UPDATES

സയന്‍സ്/ടെക്നോളജി

ഐഫോണ്‍ എക്‌സ് വാങ്ങാന്‍ ആളില്ല; പണി കിട്ടിയത് സാംസംഗിന്

ഐഫോണുകളിലെല്ലാം സാംസംഗിന്റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ടെന്നു സാരം

ഒരു സ്മാര്‍ട്ട് ഫോണില്‍ നിലവില്‍ ഉള്‍ക്കൊള്ളിക്കാവുന്ന പരമാവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച് വിപണി പിടിച്ചടക്കാനെത്തിയ ഐഫോണ്‍ എക്‌സ് വാങ്ങാന്‍ ഇപ്പോള്‍ ആളില്ല. ആവശ്യക്കാര്‍ കുറഞ്ഞത് ഐഫോണിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. എന്നാല്‍ ഇതല്ല ഇപ്പോള്‍ വാര്‍ത്ത. ഐഫോണിന്റെ വിപണിയില്‍ ഇടിവുണ്ടായപ്പോള്‍ പണി കിട്ടിയത് സാംസംഗിനാണ്. ഐഫോണിന്റെ പുതിയ തീരുമാനം തന്നെയാണ് സാംസംഗിന്റെ ഇത്തരമൊരു പ്രതിസന്ധിക്ക് വഴിവെച്ചത്.

കാര്യം പുറമേ രണ്ടാളും കീരിയും പാമ്പുമാണെങ്കിലും പിന്നണിയില്‍ രണ്ടുപേരും വലിയ കൂട്ടാണ്. ഐഫോണിന് ആവശ്യമായ ഒഎല്‍ഇഡി പാനലുകള്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ സാമഗ്രികള്‍ നിര്‍മിച്ചു നല്‍കുന്നത് സാംസംഗാണ്. ലക്ഷക്കണക്കിന് വരുന്ന ഐഫോണുകളിലെല്ലാം സാംസംഗിന്റെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ടെന്നു സാരം. എന്നാലിപ്പോള്‍ അവധിക്കാല സീസണില്‍ കാര്യമായ വളര്‍ച്ച ഐഫോണ്‍ എക്‌സ് വില്‍പ്പനയിലുണ്ടായിട്ടില്ല. ഐഫോണ്‍ എക്‌സിനു വേണ്ട ഡിജിറ്റില്‍ സാമഗ്രികള്‍ വിതരണം ചെയ്യുന്ന സാംസംഗിന് ഇത് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്.

ഐഫോണിനായി ഒഎല്‍ഇഡി പാനലുകള്‍ വിതരണം ചെയ്യുന്നതിലൂടെ മാത്രം കോടികളുടെ ബിസിനസാണ് വര്‍ഷാവര്‍ഷം സാംസംഗ് നടത്തിയിരുന്നത്. എന്നാല്‍ നിലവില്‍ ആപ്പിളില്‍ നിന്ന് വേണ്ടത്ര ഓര്‍ഡര്‍ ലഭിക്കാത്തിനാല്‍ ജനുവരി-മാര്‍ച്ച് പാദത്തില്‍ കേവലം 20 മില്ല്യന്‍ ഒഎല്‍ഇഡി പാനലുകള്‍ മാത്രമാണ് സാംസംഗ് നിര്‍മിച്ച് നല്‍കുക. കഴിഞ്ഞ പാദങ്ങളില്‍ ഇതേ സ്ഥാനത്ത് 45 മുതല്‍ 50 മില്ല്യന്‍ വരെ ഉത്പാദിപ്പിച്ചിരുന്നു എന്നിരിക്കെയാണ് പുതിയ തീരുമാനം സാംസംഗിന് തിരിച്ചടിയായത്.

ഇത് ഇപ്പോഴത്തെ കണക്കാണ്. എന്നാല്‍ മാര്‍ച്ച് കഴിഞ്ഞുള്ള വിപണിയെക്കുറിച്ച് യാതൊരു നിര്‍ദേശവും ഐഫോണ്‍ സാംസംഗിന് നല്‍കിയിട്ടില്ല. പാനല്‍ ഉത്പാദനത്തിനായുള്ള ഓര്‍ഡര്‍ നിലവില്‍ ലഭിച്ചതിനേക്കാളും കുറയുമോ എന്നും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആവശ്യക്കാര്‍ കുറവാണെങ്കിലും കമ്പനിയുടെ മികച്ച ഫോണുകളിലൊന്നാണ് ഐഫോണ്‍ എക്‌സ് എന്നാണ് കമ്പനി പറയുന്നത്. ഐഫോണ്‍ 8 സീരിസിന്റെ 5.8 ഇഞ്ച് ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ എന്ന പുതുമ തന്നെ സാംസംഗിന് അവകാശപ്പെട്ടതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഒഎല്‍ഇഡി പാനലുകള്‍ നിര്‍മിക്കുന്ന കമ്പനി കൂടിയാണ് സാംസംഗ്.

 

അരുണ്‍ മാധവ്‌

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍