UPDATES

സയന്‍സ്/ടെക്നോളജി

എതിരാളികളെ കുടുക്കാന്‍ ഉക്രേനിയന്‍ ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ചു; ട്രംപിന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച കമ്പനിയുടെ വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍ ചാനല്‍ ഫോറിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍; ഫേസ്ബുക്ക് വിവര മോഷണ വിവാദം ചൂടുപിടിക്കുന്നു

ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്‍റ് പദത്തില്‍ എത്തിച്ചത് തങ്ങളാണ് എന്നു അവകാശപ്പെടുന്ന കേംബ്രിജ് അനലിറ്റിക്ക ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്ത്. രാഷ്ട്രീയക്കാരെ സ്വാധീനിക്കാന്‍ ഉക്രേനിയന്‍ ലൈംഗിക തൊഴിലാളികളെ ഉപയോഗിച്ചിരുന്നു എന്നാണ് ചാനല്‍ ഫോര്‍ ന്യൂസിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ആലക്സാണ്ടര്‍ നിക്സ് വെളിപ്പെടുത്തിയത്. ആവശ്യമായപ്പോഴൊക്കെ കൈക്കൂലിയും നല്കിയിരുന്നു.

എങ്ങിനെയാണ് രാഷ്ട്രീയ എതിരാളികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തി എടുക്കുന്നതെന്ന ചോദ്യത്തിന് “സ്ഥാനാര്‍ത്ഥികളുടെ വീടിന് പരിസരത്തേക്കു ചില പെണ്‍കുട്ടികളെ അയക്കും.” ഒപ്പം നിക്സ് കൂട്ടിച്ചേര്‍ത്തു, “ഉക്രേനിയന്‍ പെണ്‍കുട്ടികള്‍ സുന്ദരികളാണ്. ആ തന്ത്രം നന്നായി ഗുണം ചെയ്തു എന്നാണ് എന്റെ വിലയിരുത്തല്‍”

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിലും തങ്ങള്‍ രഹസ്യ പ്രചരണം നടത്തിയിട്ടുണ്ട്. നിഴല്‍ കമ്പനികളിലൂടെയും മറ്റ് കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയുമാണ് ഇത് നടത്തിയത് നിക്സ് പറഞ്ഞു. കേംബ്രിജ് അനലിറ്റിക്കയുടെ ഉറവിട കമ്പനിയായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് ഏകദേശം ഇരുന്നൂറോളം തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നു അവര്‍ അവകാശപ്പെട്ടു. ഇതില്‍ ഇന്ത്യ, നൈജീരിയ, കെനിയ ചെക്ക് റിപ്പബ്ലിക്, അര്‍ജന്‍റീന എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു.

മറ്റൊരിടത്ത് നിക്സ് പറഞ്ഞു. “പ്രചരണത്തിന് പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും അത് ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. ഉദാഹരണത്തിന് ചിലപ്പോള്‍ റിയല്‍ എസ്റ്റേറ്റിന് പകരമായിരിക്കും പണം വാഗ്ദാനം ചെയ്യുന്നത്. ഇത് ഞങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട് സ്ഥാനാര്‍ത്ഥിയുടെ പ്രതിച്ഛായ നശിപ്പിക്കും.”

23 കോടി അമേരിക്കക്കാരുടെ ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തി ട്രംപിനെ പ്രസിഡന്റാക്കിയ കമ്പനി ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്

അതേസമയം കൈക്കൂലി വാഗ്ദാനം ചെയ്യുന്നത് യു കെയിലും യു എസിലും കുറ്റകൃത്യമാണ്. കേംബ്രിജ് അനലിറ്റിക പ്രവര്‍ത്തിക്കുന്നത് യു കെയിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് യു എസിലുമാണ്.

നവംബര്‍ 2017നും ജനുവരി 2018നും ഇടയിലാണ് ചാനല്‍ ഫോറിന്റെ റിപ്പോര്‍ട്ടേഴ്സ് ലണ്ടനിലെ ഹോട്ടലുകളില്‍ വെച്ചു അലക്സാണ്ടര്‍ നിക്സിനെ കണ്ടത്. ശ്രീലങ്ക തിരഞ്ഞെടുപ്പില്‍ തങ്ങളുട്ടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ പ്രചരണം ഏറ്റെടുക്കാനുള്ള പ്രൊപ്പോസലുമായിട്ടാണ് റിപ്പോര്‍ട്ടേഴ്സ്ര്‍ കേംബ്രിജ് അനലിറ്റിക മേധാവിയെ കണ്ടത്.

“ഞങ്ങള്‍ വ്യത്യസ്ഥ വാഹനങ്ങളിലായി ഒളിവിലാണ് പ്രവര്‍ത്തിക്കാറുള്ളത്. നിങ്ങളുമായി ദീര്‍ഘകാലത്തെ രഹസ്യബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്” നിക്സ് ചാനല്‍ ഫോറിന്റെ റിപ്പോര്‍ട്ടേഴ്സിനോട് പറഞ്ഞു.

നിക്സിനൊപ്പം കേംബ്രിജ് അനലിറ്റിക്ക പൊളിറ്റിക്കല്‍ ഗ്ലോബലിന്റെ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക് റ്റേണ്‍ ബുളും കമ്പനിയുടെ ചീഫ് ഡാറ്റ ഓഫീസര്‍ ഡോ. അലക്സ് ടെയിലറും ഉണ്ടായിരുന്നു.

എതിരാളികളെകുറിച്ചുള്ള അപകീര്‍ത്തികരമായ കാര്യങ്ങള്‍ എങ്ങിനെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് എന്നു ടേണ്‍ ബുള്‍ വിശദീകരിച്ചു.

ഫെയ്സ്ബുക്കില്‍ നിന്നും 23 കോടി അമേരിക്കക്കാരുടെ മന:ശാസ്ത്ര രൂപവിവരണം ഉണ്ടാക്കിയെടുക്കുകയും ആ വിവരങ്ങളെ യു എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡണ്ടാക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്ത കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത് ഈ ദൌത്യങ്ങളുടെ ബുദ്ധികേന്ദ്രമായ ക്രിസ്റ്റഫര്‍ വൈല്‍ എന്ന 28 കാരനാണ്. ചാനല്‍ ഫോറിന്റെ വാര്‍ത്താ പരിപാടിയില്‍ തങ്ങള്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനമെടുത്ത ഹിതപരിശോധനയില്‍ വലിയ സ്വാധീനം ചെലുത്തിയതായും വൈല്‍ വെളിപ്പെടുത്തി.

കേംബ്രിജ്‌ അനലിറ്റിക്ക തലവന്‍ അലക്സാണ്ടര്‍ നിക്സിനോടും ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോടും വിശദീകരണം തേടുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ഡാമിന്‍ കോളിന്‍സ് അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ വ്യക്തമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ള കേംബ്രിജ്‌ അനലിറ്റിക്കയുടെ വെളിപ്പെടുത്തല്‍ അമേരിക്കയിലും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വോട്ടര്‍മാരുടെ സ്വകാര്യത കവര്‍ന്നെടുത്ത സംഭവത്തില്‍ കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടാകണമെന്നു അമേരിക്കയിലെ ഒരു സ്റ്റേറ്റ് അറ്റോണി ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തായാലും വെറും വിവര മോഷണം എന്നു പറഞ്ഞു കൈകഴുകാന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. ഫേസ്ബുക്ക് അതിന്റെ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

വിവര മോഷണം; കൈകഴുകാന്‍ സുക്കര്‍ബര്‍ഗിനു കഴിയില്ല; ഫേസ്ബുക്ക് സമ്മര്‍ദ്ദത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍