UPDATES

സയന്‍സ്/ടെക്നോളജി

വിവര മോഷണം; കൈകഴുകാന്‍ സുക്കര്‍ബര്‍ഗിനു കഴിയില്ല; ഫേസ്ബുക്ക് സമ്മര്‍ദ്ദത്തില്‍

കേംബ്രിജ്‌ അനലിറ്റിക്ക തലവന്‍ അലക്സാണ്ടര്‍ നിക്സിനോടും ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോടും വിശദീകരണം തേടുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ഡാമിന്‍ കോളിന്‍സ്

ട്രംപിനെ വിജയിപ്പിക്കാന്‍ വിയര്‍പ്പൊഴുക്കിയ കേംബ്രിജ്‌ അനലിറ്റിക്കയ്ക്കൊപ്പം വ്യക്തികളുടെ സ്വകാര്യ വിവരം ചോര്‍ത്തപ്പെട്ടതിന്‍റെ പേരില്‍ ഫേസ്ബുക്കിനു മേലും സമ്മര്‍ദം മുറുകുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവര മോഷണം (ഡാറ്റ ബ്രീച്ച്) എന്നു പറഞ്ഞു കൈകഴുകാന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും ടീമിനും കഴിയില്ല. കേംബ്രിജ്‌ അനലിറ്റിക്ക തലവന്‍ അലക്സാണ്ടര്‍ നിക്സിനോടും ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോടും വിശദീകരണം തേടുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപി ഡാമിന്‍ കോളിന്‍സ് അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ വ്യക്തമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടുള്ള കേംബ്രിജ്‌ അനലിറ്റിക്കയുടെ വെളിപ്പെടുത്തല്‍ അമേരിക്കയിലും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

വോട്ടര്‍മാരുടെ സ്വകാര്യത കവര്‍ന്നെടുത്ത സംഭവത്തില്‍ കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടാകണമെന്നു അമേരിക്കയിലെ ഒരു സ്റ്റേറ്റ് അറ്റോണി ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചാനല്‍ 4 ന്യൂസ് പരിപാടിയില്‍ ക്രിസ്റ്റഫര്‍ വൈല്‍ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ കഴിഞ്ഞ മാസം എംപിമാരുടെ കമ്മറ്റിക്ക് മുന്നില്‍ അലക്സ് നിക്സ് പറഞ്ഞ കള്ളങ്ങളും ചാനല്‍ സംപ്രേഷണം ചെയ്തതു കേംബ്രിജ്‌ അനലിറ്റിക്കയെ വെട്ടിലാക്കി.

ഇന്ന് രാത്രിയില്‍ നിക്സിനെ കൂടുതല്‍ സമ്മര്‍ദത്തില്‍ ആക്കാനുള്ള പുതിയ തെളിവുകള്‍ സംപ്രേഷണം ചെയ്യുമെന്ന് ചാനല്‍ 4 ന്യൂസ് അറിയിച്ചിട്ടുമുണ്ട്. അതു സംപ്രേഷണം ചെയ്യപ്പെടാതിരിക്കാന്‍ കേംബ്രിജ്‌ അനലിറ്റിക്ക ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കക്ഷികളാണെന്ന വ്യാജേന നിക്സുമായി നടത്തിയ മീറ്റിങ്ങുകളിലൂടെ ഫിനാന്‍ഷ്യല്‍ ടൈംസ് ലേഖകര്‍ രഹസ്യമായി പകര്‍ത്തിയ വിലപ്പെട്ട വിവരങ്ങളും വൈകാതെ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തും. ഫേസ്ബുക്കില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല എന്ന് എം പിമാര്‍ക്ക് മുന്നില്‍ നുണ പറഞ്ഞതിനെപ്പറ്റി വിശദീകരണം നല്‍കാനായി വീണ്ടും ഹാജരാകാന്‍ നിക്സിനോട് ആവശ്യപ്പെടുമെന്ന് പാര്‍ലമെന്‍റ് സെലക്റ്റ് കമ്മിറ്റി തലവന്‍ കോളിന്‍സ് പറഞ്ഞു.

23 കോടി അമേരിക്കക്കാരുടെ ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തി ട്രംപിനെ പ്രസിഡന്റാക്കിയ കമ്പനി ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്

അടുത്ത ആഴ്ച ഇക്കാര്യത്തിനായി നിക്സുമായി ബന്ധപ്പെടുമെന്നാണ് കോളിന്‍സ് അറിയിച്ചത്. ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോടും ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടും. കൃത്യമായ മറുപടികള്‍ നല്‍കാന്‍ ആവില്ലെന്ന് പറഞ്ഞൊഴിയുന്ന ഉദ്യോഗസ്ഥരെയാണ് മുന്‍പ് ഫേസ്ബുക്ക് അയച്ചതെന്നും കോളിന്‍സ് അറിയിച്ചു.

നിക്സിനും സക്കര്‍ബര്‍ഗിനും അമേരിക്കയിലെ നിയമജ്ഞരില്‍ നിന്നു കൂടി നടപടി നേരിടേണ്ടി വരും. ഇന്റലിജെന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ആദം ഷിഫ് കേംബ്രിജ്‌ അനലിറ്റിക്കയ്ക്കെതിരെ കടുത്ത അന്വേഷണം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടു. റഷ്യയുമായി ബന്ധമുള്ള ഒരു ഗവേഷകന് വ്യക്തികളുടെ സ്വകാര്യ വിവരം ചോര്‍ത്തി നല്‍കിയതിനു ഫേസ്ബുക്കും സമാധാനം പറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രംപിന്റെ തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ തള്ളിക്കളഞ്ഞുകൊണ്ട് അന്വേഷണം അവസാനിപ്പിക്കാന്‍ ഇന്റലിജെന്‍സ് കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ എടുത്ത തീരുമാനത്തെ അപലപിച്ച ഷിഫ് ന്യൂനപക്ഷമായ ഡെമോക്രാറ്റിക് അംഗങ്ങള്‍ രാജ്യത്തിന്‍റെ രക്ഷയ്ക്കായുള്ള വഴികള്‍ തേടിക്കൊണ്ടേയിരിക്കുമെന്നും പറഞ്ഞു.

വ്യാജ പ്രചാരകരും ട്രോള്‍ ആര്‍മിയും; മോദിയുടെ വിജയത്തിന് പിന്നിലെ ഫേസ്ബുക്ക് പ്രൊജക്റ്റ്

കേംബ്രിജ്‌ അനലിറ്റിക്ക വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്നതോ അമേരിക്കന്‍ തിരഞ്ഞെടുപ്പിലോ യു കെയിലെ ബ്രെക്സിറ്റിനോ ഉപയോഗപ്പെടുത്തിയെന്നതോ മാത്രമല്ല എത്രത്തോളം വിശദമായി വോട്ടര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്നതാണ് പ്രശ്നം.

വോട്ടര്‍മാരെ മാനസികമായി സ്വാധീനിക്കുക വഴി ട്രംപിന്‍റെ വിജയത്തിനു മുഖ്യ കാരണമായി എന്നു കമ്പനി പലപ്പോഴായി അവകാശപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും കേംബ്രിജ്‌ അനലിറ്റിക്ക വഴി തന്നെയാവാം ട്രംപ് കാംപെയ്ന്‍ ലക്ഷക്കണക്കിന്‌ അമേരിക്കക്കാരുടെ വിവരം ചോര്‍ത്തി വിജയം നേടിയത്.

കേംബ്രിജ്‌ അനലിറ്റിക്കയെ 2016 ജൂണില്‍ 6.2 മില്യണ്‍ ഡോളറിനാണ് ട്രംപ് കാംപെയ്ന്‍ ദൌത്യം ഏല്പിച്ചത്. കാംപെയ്നില്‍ ഫേസ്ബുക്ക് വിവരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.

സംഭവം ഒരു വിവര മോഷണം മാത്രമായി കൈകഴുകാന്‍ ആണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. സംഭവം ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവര്‍ നടപടി എടുത്തില്ലെന്ന ഗുരുതര ആരോപണമാണ് വൈല്‍ പുറത്ത് വിട്ടിട്ടുള്ളത്.

രണ്ടുവര്‍ഷമെങ്കിലും ആയി ഫേസ്ബുക്കിന് ഇതറിയാം. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. പുതിയ കാര്യമൊന്നും അല്ല. പക്ഷേ ഇങ്ങനെയൊക്കെ നടക്കുന്നുവെന്നു ആളുകള്‍ അറിഞ്ഞിരിക്കണം. വൈല്‍ പറയുന്നു.

ഫേസ്ബുക്ക് ഒരു രാഷ്ട്രമാണ്; അതിനെ ഭയപ്പെടേണ്ടിയിരിക്കുന്നു

ആളുകള്‍ അറിയാതെ അവരുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചു കൂടുതല്‍ വിവരം തങ്ങളുടെ കമ്മിറ്റിക്ക് മുന്‍പാകെ ഫേസ്ബുക്ക്‌ നല്‍കിയേ മതിയാവൂ എന്ന് കോളിന്‍സ് പറയുന്നു. കഴിഞ്ഞ മാസം എന്‍ക്വയറി കമ്മറ്റിക്ക് മുന്‍പില്‍ നിക്സും ഫേസ്ബുക്ക് പ്രതിനിധികളും ഫേസ്ബുക്കിലെ സ്വകാര്യ ഡാറ്റയും ഗ്ലോബല്‍ സയന്‍സ് റിസര്‍ച് ഡാറ്റയും ഉപയോഗിച്ചിട്ടില്ലെന്നാണ് പറഞ്ഞത്.

എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കേംബ്രിജ്‌ അനലിറ്റിക്കയെയും വൈലിനെയും തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയില്‍ ഫേസ്ബുക്ക് പറഞ്ഞത് നിക്സിന്റെ കമ്പനി 2015 മുതല്‍ പ്രൊഫൈലുകള്‍ ശേഖരിക്കുന്നുണ്ടെന്നാണ്‌.

കമ്മിറ്റിക്ക് മുന്നില്‍ വ്യക്തമായി വിവരങ്ങള്‍ ബോധ്യപ്പെടുത്താത്ത ഫേസ്ബുക്കിന്റെ നടപടിയെ കോളിന്‍സ് നിശിതമായി വിമര്‍ശിച്ചു. ഫേസ്ബുക്ക്‌ ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടു എന്നത് വ്യക്തമാണ്. ഫേസ്ബുക്കിന് ഇതറിയാമായിരുന്നു. കേംബ്രിജ്‌ അനലിറ്റിക്കയുടെ പങ്കും അവര്‍ക്ക് അറിയാമായിരുന്നു. കോളിന്‍സ് ആരോപിക്കുന്നു.

ഫേസ്ബുക്ക് ജനാധിപത്യത്തിന് ദോഷം; കുറ്റസമ്മതവുമായി ഫേസ്ബുക്ക് പ്രോഡക്ട് മാനേജര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍