UPDATES

സയന്‍സ്/ടെക്നോളജി

വോട്ടിംഗ് യന്ത്രം സുരക്ഷിതമോ? സംശയങ്ങളും സാധ്യതകളും

EVMൽ‍ ഉപയോഗിക്കുന്ന കോഡ് വളരെ ലളിതമാണ്. വിദേശ രാജ്യങ്ങളിലെ യന്ത്രങ്ങളിൽ‍ 10 ലക്ഷത്തിലേറെ വരികൾ‍ വരെ ഉള്ളപ്പോൾ, ഇവിടെ ഏതാനും ആയിരം വരികളേ ഉള്ളൂ.

അടുത്തിടെ നടന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ‍ വോട്ടിംഗ് യന്ത്രങ്ങളിൽ  വ്യാപകമായി തിരിമറികൾ നടന്നിട്ടുണ്ടെന്ന മായാവതിയുടെ ആക്ഷേപത്തെ ആരും മുഖവിലക്കെടുത്തില്ലെങ്കിലും കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ ഉണ്ടായ സംഭവങ്ങൾ  ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ സംശയത്തിന്റെ നിഴലിൽ‍ നിർത്തുകയാണ്. ഏതു ബട്ടൺ‍ അമർത്തിയാലും ബിജെപിക്ക് വോട്ടു വീഴുന്നു എന്ന് മിക്കവാറും എല്ലാ ദേശീയ മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ആരോപിക്കുന്നുണ്ട്. വോട്ടിംഗ് മെഷീൻ എങ്ങനെ പ്രവർത്തിക്കുന്നു, തിരിമറി സാധ്യതകൾ എന്തൊക്കെ എന്ന് പരിശോധിക്കാം.

ചരിത്രം
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയ ഒരുകാലത്തും സമാധനപരമായിരുന്നില്ല. ബൂത്ത്‌ പിടുത്തം, ബാലറ്റ് പെട്ടി മോഷണം, നശിപ്പിക്കൽ, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ എന്ന് തുടങ്ങി നൂറായിരം പ്രശ്നങ്ങളായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന് കുറച്ചു കാലം മുൻപ് വരെ നേരിടേണ്ടി വന്നിരുന്നത്. ഈവക പ്രശ്നങ്ങൾക്ക് കുറെയൊക്കെ പരിഹാരമുണ്ടാക്കാൻ വേണ്ടി തെരഞ്ഞെടുപ്പു കമ്മീഷൻ‍ 2004ലോടെ ബാലറ്റ് പേപ്പർ  ഒഴിവാക്കി വോട്ടെടുപ്പ് പൂർണ്ണമായും ഇലക്ട്രോണിക് രീതിയിലാക്കുകയായിരുന്നു. 1980-കളിൽ‍ ഇലക്ട്രോണിക്സ് കോർപ്പറേഷൻ‍ ഓഫ് ഇന്ത്യയും  (ECIL) ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) കൂടിയാണ് ആദ്യമായി ഇന്ത്യയുടെ സ്വന്തം  ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ‍ (EVM) വികസിപ്പിച്ചെടുത്തത്. 1982ല്‍ നോർത്ത് പറവൂരിലാണ് ആദ്യമായി ഇത് പരീക്ഷിച്ചത്.

പ്രവർത്തനം
താരതമ്യേന ലളിതമായ രൂപകൽപ്പനയാണ് വോട്ടിംഗ് യന്ത്രത്തിനുള്ളത്. വോട്ടു രേഖപ്പെടുത്താനായി ബട്ടനുകളോട് കൂടിയ ഒരു ബാലറ്റ് യൂണിറ്റും, പോളിംഗ് ഉദ്യോഗസ്ഥർക്ക് മാത്രം പ്രവർത്തിപ്പിക്കാൻ‍ അധികാരമുള്ള ഒരു കണ്ട്രോൾ‍ യൂണിറ്റും. രണ്ടും ഒരു 5m കേബിൾ കൊണ്ട് യോജിപ്പിച്ചിട്ടുണ്ടാവും. ഓരോ ബട്ടനുകൾക്കും ഓരോ നമ്പർ‍ ഉണ്ട്, അതിന് നേരെ സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടയാളപ്പെടുത്തിയിട്ടുണ്ടാവും. ഒരു ബാലറ്റ് യൂണിറ്റിൽ‍ 16 സ്ഥാനാർഥികളുടെ പേര് വിവരങ്ങൾ‍ അടയാളപ്പെടുത്താനുള്ള സ്ഥലമുണ്ട്. അതിൽ‍ കൂടുതൽ‍ സ്ഥാനാർഥികൾ‍ ഉള്ളപ്പോൾ‍ (64 പേർ‍ വരെ) കൂടുതൽ‍  യൂണിറ്റുകൾ‍ ഒന്നാമത്തേതിനോടൊപ്പം ചേർക്കുന്നു. വോട്ടെടുപ്പ് ദിവസം ഉദ്യോഗസ്ഥർ‍ ചെറിയൊരു mock പോളിംഗ് നടത്തി യന്ത്രം പ്രവർത്തനസജ്ജമാണെന്ന് ഉറപ്പു വരുത്തുന്നു. അതിനു ശേഷം  എല്ലാവരുടെയും സാന്നിധ്യത്തിൽ‍ clear ബട്ടന്‍ അമർത്തി പൂജ്യമാക്കി വോട്ടെടുപ്പ് തുടങ്ങുന്നു. സമ്മതിദായകർ‍ ബാലറ്റ് യൂണിറ്റിൽ‍ ബട്ടനമർത്തുമ്പോൾ‍ ഏതു  നമ്പറിനു നേരേയാണോ വോട്ടു വീണത്, അത് കണ്ട്രോൾ‍ യൂണിറ്റിൽ‍ രേഖപ്പെടുത്തി വയ്ക്കുന്നു. വരണാധികാരി കണ്ട്രോൾ‍ യൂണിറ്റിലെ close ബട്ടണ്‍ അമർത്തുന്നതോടെ വോട്ടെടുപ്പ് അവസാനിക്കുന്നു. പിന്നീട് എത്ര ബട്ടന്‍ അമർത്തിയാലും വോട്ട് വീഴില്ല. വോട്ടെണ്ണൽ ദിവസം, അതുവരെ പൂട്ടി ഭദ്രമാക്കി വച്ച കണ്ട്രോൾ യൂണിറ്റുകൾ‍ തുറന്ന് ടോട്ടൽ ബട്ടൺ അമർത്തുമ്പോൾ ഓരോ  സ്ഥാനാർഥിയ്ക്കും ലഭിച്ച വോട്ടിന്റെ കണക്ക് തെളിയും. ഇത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഓരോന്നായി എഴുതിക്കൂട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്.



സുരക്ഷ ക്രമീകരണങ്ങൾ‍

തെരഞ്ഞെടുപ്പു യന്ത്രം ഇങ്ങനെ രണ്ടു ഭാഗങ്ങളാക്കിയത് പല സുരക്ഷാ കാരണങ്ങളാലാണ്. ഒന്നാമതായി ബാലറ്റ് യന്ത്രത്തിന് എന്തെങ്കിലും കേടു സംഭിവിച്ചാലും കണ്ട്രോൾ‍ യൂണിറ്റിൽ അതുവരെ രേഖപ്പെടുത്തിയ വിവരങ്ങൾ‍ നഷ്ടപ്പെടില്ല. ബാറ്ററിയിൽ‍ പ്രവർത്തിക്കുന്ന ഈ യന്ത്രങ്ങൾക്ക് 15 വർഷത്തോളം ആയുസ്സുണ്ട്, അതുകൊണ്ട് വൈദ്യുതി ഇല്ലാത്ത  സ്ഥലങ്ങളിലും ഉപയോഗിക്കാം, താരതമ്യേന വിലയും കുറവാണ് (Rs 40,000). യന്ത്രത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്‌ കണ്ട്രോൾ‍ യൂണിറ്റിലുള്ള CPU ആണ്. ഈ CPU –ൽ‍ തെരഞ്ഞെടുപ്പ്‌ സോഫ്റ്റ്‌വെയർ‍ ആലേഖനം ചെയ്തിരിക്കുന്നു. ചിപ്പ് നിർമ്മാണവേളയിലല്ലാതെ ആർക്കും ഈ സോഫ്റ്റ്‌വെയർ‍ മാറ്റാനോ, വായിക്കാനോ, പകർപ്പെടുക്കനോ പറ്റില്ല. ഇതാണ് EVM കളുടെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ക്രമീകരണം. ബാലറ്റ് യൂണിറ്റിൽ‍ ബട്ടനമർത്തുമ്പോൾ‍ ആർക്കു വോട്ടു വീഴണം എന്ന് തീരുമാനിക്കുന്ന ഈ ചിപ്പുകൾ‍ നിർമ്മിക്കുന്നത് പക്ഷെ ഇന്ത്യയിലല്ല. ജപ്പാനിലും, അമേരിക്കയിലും ഉള്ള രണ്ടു കമ്പനികളാണ്. എന്താണ് ആ ചിപ്പിൽ കോഡ് ചെയ്തിട്ടുള്ളത് എന്ന് തെരഞ്ഞെടുപ്പു കമ്മീഷനെന്നല്ല ആർക്കും പരിശോധിക്കാനും പറ്റില്ല. (ചിപ്പ് തുറന്നു മൈക്രോസ്കോപ്പിലൂടെ നോക്കി, മാസങ്ങൾ‍കൊണ്ട് കണ്ടുപിടിക്കാം എന്നൊക്കെ പറയുന്നുണ്ട്, ആരെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ എന്ന് സംശയമാണ്). ഏതായാലും ഇതുവരെ അവയുടെ പ്രവർത്തനത്തിൽ‍ എന്തെങ്കിലും ന്യൂനതയുള്ളതായി ആരും കണ്ടെത്തിയിട്ടില്ല. സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഒരാഴ്ച മുമ്പാണ്, അപ്പോഴാണ് ബാലറ്റിലെ ഏതു ബട്ടനു നേരെ ആര് വരുമെന്ന് തീരുമാനിക്കപ്പെടുന്നത്. (പൂർണ്ണമായും ശരിയല്ല, ഏകദേശം ധാരണ സ്ഥാനാർഥികൾക്ക് ഉണ്ടാവും). അതിനാൽ‍ ഏതെങ്കിലും ബട്ടൺ‍ പ്രവർത്തനരഹിതമാക്കാനോ ഇപ്പോൾ‍ ഉണ്ടായെന്നു പറയുന്ന പോലെ  എല്ലാ വോട്ടും ഒരാൾക്ക് കിട്ടാനുമൊക്കെയുള്ള തരികിടകള്‍ക്ക് സമയമില്ലാതെ വരും.

തെരഞ്ഞെടുപ്പു യന്ത്രങ്ങളിലെ തട്ടിപ്പ് സാധ്യതകൾ
താരതമ്യേന ലളിതമായ രൂപകൽപ്പനയാണ് തെരഞ്ഞെടുപ്പു യന്ത്രങ്ങളുടേതെന്നു ആദ്യമേ പറഞ്ഞല്ലോ. ഇത് തന്നെയാണ് പ്രധാന പ്രശ്നം. EVMൽ‍ ഉപയോഗിക്കുന്ന കോഡ് വളരെ ലളിതമാണ്. വിദേശ രാജ്യങ്ങളിലെ യന്ത്രങ്ങളിൽ‍ 10 ലക്ഷത്തിലേറെ വരികൾ‍ വരെ ഉള്ളപ്പോൾ, ഇവിടെ ഏതാനും ആയിരം വരികളേ ഉള്ളൂ. (കോഡിന്റെ സങ്കീർണ്ണത മൂലം, തെറ്റ് പറ്റിയാൽ‍ കണ്ടുപിടിക്കാൻ‍ പോലും പറ്റിലെന്നായപ്പോൾ‍ പല രാജ്യങ്ങളും അവരുടെ DRE യന്ത്രങ്ങൾ‍ ഉപേക്ഷിച്ച്‌ പഴയ ബാലറ്റ്പേപ്പര്‍ രീതിയിലേക്ക് മടങ്ങി എന്നത് വേറെക്കാര്യം). ചുരുങ്ങിയ കോഡിംഗ് ഗുണകരമാണെങ്കിലും, ചിപ്പുണ്ടാക്കുന്ന കമ്പനിയിലെയോ മറ്റൊ ഒരാൾക്ക്‌ വേണെമെങ്കിൽ‍ വളരെ എളുപ്പത്തിൽ‍ manipulate ചെയ്യാൻ‍ പറ്റും.

തെരഞ്ഞെടുപ്പു കമ്മീഷൻ‍ സമ്മതിച്ചിട്ടില്ലെങ്കിലും ചില സ്വതന്ത്ര സുരക്ഷാ പരിശോധകർ‍ മുന്നോട്ടുവച്ചിടുള്ള  മറ്റു സാധ്യതകൾ‍ ഇവയാണ്.

1. ഈ ചിപ്പുകളുടെ വേറെ പല രൂപങ്ങളും പൊതുവിപണിയിൽ‍ വാങ്ങാൻ‍ കിട്ടുന്നതാണ്. EVMന് വേണ്ടി ഈ ചിപ്പുകൾ‍ code ചെയ്യുന്നൂ എന്നേ ഉള്ളൂ. ജപ്പാനിൽ നിന്നും അമേരിക്കയിൽ‍നിന്നും ഇറക്കുമതി ചെയ്യുന്ന ഇവയുടെ ഒറിജിനൽ‍ മാറ്റി കള്ള പ്രോഗ്രാം കയറ്റിയ ചിപ്പുകൾ‍ കൊണ്ട് വന്നാൽ‍ ആർക്കും തിരിച്ചറിയാൻ‍ പറ്റില്ല. ECIL ഉം, BEL ഉം ഇവയുടെ assembling മാത്രമാണ് ചെയ്യുന്നത്. അവർക്കും തിരിച്ചറിയാൻ എളുപ്പമല്ല. ടെസ്റ്റിംഗ് സമയത്ത് സാധാരണ പോലെ പ്രവർത്തിക്കുകയും, എന്നാൽ‍ ചില പ്രത്യേക key combinationsലൂടെയൊ പത്തോ നൂറോ വോട്ടു രേഖപ്പെടുത്തി കഴിഞ്ഞാലൊ activate ആവുകയും ചെയ്യുന്ന വിധത്തിൽ‍ ചിപ്പുകളെ വേണെമെങ്കിൽ‍ പ്രോഗ്രാം ചെയ്യാം.

2. രണ്ടിന്നുമിടയിലോ ഏതെങ്കിലും പുതിയ ഉപകരണം (ബാലറ്റ് യൂണിറ്റില്‍ നിന്ന് വരുന്ന സിഗ്നലുകളെ മാറ്റാനോ മറ്റൊ) പിടിപ്പിച്ചാൽ യന്ത്രത്തിന് തിരിച്ചറിയാൻ‍ പറ്റില്ല, അത്  പ്രവർത്തിക്കാതിരിക്കില്ല. (Hardware intrusion). പുതുതലമുറയില്‍ പെട്ട ഫോൺ‍ പോലെയുള്ള കൊച്ചു ഉപകരണങ്ങൾ‍ പോലും പുതിയ hardware തിരിച്ചറിയുന്നത് കണ്ടിട്ടില്ലേ? അത് ഇവിടെ നടക്കില്ല.

3. Circuit board –ല്‍ ചില മാറ്റങ്ങൾ‍ വരുത്തി കണ്ട്രോൾ‍ യൂണിറ്റിൽ‍ വോട്ടു രേഖപ്പെടുത്തുന്നത് മാറ്റാൻ‍ കഴിയും. (കണ്ട്രോൾ‍ യൂണിറ്റുനുള്ളിൽ‍ Bluetooth module ഘടിപ്പിച്ചു സെൽഫോൺ‍ വഴി പുറമേ നിന്ന് തനിക്കു ഇഷ്ടമുള്ള സ്ഥാനാർഥിയ്ക്ക് വോട്ടു ചോർത്തുന്ന demo video you tube –ൽ‍ ഉണ്ട്). ഇത് പക്ഷെ ഉപകരണങ്ങൾ ഉണ്ടാക്കുന്ന വേളയിൽ‍ ചെയ്യണം. അതുകൊണ്ട് ഇത്തരം തട്ടിപ്പുകൾ വൻതോതിൽ നടക്കാൻ‍ സാധ്യതയില്ല.

4. കണ്ട്രോൾ‍ യൂണിറ്റിൽ‍ ഫലം കാണിക്കുന്ന ഡിസ്പ്ലേയിൽ‍ കൃത്രിമം കാണിക്കാം. ഇത് കുറേക്കൂടി എളുപ്പമാണ്. പക്ഷെ വോട്ടിംഗ് കഴിഞ്ഞ് സീൽ‍ ചെയ്ത ഉപകരണം തുറന്നു വേണം പുതിയ display cum micro-controller പിടിപ്പിക്കാൻ. ഇവിടെയും വലിയ തോതിലുള്ള തട്ടിപ്പുകൾക്ക്‌ സാധ്യതയില്ല.

5. Clip-on memory manipulator എന്ന പോക്കറ്റിൽ‍ കൊണ്ട് നടക്കാവുന്ന ചെറു ഉപകരണം ഉപയോഗിച്ച്, വോട്ടു രേഖപ്പെടുത്തി വച്ചിട്ടുള്ള കണ്ട്രോൾ‍ യൂണിറ്റിലെ EEPROM ലെ വിവരങ്ങൾ‍ എളുപ്പത്തിൽ‍ മാറ്റാം. 3000 ത്തിലേറെ വോട്ടുകളുള്ള ഒരു യന്ത്രത്തിലെ വോട്ടുകൾ‍ മാറ്റാൻ‍ സെക്കന്റുകൾ‍ മതിയെത്രേ. എവിടെയും പക്ഷെ കണ്ട്രോൾ‍ യൂണിറ്റ് തുറക്കണം.

ഇന്ത്യയുടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ‍ ശാസ്ത്രസാങ്കേതിക വിദ്യയുടെ ബലത്തിലല്ല പൊതുവേ സുരക്ഷിതമായിരിക്കുന്നത്. യന്ത്രങ്ങള്‍ ഉണ്ടാക്കുന്ന ആളുകളുടെ സത്യസന്ധതയും, പിന്നീട് വോട്ടിംഗ് യന്ത്രങ്ങൾക്കുള്ള പോലീസ് സുരക്ഷയും മൂലമാണ്. ഇത് രണ്ടും എത്രത്തോളം ഫലപ്രദമായിരിക്കുമെന്നതു   വലിയൊരു സുരക്ഷാപ്രശ്നമാണ്.

വോട്ടിംഗ് പരിഷ്ക്കരണ സാധ്യതകൾ‍

1. നിലവിലുള്ള 10 ലക്ഷത്തോളം വരുന്ന EVMകളെ പരിഷ്ക്കരിക്കുക സാധ്യമല്ല. അവ അങ്ങനെ update ചെയ്യാനായി ഉണ്ടാക്കിയതല്ല എന്നത് തന്നെയാണ് കാരണം. എന്നാൽ‍ വോട്ടർമാർക്ക് തങ്ങളുടെ വോട്ട് ആർക്കാണ് വീണതെന്ന് കാണാനുള്ള സംവിധാനം ഏർപ്പെടുത്താം. Voter-verifiable paper audit trail (VVPAT) എന്ന സംവിധാനം ബാലറ്റ് യൂണിറ്റിനും കണ്ട്രോൾ‍ യൂണിറ്റിനും ഇടയിൽ‍ വച്ചാൽ‍ വോട്ടു രേഖപ്പെടുത്തിയത് രസീത് പോലെ പ്രിന്റ്‌ ചെയ്തു ലഭിക്കാനുള്ള സൗകര്യം ഉണ്ട്. (ഇതാണ് കഴിഞ്ഞ ദിവസം കണ്ട ഏതു ബട്ടൺ‍ അമർത്തിയാലും ബിജെപിക്കു വോട്ടു വീഴുന്നു എന്ന വാർത്തയിലെ ആ ഉപകരണം).

2. രണ്ടാമത്തെ സാധ്യത പണ്ടത്തെപ്പോലെ ബാലറ്റ് പേപ്പറിൽ‍ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം പെട്ടിയിലിടുന്നതിനു മുന്‍പ് EVM ഉപയോഗിച്ച് optical scan ചെയ്യുക എന്നതാണ്. പിന്നീട് ഇപ്പോഴുള്ളത് പോലെ ഇലക്ട്രോണിക് രീതിയിൽ‍ വോട്ടെണ്ണൽ‍ നടക്കുന്നു. വോട്ടിങ്ങിന് രണ്ടു രേഖകൾ‍ ഉണ്ടായിരിക്കുന്ന അവസരത്തിൽ, രണ്ടു രേഖയും മാറ്റിയുള്ള തട്ടിപ്പിനുള്ള സാധ്യത വിരളമായിരിക്കും. എന്തെകിലും സംശയമുണ്ടെങ്കിൽ‍ ബാലറ്റ് പരിശോധിക്കുകയോ, പേപ്പർ‍ ബാലറ്റും EVM –ഉം ഒത്തു നോക്കി കാര്യക്ഷമത പരീക്ഷിക്കുകയൊ ചെയ്യാം.

3. മൂന്നാമത്തേത് പഴയ ബാലറ്റ് പേപ്പർ‍ രീതിയിലെക്കു തിരിച്ചു പോവുക എന്നതാണ്. സുരക്ഷാ പ്രശ്നങ്ങളും സുതാര്യത ഇല്ല എന്ന കാരണത്താലും ജർമ്മനി, ഹോളണ്ട്, ആയർലണ്ട് പോലെയുള്ള പല രാജ്യങ്ങളും പലരും പഴയ രീതിയിലേക്ക് പോയിക്കഴിഞ്ഞു.

മനസ്സിലാക്കിയിടത്തോളം ഒരു സംസ്ഥാനത്തെയോ രാജ്യത്തേയോ  മുഴുവൻ തെരെഞ്ഞുടുപ്പ് ഫലത്തെയും ബാധിക്കത്തക്ക വിധത്തിൽ‍ ക്രമക്കേട് വോട്ടിംഗ് യന്ത്രങ്ങളിൽ‍ സാധാരണ ഗതിയിൽ‍ സാധ്യമല്ല. കാരണം എല്ലാ വോട്ടിങ്ങ് യന്ത്രങ്ങളും ഒറ്റക്കൊറ്റയ്ക്കുള്ളതാണ് എന്നത് തന്നെ. (ഈ യന്ത്രങ്ങൾ നെറ്റ്‌വർക്ക് ചെയ്യാത്തതിനു കാരണം ഇത് തന്നെ) ലക്ഷക്കണക്കിന്‌ യന്ത്രങ്ങളിൽ‍ തിരിമറി നടക്കണമെങ്കിൽ‍ ഒന്നുകിൽ‍ ഒറിജിനല്‍ പ്രോഗ്രാമിൽ‍ മാറ്റം വരുത്തണം, (അങ്ങനെ ചെയ്താൽ‍ കണ്ടെത്താൻ എളുപ്പമല്ല എന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്) അല്ലെങ്കിൽ‍ വോട്ടെടുപ്പ് കഴിഞ്ഞതിനു ശേഷം കണ്ട്രോൾ‍ യൂണിറ്റ് തുറന്ന് കള്ളത്തരം നടത്തണം. രണ്ടും ഇപ്പോഴുള്ള വിവരങ്ങൾ‍ വെച്ച് നടക്കാൻ‍ സാധ്യതയില്ല.

എന്നാൾ‍ ഇന്ത്യയിലെ തെരെഞ്ഞെടുപ്പ്‌ പോലെ ലോകരാഷ്ട്രീയത്തെ തന്നെ വലിയ തോതിൽ‍ സ്വാധീനിക്കാൻ‍ കഴിയുന്ന ഒന്നിൽ‍ ഉന്നതതല ഗൂഢാലോചനകൾ‍ ഉണ്ടായാൽ‍ ഇതൊന്നും ഒട്ടും അസംഭവ്യമല്ല താനും. എന്തായാലും വോട്ടിംഗ് മെഷീനുകൾ‍ വന്ന കാലത്തെക്കാളും ശാസ്ത്രം പുരോഗമിച്ചു കഴിഞ്ഞു. തട്ടിപ്പ് രീതികളും. വിവരം റിപ്പോർട്ട്‌ ചെയ്യുന്നവരെ തുറുങ്കിലടക്കും എന്നൊക്കെ പറഞ്ഞു തെരെഞ്ഞെടുപ്പ്‌ കമ്മീഷൻ ഈ പ്രശ്നങ്ങളിൽ‍നിന്ന് ഒളിച്ചോടിയിട്ടു കാര്യമില്ല, കാര്യങ്ങൾ‍ കൂടുതൽ‍ സുതാര്യമാക്കിയാൽ ലോകത്തിനു തന്നെ മാതൃകയാവാൻ‍ ഇന്ത്യക്ക് കഴിയും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍