UPDATES

സയന്‍സ്/ടെക്നോളജി

എഞ്ചിന് തീ പിടിച്ചാല്‍ കെടുത്താൻ ഉപയോഗിക്കുന്ന സ്വിച്ച് പ്രവര്‍ത്തനരഹിതമാകുന്നു; ബോയിംഗ് വിമാനങ്ങളിലെ സുരക്ഷാ ആശങ്ക തുറന്ന് പ്രകടിപ്പിച്ച് പൈലറ്റുമാര്‍

ബോയിംഗിന്‍റെ 737 മാക്സ് എയർലൈനുകളില്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ കണ്ടിട്ടും അതിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എഫ്എഎ തയ്യാറായിരുന്നില്ല

ബോയിംഗ്‌ വിമാനങ്ങളിലെ അഗ്നിശമന സംവിധാനത്തിൽ തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതോടെ വിമാനത്തിന്‍റെ സുരക്ഷയെക്കുറിച്ച് എയർലൈൻ പൈലറ്റുമാർ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത് വന്നു. എഞ്ചിന് തീ പിടിച്ചാല്‍ അത് കെടുത്താൻ ഉപയോഗിക്കുന്ന സ്വിച്ച് ‘ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍’ പ്രവര്‍ത്തനരഹിതമാകുന്നു എന്നും, അതിനാല്‍ തങ്ങളുടെ മുൻനിര മോഡല്‍ വിമാനമായ ബി 787 ഡ്രീംലൈനർ ഉപയോഗിക്കുന്ന കമ്പനികള്‍ ശ്രദ്ധിക്കണമെന്നും ബോയിംഗ്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുകെ എയർലൈനായ ടുയി, ബ്രിട്ടീഷ് എയർവേയ്‌സിന്‍റെ വിർജിൻ അറ്റ്ലാന്റിക് എന്നിവര്‍ മാത്രം 60-ലധികം ഡ്രീംലൈനറുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അപകടസാധ്യത ഉണ്ടെന്ന് ബോധ്യപ്പെട്ടിട്ടും അത്തരം വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തന്നെയാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്യുകയാണെന്ന് പൈലറ്റുമാർ പറയുന്നു. ‘ഒരു അറ്റ്‌ലാന്റിക് വിമാനത്തിന്‍റെ എഞ്ചിന് തീപിടിത്തമുണ്ടായാല്‍ തകരാറുള്ള ഫയർ സ്വിച്ചാണ് ആ വിമാനത്തിൽ ഉള്ളത് എങ്കില്‍ സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് കത്തുന്ന ചിറകുമായി മൂന്ന് മണിക്കൂർ വരെ പറക്കേണ്ടി വന്നേക്കാം’- ബ്രിട്ടീഷ് എയർലൈനിലെ ഒരു പൈലറ്റ് ‘ഒബ്‌സർവറി’നോട് പറഞ്ഞു.

അമിതമായി ചൂടായാല്‍ അഗ്നിശമന സ്വിച്ച് ലോക്കാകുമെന്നും, തുടര്‍ന്ന് ഓരോ എഞ്ചിനിലേയും രണ്ട് അഗ്നിശമന ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരുമെന്നും വിമാനക്കമ്പനികൾക്കുള്ള അലേർട്ടിൽ ബോയിംഗ് മുന്നറിയിപ്പ് നൽകുന്നു. സമാനമായ ഡിസൈനിലുള്ള മറ്റു വിമാനങ്ങളിലും ഇതേ പ്രശ്നം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും, തീപിടുത്തമുണ്ടായാല്‍ നിയന്ത്രിക്കാന്‍ പ്രയാസമാകുമെന്നും എഫ്എഎ പറയുന്നുണ്ട്. എന്നാല്‍ അത്തരം വിമാനങ്ങള്‍ പറത്തരുതെന്ന നിര്‍ദേശം നല്‍കുന്നതിനു പകരം ഓരോ 30 ദിവസം കൂടുമ്പോഴും സ്വിച്ച് പരിശോധിക്കാനാണ് എഫ്എഎ വിമാനക്കമ്പനികളോട് ആവശ്യപ്പെടുന്നത്.

ബോയിംഗിന്‍റെ 737 മാക്സ് എയർലൈനുകളില്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ കണ്ടിട്ടും അതിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എഫ്എഎ തയ്യാറായിരുന്നില്ല. രണ്ട് മാക്സ് വിമാനങ്ങള്‍ തകര്‍ന്നു വീണതോടെ എഫ്എഎ-യുടെ നിലപാടിനെതിരെ ശക്തമായ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.

2011-ലാണ് ഡ്രീംലൈനർ പ്രവര്‍ത്തനം ആരംഭിച്ചത്. ന്ധനക്ഷമതയുള്ള സാങ്കേതികവിദ്യയും ദീർഘദൂര റേഞ്ചുമായിരുന്നു ഈ സീരീസ് വിമാനങ്ങളെ പ്രസിദ്ധമാക്കിയത്. പൈലറ്റുമാരുടെ ആശങ്കയെകുറിച്ച് എഫ്എഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More: കുറഞ്ഞ കൂലിയില്‍ ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നവരെ അടിച്ചോടിക്കും, തെരുവില്‍ നില്‍ക്കരുതെന്ന് ബോര്‍ഡും സ്ഥാപിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ പെരുമ്പാവൂര്‍- മൂവാറ്റുപുഴയില്‍ നടക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍