UPDATES

സയന്‍സ്/ടെക്നോളജി

സര്‍വീസ് ചാര്‍ജില്ല; ഇന്‍ഫോപാര്‍ക്കിലെ സൌഹൃദക്കൂട്ടത്തിന്റെ കോണ്‍വോയ് ആപ് ഹിറ്റാകുന്നു

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഒമ്പതു യുവാക്കള്‍ ചേര്‍ന്നാണ് ഈ കാര്‍-ബൈക് പൂളിംഗ് ആപ് തയ്യാറാക്കിയിരിക്കുന്നത്

വര്‍ധിച്ച ഇന്ധന വില, ബസ് ചാര്‍ജ് വര്‍ധന, ഓട്ടോ ടാക്‌സികളുടെ കഴുത്തറുപ്പന്‍ ചാര്‍ജ്, പരിസ്ഥിതി മലീനീകരണം, പാര്‍ക്കിംഗ് സ്‌പേസുകളുടെ കുറവ് എല്ലാത്തിനും പരിഹാരമായി കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന ഒമ്പത് യുവാക്കള്‍ ചേര്‍ന്ന് തയാറാക്കിയ കാര്‍-ബൈക് പൂളിംഗ് ആപ് ഹിറ്റാകുന്നു. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കോണ്‍വോയ് ആപ്പില്‍ ഇതുവരെ അയ്യായിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കാക്കനാട് നിന്ന് പാലാരിവട്ടത്തേക്ക് ഒറ്റയ്ക്ക് കാറിലോ ബൈക്കിലോ സഞ്ചരിക്കുന്ന ഒരാള്‍ക്ക് ആപ് രെജിസ്‌ട്രേഷന്‍ ഫീസ് ഇല്ലാതെ കാര്‍പൂളിംഗ് പ്രയോജനപ്പെടുത്താം. തന്റെ വാഹനത്തില്‍ യാത്രക്കാരെ കയറ്റി ഇന്ധന ചിലവ് ഷെയര്‍ ചെയ്യാം. എന്നാല്‍ വാഹന ഉടമയുടെ ഇഷ്ടത്തിന് ഈ തുക ഈടാക്കാനും സാധിക്കില്ല. ഉദാഹരണത്തിന് കാക്കനാട് നിന്ന് പാലാരിവട്ടത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരനില്‍ നിന്ന് 20 രൂപയില്‍ കൂടുതല്‍ വാങ്ങാനും വാഹന ഉടമയ്ക്ക് അനുവാദമില്ല. ഫലത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നതിലും ലാഭം തന്നെയാണിത്. ഇന്ത്യയിലെവിടെയും ഈ ആപ് ഉപയോഗിച്ച് കാര്‍പൂളിംഗ് പ്രയോജനപ്പെടുത്താം. ദിവസേനയുള്ള യാത്രകള്‍ക്കും അതല്ല ഇനി ആഴ്ചയിലുള്ള യാത്രക്കും ഇൗ സംവിധാനം ഉപയോഗിക്കാം.

കൊച്ചി, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലൊക്കെ ഓണ്‍ലൈന്‍ ടാക്‌സികള്‍ ചെയ്യുന്ന അതേ പൂളിംഗ് സൗകര്യമാണിത്. പക്ഷേ, ഒരു വ്യത്യാസമുണ്ട്, കമ്പനികള്‍ ഈടാക്കുന്ന സര്‍വീസ് ചാര്‍ജോ അനുബന്ധ ചാര്‍ജുകളോ ഇല്ല. എന്നാല്‍, സൗഹൃദത്തിന്റെ വിശാലമായൊരു ലോകം തുറന്നിടുകയാണീ കോണ്‍വോയ് ആപ്പ്. യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി ഇന്ധനവിലയുടെ ഒരു വിഹിതം നല്‍കിയാല്‍ മതിയാകും. ഇനി പാതിവഴി വരെ മാത്രമേയുള്ളൂവെങ്കില്‍ എത്ര ദൂരമാണോ സഞ്ചരിക്കുന്നത് അത്രയും കിലോമീറ്ററിന്റെ ആനുപാതികമായ തുക നല്‍കിയാല്‍ മതി. ഇനി ഈ യാത്രക്ക് എന്ത് സുരക്ഷിതമാണ് ഉള്ളതെന്ന് ചിന്തിക്കേണ്ട. അപരിചിതരുടെ കൂടെ യാത്ര ചെയ്യുന്നതിന് ആശങ്ക കൂടിയുണ്ടെങ്കില്‍ അതിനും പരിഹാരമുണ്ട്. കോര്‍പ്പറേറ്റ് വെരിഫിക്കേഷന്‍, ജെന്‍ഡര്‍ വെരിഫിക്കേഷന്‍ എന്നീ സൗകര്യങ്ങള്‍ ആപ്പ് ഒരുക്കുന്നുണ്ട്. യാത്രക്കാര്‍ സ്ത്രീകളാണെങ്കില്‍ അവര്‍ക്ക് മാത്രമായി യാത്ര പോകാനും പ്രത്യേക സൗകര്യമുണ്ട്. കൂടാതെ വാഹന ഉടമ അപ്രൂവ് ചെയ്യുന്ന വ്യക്തികള്‍ക്ക് മാത്രമെ ഒപ്പം യാത്രചെയ്യാനും കഴിയുവെന്ന് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ കെ.എം ബഷീര്‍ അഴിമുഖത്തോട് പറഞ്ഞു. ബഷീറിനെ കൂടാതെ ജാബിര്‍ ഇസ്മയില്‍, കെ.സി നബീല്‍, സഫുവാന്‍ പറവക്കല്‍,ഷെമീന്‍ മുഹമ്മദ്, പ്രവീണ്‍ എസ് നാഥ്, അഹമ്മദ് ഷഹീര്‍, മുഹമ്മദ് ഇജാസ്, വിപിന്‍ പ്രദീപ് എന്നിവരും ആപ്പിന്റെ അഡ്മിന്‍മാരാണ്.

ആശയം ഉദിച്ചത് അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്

അഞ്ച് വര്‍ഷം മുമ്പാണ് ഇത്തരമൊരാശയം ബഷീറിന്റെ മനസിലുദിച്ചത്. ഒരു കാറില്‍ ഒരാള്‍ മാത്രം സഞ്ചരിക്കുന്നതുകൊണ്ട് നഷ്ടങ്ങളല്ലാതെ ലാഭമെന്താണെന്ന ചിന്തയില്‍ നിന്നാണ് കാര്‍പൂളിംഗ് ആശയം എന്തുകൊണ്ട് നടപ്പാക്കിക്കൂടാ എന്ന ചോദ്യം ഉണ്ടായത്. ഈ സംവിധാനം പ്രയോജനപ്പെടുത്തുക വഴി ഇന്ധനചിലവ് കുറയ്ക്കാം, റോഡിലെ തിരക്ക് കുറയ്ക്കാം, മലിനീകരണം കുറയ്ക്കാം, കാര്‍ പാര്‍ക്കിംഗ് സ്‌പേസുകളുടെ കുറവ് നികത്താം, അങ്ങനെ ഒത്തിരി ഒത്തിരി ഗുണങ്ങളുണ്ടെന്ന് മനസിലാക്കി. തുടര്‍ന്ന് ഓരോ വീക്കെന്‍ഡിലും ഇന്‍ഫോപാര്‍ക്കില്‍ നിന്നും വയനാട്ടിലേക്കുള്ള കാര്‍ യാത്രയ്ക്ക് ആദ്യമൊക്കെ കൂടെ യാത്ര ചെയ്യാന്‍ ആളെ കണ്ടെത്തിയിരുന്നത് വാട്ട്‌സ് ആപ്പിലൂടെയായിരുന്നു. ഈ രീതി ഇന്‍ഫോപാര്‍ക്കിലെ മറ്റു കൂട്ടുകാരും പരീക്ഷിച്ച് നോക്കി ഇഷ്ടപ്പെട്ടതോടെ സംഗതി വേറെ ലെവലായി. അംഗങ്ങളുടെ എണ്ണം കൂടിയതനുസരിച്ച് വിവിധ ജില്ലകള്‍ക്കായി പ്രത്യേകം പ്രത്യേകമായി വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചു. ഇടക്കാലത്ത് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതനുസരിച്ച് 1500 അംഗങ്ങളെ ഉള്‍ക്കൊള്ളാവുന്ന ടെലഗ്രാമിലും ഗ്രൂപ്പ് തുടങ്ങി. പിന്നീട് ഇന്‍ഫോപാര്‍ക്കിലെ ഒമ്പതോളം സുഹൃത്തുക്കളുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമായൊരു ആപ് തയ്യാറാക്കാന്‍ തീരുമാനിച്ചു.

ആപ് ഉപയോഗിക്കേണ്ട വിധം

പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും കോണ്‍വോയ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപയോക്താവിന്റെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. പേര്, ജനനത്തീയതി, ഇ-മെയില്‍, മൊബൈല്‍ നമ്പര്‍, ലിംഗം എന്നിവ നല്‍കണം. തുടര്‍ന്ന് ഏത് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു എന്ന വിവരം നല്‍കണം. അപ്പോള്‍ കമ്പനിയുടെ മെയില്‍ ഐഡിയിലേക്ക് ഒരു ഇമെയില്‍ പോകും. അതാത് കമ്പനികള്‍ ഇത് വെരിഫൈ ചെയ്യണം. കോര്‍പ്പറേറ്റ് വെരിഫിക്കേഷന്‍ കഴിഞ്ഞാല്‍ പിന്നെ വാഹനത്തിന്റെ ഉടമ, വെരിഫൈഡ് യൂസര്‍ എന്നീ രണ്ട് ഓപ്ഷനുകളുണ്ട്. കൂടെപ്പോരാനുള്ള ആളെ കണ്ടെത്താന്‍ വാഹനയുടമ ‘പോസ്റ്റ് റൈഡ്’ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് എവിടേക്കാണ് പോകുന്നതെന്ന വിവരം ആപ്പില്‍ അറിയിക്കണം. ഇനി യാത്ര പോകേണ്ടവര്‍ക്ക് വാഹനം കണ്ടെത്താന്‍ ‘ഫൈന്‍ഡ് റൈഡ്’ എന്ന ഓപ്ഷനാണുള്ളത്. ഇതിലൂടെ ഏറ്റവും അനുയോജ്യമായ റൈഡ് കണ്ടെത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. നിലവില്‍ യാത്രക്കാര്‍ പണം നേരിട്ടാണ് നല്‍കേണ്ടത്. അധികം വൈകാതെ തന്നെ ഓണ്‍ലൈന്‍ പേയ്‌മെന്റും ആപ്പില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും കെ.എം ബഷീര്‍ പറഞ്ഞു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍