസ്റ്റത്തിന്റെ പ്രത്യേക അൽഗോരിതം ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്യും. കൂർക്കം വലിക്കുന്നയാളിന്റെ അടുത്തുള്ള ആൾ കേൾക്കുന്ന ശബ്ദം 31 ഡെസിബെൽ പരിമിതപ്പെടുത്തുകയും ചെയ്യും. അതായത് ഒരാൾ എത്ര ഭയങ്കര ശബ്ദത്തിൽ കൂർക്കം വലിച്ചാലും അടുത്ത് കിടക്കുന്നയാൾ വളരെ കുറഞ്ഞ ശബ്ദത്തിലെ അത് കേൾക്കാൻ പോകുന്നുള്ളൂ.

തലയിണകൾ വിപണിയിൽ ഇറക്കുന്നതോടെ ബ്രിട്ടനിലെ 15 ലക്ഷത്തോളം വരുന്ന കൂർക്കം വലിക്കാർക്കും അവരുടെ പങ്കാളികൾക്കും സ്വസ്ഥമായുറങ്ങാം എന്നാണ് ഗവേഷകർ പറയുന്നത്. ഞാൻ ഭയങ്കര കൂർക്കം വലിക്കാരിയാണ്, ഭയങ്കര ശല്യമാണെന്ന ഭർത്താവിന്റെ പരാതിയാണ് സത്യം പറഞ്ഞാൽ എനിക്ക് പ്രചോദനമായത് തലയിണ നിർമ്മിച്ച ഗവേഷകരിൽ പ്രധാനിയായ ലിച്ചുവാൻ ലിയു പറയുന്നു. ഇത് കൂർക്കം വലിക്കുള്ള ശാശ്വത പരിഹാരമൊന്നുമല്ല, അതിന്റെ ഫലം കുറയ്ക്കാം, കൂർക്കം വലിക്കുന്നവർക്ക് ഒപ്പം കിടക്കുന്നവർക്ക് സുഖമായി ഉറങ്ങാം, അത്രയേ ഞങ്ങൾ ഉദ്ദേശിക്കുന്നുള്ളു എന്നാണ് ഇവർ തുറന്ന് സമ്മതിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍